പതിവ്രതകളുടെമേല്‍ വ്യഭിചാരമാരോപിക്കുന്നത് പൊറുക്കപ്പെടാവുന്ന പാപമാണെന്ന് 24:4,5 ലും പൊറുക്കപ്പെടുകയില്ലെന്ന് 24:23 ലും പറയുന്നു ഇത് വൈരുധ്യമല്ലേ?

വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം പരിശോധിക്കുക:
ചാരിത്യ്രവതികളുടെ മേല്‍ (വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാല് സാക്ഷികളെ കൊണ്ട് വരാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം ഒരിക്ക ലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ് തോന്നിവാസികള്‍. അതിനുശേഷം പശ്ചാത്തപിക്കുകയും, നിലപാട് നന്നാക്കിതീര്‍ക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അല്ലാഹു ഏറെ പൊറു ക്കുന്നവനും, കരുണാനിധിയും തന്നെയാകുന്നു.(24:4,5)
പതിവ്രതകളും (ദുര്‍വൃത്തിയെപ്പറ്റി) ഓര്‍ക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെ പറ്റി ദുരാരോപണം നടത്തുന്നവരാരോ അവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു; തീര്‍ച്ച. അവര്‍ക്ക് ഭയങ്കരമായ ശിക്ഷയുണ്ട്. (24:23)
ഇവിടെ ഉദ്ധരിക്കപ്പെട്ട സൂറത്തു നൂറിലെ നാലാം വചനം സാക്ഷികളില്ലാതെ വ്യഭിചാര ആരോപണം ഉന്നയിക്കുന്നവര്‍ക്ക് ഇസ്ലാമിക ഭരണകൂടം നല്കേണ്ട ശിക്ഷയെ കുറിച്ചുള്ളതാണ്. അവര്‍ തന്നെയാണ് തോന്നിവാസികള്‍ എന്ന് പറഞ്ഞുകൊണ്ട് ഈ സൂക്തം അവസാനിക്കുകയും ചെയ്യുന്നു. ദൈവിക വിധിവിലക്കുകള്‍ തൃണവല്‍ഗണിക്കുന്ന അത്തരം ആളുകള്‍ക്കുള്ള അതികഠിനമായ ദൈവിക ശിക്ഷയെ കുറിച്ച് ഖുര്‍ആനിലെ മറ്റു സൂക്തങ്ങളില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മ്ളേഛമായ ഈ കുറ്റം ചെയ്ത് ഭരണകൂടത്തിന്റെ ശിക്ഷ ഏറ്റു വാങ്ങിയ ആളുകള്‍ പോലും ദൈവിക കാരുണ്യത്തില്‍ നിരാശരാകേണ്ടതില്ലെന്ന സദ്വാര്‍ത്തയാണ് 5 ാം മത്തെ സൂക്തത്തിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്.  അതി നികൃഷ്ടമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ദൈവകോപത്തിന്ന് വിധേയരായ ആളുകള്‍ക്ക് പോലും പശ്ചാത്താപത്തിലൂടെ പാപ പരിഹാരം സാധിക്കുമെന്ന് പ്രതീക്ഷ നല്‍കുകയാണ് ഈ സൂക്തം ചെയ്യുന്നത്.  പശ്ചാത്തപിക്കാത്തവര്‍ പരലോകത്ത് കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി വരിക തന്നെ ചെയ്യും.
24:23 ലാകട്ടെ സദ്വൃത്തകളെക്കുറിച്ച വ്യഭിചാരാരോപണത്തിന്റെ കാഠിന്യം കുറേക്കൂടി വ്യക്തമായി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. സൂറത്തുന്നൂറിലെ പതിനൊന്ന് മുതല്‍ ഇരുപത്തി ആറ് വരെയുള്ള സൂക്തങ്ങള്‍ക്ക് പ്രത്യേകമായ ഒരു അവതരണ പശ്ചാത്തലമുണ്ട്. പ്രവാചക പത്നിയായ ആയിശ()യുടെ മേലുള്ള വ്യഭിചാരാരോപണവുമായി കപടവിശ്വാസികളും പ്രവാചകാനുചരന്‍മാരില്‍ ചിലരും രംഗത്ത് വന്ന സാഹചര്യത്തിലുണ്ടായ പ്രതിസന്ധിക്ക് പരിഹാരമെന്നോണം അവതരിക്കപ്പെട്ട സൂക്തങ്ങളാണിവ. പതിവ്രതകളും ദുര്‍വൃത്തിയെപ്പറ്റി ഓര്‍ക്കുകപോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും ശാപവും മരണാനന്തരം ഭയങ്കരമായ ശിക്ഷയുമാണുള്ളത് എന്ന മുന്നറിയിപ്പാണ് 24:23 ല്‍ ഉള്ളത്. ഈ സൂക്തത്തില്‍ പശ്ചാത്താപത്തെക്കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. അതുകൊണ്ട് തന്നെ പശ്ചാത്തപിച്ചവര്‍ക്ക് ലഭ്യമായേക്കാവുന്ന പാപമോചനത്തെ ക്കുറിച്ച സൂചനകളൊന്നും ഈ സൂക്തം ഉള്‍ക്കൊള്ളുന്നില്ല. പശ്ചാത്തപിക്കുകയും നിലപാട് നന്നാക്കി തീര്‍ക്കുകയും ചെയ്തവര്‍ക്ക് 24:5 ല്‍ വാഗ്ദാനം ചെയ്യപ്പെട്ട പാപമോചനം ഈ സൂക്തത്തിലെ പരാമര്‍ശങ്ങള്‍ക്കും ബാധകമാണ്. നിഷ്കളങ്കമായി പശ്ചാത്തപിക്കുകയും കുറ്റം ആവര്‍ത്തിക്കാതിരിക്കുകയും ചെയ്താല്‍ അല്ലാഹു പൊറുക്കുമെന്ന വാഗ്ദാനം എല്ലാ കുറ്റങ്ങള്‍ക്കും ബാധകമായിട്ടുള്ളതാണ്. 24:23 ലാകട്ടെ പശ്ചാത്താപം സ്വീകരിക്കപ്പെടുകയി
ല്ലെന്ന് പറഞ്ഞിട്ടുമില്ല. ആയിശ()യുമായി ബന്ധപ്പെട്ട ദുരാരോപണ പ്രചാരണത്തില്‍ പങ്കെടുത്ത പ്രവാചകാനുചരന്‍മാരില്‍ ചിലര്‍, അവര്‍ക്ക് എണ്‍പത് അടി ശിക്ഷ ലഭിച്ചതിന് ശേഷം, തങ്ങളുടെ നിലപാട് നന്നാക്കി തീര്‍ക്കുകയും, പ്രവാചകന്റെ അനുയായി വൃന്ദത്തില്‍ സജീവമായി നിലകൊള്ളുകയും ചെയ്ത ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നതും അതാണ്.  അതിനാല്‍ 24:4,5 സൂക്തങ്ങളുമായി ഈ സൂക്തം (24:23) യാതൊരുവിധ വൈരുധ്യവും പുലര്‍ത്തുന്നില്ലെ ന്ന് വ്യക്തമാകുന്നു.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.