യൂനുസ് നബിയെ മത്സ്യം പാഴ് ഭൂമിയില്‍ തള്ളിയെന്ന് ഖുര്‍ആനി ലെ 37:145 വചനത്തില്‍ പറയുന്നു. ഇതില്‍ നിന്ന് വ്യത്യസ്തമായി പാഴ്ഭൂമിയില്‍ അദ്ദേഹം തള്ളപ്പെട്ടിട്ടില്ലെന്ന രീതിയിലാണ് 68:49ല്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇത് വ്യക്തമായ വൈരുധ്യമല്ലേ?

വൈരുധ്യമാരോപിക്കപ്പെട്ടിരിക്കുന്ന സൂക്തങ്ങളുടെ സാരം പരിശോധിക്കുക:
എന്നിട്ട് അദ്ദേഹത്തെ (യൂനുസിനെ) അനാരോഗ്യവാനായ നിലയില്‍ തുറന്ന സ്ഥലത്തേക്ക് നാം തള്ളി. അദ്ദേഹത്തിന്റെ മേല്‍ നാം യഖ്ത്വീന്‍ വൃക്ഷം മുളപ്പിക്കുകയും ചെയ്തു. അദ്ദേഹത്തെ നാം ഒരു ലക്ഷമോ അതിലധികമോ വരുന്ന ജനവിഭാഗത്തിലേക്ക് നിയോഗിച്ചു. (37:145-147)
അദ്ദേഹത്തിന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ് ഭൂമിയില്‍ ആക്ഷേപാര്‍ഹനായികൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിലാവുകയും ചെയ്തു.(68:49,50)
യൂനുസ് നബി(അ)യെ വിഴുങ്ങിയ മത്സ്യം ഏതാനും ദിവസങ്ങ ള്‍ക്കു ശേഷം അദ്ദേഹത്തെ കരയിലേക്ക് ഛര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട വിവരണങ്ങളുള്‍കൊള്ളുന്ന സൂക്തങ്ങളാണ് ഇവ. മത്സ്യം അദ്ദേഹത്തെ കരയിലേക്കിടുമ്പോള്‍ വളരെ വിഷമം പിടിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം. രണ്ടു മൂന്ന് ദിവസം മത്സ്യത്തിന്റെ വയറ്റില്‍ കഴിച്ചു കൂട്ടേണ്ടിവന്ന അദ്ദേഹത്തെ അവശനും രോഗാതുരനുമാ യിക്കൊണ്ടാണ് പാഴ്ഭൂമിയിലേക്ക് മത്സ്യം പുറന്തള്ളിയത്. ആ അവസ്ഥയില്‍ അദ്ദേഹത്തിന് നല്‍കപ്പെട്ട പ്രത്യേകമായ ദൈവികാനുഗ്രഹങ്ങളാണ് സൂറത്തൂ സ്വാദിലേയും(37:145-147) സൂറത്തു ഖലമിലെയും (68:49,50) പരാമര്‍ശിക്കപ്പെട്ട വചനങ്ങളില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ അനാരോഗ്യത്തെ അതിജീവിക്കുവാനാവശ്യമായ ഫലങ്ങളുല്‍പാദിപ്പിക്കുന്ന യഖ്ത്വീന്‍ വൃക്ഷത്തെ യൂനുസ് നബി(അ) ഉപേക്ഷിക്കപ്പെട്ട സ്ഥലത്തുതന്നെ മുളപ്പിക്കുകയും അങ്ങനെ ആരോഗ്യം വീണ്ടെടുത്ത അദ്ദേഹത്തെ വീണ്ടും പ്രവാചകനായി നിയോഗിക്കുകയും ചെയ്ത അല്ലാഹുവിന്റെ അനുഗ്രഹത്തെയാണ് സൂറത്തു സ്വാദിലെ വചനങ്ങളില്‍ സൂചിപ്പിച്ചിരിക്കുന്നത്.  ഇങ്ങനെ അനുഗ്രഹങ്ങള്‍ നല്‍കി സംരക്ഷിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ആ പാഴ്ഭൂമിയില്‍ ആരാരുമറിയാതെ ആക്ഷേപാര്‍ഹനായി യൂനുസ് (അ) പുറംതള്ളപ്പെടുമായിരുന്നുവെന്ന യാഥാര്‍ഥ്യം വ്യക്തമാക്കുകയാണ് സൂറത്തുല്‍ ഖലമിലെ വചനങ്ങള്‍ ചെയ്യുന്നത്. ഇവ തമ്മില്‍ യാതൊരു വൈരുധ്യവുമില്ല. ഒരേ കാര്യം തന്നെ രണ്ട് രൂപത്തില്‍ പറഞ്ഞിരിക്കുന്നുവെന്ന് മാത്രമേയുള്ളൂ.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.