ഇസ്റാഈല്യര്‍ കാളകുട്ടിയുടെ വിഗ്രഹമുണ്ടാക്കി അതിനെ ആരാധിക്കുകയും പിന്നീടതില്‍ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തതായി ഖുര്‍ആനില്‍ പറയുന്നു. അവര്‍ പശ്ചാത്തപിച്ചത് എപ്പോഴാണ്? മോശ സീനായില്‍ നിന്ന് മടങ്ങുന്നതിന് മുമ്പ് തന്നെ പശ്ചാത്തപിച്ചിട്ടുണ്ടെന്ന് 7:149ല്‍ പറയുന്നതിന് വിരുദ്ധമായി മടങ്ങി വന്നതിന് ശേഷമാണ് പശ്ചാത്തപിച്ചതെന്നാണ് 20:91 ല്‍

മൂസാ(അ) തൌറാത്ത് സ്വീകരിക്കുന്നതിന് വേണ്ടി സീനായ് പര്‍വ്വതത്തിലേക്ക് പോയപ്പോള്‍ ഇസ്റാഈല്യരുടെ നേതൃത്വം സഹോദരനായ ഹാറൂനെ (അ) ഏല്‍പ്പിച്ചതും അദ്ദേഹത്തിന്റെ വിലക്ക് ലംഘിച്ചുകൊണ്ട് സാമിരി കാളക്കുട്ടിയുടെ വിഗ്രഹമുണ്ടാക്കുകയും ഇസ്റാഈല്യര്‍ അതിനെ ആരാധിക്കുവാനാരംഭിക്കുകയും ചെയ്തതും മൂസ (അ) വന്ന ശേഷം ഹാറൂനി(അ)നോടും സാമിരിയോടും ഇസ്റാഈല്യരോടും കോപിച്ചതും അപ്പോള്‍ അവര്‍ പാശ്ചാത്തപിച്ചതുമായ സംഭവങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ചരിത്രവിവരണത്തിന്റെ രീതിയില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത് സൂറത്തു ത്വാഹ (20:83-98) യിലാണ്.  ഈ വിവരണത്തിന് വിരുദ്ധമായി ഖുര്‍ആനില്‍ ഒരിടത്തും ഈ ചരിത്രം വിശദീകരിച്ചിട്ടില്ല. മൂസാ(അ) സീനായ് പര്‍വ്വതത്തില്‍ നിന്ന് മടങ്ങി വരുന്നതിന് മുമ്പ് തന്നെ ഇസ്റാഈല്യര്‍ പശ്ചാത്തപിച്ചു മടങ്ങിയിരുന്നുവെന്ന്  ഖുര്‍ആനിലൊരിടത്തും പരാമര്‍ശിക്കുന്നില്ലെന്നതാണ് സത്യം.
സൂറത്തുല്‍ അഅ്റാഫിലെ വൈരുധ്യമാരോപിക്കപ്പെട്ട സൂക്തങ്ങളിലെവിടെയും (7:149) മൂസാ(അ)യുടെ ആഗമനത്തിനു മുമ്പ് തന്നെ ഇസ്റാഈല്യര്‍ പാശ്ചാത്തപിച്ചു മടങ്ങിയെന്ന് പറഞ്ഞിട്ടില്ല. 7:149 ല്‍ ഇസ്റാഈല്യരുടെ പശ്ചാത്താപത്തെ കുറിച്ച് പരാമര്‍ശിച്ച ശേഷം അടുത്ത വചനത്തില്‍ മൂസാ(അ)യുടെ സീനായില്‍ നിന്നുള്ള ആഗമനത്തെ കുറിച്ചു പറഞ്ഞിരിക്കുന്നുവെന്നത് ശരിയാണ്. ഇതിന്നര്‍ഥം ഇസ്റാഈല്യര്‍ പശ്ചാത്തപിച്ച ശേഷമാണ് മൂസാ(അ) മടങ്ങി വന്നതെന്നാണെന്ന് പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങള്‍ മനസ്സിരുത്തി വായിച്ച ആരും പറയില്ല. സൂറത്തുല്‍ അഅ്റാഫിലെ 148 മുതല്‍ 150 വരെയുള്ള സൂക്തങ്ങളുടെ സാരം നോക്കുക.
മൂസായുടെ ജനത അദ്ദേഹം പോയശേഷം അവരുടെ ആഭരണങ്ങള്‍ കൊണ്ടുണ്ടാക്കിയ മുക്രയിടുന്ന ഒരു കാളക്കുട്ടിയുടെ സ്വരൂപത്തെ ദൈവമായി സ്വീകരിച്ചു. അതവരോട് സംസാരിക്കുകയില്ലെന്നും അവര്‍ക്ക് വഴികാണിക്കുകയില്ലെന്നും അവര്‍ കണ്ടില്ലേ? അതിനെ അവര്‍ (ദൈവമായി) സ്വീകരിക്കുകയും അതോടെ അവര്‍ അക്രമികളാവുകയും ചെയ്തിരിക്കുന്നു (148).
അവര്‍ക്ക് ഖേദം തോന്നുകയും തങ്ങള്‍ പിഴച്ചുപോയിരിക്കുന്നുവെന്ന് അവര്‍ കാണുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളു ടെ രക്ഷിതാവ് ഞങ്ങളോട് കരുണ കാണിക്കുകയും ഞങ്ങള്‍ക്ക് പൊറുത്തുതരികയും ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടക്കാരില്‍ പെട്ടവരായിരിക്കും (149).
കുപിതനും ദു:ഖിതനുമായിക്കൊണ്ട് തന്റെ ജനങ്ങളിലേക്ക് മടങ്ങി വന്ന് മൂസ പറഞ്ഞു: ഞാന്‍ പോയശേഷം എന്റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്തതന്നെ! നിങ്ങളുടെ രക്ഷി താവിന്റെ കല്‍പ്പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികാട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും തന്റെ സഹോദരന്റെ തലപിടിച്ച് തന്റെയടുത്തേക്ക് വലിക്കുകയും ചെയ്തു…. (150)
ഇവിടെ 148,149 സൂക്തങ്ങളില്‍ മൂസാ(അ) യുടെ യാത്രയ്ക്ക് ശേഷം ഇസ്റാഈല്യരിലുണ്ടായ മാര്‍ഗഭ്രംശത്തെയും അതില്‍ നിന്ന് അവര്‍ പശ്ചാത്തപിച്ച് മടങ്ങയതിനെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്. 150-ാം സൂക്തത്തില്‍ മൂസാ(അ) മടങ്ങി വന്നപ്പോള്‍ അദ്ദേഹ ത്തിനുണ്ടായ ദു:ഖവും ദേഷ്യവും വിവരിക്കുകയും നേതൃത്വമേല്‍പ്പിച്ചിരുന്ന സഹോദരനോട് കയര്‍ക്കുന്നതിന്റെ ചിത്രം വരച്ചുകാണിക്കുകയുമാണ് ചെയ്യുന്നത്. ഇസ്റാഈല്യരുടെ വഴികേടിനെക്കുറിച്ച് പറഞ്ഞയുടനെ തന്നെ അവരുടെ പശ്ചാത്താപത്തെ കുറിച്ചു പരാമര്‍ശി ച്ചുവെന്ന് മാത്രമേയുള്ളൂ. ശേഷം മൂസാ(അ)യുടെ ആഗമനവും അതോടനുബന്ധിച്ചുണ്ടായ സംഭവങ്ങളും വിശദീകരിക്കുന്നുമുണ്ട്. ഇത് ഖുര്‍ആനില്‍ പലപ്പോഴും കാണാന്‍ കഴിയുന്ന പൊതുവായുള്ള ഒരു ശൈലിയാണ്. ഗുണപാഠത്തിനനുസരിച്ച് വിഷയക്രമത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നിടത്ത് സംഭവങ്ങളുടെ കാലക്രമം പാലിക്കണമെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കാറില്ല. എന്നാല്‍ ഒരു സംഭവത്തി ന്ന് ശേഷമോ മുമ്പോ ആണ് മറ്റൊരു സംഭവമെന്ന് ഖുര്‍ആനില്‍ വ്യക്തമാക്കിയേടത്തൊന്നും ചരിത്രവസ്തുതകള്‍ക്ക് വിരുദ്ധമായ പരാമര്‍ശങ്ങള്‍ കാണപ്പെടുന്നേയില്ല.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.