ശിര്‍ക്ക് (ബഹുദൈവത്വം) മഹാപാപമാണെന്ന് ഖുര്‍ആനില്‍ പല തവണ പറയുന്നുണ്ടല്ലോ. എന്നാല്‍, വിശ്വാസികളുടെ നേതാവാ യി പരിചയപ്പെടുത്തപ്പെടുന്ന ഇബ്റാഹീം നബി (അ) ചന്ദ്രനെയും സൂര്യനെയും നക്ഷത്രങ്ങളെയുമെല്ലാം ദൈവമാക്കിയെന്ന് 6:76-78 സൂക്തങ്ങളില്‍ പറയുന്നുണ്ട്. ഇബ്റാഹീം ബഹുദൈവാരാധകനായിരുന്നുവെന്നല്ലേ ഇതിന്നര്‍ത്ഥം?

ഇബ്റാഹീം നബി(അ) ശിര്‍ക്ക് ചെയ്തുവെന്ന് ഖുര്‍ആനില്‍ ഒരിടത്തും പറയുന്നില്ല. ഏകദൈവാദര്‍ശത്തിനു വേണ്ടി ഏറെ ത്യാഗങ്ങള്‍ സഹിച്ച വ്യക്തിയാണ് ഇബ്റാഹീം (അ). ബഹുദൈവാരാധനയുടെ വ്യര്‍ഥതയും, സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയും തന്റെ ജനതയ്ക്ക് വിശദീകരിച്ചു കൊടുക്കുന്നതിന്നായി വിവിധ മാര്‍ഗങ്ങള്‍ അദ്ദേഹം ഉപയോഗിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.  ഉപദേശ നിര്‍ദ്ദേശങ്ങള്‍ വഴി വിഗ്രഹാരാധനയുടെ വ്യര്‍ഥത വ്യക്തമാക്കാന്‍ അദ്ദേഹം ശ്രമിച്ചു (21:51-56); അവരോട് വാദപ്രതിവാദം നടത്തി (6:80-83); അവരെ ശക്തമായി വിമര്‍ശിച്ചു (6:74,75). അവരുടെ ചിന്തയെ തൊട്ടുണര്‍ത്തുന്നതിന് വേണ്ടി ക്ഷേത്രത്തിലെ വിഗ്രഹങ്ങളെയെല്ലാം ഉടക്കുകയും അവയിലെ വലിയതിനെ ബാക്കിയാക്കി വിഗ്രഹഭഞ്ജനമെന്ന കുറ്റം അതിന്റെ മേല്‍ ആരോപിക്കുകയും ചെയ്തു (21:57-67).
ഇതേപോലെ ഒരു സംഭവമാണ് സൂര്യചന്ദ്ര നക്ഷത്രാദികളെയൊന്നും പൂജിക്കുവാന്‍ കൊള്ളുകയില്ലെന്ന് വ്യക്തമാക്കുന്നതിന് വേണ്ടി നക്ഷത്ര പൂജകരായിരുന്ന ജനങ്ങളുടെ മുന്നില്‍ ഇബ്റാഹീം (അ) ചെയ്തതായി സൂറത്തു അന്‍ആമില്‍ (76-79) വിവരിച്ചിരിക്കുന്നത്. സൂര്യദേവനെയും ചന്ദ്രദേവനെയും ശുക്രദേവനെയുമെല്ലാം ആരാധിച്ചിരുന്ന ജനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളിലെ വ്യര്‍ഥത വ്യക്തമാക്കികൊടുക്കുയാണ് ഇബ്റാഹീം (അ) ചെയ്തത്. ഉദിച്ചുയര്‍ന്ന നക്ഷത്രത്തെ നോക്കി ഇതാണ് എന്റെ രക്ഷിതാവ് എന്ന് പ്രഖ്യാപിക്കുകയും, അത് മറഞ്ഞപ്പോള്‍ മറഞ്ഞുപോകുന്നുവയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് നക്ഷത്ര പൂജകര്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന്റെ വ്യര്‍ഥത വ്യക്തമാക്കി കൊടുക്കുകയുമാണ് ഇബ്റാഹീം (അ) ചെയ്തത്.  ചന്ദ്രന്‍ ഉദിച്ചപ്പോള്‍ ഇതാണെന്റെ രക്ഷിതാവ് എന്നു പറയുകയും അതും അസതമിച്ചപ്പോള്‍, ഇതിനെയും ആരാധിക്കാന്‍ കൊള്ളുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത അദ്ദേഹം ചന്ദ്രപൂജകരെ തങ്ങളുടെ വിഡ്ഢിത്തം തെര്യപ്പെടുത്തുകയാണ് ചെയ്യുന്നത്.  ഇതേ പോലെ തന്നെ സൂര്യപൂജകരെ ചിന്തിപ്പിക്കുന്നതിനായി, വലിയവനായ സൂര്യനാണ് രക്ഷിതാവെന്ന് പറഞ്ഞ് അത് അസ്തമിച്ചപ്പോള്‍ ഇതും ആരാധനക്ക് കൊള്ളുകയില്ലെന്ന് പഠിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്.  യഥാര്‍ ത്ഥത്തില്‍ സൂര്യനോ ചന്ദ്രനോ നക്ഷത്രങ്ങളോ ആരാധനകള്‍ അര്‍ ഹിക്കുന്നുവെന്ന വിശ്വാസം ഇബ്റഹീം (അ) മിന്ന് ഉണ്ടായിരുന്നില്ല എന്നത് കൊണ്ട് തന്നെ അദ്ദേഹം ബഹുദൈവാരാധന നടത്തിയെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. ഇങ്ങനെയെല്ലാം ചെയ്തത് എന്റെ ജനങ്ങളേ, നിശ്ചയമായും ഞാന്‍,നിങ്ങള്‍ പങ്ക് ചേര്‍ക്കുന്നതില്‍ നിന്നെല്ലാം ഒഴിവായവനാകുന്നു. ഞാന്‍ ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചുണ്ടാക്കിയവനിലേക്ക് ഋജുമനസ്കനായി ക്കൊണ്ട് എന്റെ മുഖം തിരിച്ചിരിക്കുന്നു.  ഞാന്‍ ശിര്‍ക്ക് ചെയ്യുന്നവരില്‍ പെട്ടവനല്ലതാനും (6:78,79) എന്നു പ്രഖ്യാപിക്കുന്നതിന്നു വേണ്ടിയായിരുന്നുവെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്.
മനസ്സില്‍ വിശ്വാസമില്ലാതെ ഞാന്‍ അതിനെ രക്ഷിതാവായി സ്വീകരിച്ചിരിക്കുന്നുവെന്ന് പറയുന്നതുകൊണ്ട് മാത്രം ഒരാള്‍ ശിര്‍ക്കു ചെയ്യുന്നവനായി തീരുകയില്ലെന്ന് ഖുര്‍ആനില്‍ തന്നെ (16:106) വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട.്

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.