ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ആരും പരസ്പരം അന്വേഷി ക്കുകയില്ലെന്ന 23:101ലെ പ്രസ്താവനയക്ക് വിരുദ്ധമായി അവിടെ നടക്കുന്ന അന്വേഷണങ്ങളെപ്പറ്റി 52:25, 37:27 എന്നീ സൂക്തങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടത് കാണാം. ഇവയെ എങ്ങനെ വിശദീകരിക്കും?

എന്നിട്ട് കാഹളത്തില്‍ ഊതപ്പെട്ടാല്‍. അന്ന് അവര്‍ക്കിടയില്‍ കുടുംബ ബന്ധങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല. അവര്‍ അന്യോന്യം അന്വേഷിക്കുകയുമില്ല. (23:101)
പരസ്പരം പലതും ചോദിച്ചുകൊണ്ട് അവരില്‍ ചിലര്‍ ചിലരെ അഭിമുഖീകരിക്കും.(52:25)
അവരില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞ് പരസ്പരം ചോദ്യം ചെയ്യും.(37:27)
വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന മൂന്ന് സൂക്തങ്ങളാണ് ഇവ. അന്ത്യനാളുമായി ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങള്‍ തന്നെയാണ് ഇതു മൂന്നിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇവ മൂന്നും മൂന്നു സമയത്ത് സംഭവിക്കുന്ന കാര്യങ്ങളാകുന്നു.
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസമാണ് സൂറത്തുല്‍ മുഅമിനൂനി (23:101) ല്‍ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. കാഹളത്തില്‍ ഊതപ്പെട്ടശേഷം, ആത്മാവും ജഡവും തമ്മില്‍ കൂടിച്ചേര്‍ന്നു കഴിഞ്ഞ ശേഷമുള്ള വെപ്രാളത്തെയാണ് ഈ സൂക്തം ചിത്രീകരിച്ചിരിക്കുന്നത്. ഓരോരുത്തരും അവനവന്റെ കാര്യത്തില്‍ മാത്രം ചിന്താകുലനാകുന്ന സമയമാണത്. കുടുംബ ബന്ധത്തെക്കുറിച്ച വിചാരമോ ബന്ധുമിത്രാ ദികളെ ക്കുറിച്ച അന്വേഷണമോ ഇല്ലാതെ തന്റെ രക്ഷയുടെ മാര്‍ഗമെ ന്തെന്ന് വെപ്രാളപ്പെടുന്ന മനുഷ്യന്റെ നിസ്സഹായാവസ്ഥയാണ് ഇവിടത്തെ പ്രതിപാദ്യം.
സ്വര്‍ഗ പ്രവേശത്തിന് അര്‍ഹരായിത്തീരുന്ന സച്ചരിതന്‍മാര്‍ അനുഭവിക്കുന്ന അനുഗ്രഹങ്ങളാണ് സൂറത്തു ഖാഫിലെ (52:25) പ്രതിപാദ്യം. സ്വര്‍ഗവാസികള്‍ നിശ്ശബ്ദരായിരിക്കുകയല്ല, പരസ്പരം കുശലാന്വേഷണങ്ങള്‍ നടത്തുകയും സംസാരിക്കുകയും ചെയ്യുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്.
സൂറത്തു സ്വാഫ്ഫാത്തിലെ വചനത്തിലാകട്ടെ (37:27), നരകവാസികളുടെ പരസ്പരമുള്ള ചോദ്യം ചെയ്യലാണ് ചിത്രീകരിച്ചിരിക്കുന്നത്. നിങ്ങളുടെ നിര്‍ബന്ധം കൊണ്ടാണ് തങ്ങള്‍ ദുര്‍മാര്‍ഗം സ്വീകരിച്ചതെന്ന് ഒരു വിഭാഗം നരകവാസികള്‍ മറ്റൊരു വിഭാഗത്തോട് പറയുകയും, അപ്പോള്‍ മറ്റേ വിഭാഗം അത് നിഷേധിക്കുകയും ചെയ്യുമെന്ന കാര്യം വ്യക്തമാക്കുകയാണ് ഈ സൂക്തത്തില്‍ ചെയ്യുന്നത്.
മൂന്ന് സൂക്തങ്ങളിലും പ്രതിപാദിക്കപ്പെട്ടിരിക്കുന്നത് മൂന്ന് സംഭ വങ്ങള്‍.ഒന്ന്, ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവസത്തിലെ വെപ്രാളം. രണ്ട്, സ്വര്‍ഗത്തിലെ സന്തോഷദായകമായ സംഭാഷണം. മൂന്ന്, നരകത്തിലെ പരസ്പരമുള്ള കുറ്റപ്പെടുത്തല്‍. പിന്നെയെങ്ങനെ ഈ മൂന്ന് സൂക്തങ്ങളും തമ്മില്‍ വൈരുധ്യമുണ്ടാകും?

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.