അല്ലാഹുവല്ലാതെ ആരും തന്നെ രക്ഷാധികാരികളായി ഇല്ലെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ വാക്യങ്ങള്‍ (2:107, 29:22) ക്കെതിരല്ലേ ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ രക്ഷാധികാരികളാകുന്നു(41:31)വെന്ന് മലക്കുകള്‍ പറയുമെന്ന് പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍ വാക്യം?

നിനക്കറിഞ്ഞു കൂടെ അല്ലാഹുവിന് തന്നെയാണ് ആകാശ ഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക് അല്ലാഹുവിനെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും.(2:107)
ഭൂമിയിലാകട്ടെ ആകാശത്താകട്ടെ നിങ്ങള്‍ക്ക്  (അവനെ) തോല്‍ പ്പിക്കാനാവില്ല.   നിങ്ങള്‍ക്ക് അല്ലാഹുവിന് പുറമേ ഒരു രക്ഷാധികാരിയോ സഹായിയോ ഇല്ല.(29:22)
അല്ലാഹുവിന്റെ പരമാധികാരത്തെ കുറിക്കുന്ന സൂക്തങ്ങളാണിവ. രക്ഷാധികാരിയെന്ന് പരിഭാഷ നല്‍കിയിരിക്കുന്നത് വലിയ്യ് എന്ന പദത്തിനാണ്. രക്ഷിതാവ്, ബന്ധു, മിത്രം, എന്നെല്ലാം ഈ പദത്തിനര്‍ത്ഥമുണ്ട്. ‘ഔലിയാഅ്’ എന്നാണ് ഇതിന്റെ ബഹുവചനം. പരമമായ അര്‍ഥത്തില്‍ അല്ലാഹു മാത്രമാണ് മനുഷ്യരുടെ രക്ഷാധികാരി. അവന്‍ നല്‍കുന്ന രക്ഷയെ തടയുവാനോ ശിക്ഷയെ നിയന്ത്രിക്കുവാ നോ ആര്‍ക്കും കഴിയില്ല. മനുഷ്യര്‍ പരസ്പരം സഹായിക്കുന്നതും രക്ഷിക്കുന്നതുമെല്ലാം  അല്ലാഹുവിന്റെ പരമാധികാരത്തിന് വിധേയ മായിട്ടാണ്.
അവന്‍ അഭയം നല്‍കുന്നു അവനെതിരായി (എവിടെ നിന്നും)അഭയം ലഭിക്കുകയില്ല (23:88) എന്ന ഖുര്‍ആന്‍ വചനം വ്യക്തമാക്കു ന്നത് ഈ ആശയമാണ്. എന്നാല്‍ മനുഷ്യര്‍ക്കു തമ്മില്‍ സഹായിക്കുവാന്‍ കഴിയില്ലെന്നോ രക്ഷിക്കാനാകില്ലെന്നോ ഖുര്‍ആനിലൊരിടത്തും പറയുന്നില്ല. യഹൂദരും ക്രൈസ്തവരും പരസ്പരം സഹായികളാണെന്നും (5:51) സത്യനിഷേധികള്‍ അന്യോന്യം മിത്രങ്ങളാണെന്നും (8:73) അക്രമകാരികളില്‍ ചിലര്‍ ചിലര്‍ക്ക് രക്ഷാകര്‍ത്താക്കളാണെന്നും (45:19) മുഹാജിറുകളും അന്‍സാറുകളും പരസ്പരം ഉറ്റ മിത്രങ്ങളാണെന്നും (8:72)സത്യവിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും അന്യോന്യം മിത്രങ്ങളാണെന്നു (9:71) മെല്ലാമുള്ള പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ കാണാവുന്നതാണ്. ഈ വചനങ്ങളിലെല്ലാം വലിയ്യ് എന്ന പദത്തിനു തന്നെയാണ് സഹായി, മിത്രം, രക്ഷാ കര്‍ത്താവ് തുടങ്ങിയ പരിഭാഷകള്‍ നല്‍കപ്പെട്ടിരിക്കുന്നത്. മനുഷ്യ ര്‍ക്ക് പരസ്പരം മിത്രങ്ങളും രക്ഷകരുമാകാന്‍ കഴിയുമെന്ന വസ്തുത ഖുര്‍ആന്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ പരമമായ വലിയ്യ് അല്ലാഹുവാണ്. അഭൌതിക രീതിയില്‍ സഹായിക്കുകയും രക്ഷിക്കുകയും ചെയ്യുന്നവനാണ് യഥാര്‍ഥത്തിലുള്ള വലിയ്യ്. മറ്റുള്ളവരെല്ലാം അവനെ ആശ്രയിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഔലിയാക്കളാണ്.
ഇതേ പോലെത്തന്നെയാണ് മാലാഖമാരും. അവര്‍ സത്യവിശ്വാസികളുടെ സഹായികളും ഉറ്റ മിത്രങ്ങളുമാണ്. ഇഹലോകത്ത് സത്യവിശ്വാസികളെ സന്‍മാര്‍ഗത്തിലൂടെ മുന്നോട്ട് പോകാനും പരലോകത്ത് അല്ലാഹുവിന്റെ അനുഗ്രഹത്തിന് പാത്രമാകുവാനും മലക്കുകള്‍ സഹായിച്ചുകൊണ്ടിരിക്കുന്നു. ഇതാണ് ഐഹിക ജീവിതത്തി ലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു (41:31) എന്ന് സ്വര്‍ഗപ്രവേശത്തിന് അര്‍ഹരായ സദ്വൃത്തരോടായി മലക്കുകള്‍ പറയുന്നതിന്റെ താല്‍പര്യം. മലക്കുകളുടെ സഹായം അല്ലാഹു വിന്റെ കല്‍പന പ്രകാരമാണെന്ന വസ്തുതയും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
മനുഷ്യന് അവന്റെ മുമ്പിലൂടെയും പിന്നിലൂടെയും തുടരെ ത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ കാത്തു സൂക്ഷിച്ചു കൊണ്ടിരിക്കുന്നവര്‍ (മലക്കുകള്‍) ഉണ്ട് (13:11).
അല്ലാഹു വിധിച്ച രക്ഷയും ശിക്ഷയും നടപ്പാക്കുകയാണ് അവ ന്റെ ഹിതപ്രകാരം മാത്രം പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന മലക്കുകള്‍ ചെയ്യുന്നത്. അതിനാല്‍ ത്തന്നെ അല്ലാഹു മാത്രമാണ് രക്ഷാധികാരി എന്ന വചനങ്ങളും മലക്കുകള്‍ നല്‍കുന്ന സംരക്ഷണത്തെപ്പറ്റി സൂചിപ്പിക്കുന്ന സൂക്തങ്ങളും തമ്മില്‍ യാതൊരു വിധ വൈരുധ്യങ്ങളുമില്ല.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.