അല്ലാഹു കാരുണ്യത്തെ സ്വന്തത്തില്‍ ബാധ്യതയായി രേഖപ്പെടുത്തിയെന്ന് പറയുന്ന ഖുര്‍ആന്‍ സൂക്തത്തിന് (6:12) എതിരല്ലേ അവന്‍ താന്‍ ഉദ്ദേശിക്കുന്നവരെ വഴിതെറ്റിക്കുകയും നരകത്തിലിടുകയും ചെയ്യുമെന്ന് പറയുന്ന (ഉദാ 6:35,14:4) സൂക്തങ്ങള്‍ ?

കരുണാവാരിധിയാണ് അല്ലാഹു. അളവറ്റ കാരുണ്യത്തിന്റെ സ്രോതസ്സാണവന്‍. പരമാണുവിനകത്തെ ചലനങ്ങള്‍ മുതല്‍ താരാ സമൂഹങ്ങളിലെ സ്ഫോടനങ്ങള്‍ വരെ അല്ലാഹുവിന്റെ അപാരമായ കാരുണ്യത്താലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മൃഗങ്ങളും സസ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പാരസ്പര്യവും വന്യമൃഗങ്ങളില്‍ പോലും കണ്ടുവരുന്ന പരസ്പര സഹകരണവുമെല്ലാം ദിവ്യകാരുണ്യത്തിന്റെ ഫലമാണ്. എന്റെ കാരുണ്യം സകല വസ്തുക്കള്‍ക്കും വ്യാപകമായിരിക്കുന്നു (7:156) വെന്നാണ് അല്ലാഹു പറയുന്നത്.
അവന്‍ കാരുണ്യത്തെ സ്വന്തം പേരില്‍ (ബാധ്യതയായി) രേഖ പ്പെടുത്തിയിരിക്കുന്നു (6:12) വെന്നും അവന്‍ പറയുന്നു. സൂറത്തുല്‍ അന്‍ആമിലെ 54-ാമത്തെ വചനത്തിലും ഇക്കാര്യം തന്നെ സൂചിപ്പിക്കുന്നുണ്ട്. സ്വന്തത്തെയും തന്റെ ചുറ്റുപാടുകളെയും കുറിച്ച് പഠിക്കുന്ന മനുഷ്യന് ദിവ്യകാരുണ്യത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. മാതാവിന്റെയും പിതാവിന്റെയും ശരീരത്തിലെ രണ്ട് അര്‍ധകോശങ്ങളെ കൂട്ടിയോജിപ്പിച്ച് സിക്താണ്ഡമാകുന്നത് മുതല്‍ ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതിനു നല്‍കുന്ന പരിരക്ഷ വരെയുള്ള കാര്യങ്ങളിലും ശേഷമുള്ള കാര്യങ്ങളിലും ശേഷമുള്ള ജനനത്തിലും വളര്‍ച്ചയിലുമെല്ലാം അല്ലാഹുവിന്റെ അപാരമായ കാരുണ്യമാണ് നമുക്ക് കാണാന്‍ കഴിയുന്നത്.
പടച്ചതമ്പുരാന്റെ ഈ കാരുണ്യത്തിന്റെ ഭാഗമായിട്ടാണ് മനുഷ്യര്‍ക്ക് വിശേഷബുദ്ധിയും ചിന്താസ്വാതന്ത്യ്രവും നല്‍കിയത്. സ്വതന്ത്രമായ കൈകാര്യകര്‍ത്തൃത്വത്തിന് കഴിയുന്ന ഏക ജീവിയാണല്ലോ മനുഷ്യന്‍. ചിന്തിച്ച് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിയുന്ന അവന്ന് നന്മ ചെയ്ത് ഉല്‍കൃഷ്ടനാകുവാനും തിന്മ ചെയ്ത് നികൃഷ്ടനാകാനും സാധിക്കും.നന്മയുടെ മാര്‍ഗം തിരഞ്ഞെടുത്ത് ഉത്തമ മനുഷ്യരായി ജീവിക്കണമെന്നതാണ് ദൈവിക ശാസന. ദൈവികമായ വിധി വിലക്കുകള്‍ അനുസരിച്ച് ജീവിക്കുമ്പോള്‍ മാത്രമേ മനുഷ്യസമൂഹം ഭദ്രമായി നിലനില്‍ക്കുകയുള്ളൂ. ധാര്‍മിക നിയമങ്ങള്‍ അനുസരിക്കപ്പെടുന്ന സമൂഹത്തില്‍ മാത്രമേ സന്തോഷവും സമാധാനവും നിലനില്‍ക്കൂ. അപ്പോള്‍, ധാര്‍മ്മിക നിയമങ്ങള്‍ അനുസരിക്കേണ്ടത് മനുഷ്യരുടെയെല്ലാം ബാധ്യതയാണ്. പക്ഷേ, ഈ നിയമങ്ങള്‍ അനുസരിക്കാതിരിക്കുവാനുള്ള പൈശാചികമായ ഒരു തൃഷ്ണ അകത്തളത്തിലുണ്ട്. ഈ തൃഷ്ണക്ക് കടിഞ്ഞാണിട്ടാല്‍ മാത്രമെ ആഹ്ളാദഭരിതവും സമാധാന സമ്പുഷ്ഠവുമായ മനുഷ്യ സമൂഹത്തിന്റെ സൃഷ്ടി സാധിക്കൂ.
ചിന്താശേഷിയുള്ള മനുഷ്യരെ സൃഷ്ടിച്ച അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ഭാഗം തന്നെയാണ് ഉല്‍കൃഷ്ടമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ട കാര്യങ്ങള്‍ ചെയ്യുകയെന്നത്. അതുകൊണ്ടാണ് പരമകാരുണികനായ അല്ലാഹു ഈ ഭൂമിയില്‍ നന്മ ചെയ്തവര്‍ക്ക് മരണാനന്തരം നന്മയും തിന്മ ചെയ്തവര്‍ക്ക് പരലോകത്ത് തിന്മയും പ്രതിഫലമായി ലഭിക്കുമെന്ന നിയമമുണ്ടാക്കിയത്. നന്മയെയും, തിന്മയെയും, സത്യത്തെയും, അസത്യത്തെയും, നീതിയെയും അനീതിയെയുമെല്ലാം അല്ലാഹുവിന്റെ കാരുണ്യം തുല്യമായാണ് ഗണിക്കുന്നതെങ്കില്‍ പിന്നെ സത്യത്തിനും നന്മക്കും നീതിക്കുമെന്തു വില? അതു ശരിയല്ല നന്മക്കും തിന്മക്കും അവക്കനുസൃതമായ പ്രതിഫലം നല്‍കണം. ഇതാണ് അല്ലാഹുവിന്റെ നീതി. പരലോകത്ത് വെച്ച് ഇഹലോകത്തിലെ ചെയ്തികള്‍ക്ക് പ്രതിഫലം നല്‍കപ്പെടും. തെറ്റു ചെയ്ത വ്യക്തികള്‍ക്ക് മരണാനന്തരം ലഭിക്കുന്ന കഠിനമായ ശിക്ഷപോലും മാനവരാശിയോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ഭാഗമാണെന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാകും.
ഓരോരുത്തരും ചെയ്ത നന്മകള്‍ക്ക് പരലോകത്ത് വെച്ച് തക്കതായ പ്രതിഫലവും തിന്മകള്‍ക്ക് ശിക്ഷയും ലഭിക്കുമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അവനവന്‍ ചെയ്ത നന്മതിന്മകള്‍ക്ക് അവന്‍ തന്നെയാണ് ഉത്തരവാദി. നന്മ തെരഞ്ഞെടുക്കുവാനും തിന്മ തെരഞ്ഞെടുക്കുവാനും ഓരോരുത്തര്‍ക്കും സ്വാതന്ത്യ്രമുണ്ട്. ഈ സ്വാതന്ത്യ്രം ദൈവിക ശാസനകള്‍ക്കനുസൃതമായി വിനിയോഗിക്കപ്പെടുമ്പോഴാണ് ഒരാള്‍ സ്വര്‍ഗ്ഗാവകാശിയായി തീരുന്നത്. മറിച്ചാകുമ്പോള്‍ നരകാവകാശിയും. (3:57,2:39,2:286,73:19 എന്നിവ നോക്കുക).
സന്മാര്‍ഗപ്രാപ്തി ഒരു ദൈവിക ദാനമാണ്. അത് ലഭിക്കുന്നത് മനുഷ്യ പ്രയത്നം കൊണ്ടാണെന്ന് മാത്രം. തുറന്ന മനസ്സും സത്യം കണ്ടെത്തണമെന്ന ആഗ്രഹവും വെച്ചുകൊണ്ട് സന്മാര്‍ഗത്തിലെത്താന്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് അല്ലാഹു നല്‍കുന്ന ദാനമാണ് സന്മാര്‍ഗ പ്രാപ്തി. അതു നല്‍കുവാന്‍ ഒരാള്‍ക്കും കഴിയില്ല. ഒരാളെയും സന്മാര്‍ഗത്തിലെത്തിക്കുവാന്‍ മറ്റൊരാള്‍ക്കാവില്ല.സല്‍പ ന്‍ഥാവിനെ കുറിച്ച് ഉപദേശിച്ചുകൊടുക്കുക മാത്രമാണ് ഇവ്വിഷയകമായി മനുഷ്യര്‍ക്ക് പരസ്പരം ചെയ്യാന്‍ കഴിയുന്ന കാര്യം. സത്യമാര്‍ഗത്തിലെത്തിക്കുന്നത് അല്ലാഹു മാത്രമാണ്.
പാശ്ചാതപിച്ചു മടങ്ങിയവരെ തന്റെ മാര്‍ഗത്തിലേക്കവന്‍ നയിക്കുന്നു. (13:27).
തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരുടെ വിശ്വാസത്തിന്റെ ഫലമായി അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കുന്നതാണ്. (10:9).
സത്യനിഷേധത്തിന്റെ കാര്യവും ഇതേപോലെ തന്നെയാണ്. അഹങ്കാരം മൂലം ദൈവശാസനകള്‍ ലംഘിച്ചു ജീവിക്കുകയും  ദൈവം നല്‍കിയ ഇന്ദ്രിയങ്ങള്‍ സത്യാന്വേഷണത്തിന്  ഉപയോഗി ക്കാതിരിക്കുകയും ചെയ്യുന്നവരെ ദുര്‍മാര്‍ഗത്തിലാക്കുന്നതും അല്ലാഹുതന്നെയാണ്. മനുഷ്യരുടെ കര്‍മങ്ങള്‍ ദുഷിക്കുകയും വിശ്വാസം പിഴക്കുകയും ചെയ്യുമ്പോള്‍ ദൈവ വിധിപ്രകാരം അവര്‍ ദുര്‍മാര്‍ഗത്തില്‍ ചെന്ന് ചാടുന്നു. ദുര്‍മാര്‍ഗത്തില്‍ നിന്ന് ഒരാളെ രക്ഷിക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല; അല്ലാഹുവാണ് ആളുകളെ ദുര്‍മാ ര്‍ഗത്തിലാക്കുന്നത്. അങ്ങനെ ആക്കുന്നതിനു കാരണം അവരുടെ കര്‍മങ്ങളാണെന്നു മാത്രം.
അവിശ്വസിക്കുകയും അന്യായം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് അല്ലാഹു ഒരിക്കലും പൊറുത്തു കൊടുക്കുന്നതല്ല. നരകത്തിന്റെ മാര്‍ഗത്തിലേക്കല്ലാതെ മറ്റൊരു മാര്‍ഗത്തിലേക്കും അവന്‍ അവരെ നയിക്കുന്നതുമല്ല. (4:168).
താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും താനുദ്ദേശിക്കുന്നവരെ നേര്‍വഴിയിലാക്കുകയും ചെയ്യുന്നു (14:4) വെന്ന ഖുര്‍ആന്‍ വചനത്തിനര്‍ഥം അല്ലാഹു യാതൊരു മാനദണ്ഡവുമില്ലാതെ കുറേയാളുകളെ സന്മാര്‍ഗത്തിലും വേറെ കുറേപേരെ ദുര്‍മാര്‍ഗത്തിലുമാക്കും എന്നല്ല. സന്മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും വിഷയത്തിലെ അല്ലാഹുവിന്റെ ഉദ്ദേശ്യം മനുഷ്യരുടെ കര്‍മ ങ്ങളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മറ്റു സൂക്തങ്ങളില്‍ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. സന്‍മാര്‍ഗത്തിലെത്തുവാനുള്ള ആത്മാ ര്‍ത്ഥമായ അഭിവാഞ്ഛയും പശ്ചാത്താപ വിവശമായ ഹൃദയവും തുറന്ന മനസ്സുമുള്ളവരെയാണ് അല്ലാഹു സന്‍മാര്‍ഗത്തിലാക്കുന്നത്. സത്യാന്വേഷണ തൃഷ്ണയില്ലാതിരിക്കുകയും അഹങ്കാരം മൂലം ദൈവശാസനകള്‍ ലംഘിച്ചു ജീവിക്കുകയും ചെയ്യുന്നവരെയാണ് അല്ലാഹു ദുര്‍മാര്‍ഗത്തിലെത്തിക്കുന്നത്. ഓരോരുത്തരും ആഭിമുഖ്യം കാണിക്കുന്ന മാര്‍ഗത്തിലേക്കാണ് അല്ലാഹു അവരെ നയിക്കുകയെ ന്ന വസ്തുതയും ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും സൂക്ഷ്മത പാലിക്കു കയും ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ അവന് നാം ഏറ്റവും എളുപ്പമുള്ളതിലേക്ക് സൌകര്യപ്പെടുത്തിക്കൊടുക്കുന്നതാണ്.  എന്നാല്‍ ആര്‍ പിശുക്ക് കാണിക്കുകയും സ്വയം പര്യാപ്തത നടിക്കുകയും ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്യുന്നുവോ അവന്ന് നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കി കൊടുക്കുന്നതാണ് (92:5-10).
നന്മയും തിന്മയും പ്രവര്‍ത്തിക്കുവാന്‍ മനുഷ്യര്‍ക്ക് സ്വാതന്ത്യ്രം നല്‍കപ്പെട്ടതിനാലാണ്, സന്‍മാര്‍ഗത്തിനും ദുര്‍മാര്‍ഗത്തിനും നിമി ത്തമായി തീരുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അവര്‍ക്ക് സാധിക്കുന്നത്. മറ്റു ജീവികളെ പോലെ നന്മ തിന്മകള്‍ വിവേചിച്ചറിയുവാനുള്ള കഴിവ് മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ സന്‍മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും പ്രശ്നം തന്നെ ഉല്‍ഭവിക്കുകയില്ലാ യിരുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ മനുഷ്യരെയും മറ്റു ജീവിക ളെപ്പോലെ ജന്മവാസനകള്‍ക്കനുസരിച്ചു മാത്രം ജീവിക്കുന്നവരാക്കിത്തീര്‍ക്കാമായിരുന്നു. അവരെയെല്ലാം വിശ്വാസികളാക്കി തീര്‍ക്കാമായിരുന്നു.എന്നാല്‍ മറ്റു സൃഷ്ടികളില്‍ നിന്ന് തികച്ചും വ്യതിരിക്തമായ ഒരു അസ്തിത്വമാണ് മനുഷ്യന് നല്‍കപ്പെട്ടിരിക്കുന്നത്.  നന്മയും തിന്മയും സ്വപ്രയത്നം കൊണ്ട് വ്യവഛേദിച്ചു മനസ്സിലാക്കുവാന്‍ കഴിയുന്ന ഏക ജീവിയാണവന്‍. പ്രസ്തുത സവിശേഷത തന്നെ എടുത്തുകളഞ്ഞുകൊണ്ട് ജന്മനാ തന്നെ മനുഷ്യരെ വിശ്വാ സികളായി സൃഷ്ടിക്കാന്‍ അല്ലാഹുവിന് സാധിക്കുമായിരുന്നു. ഇക്കാ ര്യമാണ്, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരെയൊക്കെ അവന്‍  സന്മര്‍ഗത്തില്‍ ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യുമായിരുന്നു (6:35) വെന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത്.
അല്ലാഹുവിന്റെ കാരുണ്യത്തെ ക്കുറിച്ച് പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ മാര്‍ഗദര്‍ശനം നല്‍കുവാനുള്ള അവന്റെ പരമാധികാരം പ്രഖ്യാപിക്കുന്ന സൂക്തങ്ങളുമായോ മനുഷ്യ സമൂഹത്തിലെ വിശ്വാസവൈവിധ്യത്തെ അംഗീകരിക്കുന്ന സൂക്തങ്ങളുമായോ യാതൊരു വിധ വൈരുധ്യങ്ങളും പുലര്‍ത്തുന്നില്ലെന്നതാണ് വാസ്തവം.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.