ഖുര്‍ആനില്‍ ഇരുന്നൂറോളം സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതായി പറയുന്നുണ്ടല്ലോ. ഇത് ശരിയാണോ?

‘നസ്ഖ്’ എന്ന പദത്തിന് നീക്കം ചെയ്യുകയെന്ന് അര്‍ഥമുണ്ട്. ഈ അര്‍ഥ കല്‍പനയുടെ അടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ പ്രവര്‍ത്തനകാലം അവസാനിച്ചിട്ടുള്ളതായി അറിയിക്കുക, ഒരു വാക്കിന്റെ പ്രത്യക്ഷത്തിലുള്ള അര്‍ഥമല്ല ഇവിടെ യഥാര്‍ഥത്തില്‍ ഉദ്ദശിച്ചിട്ടുള്ളതെന്ന് കാണിക്കുക. ഒരിടത്ത് ഏതെങ്കിലും ഉപാധിയോടുകൂടി പറയപ്പെട്ട നിയമത്തിന് ആ ഉപാധി നിര്‍ബന്ധമല്ലെന്ന് കാണിക്കുക, സാമാന്യമായി പറയപ്പെട്ട ഒരു ലക്ഷ്യം കൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും പ്രത്യേകമായിട്ടുള്ള ഒന്നാണെന്ന് മനസ്സിലാക്കുക, ഇസ്ലാമിന് മുമ്പുണ്ടായിരുന്ന ഏതെങ്കിലും പതിവുകളെ നീക്കം ചെയ്യുക എന്നിങ്ങനെ പല കാര്യങ്ങള്‍ക്കും നസ്ഖ് എന്ന് പൂര്‍വകാലത്തെ ചില പണ്ഡിതന്മാര്‍ പറഞ്ഞതായി കാണുന്നുണ്ട്. ഇങ്ങനെയാകുമ്പോള്‍ നസ്ഖിന്റെ വൃത്തം വലുതാകുകയും സ്വാഭാവികമായും കുറെയേറെ സൂക്തങ്ങള്‍ ഈ വൃത്തത്തിന് അകത്താവുകയും ചെയ്യും. അതുകൊണ്ടാണ് ചില ഗ്രന്ഥങ്ങളില്‍ ഇരുന്നൂറോളം ഖുര്‍ ആന്‍ സൂക്തങ്ങള്‍ നസ്ഖ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് എഴുതിയിരിക്കുന്നത്. അല്ലാതെ, പ്രസ്തുത സൂക്തങ്ങള്‍ ദുര്‍ബലപ്പെട്ടുവെന്ന അര്‍ഥത്തിലല്ല.
ദുര്‍ബലപ്പെടുത്തപ്പെട്ട വിധികളോടുകൂടിയ ഖുര്‍ആന്‍ സൂക്തങ്ങള്‍ തുലോം വിരളമാണ് എന്നുള്ളതാണ് വാസ്തവം. കേവലം വിരലിലെണ്ണാവുന്നവ മാത്രം. ഇതു മനസ്സിലാക്കാതെ പുസ്തകമെഴുതിയ ചില പില്‍ക്കാല രചയിതാക്കള്‍ക്ക് വന്നുഭവിച്ച അബദ്ധമാണ് ഇരുന്നൂറോളം സൂക്തങ്ങള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന വിചാരം സൃഷ്ടിക്കപ്പെട്ടതിന് കാരണം. നസ്ഖിന് ദുര്‍ബലപ്പെടുത്തപ്പെടുകയെന്ന അര്‍ഥ കല്‍പന മാത്രം പരിഗണിക്കുകയും മുന്‍ഗാമികള്‍ മന്‍സൂഖ് ആയി ഗണിച്ച എല്ലാ സൂക്തങ്ങളിലെ വിധികളും ദുര്‍ബലപ്പെടുത്തപ്പെട്ടതാണെന്ന നിഗമനത്തിലെത്തിച്ചേരുകയും ചെയ്യുകയാണ് അവര്‍ ചെയ്തത്. സത്യത്തില്‍ പ്രസ്തുത സൂക്തങ്ങളൊന്നുംതന്നെ നിയമം ദുര്‍ബലമാക്കപ്പെട്ടവയല്ല; പ്രത്യുത നിയമപ്രാബല്യമുള്ളവതന്നെയാണ്.

This entry was posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും. Bookmark the permalink.