ഗോത്രവര്‍ഗ സമൂഹങ്ങളില്‍ മാത്രം പ്രായോഗികമായ ഖുര്‍ആനിക ശിക്ഷാ നിയമങ്ങള്‍ ആധുനിക ജനാധിപത്യ സമ്പ്രദായത്തിലും പ്രസക്തമാണെന്ന വാദം അടിസ്ഥാന രഹിതമല്ലേ?

അല്ല. ശിക്ഷാനിയമങ്ങളുടെ ലക്ഷ്യം കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കുകയാണെങ്കില്‍ ഖുര്‍ആന്‍ നിര്‍ദേശിച്ച ശിക്ഷാനിയമങ്ങള്‍ പൌരാണിക കാലത്തേതു പോലെതന്നെ ഇന്നും പ്രസക്തമാണ്; എന്നും പ്രസക്തമായിരിക്കുകയും ചെയ്യും.
വ്യക്തികള്‍ക്ക് തങ്ങളുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കുവാനുള്ള സ്വാതന്ത്യ്രം നല്‍കുകയെന്നാണ് ജനാധിപത്യത്തിന്റെ അര്‍ഥമെങ്കില്‍  അത്തരം സമൂഹങ്ങളില്‍  ഖുര്‍ആനിക നിയമങ്ങള്‍ അപ്രായോഗികമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, പൌരന്മാര്‍ക്ക് സൃഷ്ടിപരമായി പുരോഗമിക്കുവാനുള്ള സകല സ്വാതന്ത്യ്രവും നല്‍കുകയും പ്രസ്തുത സ്വാതന്ത്യ്രത്തെ സമൂഹത്തിന് ദോഷകരമായ രീതിയില്‍ വിനിയോഗിക്കുന്നത് തടയുകയും ചെയ്യുകയാണ് ജനാധിപത്യ സമൂഹത്തിലെ നിയമങ്ങളുടെ ലക്ഷ്യമെങ്കില്‍ അവിടെ ഖുര്‍ആന്‍ പ്രദാനം ചെയ്യുന്ന ശിക്ഷാനിയമങ്ങളെപ്പോലെ പ്രസക്തവും പ്രായോഗികവുമായ മറ്റൊന്നുമില്ലെന്നതാണ് വസ്തുത.
മനുഷ്യസമൂഹത്തിന്റെ ഘടനയില്‍ എന്തെന്തു മാറ്റങ്ങളുണ്ടായാലും വ്യക്തിയുടെ വികാരങ്ങളിലോ ചോദനകളിലോ അടിസ്ഥാനപരമായി യാ തൊരു മാറ്റവുമുണ്ടായിട്ടില്ലെന്ന വാസ്തവം നാം മനസ്സിലാക്കേണ്ടതുണ്ട്. പൌരാണിക കാലത്ത് എന്തെല്ലാം മൂല്യങ്ങള്‍ സമൂഹത്തിന്റെ സ്വച്ഛമായ നിലനില്‍പിന് അനിവാര്യമായിരുന്നുവോ അതേ മൂല്യങ്ങള്‍തന്നെയാണ്  ആധുനിക സമൂഹത്തിലും സംരക്ഷിക്കപ്പെടേണ്ടതായിട്ടുള്ളത്. പ്രസ്തുത മൂല്ല്യങ്ങളില്‍നിന്ന് വ്യതിചലിക്കുവാന്‍ വ്യക്തികള്‍ മുതിരുന്നത് അരാജകത്വത്തിനും അതുവഴി സാമൂഹിക ഘടനയെത്തന്നെ തകര്‍ക്കുന്നതിനും നിമിത്തമാകും.
സമൂഹത്തിന്റെ നേരെ വ്യക്തി നടത്തുന്ന ആക്രമണത്തെയാണ് കുറ്റം എന്നു പറയുന്നത്. കുറ്റങ്ങള്‍ ഇല്ലാതെയാകുന്നതിലൂടെ മാത്രമേ സമൂഹ ത്തിന്റെ സ്വച്ഛന്ദമായ ഒഴുക്ക് സാധ്യമാകൂ. കുറ്റം ചെയ്യുന്നവരെ ശിക്ഷി ക്കുകയെന്നതിലുപരിയായി കുറ്റങ്ങള്‍ ഇല്ലാതെയാക്കുവാന്‍ പരിശ്രമിച്ചു കൊണ്ട് സമാധാനപരമായ സാമൂഹിക ജീവിതം സാധ്യമാക്കുകയെന്നതാണ് ശിക്ഷാനിയമങ്ങളുടെ ആത്യന്തിക ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുവാന്‍ സാധിക്കുന്ന ശിക്ഷാനിയമങ്ങള്‍ നിര്‍ദേശിക്കുന്നുവെന്നുള്ളതാ ണ് ഖുര്‍ആനിന്റെ സവിശേഷത. ഈ രംഗത്ത് ഖുര്‍ആനിനെ പ്രായോഗികമാക്കുന്നത് ഈ സവിശേഷതയാണ്.

This entry was posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍. Bookmark the permalink.

Leave a Reply

Your email address will not be published.