ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട വചനങ്ങള്‍ തീരെയില്ലെന്ന് അഭിപ്രായമുണ്ടല്ലോ. അത് ശരിയാണോ?

ഖുര്‍ആനില്‍ ദുര്‍ബലപ്പെടുത്തപ്പെട്ട വിധികള്‍ തീരെയില്ലെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്. അതു ശരിയല്ലെന്ന് വാദിക്കുന്നവരാണ് പ്രാമാണികരായ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും. സൂക്തങ്ങളിലെ വിധികള്‍ ദുര്‍ബലപ്പെടുത്തുന്നതിനെപ്പറ്റി ഖുര്‍ആന്‍തന്നെ സൂചന നല്‍കിയിട്ടുണ്ടെന്നതാണ് ഈ പണ്ഡിതന്മാരുടെ പ്രധാനപ്പെട്ട വാദം. സൂക്തങ്ങള്‍ താഴെ പറയുന്നവയാണ്:
“വല്ല ആയത്തും നാം ദുര്‍ബലപ്പെടുത്തുകയോ വിസ്മരിപ്പിക്കുകയോ ചെയ്യുകയാണെങ്കില്‍ പകരം അതിനേക്കാള്‍ ഉത്തമമായതോ അതിനു തുല്യമായതോ നാം കൊണ്ടുവരുന്നതാണ്. നിനക്കറിഞ്ഞുകൂടേ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണെന്ന്” (2:106).
‘ഒരു വേദവാക്യത്തിന്റെ സ്ഥാനത്ത് മറ്റൊരു വേദവാക്യം നാം പകരം വെച്ചാല്‍-അല്ലാഹുവാകട്ടെ താന്‍ അവതരിപ്പിക്കുന്നതിനെപ്പറ്റി നല്ലവണ്ണം അറിയുന്നവനാണു താനും-അവര്‍ പറയും: നീ കെട്ടിച്ചമച്ചു പറയുന്നവന്‍ മാത്രമാകുന്നു എന്ന്. അല്ല, അവരില്‍ അധികപേരും കാര്യം മനസ്സിലാക്കുന്നില്ല’ (16:101).
ഈ വചനങ്ങള്‍ പൂര്‍വവേദങ്ങളിലെ വിധികള്‍ ഖുര്‍ആന്‍ വഴി ദുര്‍ബലപ്പെടുത്തിയതിനെക്കുറിച്ച് മാത്രമാണെന്നുള്ളതാണ് ദുര്‍ബലപ്പെടുത്തല്‍ തീരെയുണ്ടായില്ലെന്ന് വാദിക്കുന്നവരുടെ പക്ഷം. ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന് പറയുന്ന സൂക്തങ്ങളെ വ്യാഖ്യാനിച്ച് പുതിയ വിധികളുമായി സമന്വയിപ്പിക്കാനാകുമെന്നാണ് അവര്‍ വാദിക്കുന്നത്. ഈ വാദത്തെ എതിര്‍ക്കുന്ന പണ്ഡിതന്മാരാകട്ടെ, അങ്ങനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആദ്യം ഇറങ്ങിയ വിധികള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന് പറയുന്നതാണ് യുക്തമെന്നും വാദിക്കുന്നവരാണ്.
രണ്ടായിരുന്നാലും സമൂഹത്തിന്റെ സംസ്കരണ പ്രക്രിയയുടെ പ്രഥമ ഘട്ടത്തില്‍ നിലവിലുണ്ടായിരുന്ന  നിയമങ്ങളില്‍ ചിലത് അന്തിമ ഘട്ടത്തിലെത്തിയപ്പോഴേക്കും അപ്രസക്തമായിക്കഴിഞ്ഞിരുന്നുവെന്ന വസ്തുത ഇരുവിഭാഗവും തത്ത്വത്തില്‍ അംഗീകരിക്കുന്നുണ്ട്. ദുര്‍ബലപ്പെടുത്തിയെന്ന പദപ്രയോഗം പാടുണ്ടോയെന്നതു മാത്രമാണ് ഈ അഭിപ്രായവ്യത്യാസത്തിന്റെ കാതല്‍ എന്നര്‍ഥം.

This entry was posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും. Bookmark the permalink.