ഖുര്‍ആനിലെ ദുര്‍ബലപ്പെടുത്തലിനെക്കുറിച്ച് പഠിക്കുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട വസ്തുതയുണ്ട്. ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്നു പറയുന്നത് സൂക്തങ്ങളല്ല; പ്രത്യുത ആ സൂക്തങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിധികളാണെന്ന കാര്യമാണത്. ഖുര്‍ആനിലെ ദുര്‍ബലപ്പെടുത്തപ്പെട്ട വിധികള്‍ ഉള്‍ക്കൊള്ളുന്ന സൂക്തങ്ങള്‍, ഒരു സമൂഹത്തിന്റെ പരിണാമ ചരിത്രത്തില്‍ ദൈവബോധനം എങ്ങനെയൊക്കെയാണ് സ്വാധീനം ചെലുത്തിയതെന്ന് മനസ്സിലാക്കിത്തരുന്നവയാണ്.
ഖുര്‍ആന്‍ കേവലമായ ഒരു ധര്‍മശാസ്ത്രഗ്രന്ഥം മാത്രമല്ല; സമൂഹിക മാറ്റത്തിന്റെ മാര്‍ഗദര്‍ശകഗ്രന്ഥംകൂടിയാണ്. സാംസ്കാരികമായി വട്ടപ്പൂജ്യത്തിലായിരുന്ന ഒരു സമൂഹത്തെ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ പരിവര്‍ത്തിപ്പിച്ചതെങ്ങനെയെന്ന് മനസ്സിലാക്കുന്നതിനും അത്തരം സാഹചര്യങ്ങളില്‍ ഖുര്‍ആനിക നിര്‍ദേശങ്ങളെ എങ്ങനെ പ്രയോഗവത്കരിക്കണമെന്ന് എക്കാലത്തുമുള്ള പരിഷ്കര്‍ത്താക്കള്‍ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാകാം അല്ലാഹു ഇത്തരം സൂക്തങ്ങളെ അവയുടെ വിധി ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുപോലും ഖുര്‍ആനില്‍ നിലനിര്‍ത്തിയത്.
മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത്തരം സൂക്തങ്ങള്‍ വളരെ പ്രസക്തങ്ങളാണ്. ഖുര്‍ആനും നബിചര്യയുമാണ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍. ഈ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സമൂഹം നേരിടുന്ന കാലികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക ഓരോ കാലത്തെയും പണ്ഡിതന്മാരുടെ ബാധ്യതയാണ്. ഓരോ പുതിയ പ്രശ്നവും നേരിടേണ്ടിവരുമ്പോള്‍ സമാനമായ പ്രശ്നങ്ങളില്‍ ഖുര്‍ആനും നബിചര്യയും എന്തെല്ലാം നിലപാടുകളാണ് സ്വീകരിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പണ്ഡിതന്മാര്‍ പരിഹാരം നിര്‍ദേശിക്കുക. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഖുര്‍ആനും നബിചര്യയും സ്വീകരിച്ച നിലപാടുകളെക്കുറിച്ച് അറിവില്ലെങ്കില്‍ ഇത് അസാധ്യമാകുമായിരുന്നു.
നിയമം ദുര്‍ബലപ്പെടുത്തപ്പെട്ടുവെങ്കിലും, വ്യത്യസ്ത സാഹചര്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ സംരക്ഷിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരുട്ടില്‍ തപ്പേണ്ട ഗതികേടില്‍ മുസ്ലിം സമൂഹം അകപ്പെടുമായിരുന്നു. സര്‍വകാലജ്ഞാനിയായ സ്രഷ്ടാവില്‍നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് ഖുര്‍ആനെന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഇവയെന്നുള്ള സത്യമാണ് ഇവിടെയും നമുക്ക് ബോധ്യപ്പെടുന്നത്.
Facebook Like!
ഖുര്‍ആന്‍ വിമര്‍ശനം
- ഖുര്‍ആനെ കുറിച്ച്
- ഖുര്‍ആനിന്റെ അവകാശവാദം
- ഖുര്‍ആനിന്റെ രചന
- ഖുര്‍ആന്‍ ക്രോഡീകരണം
- ഖുര്‍ആനും സാന്മാര്ഗിക സംവിധാനവും
- ഖുര്‍ആനും സാഹിത്യവും
- ഖുര്‍ആനും സ്ത്രീകളും
- ഖുര്‍ആനും അനന്തരാവകാശപ്രശ്നങ്ങളും
- ഖുര്‍ആനും അടിമത്തവും
- ഖുര്‍ആനിന്റെ പ്രായോഗികത
- ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും
- ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍
- ഖുര്‍ആനും അമുസ്ലിംകളും
- ഖുര്‍ആനും വൈരുദ്ധ്യങ്ങളും
- ഖുര്‍ആനും ബൈബിളും
- ഖുര്‍ആനും വേദക്കാരും
- ഖുര്‍ആനും യഹൂദ പുരാണങ്ങളും
- ഖുര്‍ആനും ചരിത്രവും
- ഖുര്‍ആനും പ്രവചനങ്ങളും
പ്രവാചക വിമര്‍ശനം