ഖുര്‍ആനില്‍ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വിധികള്‍ പിന്നീട് മാറ്റേണ്ടിവന്നുവെന്നു പറയുന്നത് അതിന്റെ ദൈവികതയെ ബാധിക്കുകയില്ലേ? സര്‍വജ്ഞനായ ദൈവത്തില്‍ നിന്നുള്ളതായിരുന്നു ഖുര്‍ആനെങ്കില്‍ ഇത്തരം മാറ്റങ്ങളുടെ ആവശ്യമുണ്ടാകുമായിരുന്നില്ലല്ലോ?

സത്യത്തില്‍, ഖുര്‍ആനിലെ ചില വിധികള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടുവെന്ന വസ്തുത അതിന്റെ ദൈവികതക്കുള്ള തെളിവുകളിലൊന്നാണ്. മാനവരാശിക്കുവേണ്ടി ദൈവം തമ്പുരാനില്‍നിന്ന് അവതരിപ്പിക്കപ്പെട്ട അവസാനത്തെ മാര്‍ഗദര്‍ശക ഗ്രന്ഥമാണ് ഖുര്‍ആന്‍. ധാര്‍മിക മാര്‍ഗദര്‍ശനം നല്‍കിക്കൊണ്ട് ഉത്തമ സമുദായത്തെ വാര്‍ത്തെടുക്കാനുള്ള  പ്രായോഗിക പദ്ധതികള്‍ പ്രദാനം ചെയ്യുന്ന ഗ്രന്ഥമാണത്. എല്ലാ രംഗത്തും വട്ടപ്പൂജ്യത്തിലായിരുന്ന ഒരു സമൂഹത്തെ മാതൃകായോഗ്യമായ സമൂഹമാക്കി മാറ്റിയെടുക്കുന്നതിനായി പ്രസ്തുത സമൂഹത്തിന്റെ പരിണാമ ഘട്ടത്തില്‍ എങ്ങനെയാണ് ദൈവിക നിയമങ്ങള്‍ സ്വാധീനിച്ചതെന്ന് വ്യക്തമാക്കുന്ന ഗ്രന്ഥംകൂടിയാണ് ഖുര്‍ആന്‍. പത്തു കല്‍പനകളെപ്പോലെ ദൈവം തമ്പുരാനില്‍നിന്ന് അവതരിച്ചുകിട്ടിയ അക്കമിട്ട ചില കേവല നിയമങ്ങളല്ല ഖുര്‍ആനിലുള്ളത്.  സമൂഹത്തിന്റെ സ്പന്ദനത്തോടൊപ്പം ചലിച്ച് അതിനെ മുച്ചൂടും മാറ്റിയ നിയമങ്ങളുടെ ശൃംഖലയാണത്. പ്രസ്തുത ശൃംഖലയിലെ സമൂഹം വട്ടപ്പൂജ്യത്തില്‍ നില്‍ക്കുമ്പോള്‍ അവതരിപ്പിക്കപ്പെട്ട നിയമങ്ങള്‍ക്ക് അതിന്റെ സംസ്കരണത്തിനുശേഷം പ്രസക്തിയുണ്ടാവുകയില്ലെന്നത് സ്വാഭാവികം മാത്രമാണ്. ഈ പ്രസക്തി നഷ്ടപ്പെടലാണ് ദുര്‍ബലപ്പെടുത്തുകയെന്നതുകൊണ്ട് വിവക്ഷിക്കുന്നത്.
ഉദാഹരണത്തിന് മദ്യപാനത്തെക്കുറിച്ച വിധികളുമായി ബന്ധപ്പെട്ട സൂക്തങ്ങള്‍ പരിശോധിക്കുക. മദ്യത്തില്‍ മുങ്ങിക്കുളിച്ച ഒരു സമൂഹത്തിലായിരുന്നു ഖുര്‍ആനിന്റെ അവതരണമെന്നോര്‍ക്കണം. അവരോട് മനുഷ്യനെ ചെകുത്താനാക്കി മാറ്റുന്ന മദ്യത്തെക്കുറിച്ചല്ല ഖുര്‍ആന്‍ ആദ്യമായി സംസാരിച്ചത്. കറകളഞ്ഞ ദൈവബോധവും കുറ്റമറ്റ പരലോകചിന്തയും  അവരുടെ മനസ്സില്‍ പ്രതിഷ്ഠിക്കുകയാണ് ഖുര്‍ആന്‍ ആദ്യം ചെയ്തത്.  സ്രഷ്ടാവിന് സ്വന്തം ജീവിതത്തെ സമര്‍പ്പിക്കുവാനുള്ള സന്നദ്ധത വളര്‍ത്തുകയായിരുന്നു ഖുര്‍ആനിന്റെ ആദ്യപടി. സ്രഷ്ടാവില്‍നിന്നുള്ളതാണെന്ന് ഉറപ്പുള്ള നിയമനിര്‍ദേശങ്ങളെല്ലാം സ്വീകരിക്കാന്‍ സന്നദ്ധതയുള്ള ഒരു മനസ്സ് സൃഷ്ടിച്ചെടുത്ത ശേഷം ഖുര്‍ആന്‍ അവരോട് പറഞ്ഞു: നിന്നോടവര്‍ മദ്യത്തെയും ചൂതാട്ടത്തെയും പറ്റി ചോദിക്കുന്നു: പറയുക, അവ രണ്ടിലും ഗുരുതരമായ പാപമുണ്ട്. ജനങ്ങള്‍ക്ക് ചില പ്രയോജനങ്ങളുമുണ്ട്. എന്നാല്‍, അവയിലെ പാപത്തിന്റെ അംശമാണ് പ്രയോജനത്തിന്റെ അംശത്തേക്കാള്‍ വലുത്’ (ഖുര്‍ആന്‍ 2:219).
ഇത് ഒന്നാം ഘട്ടമാണ്. ഒരു വസ്തുവിലുള്ള ഗുണദോഷങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കുകയും അതില്‍ പാപത്തിന്റെ അംശത്തിനാണ് മുന്‍തൂക്കമുള്ളതെന്ന് വ്യക്തമാക്കിക്കൊടുക്കുകയുമാണ് ഖുര്‍ആന്‍ ഇക്കാര്യത്തില്‍ ഒന്നാമതായി ചെയ്യുന്നത്.
പാപത്തില്‍നിന്ന് ഒഴിഞ്ഞുനിന്ന് പുണ്യത്തിന്റെ മാര്‍ഗത്തിലൂടെ മുന്നേറാന്‍ പരിശീലിപ്പിക്കപ്പെട്ട സമൂഹം മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും കരാളഹസ്തങ്ങളില്‍നിന്ന് സ്വതന്ത്രരാകുവാനാരംഭിച്ചു; ഈ സൂക്തത്തോടൊപ്പം. അപ്പോള്‍ രണ്ടാമത്തെ സൂക്തം അവതരിപ്പിക്കപ്പെടുകയുണ്ടായി. ‘സത്യവിശ്വാസികളേ, ലഹരി ബാധിതരായിക്കൊണ്ട് നിങ്ങള്‍ നമസ്കാര ത്തെ സമീപിക്കരുത്. നിങ്ങള്‍ പറയുന്നതെന്താണെന്ന് നിങ്ങള്‍ക്ക് ബോധമുണ്ടാകുന്നതുവരെ’ (ഖുര്‍ആന്‍ 4:43).
പടച്ചവനുമായി നടത്തപ്പെടുന്ന  സംഭാഷണമാണ് നമസ്കാരം. ആനമസ്കാരത്തിനു വരുമ്പോള്‍ പോലും ലഹരിയിലായിരുന്നു പലരും. ഇതില്‍നിന്ന് ലഹരി എത്രത്തോളം അവരില്‍ രൂഢമൂലമായിരുന്നുവെന്ന് മനസ്സിലാക്കാം. ലഹരിമുക്തമായ സമൂഹമെന്ന ലക്ഷ്യത്തിലേക്ക് ഖുര്‍ആന്‍ രണ്ടാമത്തെ കാലെടുത്തുവെക്കുകയാണ്. നമസ്കാരത്തില്‍ ദൈവവുമായി സംഭാഷണത്തിലായിരിക്കുമ്പോള്‍ പറയുന്ന കാര്യങ്ങള്‍ ബോധത്തോടുകൂടിതന്നെയാവണം. പറയുന്നത് മനസ്സില്‍ തട്ടിക്കൊണ്ടാവണം. മദ്യലഹരിയില്‍ നമസ്കരിക്കരുതെന്ന് സാരം.
രണ്ടാമത്തെ വിധികൂടി വന്നപ്പോള്‍  ദൈവബോധമുള്ള നല്ലൊരു ശതമാനം പേര്‍ മദ്യത്തില്‍നിന്ന് മുക്തരായി. ചുരുങ്ങിയത് അഞ്ചു നേരത്തെ നമസ്കാര സമയങ്ങളിലെങ്കിലും തങ്ങള്‍ പൂര്‍ണമായും ലഹരിയില്‍നിന്നും മുക്തരാണെന്ന് അവര്‍ ഉറപ്പുവരുത്തി. അപ്പോഴാണ് മദ്യം പൂര്‍ണമായി നിരോധിച്ചുകൊണ്ടുള്ള മൂന്നാമത്തെ കല്‍പന വരുന്നത്.
‘സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെ ക്കുന്നതിനുള്ള അമ്പുകളും പൈശാചികമായ മ്ളേഛവൃത്തികളാകുന്നു. അതിനാല്‍ നിങ്ങള്‍ അതെല്ലാം വര്‍ജിക്കുക, നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവെ ഓര്‍മിക്കുന്നതില്‍നിന്നും നമസ്കാരത്തില്‍നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതില്‍നിന്ന് വിരമിക്കുവാനൊരുക്കമുണ്ടോ?’ (ഖുര്‍ആന്‍ 5:90,91).
ഈ സൂക്തങ്ങള്‍ അവതരിതോടുകൂടി മുമ്പ് അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളുടെ പ്രസക്തിയില്ലാതെയായി. അവ രണ്ടും മദ്യമുക്തമായ സമൂഹത്തിന്റെ സൃഷ്ടിക്കുവേണ്ടി, സമൂഹത്തിന്റെ പരിണാമത്തിന്റെ രണ്ടു ഘട്ടങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളാണ്. അവസാനത്തെ സൂക്തത്തിന്റെ അവതരണത്തോടെ പ്രസ്തുത രണ്ടു സൂക്തങ്ങളിലെ വിധികള്‍ ദുര്‍ബലപ്പെട്ടുവെന്നു പറയാം.
ഖുര്‍ആന്‍ ദൈവികമാണെന്ന വസ്തുതയാണ് ഈ ദുര്‍ബലപ്പെടുത്തല്‍പോലും വ്യക്തമാക്കുന്നതെന്നു പറഞ്ഞുവല്ലോ. മുഹമ്മദ്(സ) പ്രവാചകത്വലബ്ധിക്കു മുമ്പുതന്നെ മദ്യപിക്കാത്തയാളായിരുന്നു. അദ്ദേഹം മദ്യത്തിനെതിരെ നിയമമുണ്ടാക്കുകയായിരുന്നെങ്കില്‍ അത് ഒറ്റയടിക്ക് മദ്യം നിര്‍ത്തുവാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലാകുമായിരുന്നു. എന്നാല്‍, സ്രഷ്ടാവിന് മനുഷ്യ മനസ്സിന്റെ അവസ്ഥാന്തരങ്ങളെയും മാറ്റത്തിന്റെ രീതിശാസ്ത്രത്തെയും കുറിച്ച് നന്നായറിയാമല്ലോ. അതുകൊണ്ടുതന്നെയാണ്  അവന്‍ അത് ഘട്ടങ്ങളായി നടപ്പാക്കിയത്. അങ്ങനെ ഘട്ടങ്ങളായി നടപ്പാക്കുമ്പോള്‍ ആദ്യഘട്ടങ്ങളിലെ നിയമങ്ങള്‍ പിന്നീട് ദുര്‍ബലപ്പെടുക സ്വാഭാവികമാണ്. ഈ ദുര്‍ബലപ്പെടുത്തല്‍ സര്‍വജ്ഞനായ അല്ലാഹുവില്‍നിന്നുള്ളതാണ് ഖുര്‍ആനെന്ന് വ്യക്തമാക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞത് ഇതുകൊണ്ടാണ്.

This entry was posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും. Bookmark the permalink.

Leave a Reply

Your email address will not be published.