ഖുര്‍ആനിലെ ചില വിധികള്‍ ദുര്‍ബലപ്പെടുത്തപ്പെട്ടതായി (മന്‍സൂഖ്) പറയപ്പെടുന്നുണ്ടല്ലോ? എന്താണ് ഈ ദുര്‍ബലപ്പെടുത്തല്‍?

നീക്കം ചെയ്യുക, പകര്‍ത്തുക എന്നൊക്കെയാണ് ‘നസ്ഖ്’ എന്ന അറബി പദത്തിനര്‍ഥം. പുസ്തകം പകര്‍ത്തിയെഴുതുന്നതിനും തണല്‍ വെയിലിനെ നീക്കുന്നതിനുമെല്ലം നസ്ഖ് എന്നു പറയും. ഒരു മതനിയമം മുഖേന മറ്റൊരു മതനിയമത്തെ നീക്കം ചെയ്യുന്നതിനാണ് സാങ്കേതികമായി ‘നസ്ഖ്’ എന്നു വ്യവഹരിക്കപ്പെടുന്നത്. ദുര്‍ബലപ്പെടുത്തപ്പെട്ട നിയമത്തെ ‘മന്‍സൂഖ്’ എന്നും പകരം നിശ്ചയിക്കപ്പെട്ട നിയമത്തെ ‘നാസിഖ്’ എന്നുമാണ് വിളിക്കുക.
മറ്റു ജൈവവര്‍ഗങ്ങളില്‍നിന്നു വ്യത്യസ്തമായി, മനുഷ്യന്‍ കാലം ചെല്ലു ന്തോറും ബുദ്ധിപരവും മാനസികവും സാംസ്കാരികവുമായി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അവന്റെ ചുറ്റുപാടുകളും പരിതഃസ്ഥിതികളും മാറിക്കൊണ്ടിരിക്കുന്നുണ്ട്. അവന്റെ പരിതഃസ്ഥിതികള്‍ക്കനുസരിച്ച് അവന്‍ സ്വീകരിക്കേണ്ട ധാര്‍മിക നിയമങ്ങളിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്.
ആദിമ കുടുംബത്തിലെ ധാര്‍മിക നിയമങ്ങള്‍ ഉദാഹരണം. അവിടെ സഹോദരിമാരും സഹോദരന്മാരും തമ്മില്‍ വൈവാഹികബന്ധത്തിലേര്‍പ്പെടുന്നത് ധര്‍മമായിരുന്നു. മനുഷ്യകുലത്തിന്റെ നിലനില്‍പിന് ആ ധര്‍മം അനിവാര്യമായിരുന്നു. എന്നാല്‍ പിന്നീട് സ്ഥിതി മാറി. കുടുംബങ്ങള്‍ ഏറെയുണ്ടായി. അപ്പോള്‍ സഹോദരങ്ങള്‍ തമ്മില്‍ വിവാഹബന്ധം പാടില്ലെന്ന നിയമം നിലവില്‍ വന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന മനുഷ്യകുലത്തിന്റെ പ്രത്യേകമായൊരു പരിണാമ ഗുപ്തിയിലാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. അതിനുമുമ്പ് അനുവദനീയമായിരുന്നത് പുതിയ നിയമത്തിന്റെ അവതരണത്തോടെ അനനുവദനീയമായിത്തീര്‍ന്നു. പുതിയ നിയമം കുടുംബ വ്യവസ്ഥയുടെയും അങ്ങനെ മനുഷ്യസമൂഹത്തിന്റെ നിലനില്‍ പിന്റെ തന്നെയും ആണിക്കല്ലായിത്തീര്‍ന്നു.
ആദം സന്തതികള്‍ക്ക് പഴയനിയമം നല്‍കിയിരുന്നത് പടച്ചതമ്പുരാനായിരുന്നു. പുതിയ നിയമത്തിന്റെ ദാതാവും അവന്‍തന്നെ. അവനാണല്ലോ മനുഷ്യസമൂഹത്തിന്റെ ഗതിവിഗതികളെപ്പറ്റി നന്നായി അറിയുന്നവന്‍. സമൂഹത്തിന്റെ പരിണാമത്തിനനുസരിച്ച് അവര്‍ക്കാവശ്യമായ നിയമങ്ങളി ല്‍ ഭേദഗതി വരുത്തുവാന്‍ അവനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?
ഇങ്ങനെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയതിന് ഒട്ടനവധി ഉദാഹരണ ങ്ങള്‍ വേദഗ്രന്ഥങ്ങളിലുണ്ട്. ഇത്തരം ഭേദഗതികള്‍ ചിലപ്പോള്‍ ചില പ്രത്യേക പ്രദേശത്തെയോ സമൂഹത്തെയോ പരിഗണിച്ചുകൊണ്ടായിരിക്കാം. അതല്ലെങ്കില്‍ മൊത്തത്തിലുള്ളതാകാം.
ഉദാഹരണത്തിന്, വിവാഹമോചനത്തെ സംബന്ധിച്ച നിയമം നോക്കുക. ഇസ്റാഈല്യര്‍ക്കിടയില്‍ വിവാഹമോചനം സര്‍വസാധാരണമായിരുന്നുവെന്ന് പഴയനിയമ ബൈബിളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും (ആവര്‍ത്തനം 24:1-4, യിരമ്യ 3:12 നോക്കുക) വിവാഹമോചനത്തിന് നല്‍കപ്പെട്ട അധികാരം ദുര്‍വിനിയോഗം ചെയ്ത് സ്ത്രീകളെ പ്രയാസപ്പെടുത്തുന്ന ഒരു സമൂഹത്തെയാണ് യേശുവിന് നേരിടേണ്ടിവന്നത്. യേശുവിലൂടെ അവതരിപ്പിക്കപ്പെട്ട നിയമങ്ങളില്‍ വിവാഹമോചനത്തെ കര്‍ശനമായി നിയന്ത്രി ക്കുന്ന തരത്തിലുള്ള വിധിവിലക്കുകളുണ്ടായിരുന്നുവെന്നുതന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. വിവാഹമോചനത്തിനെതിരെയുള്ള യേശു വിന്റെ തീഷ്ണമായ വാക്കുകള്‍ വ്യത്യസ്ത രീതികളിലാണെങ്കിലും സംഹിത സുവിശേഷങ്ങളെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. വിവാഹമോചനത്തിന് എതിരെയുള്ള പ്രസ്തുത നിയമം ഇസ്രായേല്യരിലെ വിവാഹമോചന നിരക്ക് കുറക്കുന്നതിനും ആ സ്വാതന്ത്യ്രം നിയന്ത്രിക്കുന്നതിനുംവേണ്ടി അവതരിപ്പിക്കപ്പെട്ടതാകാം. യേശുവിന്റെ ദൌത്യം ഇസ്രായേല്യരില്‍ മാത്രം പരിമിതമായിരുന്നുവെന്ന വസ്തുത അദ്ദേഹംതന്നെ വ്യക്തമാക്കുന്നുണ്ട് (മത്തായി 5:17, 10:5, 15:24 എന്നിവ നോക്കുക). ഇസ്രായേല്യരില്‍ നിലനിന്നിരുന്ന വിവാഹമോചനത്തെ ലാഘവത്തോടെ കാണുന്ന അവസ്ഥക്ക് മാറ്റം വരുത്താനായി യേശുക്രിസ്തുവിലൂടെ താല്‍ക്കാലികമായി വിവാഹമോചനത്തെ കര്‍ശനമായി നിരോധിക്കുന്ന നിയമം നിലവില്‍ വന്നതായിരിക്കാന്‍ സാധ്യതയുണ്ടെന്നര്‍ഥം.
വിവാഹമോചനത്തിന് അനുവാദം നല്‍കുന്ന പഴയ നിയമത്തിലെ വിധിയെയാണ് യേശുവിലൂടെയുള്ള വിധി ദുര്‍ബലപ്പെടുത്തിയത്. ഇതുപോലെതന്നെ പഴയ നിയമത്തിലെ പല വിധികളും പഴയനിയമപുസ്തകത്തില്‍ തന്നെ ദുര്‍ബലപ്പെടുത്തപ്പെട്ടതായി കാണാന്‍ കഴിയും.
ഇതുപോലെ പഴയ വേദഗ്രന്ഥങ്ങളിലെ പല വിധികളെയും ഖുര്‍ആന്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. ഖുര്‍ആനിലെതന്നെ ആദ്യം അവതരിപ്പിക്കപ്പെട്ട ചില വിധികള്‍ പിന്നീട് അവതരിപ്പിക്കപ്പെട്ട വിധികള്‍ വഴി ദുര്‍ബലപ്പെടുത്തപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ പരിവര്‍ത്തനത്തിനനുസരിച്ച് പ്രസ്തുത മാറ്റങ്ങള്‍ അനിവാര്യമായിരുന്നുവെന്നതാണ് സത്യം.

This entry was posted in ഖുര്‍ആനും ദുര്‍ബലപ്പെടുത്തലുകളും. Bookmark the permalink.