മറ്റു മതഗ്രന്ഥങ്ങളും പ്രായോഗികമായ നിയമനിര്‍ദേശങ്ങള്‍ തന്നെയല്ലേ പ്രദാനം ചെയ്യുന്നത്?

മതഗ്രന്ഥങ്ങളിലെല്ലാം ദൈവിക ബോധനത്തിന്റെ സ്വാധീനമുള്ളതി നാല്‍ അവയിലെ സാന്മാര്‍ഗിക നിര്‍ദേശങ്ങളിലധികവും പ്രായോഗികമാണ്. എന്നാല്‍, മനുഷ്യരുടെ കൈകടത്തലുകള്‍ പ്രസ്തുത ഗ്രന്ഥങ്ങളിലുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രസ്തുത രചനകള്‍ നടത്തിയവരുടെ വീക്ഷണത്തിന്റെ പരിമിതികള്‍ അവയിലെ നിര്‍ദേശങ്ങളില്‍ കാണാന്‍ കഴിയും. അത്തരം നിയമ നിര്‍ദേശങ്ങള്‍ മിക്കപ്പോഴും അത് എഴുതപ്പെട്ട കാലത്ത് മാത്രം പ്രായോഗികമായിരിക്കും; അല്ലെങ്കില്‍ അതെഴുതിയ വ്യക്തിയുടെ വീക്ഷണത്തില്‍ പ്രായോഗികമായിരിക്കും. സാര്‍വകാലികത്വമവകാശപ്പെടാന്‍ അത്തരം നിയമനിര്‍ദേശങ്ങള്‍ക്കൊന്നും കഴിയുകയില്ലെന്നതാണ് സത്യം.
ഉദാഹരണത്തിന് വിവാഹമോചനത്തെക്കുറിച്ച ബൈബിള്‍ പുതിയ നിയമത്തിന്റെ അനുശാസന നോക്കുക: ‘ചാരിത്രലംഘനം എന്ന കരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവര്‍ അവളെ വ്യഭിചാരിണിയാക്കുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം ചെയ്യുന്നവനും വ്യഭിചരിക്കുന്നു’ (മത്തായി 5:32). ‘വിവാഹിതരോട് ഞാന്‍ കല്‍പിക്കുന്നു. ഞാനല്ല, കര്‍ത്താവുതന്നെ കല്‍പിക്കുന്നു. ഭാര്യ, ഭര്‍ത്താവിനെ പിരിയരുത്. അവള്‍ പിരിയുന്നുവെങ്കില്‍ ഒറ്റക്കു കഴിയണം. അല്ലെങ്കില്‍ ഭര്‍ത്താവുമായി രമ്യപ്പെടണം. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുകയും അരുത്’ (1 കൊരിന്ത്യര്‍ 7:10,11).
ഈ വചനങ്ങള്‍ നല്‍കുന്നത് താഴെ പറയുന്ന പാഠങ്ങളാണ്
1. ചാരിത്രലംഘനം എന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിക്കാന്‍ പാടില്ല.
2. ഭാര്യ ഒരു കാരണവശാലും ഭര്‍ത്താവിനെ ഉപേക്ഷിച്ചുകൂടാ.
3. അവള്‍ ഭര്‍ത്താവുമായി പിരിയേണ്ടിവന്നാല്‍ പിന്നെ ഒറ്റക്കു കഴിയണം.
4. ഒരു വിവാഹമോചിതയെ ആരും വിവാഹം ചെയ്യരുത്.
5. വിവാഹമോചിതയുമായുള്ള വിവാഹത്തിലൂടെ നടക്കുന്ന ലൈംഗിക ബന്ധം വ്യഭിചാരമാണ്.
ഈ നിയമങ്ങള്‍ അപ്രായോഗികമാണെന്ന് പറയേണ്ടതില്ലല്ലോ. താഴെ പറയുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഈ നിയമത്തിന്റെ വക്താക്കള്‍ക്ക് കഴിയുന്നില്ലെന്നതാണ് ശരി.
1. വൈകാരികമായ ഭാര്യാഭര്‍തൃബന്ധത്തിലെ കെട്ടുറപ്പിന്റെ അടിത്തറയിലാണ് കുടുംബബന്ധം കരുപ്പിടിപ്പിക്കപ്പെടുന്നത്. ചാരിത്രലംഘനമെന്ന പ്രശ്നമല്ലാതെതന്നെ തമ്മില്‍ ഒന്നിച്ചുപോകാന്‍ പറ്റാത്ത നിരവധി പ്രശ്നങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടാകാറുണ്ട്. അത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള യാതൊരു മാര്‍ഗരേഖയും ബൈബിള്‍ നല്‍കുന്നില്ല. മനസ്സുകള്‍ തമ്മില്‍ അകന്നുകഴിഞ്ഞ-ഒരിക്കലും യോജിപ്പിക്കാന്‍ കഴിയാ ത്തവിധം അകന്നുപോയ-വ്യക്തികളെ വിവാഹം കഴിച്ചുവെന്നതിന്റെ പേരില്‍ മാത്രം നിത്യനരകത്തില്‍ കഴിയുവാന്‍ വിധിക്കുന്നത് സംഗതമാ ണോ? മനസ്സ് അകന്ന മാതാപിതാക്കളോടൊപ്പം വളരുന്ന മക്കളുടെ മാനസികാവസ്ഥയെന്തായിരിക്കും? വൈവാഹികബന്ധത്തെ ഒരിക്കലും വേര്‍പെടുത്താനാവാത്ത ബന്ധനമാക്കുക വഴി സ്ത്രീക്കും പുരുഷനും ചിലപ്പോഴെങ്കിലുമുണ്ടാവാറുള്ള അതീവ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുവാന്‍ ബൈബിളിന് കഴിയുന്നുണ്ടോ? എന്താണ് പരിഹാരം?
2. അനിവാര്യമായ സാഹചര്യത്തില്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കേണ്ടിവന്നാല്‍ പിന്നെ ഭാര്യ വെറെ വിവാഹം കഴിക്കാന്‍ പാടില്ലെന്നാണ് പൌലോസിന്റെ അധ്യാപനം. അങ്ങനെ വിവാഹമോചനം നേടിയവളെ ആരു സംരക്ഷിക്കണമെന്ന് പുതിയ നിയമം പഠിപ്പിക്കുന്നില്ല. വിവാഹമോചനം ചെയ്തതിനുശേഷം അവളുടെ ജൈവികാവശ്യമായ ലൈംഗിക തൃഷ്ണയും സ്നേഹിക്കുവാനും  സ്നേഹിക്കപ്പെടുവാനുമുള്ള അഭിവാഞ്ഛയും തീര്‍ ക്കാന്‍ പ്രായോഗികമായ മറ്റു മാര്‍ഗങ്ങളൊന്നും നിര്‍ദേശിക്കാതെ ‘അവള്‍ ഒറ്റക്കു കഴിയണം’ എന്ന കല്‍പന പുറപ്പെടുവിക്കുന്ന പൌലോസിന്റെ വീക്ഷണം മാനവികമായ കാഴ്ചപ്പാടില്‍ ക്രൂരതയല്ലേ? ഈ പ്രശ്നങ്ങള്‍ക്ക്  ബൈബിളിന് വല്ല പരിഹാരവും നിര്‍ദേശിക്കാനുണ്ടോ?
3. ഒരാള്‍ വിവാഹമോചനം ചെയ്തവളെ മറ്റൊരാള്‍ വിവാഹം ചെയ്യരുതെന്ന കല്‍പനക്കുള്ള ന്യായീകരണമെന്താണ്? ഒരു ക്രിസ്തുമത വിശ്വാസിനിയായ സ്ത്രീയെ ക്രൂരനായ, പ്രായോഗികമായി ദൈവനിഷേധിയായ ഭര്‍ത്താവ് വിവാഹമോചനം ചെയ്യുന്നുവെന്നിരിക്കട്ടെ, അയാളെ സംബന്ധിച്ചിടത്തോളം ബൈബിളിന്റെ വിലക്കുകള്‍ ബാധകമല്ലല്ലോ. അത്തരമൊരു സ്ത്രീ പരിശുദ്ധമായ കുടുംബജീവിതം നയിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അവളുടെ മുമ്പില്‍ ബൈബിളിന്റെ നിര്‍ദേശം അപ്രായോഗികമായിത്തീരുകയില്ലേ? അവള്‍ക്ക് മറ്റെന്ത് മാര്‍ഗമാണ് ബൈബിളിന് നിര്‍ദേശിക്കുവാനുള്ളത്?
4. ഒരു വിവാഹമോചിതയെ മറ്റൊരു പുരുഷന്‍ വിവാഹം ചെയ്താല്‍ അത് വ്യഭിചാരത്തിന് തുല്യമാണെന്ന വാദത്തിന് എന്തു ന്യായീകരണമാണുള്ളത്. അങ്ങനെ ഒരു വിവാഹം നടന്നാല്‍ അവര്‍ തമ്മിലുള്ള ലൈംഗികബന്ധം നിയമപരമാക്കുവാന്‍ എന്തു മാര്‍ഗമാണ് ബൈബിളിന് നിര്‍ദേശിക്കുവാനുള്ളത്?
ഇതുപോലെതന്നെയാണ് മറ്റു മതഗ്രന്ഥങ്ങളിലെ വിധിവിലക്കുകളില്‍ ചിലതിന്റെ സ്ഥിതി. അവ അപ്രായോഗികമായ നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. വിധവയോട് മനുസ്മൃതി നിഷ്കര്‍ഷിക്കുന്നതിങ്ങനെയാണ്. ‘ഭര്‍ത്താവ് മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം തുടങ്ങിയ ആഹാരങ്ങള്‍കൊണ്ട്  ദേഹത്തിന് ക്ഷയം വരുത്തി കാലം കഴിക്കേണ്ടതാണ്. കാമവികാരോദ്ദേശ്യത്തോടെ മറ്റൊരു പുരുഷന്റെ പേരു പറയരുത്. ഭര്‍ത്താവിന്റെ മരണശേഷം ജീവിതാവസാനം വരെ സഹനശീലയായും പരിശുദ്ധയായും ബ്രഹ്മധ്യാനമുള്ളവളായും മധുമാംസഭക്ഷണം ചെയ്യാത്തവളായും ഉല്‍കൃഷ്ടമായ പതിവ്രതയുടെ ധര്‍മത്തെ ആഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു” (മനുസ്മൃതി 5:157,158).
യൌവനത്തില്‍തന്നെ ഭര്‍ത്താവ് മരണപ്പെടുക വഴി വിധവകളായിത്തീരുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം  ഈ നിയമം അടിച്ചേല്‍പിക്കുന്ന ക്രൂരതയെകുറിച്ച് പറയേണ്ടതില്ല. അവള്‍ക്ക് വിവാഹം നിഷേധിക്കപ്പെടുന്നത് അധാര്‍മികതകളിലേക്ക് അവളെ നയിക്കാന്‍ കാരണമാകും. അങ്ങനെ ഈ നിയമത്തിന്റെ  ഭവിഷ്യത്തുകള്‍ വ്യക്തികളും സമൂഹവും അനുഭവിക്കുവാന്‍ നിര്‍ബന്ധിതരാവും. ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക് വിഘാതമായി നില്‍ക്കുന്നവയാണ് ഇത്തരം നിയമങ്ങള്‍; അതുകൊണ്ടു തന്നെ അപ്രായോഗികവും.
ഖുര്‍ആനിലെ നിയമങ്ങളുടെ സ്ഥിതിയതല്ല. അതിലെ നിയമനിര്‍ദേശങ്ങളൊന്നും അപ്രായോഗികമല്ല. മാനവികമായ ഏത് അളവുകോല്‍ വെച്ചുനോക്കിയാലും ഖുര്‍ആനിക നിയമങ്ങളില്‍ അധാര്‍മികമോ അപ്രായേഗികമോ ആയ യാതൊന്നും കാണാന്‍ കഴിയുകയുമില്ല.

This entry was posted in ഖുര്‍ആനിന്റെ പ്രായോഗികത. Bookmark the permalink.

Leave a Reply

Your email address will not be published.