സ്ത്രീക്ക് പുരുഷനെപ്പോലെ വിവാഹമോചനത്തിന് അവകാശമുണ്ടോ? എന്താണ് ഈ രംഗത്തെ ഖുര്‍ആനിക നിര്‍ദേശം?

വിവാഹമോചനത്തിന് സ്ത്രീക്ക് അവകാശമുണ്ട്. സ്ത്രീയുടെ വിവാഹമോചനം രണ്ടു തരമാണ്. ഖുല്‍ഉം ഫസ്ഖും.
തന്റെ ഭര്‍ത്താവിനെ വെറുക്കുകയും അയാളോടൊപ്പം ജീവിക്കുവാന്‍ ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്ന സ്ത്രീക്ക് അയാളോട് വിവാഹമോചനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഇതാണ് ‘ഖുല്‍അ്’. ഭര്‍ത്താവില്‍നിന്ന് ലഭിച്ച വിവാഹമൂല്യം തിരിച്ചുകൊടുക്കണമെന്നുള്ളതാണ് ‘ഖുല്‍ഇ’നുള്ള നിബന്ധന. വിവാഹം വഴി ഭാര്യക്ക് ലഭിച്ച സമ്പത്ത് തിരിച്ചുകൊടുക്കണമെന്നര്‍ഥം. ഇക്കാര്യം വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം നോക്കുക: “അങ്ങനെ അവര്‍ക്ക് (ദമ്പതികള്‍ക്ക്) അല്ലാഹുവിന്റെ നിയമപരിധികള്‍ പാലിക്കുവാന്‍ കഴിയില്ലെന്ന് നിങ്ങള്‍ക്ക് ഉത്കണ്ഠ തോന്നുകയാണെങ്കില്‍ അവള്‍ വല്ലതും വിട്ടുകൊടുത്ത് സ്വയം മോചനം നേടുന്നതിന് അവര്‍ ഇരുവര്‍ക്കും കുറ്റമില്ല. (2:229).
‘ഖുല്‍ഇ’നുള്ള നിബന്ധനകള്‍ താഴെ പറയുന്നവയാണ്.
ഒന്ന്: ത്വലാഖിനെപ്പോലെതന്നെ അനിവാര്യമായ സാഹചര്യങ്ങളില്ലാതെ ഖുല്‍അ് ചെയ്യാന്‍ പാടില്ലാത്തതാകുന്നു. പ്രവാചകന്‍ (സ) പറഞ്ഞു: “പ്രയാസമുണ്ടാവുമ്പോഴല്ലാതെ ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീക്ക് സ്വര്‍ഗത്തിന്റെ സുഗന്ധം പോലും നിഷിദ്ധമാണ്” (അബൂദാവൂദ്, തിര്‍മുദി).
രണ്ട്: സ്ത്രീ ഖുല്‍അ് ആവശ്യപ്പെട്ടാല്‍ അവളെ മോചിപ്പിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണ്.
മൂന്ന്: താന്‍ നല്‍കിയ വിവാഹമൂല്യം പൂര്‍ണമായോ ഭാഗികമായോ ആവശ്യപ്പെടാന്‍ പുരുഷന് അവകാശമുണ്ട്. വിവാഹമൂല്യത്തില്‍ കവിഞ്ഞ യാതൊന്നും ആവശ്യപ്പെടാവതല്ല.
നാല്: താന്‍ ആവശ്യപ്പെട്ട തുക നല്‍കുന്നതോടുകൂടി ഖുല്‍അ് സാധുവായിത്തീരുന്നു. അഥവാ ആ സ്ത്രീ പുരുഷന്റെ ഭാര്യയല്ലാതായിമാറുന്നു.
ഇത്തരം വിവാഹമോചനങ്ങള്‍ പ്രവാചകന്റെ(സ) കാലത്തു നടന്നതായി കാണാനാവും. താന്‍ ഇഷ്ടപ്പെടാത്ത ഭാര്യയെക്കൊണ്ട് ഖുല്‍അ് ചെയ്യിക്കുന്നതിനുവേണ്ടി അവളെ പ്രയാസപ്പെടുത്തുന്ന സമ്പ്രദായം നിലവിലു ണ്ടായിരുന്നു. താന്‍ നല്‍കിയ വിവാഹമൂല്യം തിരിച്ചുവാങ്ങുന്നതിനുവേണ്ടിയായിരുന്നു അത്. ഖുര്‍ആന്‍ ഈ സമ്പ്രദായത്തെ ശക്തിയായി വിലക്കുന്നുണ്ട്.
“നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കാനായി നിങ്ങള്‍ അവരെ മുടക്കിയിടുകയും ചെയ്യരുത്” (4:19).
സ്ത്രീയുടെ രണ്ടാമത്തെ വിവാഹമോചന രീതിയാണ് ‘ഫസ്ഖ്’. ഭാര്യയുടെ അവകാശങ്ങള്‍ നിഷേധിക്കുകയും അതോടൊപ്പം വിവാഹമോചനം നല്‍കാതിരിക്കുകയും ചെയ്യുന്ന പുരുഷന്മാരില്‍നിന്ന് ന്യായാധിപന്റെ സഹായത്തോടെ നേടുന്ന വിവാഹമോചനമാണിത്. ഭര്‍ത്താവിന് സന്താ നോല്‍പാദനശേഷി ഇല്ലെന്ന് തെളിയുക, ലൈംഗികബന്ധത്തിന് സാധി ക്കാതിരിക്കുക, അവിഹിത വേഴ്ചകളില്‍ മുഴുകുക, ക്രൂരമായി പെരുമാറുക, തന്നെ അധാര്‍മിക വൃത്തിക്ക് നിര്‍ബന്ധിക്കുക, ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ നിഷേധിക്കുക, തന്റെ സ്വത്തുക്കള്‍ അന്യായമായി ഉപയോഗിക്കുക, ഒന്നിലധികം ഭാര്യമാരുള്ളയാളാണെങ്കില്‍ തന്നോട് നീതിപൂര്‍വം വര്‍ത്തിക്കാതിരിക്കുക, തുടങ്ങിയ അവസരങ്ങളില്‍ ഭാര്യക്ക് ന്യായാധിപന്‍ മുഖേന വിവാഹബന്ധം വേര്‍പെടുത്താവുന്നതാണ്. ഇതാണ് ഫസ്ഖ്. തന്റെ അനുവാദമില്ലാതെ രക്ഷാധികാരികള്‍ വിവാഹം ചെയ്തുകൊടു ത്താലും ഭര്‍ത്താവ് എവിടെയാണെന്നറിയാത്ത സ്ഥിതി ഉണ്ടെങ്കിലും ഭാര്യക്ക് ഫസ്ഖ് ചെയ്യാവുന്നതാണ്.
ഫസ്ഖ് ചെയ്യുന്നത് ന്യായാധിപനിലൂടെയായിരിക്കണമെന്നുള്ളതാണ് അതിനുള്ള നിബന്ധന. ഭാര്യ ഉന്നയിക്കുന്ന കാരണങ്ങള്‍ ഫസ്ഖിന് പ്രേരി പ്പിക്കാവുന്ന തരത്തിലുള്ളതാണോ എന്ന് പരിശോധിക്കുന്നത് ന്യായാധിപനാണ്. അങ്ങനെയാണെങ്കില്‍ വിവാഹമൂല്യം തിരിച്ചുനല്‍കാതെതന്നെ അവള്‍ക്ക് അവനുമായുള്ള ബന്ധത്തില്‍നിന്ന് പിരിയാനുള്ള സംവിധാനമുണ്ട്.
ചുരുക്കത്തില്‍, പുരുഷന്റെയും സ്ത്രീയുടെയും പ്രകൃതിയെപ്പറ്റി ശരിക്കറിയാവുന്ന പടച്ചതമ്പുരാന്‍ ഇരുവര്‍ക്കും പറ്റിയ രീതിയില്‍തന്നെയാണ് അവരുടെ വിവാഹമോചനരീതിപോലും ക്രമീകരിച്ചിരിക്കുന്നതെന്ന വസ്തുതയാണ് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത്.

This entry was posted in ഖുര്‍ആനും സ്ത്രീകളും. Bookmark the permalink.