വിധവയായിത്തീര്‍ന്ന സ്ത്രീ സമൂഹത്തില്‍നിന്നകന്ന് നാലു മാസത്തിലധികം ദുഃഖമാചരിക്കണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നുണ്ടല്ലോ? ഇത് സ്ത്രീയെ പ്രയാസപ്പെടുത്തുന്നതല്ലേ?

ഭര്‍ത്താവ് മരിച്ച സ്ത്രീ നാലുമാസവും പത്തു ദിവസവും ദുഃഖമാചരിക്കണമെന്ന് ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. “നിങ്ങളാരെങ്കിലും തങ്ങളുടെ ഭാര്യമാരെ വിട്ടേച്ചുകൊണ്ട് മരണപ്പെടുകയാണെങ്കില്‍ അവര്‍ തങ്ങളുടെ കാര്യത്തില്‍ നാലു മാസവും പത്തുദിവസവും കാത്തിരിക്കേണ്ടതാണ്. എന്നിട്ട് അവരുടെ ആ അവധിയെത്തിയാല്‍ തങ്ങളുടെ കാര്യത്തില്‍ അവര്‍ മര്യാദയനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമൊന്നുമില്ല” (2:224).
എന്തിനാണത്? രണ്ടു ഉദ്ദേശ്യങ്ങളാണുള്ളത്. തന്റെ ജീവിത പങ്കാളിയുടെ വേര്‍പാടില്‍ ദുഃഖാചരണം നടത്തുകയാണ് ഒന്ന്. അന്തരിച്ച ഭര്‍ത്താവില്‍നിന്ന് താന്‍ ഗര്‍ഭം ധരിച്ചിട്ടുണ്ടോ എന്ന സംശയം ദുരീകരിക്കുകയാണ് മറ്റൊന്ന്.
ഈ കാലത്ത് അവള്‍ ചെയ്യേണ്ടതെന്താണ്? ദുഃഖാചരണകാലത്ത് അവ ള്‍ വിവാഹിതയാകാന്‍ പാടില്ല. വിവാഹാലോചനകളും ഇക്കാലത്ത് വിലക്കപ്പെട്ടിരിക്കുന്നു. അഴകും മോടിയും കൂട്ടി പുരുഷന്മാരെ ആകര്‍ഷിക്കുകയോ സ്വമനസ്സില്‍ ലൈംഗികതൃഷ്ണ വളര്‍ത്തുകയോ ചെയ്തുകൂടാ. വര്‍ണശബളമായ ആടയാഭരണങ്ങള്‍ ധരിക്കുകയും ചായവും സുറുമയും ഉപയോഗിക്കുകയും സുഗന്ധദ്രവ്യങ്ങള്‍ പുരട്ടുകയും ചെയ്യുന്നതില്‍നിന്ന് ഇക്കാലത്ത് അവള്‍ വിലക്കപ്പെട്ടിരിക്കുന്നു. അത്യാവശ്യകാര്യങ്ങള്‍ക്കായി പുറത്തുപോകുന്നതിനെയോ മാന്യവും വൃത്തിയുള്ളതുമായ വസ്ത്രം ധരിക്കുന്നതി നെയോ നിരോധിച്ചതായി കാണാന്‍ കഴിയില്ല. ചുരുക്കത്തില്‍, ലൈംഗിക ചിന്തയുണ്ടാക്കുന്ന എല്ലാ കാര്യങ്ങളില്‍നിന്നും അകന്നുനില്‍ക്കാന്‍ ദുഃഖാചരണകാലത്ത് സ്ത്രീ ബാധ്യസ്ഥയാണ്.
ഭര്‍ത്താവ് മരിച്ച് നാലു മാസവും പത്തു ദിവസവും കഴിഞ്ഞാല്‍- ഗര്‍ഭി ണിയാണെങ്കില്‍ പ്രസവിച്ചാല്‍- അവള്‍ക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യാവുന്നതാണ്. ഒന്നുകില്‍ പുനര്‍വിവാഹം ചെയ്യാം. അല്ലെങ്കില്‍ തല്‍ക്കാലം വിവാഹം വേണ്ടെന്നു വെക്കാം. എല്ലാം അവളുടെ ഇഷ്ടത്തിന് വിടേണ്ടതാണ്.
അജ്ഞാന കാലത്ത് അറേബ്യയില്‍ വിധവകള്‍ ഒരു വര്‍ഷം ദുഃഖാചരണം നടത്തുമായിരുന്നു. അങ്ങേയറ്റം മലിനമായി വസ്ത്രം ധരിച്ച്, കുളിക്കുകയോ വൃത്തിയാവുകയോ ചെയ്യാതെയുള്ള ദുഃഖാചരണം. ഇതില്‍നിന്ന് പരിവര്‍ത്തനം ഉണ്ടാക്കുകയാണ് ഇസ്ലാം ചെയ്തത്.
ഭര്‍ത്താവ് മരിച്ച ഹൈന്ദവ സ്ത്രീ എന്തു ചെയ്യണം?
മനുസ്മൃതിയുടെ വിധി കാണുക:
കാമം തുക്ഷ പയേ ദ്ദേഹം  പുഷ്പ മൂല ഫലൈഃ ശുഭൈഃ
ന തു നാമാഭി ഗൃഹ്ണീ യാത്പത്യൌ പ്രേത പരസ്യതു
ആസീതാ മരണാല്‍ ക്ഷാന്താ നിയതാ ബ്രഹ്മചാരിണീ
യോ ധര്‍മ്മ ഏകപത്നീ നാം കാംക്ഷന്തീ തമനുത്തമം (5:157, 158).
(ഭര്‍ത്താവ് മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം മുതലായ ആഹാരങ്ങള്‍കൊണ്ട് ദേഹത്തിന് ക്ഷതം വരുത്തി കാലം നയിക്കേണ്ടതാണ്. കാമവികാരോദ്ദേശ്യത്തിന്മല്‍ മറ്റൊരു പുരുഷന്റെ പേരുപറയരുത്. ഭര്‍ത്താവ് മരിച്ച ശേഷം ജീവാവസാനം വരെ സഹനശീലയായി പരിശുദ്ധയായി ബ്രഹ്മധ്യാനമുള്ളവളായും മധുമാംസഭക്ഷണം ചെയ്യാത്തവളായും ഉത്കൃഷ്ടയായ പതിവ്രതയുടെ ധര്‍മത്തെ ആഗ്രഹിക്കുന്നവളായും ഇരിക്കേണ്ടതാകുന്നു).
ഇത് മനുസ്മൃതിയുടെ വിധി. ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന അവസ്ഥ ഇതിലും ഭീകരമായിരുന്നു. ഭര്‍ത്താക്കന്മാര്‍ മരിച്ചാല്‍ അവരുടെ ചിതയില്‍ ചാടി മരിക്കണമെന്ന് സ്ത്രീ നിര്‍ദേശിക്കപ്പെട്ടിരുന്നു. ക്രൂരമായ സതി സമ്പ്രദായം! അത് അനുഷ്ഠിക്കുവാന്‍ വിസമ്മതിക്കുന്ന വിധവകള്‍ തലമൊട്ടയടിച്ച് സമൂഹത്തില്‍ ഒറ്റപ്പെട്ടു കഴിയണമായിരുന്നു. ശൈശവ വിവാഹത്തിന് ശേഷം വിധവകളാകുന്ന ആറും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കിടാങ്ങള്‍പോലും തലമൊട്ടയടിച്ച് ജീവിതകാലം മുഴുവന്‍ ഭിക്ഷുണികളായി കഴിഞ്ഞുകൂടണമെന്നായിരുന്നു നിയമം. ഇവര്‍ക്ക് അനുവദിക്കപ്പെട്ടിരുന്നതോ ഒരു നേരത്തെ ഭക്ഷണം മാത്രം!
വിധവകളെ പുനര്‍വിവാഹത്തില്‍നിന്ന് ഖുര്‍ആന്‍ വിലക്കുന്നില്ല. അവര്‍ നാലു മാസവും പത്തു ദിവസവും കാത്തിരിക്കണമെന്നു മാത്രമാണ് അനുശാസിക്കുന്നത്. ഈ കാത്തിരിപ്പാകട്ടെ തികച്ചും ശാസ്ത്രീയവും സ്ത്രീക്ക് ഗുണം ചെയ്യുന്നതുമാണുതാനും. ഇതിനിടക്ക് സ്ത്രീ വിവാഹിതയാവുകയും ഉടന്‍ ഗര്‍ഭിണിയായി അവര്‍ക്ക് കുഞ്ഞുണ്ടാവുകയുമാണെങ്കില്‍ അതിന്റെ പിതൃത്വത്തെക്കുറിച്ച് സംശയം ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഈ സംശയം തന്റെ കുടുംബഭദ്രതയും മനസ്സമാധാനവും തകര്‍ക്കുന്നതിലേക്ക് നയിച്ചേക്കും. ഖുര്‍ആന്‍ പറഞ്ഞ പ്രകാരം കാത്തിരുന്ന ശേഷം പുനര്‍വിവാഹം ചെയ്യുന്ന സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ ഈ പ്രശ്നം ഉദിക്കുന്നില്ല. അത് രണ്ടാം ഭര്‍ത്താവിന്റെ കുഞ്ഞുതന്നെയാണെന്ന് ഉറപ്പിക്കാനാവും. വിധവയുടെ ദുഃഖാചരണം സംബന്ധിച്ച ഖുര്‍ആനിക ഇദ്ദയുടെ നിയമവും സ്ത്രീക്ക് അനുഗുണമാണെന്നും പ്രയാസപ്പെടുത്താതിരിക്കാനുള്ളതാണെന്നുമുള്ള വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്.

This entry was posted in ഖുര്‍ആനും സ്ത്രീകളും. Bookmark the permalink.