മൂന്നു പ്രാവശ്യം ‘ത്വലാഖ്’ എന്നു പറഞ്ഞ് പിരിച്ചയയ്ക്കാവുന്ന വസ്തുവായിട്ടല്ലേ ഖുര്‍ആന്‍ ഭാര്യയെ കാണുന്നത്?

അല്ല. ത്വലാഖിനെക്കുറിച്ച തെറ്റിദ്ധാരണയില്‍നിന്നാണ് ഈ സംശയം ഉത്ഭൂതമായിരിക്കുന്നത്. പുരുഷന്‍ തന്റെ അധികാരമുപയോഗിച്ച് വിവാഹബന്ധം വേര്‍പെടുത്തുന്നതിനാണ് സാങ്കേതികമായി ത്വലാഖ് എന്നു പറയുന്നത്. ത്വലാഖിലെത്തിച്ചേരാതെ സൂക്ഷിക്കുവാന്‍ കഴിയുന്നത്ര ശ്രമിക്കണമെന്നാണ് ഖുര്‍ആനിന്റെ താല്‍പര്യം. പുരുഷന്‍ തന്റെ ഇണയെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍തന്നെ സാധ്യമാകുന്നത്ര അവളോടൊത്തു ജീവിക്കുവാന്‍ പരിശ്രമിക്കണമെന്നാണ് അത് അനുശാസിക്കുന്നത്. “അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് അവരോട് വെറുപ്പ് തോന്നിയേക്കാം. എന്നാല്‍, നിങ്ങള്‍ക്ക് വെറുപ്പ് തോന്നുന്ന ഒന്നില്‍ തന്നെ അല്ലാഹു ധാരാളം നന്മ നിശ്ചയിച്ചിരിക്കുകയും ചെയ്യാം” (4:19). ദമ്പതിമാര്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താന്‍ ആവുന്നതൊക്കെ ചെയ്യേണ്ടതുണ്ടെന്നാണ് ഖുര്‍ആനിന്റെ നിലപാട്. എന്നാല്‍, സ്നേഹവും ഐക്യവും ഇല്ലാതായിത്തീരുകയും വൈവാഹിക ജീവിതത്തിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമായാല്‍ അവര്‍ തമ്മില്‍ വേര്‍പിരിയുന്നതിന് വിരോധമില്ല. ഈ വേര്‍പിരിയലിന് പുരുഷന്‍ മുന്‍കൈയെടുക്കുമ്പോള്‍ അതിന് ത്വലാഖ് എന്നു പറയുന്നു.
ആര്‍ത്തവ സമയത്ത് സ്ത്രീയെ ത്വലാഖ് ചെയ്യുന്നത് ഇസ്ലാം വിലക്കിയിട്ടുണ്ട്. ഇക്കാലത്ത് സ്ത്രീയുടെ ശാരീരിക-മാനസിക നിലകളില്‍ സ്പഷ്ടമായ മാറ്റമുണ്ടാവുമെന്ന കാര്യം തെളിയിക്കപ്പെട്ടതാണ്. അവള്‍ക്ക് ശുണ്ഠിയും മറവിയും കൂടുതലായിരിക്കും. അക്കാരണത്താല്‍തന്നെ ആര്‍ത്തവകാലത്ത് തമ്മില്‍ പിണങ്ങാനും സാധ്യത കൂടുതലാണ്. ഈ പിണക്കം  വിവാഹമോചനത്തിലേക്ക് നയിച്ചുകൂടാ. ദമ്പതികള്‍ തമ്മില്‍ താല്‍പര്യവും ആഭിമുഖ്യവുമുണ്ടാക്കുവാനുതകുന്ന ലൈംഗികബന്ധം ഇക്കാലത്ത് നിഷിദ്ധവുമാണ്. പിണക്കമെല്ലാം തീരുന്നത് കിടപ്പറയില്‍ വെച്ചാണല്ലോ. ആര്‍ത്തവകാലത്തുണ്ടാകുന്ന പിണക്കം തീരാന്‍ ശുദ്ധിയായതിന് ശേഷമുള്ള ലൈംഗികബന്ധം മതിയാവും. അതുകൊണ്ടുതന്നെ ആര്‍ത്തവകാലത്ത് ഭാര്യയെ മോചിപ്പിക്കുന്നത് ശരിയല്ലെന്നും അങ്ങനെ മോചിപ്പിച്ചവര്‍ അവളെ തിരിച്ചെടുക്കേണ്ടതുണ്ടെന്നും പ്രവാചകന്‍ (സ) പഠിപ്പിച്ചിട്ടുണ്ട്.
ശുദ്ധികാലത്ത് തന്റെ ഭാര്യയെ ത്വലാഖ് ചെയ്യുന്ന പുരുഷന്‍ പക്ഷേ, അവളെ വീട്ടില്‍നിന്ന് പുറത്താക്കാന്‍  പാടില്ല.  അവള്‍ പുറത്തുപോകാനും പാടില്ല. മൂന്നു തവണ ആര്‍ത്തവമുണ്ടാകുന്നതുവരെ അവള്‍ ഭര്‍തൃഗൃഹത്തില്‍തന്നെ താമസിക്കേണ്ടതാണ്. ആര്‍ത്തവം നിലച്ചവര്‍ക്ക്  മൂന്നു  മാസക്കാലവും ഗര്‍ഭിണികള്‍ക്ക് പ്രസവം വരെയുമാണ് ഈ കാലാവധി. ഇദ്ദാ കാലമെന്നാണ് ഈ കാലാവധിക്ക് സാങ്കേതികമായ പേര്. ഈ കാലത്ത് വിവാഹമോചിത ഭര്‍തൃഗൃഹത്തില്‍തന്നെ താമസിക്കണമെന്നാണ് ഖുര്‍ആനിന്റെ വിധി.
“വിവാഹമുക്തകള്‍ തങ്ങളുടെ സ്വന്തം കാര്യത്തില്‍, മൂന്ന് തവണ ആര്‍ത്തവമുണ്ടാവുന്നത് വരെ കാത്തിരിക്കേണ്ടതാണ്. അവര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ തങ്ങളുടെ ഗര്‍ഭാശയങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചിട്ടുള്ളതിനെ അവര്‍ ഒളിച്ചുവെക്കുവാന്‍ പാടില്ല” (2:228).
“നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അവരുടെ ഇദ്ദാ കാലത്തിന് (കണക്കാക്കി) വിവാഹമോചനം ചെയ്യുകയും ഇദ്ദാകാലം നിങ്ങള്‍ എണ്ണികണക്കാക്കുകയും ചെയ്യുക. നിങ്ങളുടെ രക്ഷിതാവായ അ ല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. അവരുടെ വീടുകളില്‍നിന്ന് അവരെ നിങ്ങള്‍ പുറത്താക്കരുത്. അവര്‍ പുറത്തുപോവുകയും ചെയ്യരുത്. പ്രത്യക്ഷമായ വല്ല നീചവൃത്തിയും അവള്‍ ചെയ്യുകയാണെങ്കിലല്ലാതെ… അങ്ങനെ അവര്‍ അവരുടെ അവധിയില്‍ എത്തുമ്പോള്‍ നിങ്ങള്‍ ന്യായമായ നിലയില്‍ അവരെ പിടിച്ചുനിര്‍ത്തുകയോ ന്യായമായ നിലയില്‍ അവരുമായി വേര്‍പിരിയുകയോ ചെയ്യുക” (65:1,2).
ഇദ്ദയുടെ കാലത്ത് സ്ത്രീയും പുരുഷനും ഭാര്യാഭര്‍ത്താക്കന്മാരല്ല. എന്നാല്‍, അന്യരുമല്ല. പുരുഷന്റെ വീട്ടിലാണ്  അവള്‍ കഴിയുന്നത്. വിവാഹമോചനം ചെയ്ത ശേഷവും സ്ത്രീ ഭര്‍ത്താവിന്റെ വീട്ടില്‍തന്നെ താമസിക്കുന്നത് ഇരുവരുടെയും മനസ്സ് മാറ്റുവാന്‍ ഉപകരിക്കും. ഇന്നലെവരെ കൂടെക്കിടന്നവര്‍ ഇന്ന് രണ്ടായി കഴിയുകയാണ്. അവളെയാണെങ്കില്‍ അയാള്‍ കാണുകയും ചെയ്യുന്നു. അയാളുടെ ആസക്തിയെ ഇളക്കിവിടുവാനും കോപം ശമിപ്പിക്കുവാനും ഇതുമൂലം കഴിഞ്ഞേക്കും. ഇദ്ദാകാലത്ത് അവളെ മടക്കിയെടുക്കുവാന്‍ പുരുഷന് അവകാശമുണ്ട്. നിരുപാധികം അയാള്‍ക്ക് അതിന് സാധിക്കും. കുടുംബസ്ഥാപനം തകരാതിരിക്കുന്നതിന് എത്ര ശാസ്ത്രീയമായ മാര്‍ഗങ്ങളാണ് ഖുര്‍ആന്‍ സ്വീകരിക്കുന്നത്; കര്‍ക്കശമായ നിയമങ്ങള്‍ അടിച്ചേല്‍പിക്കാതെതന്നെ.
വിവാഹമോചനം നടത്തി. മൂന്ന് ആര്‍ത്തവകാലം കഴിയുന്നതുവരെ ഭര്‍തൃഗൃഹത്തില്‍ അവള്‍ താമസിക്കുകയും ചെയ്തു. എന്നിട്ടും അവര്‍ തമ്മില്‍ ഇണങ്ങാന്‍ മാര്‍ഗമില്ല. എങ്കില്‍ പിന്നെ മോചനംതന്നെയാണ് പരിഹാരം. ഈ മോചനംപോലും മാന്യമായിരിക്കണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന. “ഒന്നുകില്‍ മാന്യമായി അവളെ പിടിച്ചുനിര്‍ത്തുക, അല്ലെങ്കില്‍ മാന്യമായി അവളെ പിരിച്ചയക്കുക” (65:2).
വിവാഹസമയത്ത് വരന്‍ നല്‍കിയ വിവാഹമൂല്യം പൂര്‍ണമായി ഇങ്ങനെ മോചിപ്പിക്കുന്ന സ്ത്രീക്ക് അവകാശപ്പെട്ടതാണ്. കൂടുതലായാലും കുറച്ചായാലും അത് തിരിച്ചുവാങ്ങാന്‍ പാടില്ല. ഖുര്‍ആന്‍ പറയുന്നു: “നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നപക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരംതന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍നിന്ന് യാതൊന്നുംതന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്”(4:20).
“എന്നാല്‍, ഭാര്യയെ സ്പര്‍ശിക്കുന്നതിനു മുമ്പാണ് മോചനമെങ്കില്‍ നിശ്ചയിക്കപ്പെട്ട വിവാഹമൂല്യത്തിന്റെ പകുതി അവള്‍ക്ക് നല്‍കിയാല്‍ മതിയാകുന്നതാണ്”(2:237).
വിവാഹമോചന സമയത്ത് സ്ത്രീകള്‍ക്ക് മാന്യമായ പാരിതോഷികം നല്‍കണമെന്നും ഖുര്‍ആന്‍ അനുശാസിക്കുന്നുണ്ട്. “വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതുണ്ട്. ഭയഭക്തിയുള്ളവര്‍ക്ക് അതൊരു ബാധ്യതയത്രേ” (2:241).
ഒരാള്‍ ഒരു സ്ത്രീയെ വിവാഹമോചനം നടത്തി. അല്‍പകാലത്തിനുശേഷം തന്റെ പ്രവൃത്തിയില്‍ അയാള്‍ക്ക് പാശ്ചാതാപം തോന്നി. മോചിതയായ സ്ത്രീയാണെങ്കില്‍ പുനര്‍വിവാഹം ചെയ്യപ്പെട്ടിട്ടുമില്ല. അയാള്‍ക്ക് അവളെ തന്റെ ഭാര്യയായി സ്വീകരിക്കണമെന്ന് ആഗ്രഹം ജനിച്ചു. എങ്കില്‍ അയാള്‍ക്ക് അവളെ തിരിച്ചെടുക്കാന്‍ ഖുര്‍ആന്‍ അനുവദിക്കുന്നു. ഇങ്ങനെ തിരിച്ചെടുത്തതിനുശേഷം ഒരിക്കല്‍കൂടി അതേസ്ത്രീയെതന്നെ വിവാഹമോചനം ചെയ്യുന്നുവെന്നു കരുതുക. ഒരു പ്രാവശ്യം കൂടി മാത്രമേ അയാള്‍ക്ക് അവളെ തിരിച്ചെടുക്കാന്‍ അവകാശമുള്ളൂ. മൂന്നാം തവണയും അയാള്‍ അവളെ ത്വലാഖ് ചെയ്യുകയാണെങ്കില്‍ പിന്നെ അയാള്‍ക്ക് അവളെ തിരിച്ചെടുക്കാന്‍ കഴിയില്ല. ഇതാണ് ഖുര്‍ആന്‍ പ്രതിപാദിക്കുന്ന മൂന്നു ത്വലാഖുകള്‍. ഖുര്‍ആന്‍തന്നെ പറയട്ടെ: “(മടക്കിയെടുക്കാന്‍ അനുമതിയുള്ള) വിവാഹമോചനം രണ്ടു പ്രാവശ്യം മാത്രമാകുന്നു. പിന്നെ ഒന്നുകില്‍ മര്യാദയനുസരിച്ച് കൂടെ നിര്‍ത്തുകയോ അല്ലെങ്കില്‍ നല്ല നിലയില്‍ പിരിച്ചയക്കുകയോ ആണ് വേണ്ടത്… ഇനിയും (മൂന്നാമതും) അവന്‍ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കില്‍ അതിനുശേഷം അവളുമായി ബന്ധപ്പെടല്‍ അവന് അനുവദനീയമാവില്ല” (2:229230).
ഇതാണ് ഖുര്‍ആനില്‍ പ്രതിപാദിക്കുന്ന മൂന്ന് ത്വലാഖുകള്‍. മൂന്നും മൂന്നു പ്രാവശ്യമായി നടക്കുന്ന വിവാഹമോചനങ്ങളാണവ. ഒരേസമയം മൂന്ന് ത്വലാഖ് ചൊല്ലുന്നത് നിഷിദ്ധമാണെന്ന കാര്യത്തില്‍ പ്രമുഖ മുസ്ലിം പണ്ഡിതന്മാര്‍ക്കിടയില്‍ പക്ഷാന്തരമില്ല. മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലിയ ഒരാളെ ഉമര്‍(റ) ചമ്മട്ടികൊണ്ട് അടിക്കുവാന്‍ കല്‍പിക്കുകയുണ്ടായി. ഇതില്‍ നിന്ന് ഇത്തരമൊരു നടപടിയെ ഇസ്ലാം എന്തുമാത്രം വെറുക്കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. മൂന്ന് ത്വലാഖുകള്‍ എന്ന പദ്ധതി യഥാര്‍ഥത്തില്‍ സ്ത്രീക്ക് ഗുണകരമാണെന്നതാണ് വാസ്തവം. ഖുര്‍ആന്‍ പറഞ്ഞ രീതിയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് അയാളുടെ ഹൃദയത്തിനകത്ത് സ്നേഹത്തിന്റെ ലാഞ്ഛനയെങ്കിലും ബാക്കിയുണ്ടെങ്കില്‍ മൂന്നാമത് ത്വലാഖ് ചെയ്യാന്‍ കഴിയില്ല. സ്വന്തം ഭാര്യയോടൊപ്പം ഒന്നിച്ചുകഴിയാന്‍ എന്തെങ്കിലും പഴുതുണ്ടോയെന്ന് അന്വേഷിക്കുകയും ഉണ്ടെങ്കില്‍ അതുപയോഗപ്പെടുത്തുകയും ചെയ്യുകയാണ് മൂന്നാമത്തെ ത്വലാഖിന് മുമ്പ് അയാള്‍ ചെയ്യുക. രണ്ടു പ്രാവശ്യം അയാള്‍ സഹിച്ച വിരഹദുഃഖം അയാളെ അലട്ടിക്കൊണ്ടിരിക്കും. ഇനിയൊരിക്കലും ഒന്നിച്ചുകഴിയാന്‍ സാധിക്കില്ലെന്ന് ഉറപ്പായതിന് ശേഷം മാത്രമേ മൂന്നാം പ്രാവശ്യം അയാള്‍ അവളെ വിവാഹമോചനം ചെയ്യുകയുള്ളൂ.

This entry was posted in ഖുര്‍ആനും സ്ത്രീകളും. Bookmark the permalink.

Leave a Reply

Your email address will not be published.