വിവാഹമോചനം അനുവദിക്കുക വഴി നിരാലംബരായ സ്ത്രീകളെയും കുട്ടികളെയും സൃഷ്ടിക്കുവാന്‍ കൂട്ടുനില്‍ക്കുകയല്ലേ ഖുര്‍ആന്‍ ചെയ്യുന്നത്?

ദാമ്പത്യബന്ധം മരണം വരെ നിലനില്‍ക്കണമെന്നാണ് ഖുര്‍ആനിക നിയമങ്ങളുടെ പൊതുവായ താല്‍പര്യം. എന്നാല്‍, മനുഷ്യപ്രകൃതിയിലെ പ്രശ്നങ്ങള്‍ക്കുനേരെ അത് അന്ധത നടിക്കുന്നില്ല. ദമ്പതിമാര്‍ക്കിടയില്‍ പൊരുത്തക്കേടുകളും ശണ്ഠകളുമുണ്ടാവാം. കുടുംബത്തെ തകര്‍ക്കുന്നതിലേക്ക് അവ നയിക്കപ്പെടാം. സ്ത്രീയുടെ അച്ചടരാഹിത്യവും അനുസരണക്കേടുമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെങ്കില്‍ കുടുംബം തകരാതിരിക്കുന്നതിനുവേണ്ടി പുരുഷന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളാണ് സൂറത്തുന്നിസാഇലെ 34-ാം സൂക്തത്തില്‍ പ്രതിപാദിക്കുന്നത്.
ശാസിക്കുക, ശയ്യകളില്‍നിന്ന് ബഹിഷ്കരിക്കുക, അടിക്കുക ഇവയെല്ലാം കുടുംബം തകരാതിരിക്കുന്നതിനുവേണ്ടിയുള്ള നടപടികളാണ്. ഈ നടപടികളുടെ ഫലമായി അച്ചടക്കരാഹിത്യത്തില്‍ നിന്ന് പിന്മാറുന്ന ഇണക്കെതിരെ പിന്നെ ശിക്ഷാനടപടികളൊന്നും സ്വീകരിക്കുവാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നു. “എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്” (4:34).
കുടുംബം തകരാതിരിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് ഖുര്‍ആന്‍. ഈ നടപടികള്‍ക്കുശേഷവും പ്രശ്നങ്ങളുണ്ടാവുകയാണെങ്കില്‍ ധൃതിയില്‍ വിവാഹമോചനം ചെയ്യണമെന്നല്ല ഖുര്‍ആനിന്റെ നിര്‍ദേശം. മറിച്ച്, അകന്നുനില്‍ക്കുന്ന മനസ്സുകളെ അടുപ്പിക്കാന്‍ കുടുംബക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കണമെന്നാണ്. അനുരഞ്ജനത്തിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുമ്പോള്‍ അതിനുള്ള മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുതരുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്. “ഇനി അവര്‍ക്കിടയില്‍ ശൈഥില്യം നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ അവന്റെ ആളുകളില്‍ നിന്ന് ഒരു മധ്യസ്ഥനെയും അവളുടെ ആളുകളില്‍നിന്ന് ഒരു മധ്യസ്ഥനെയും അയക്കുക. ഇരുവിഭാഗവും അനുരഞ്ജനമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അല്ലാഹു അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതാണ്. നിശ്ചയം, അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു” (4:35).
ഇങ്ങനെയെല്ലാം രഞ്ജിപ്പിനുവേണ്ടി ശ്രമിച്ചിട്ടും അകന്ന മനസ്സുകളെ അടുപ്പിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ വിവാഹബന്ധം വേര്‍പെടുത്താ ന്‍ ഖുര്‍ആന്‍ അനുവദിക്കുന്നുവെന്നത് ശരിയാണ്. അനുരഞ്ജനത്തിനുവേണ്ടിയുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനുശേഷവും ദമ്പതികളെ ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കാന്‍ വേണ്ടി നിര്‍ബന്ധിക്കുമ്പോള്‍ അവിടെ ബന്ധമല്ല ഉണ്ടാവുക. പ്രത്യുത ബന്ധനമാണ്. ഈ ബന്ധനം അഴിച്ചുമാറ്റാതിരിക്കുന്നത് അത് അറുത്തുമാറ്റുവാനുള്ള പ്രേരണക്കുള്ള നിമിത്തമായിത്തീരും. വിവാഹമോചനം അനുവദിക്കപ്പെടാത്ത മതസമൂഹങ്ങളില്‍ നടക്കുന്നത് അതാണ്. ഖുര്‍ആന്‍ വിവാഹമോചനം അനുവദിക്കുന്നത് ഇത്തരം അവസ്ഥകളില്‍ ബന്ധനം അഴിച്ചുമാറ്റുന്നതിനുവേണ്ടിയാണ്. വിവാഹമോചനം അനുവദിച്ചതിനോടൊപ്പംതന്നെ അത്തരമൊരു അവസ്ഥയില്ലാതിരിക്കുവാന്‍ ദമ്പതിമാര്‍ പരമാവധി പരിശ്രമിക്കേണ്ടതാണെന്നുകൂടി പ്രവാചകന്‍ (സ) നിഷ്കര്‍ഷിച്ചതായി കാണാന്‍ കഴിയും.
സത്യത്തില്‍ മറ്റു കാര്യങ്ങളിലെന്നപോലെ വിവാഹമോചനത്തിന്റെ വിഷയത്തിലും നിലവിലിരുന്ന അവസ്ഥയെ സംസ്കരിക്കുകയും മനുഷ്യര്‍ക്ക് സ്വീകരിക്കുവാന്‍ ഏറ്റവും അനുയോജ്യമായ നിയമങ്ങളാവിഷ്കരിക്കുകയുമാണ് ഖുര്‍ആന്‍ ചെയ്തിരിക്കുന്നത്. ലോകത്തെ ഒരുവിധം എല്ലാ നിയമസംഹിതകളും വിവാഹമോചനം അനുവദിക്കുന്നുവെന്നതാണ് സത്യം. പല നിയമങ്ങളും വിവേചനരഹിതമായി പുരുഷന് സ്ത്രീക്കുനേരെ പ്രയോഗിക്കാവുന്ന ആയുധമായിട്ടാണ് വിവാഹമോചനത്തെ കാണുന്നത്. ഈ അവസ്ഥക്ക് മാറ്റമുണ്ടാവുകയും അനിവാര്യമായ അവസരങ്ങളില്‍ മാത്രം അനുവദനീയമായ കാര്യമായി വിവാഹമോചനത്തെ അവതരിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.
വിവാഹമോചനത്തെക്കുറിച്ച് മനു പറയുന്നത് ഇങ്ങനെയാണ്:
വന്ധ്യാഷ്ടമേധി വേദ്യാബ്ദേ ദേശമേതുമൃതപ്രജാ
ഏകാദശേ സ്ത്രീജനനീ സത്യസ്ത്വപ്രിയ വാദിനീ
(മനുസ്മൃതി 9:81).
(മച്ചിയായ ഭാര്യയെ എട്ടു വല്‍സരം കഴിഞ്ഞും, ചാപിള്ള പ്രസവിക്കുന്നവളെ പത്ത് വല്‍സരം കഴിഞ്ഞും, പെണ്ണുമാത്രം പ്രസവിക്കുന്നവളെ പതിനൊന്നു വല്‍സരം കഴിഞ്ഞും, അപ്രിയം പറയുന്നവളെ ഉടനെയും ഉപേക്ഷിച്ച് വേറെ വിവാഹം ചെയ്യാം. ഈ സ്ത്രീകള്‍ക്ക് സന്തോഷത്തിനായി യാതൊന്നും കൊടുക്കേണ്ട).
ഭാര്യ വന്ധ്യയോ മറ്റു രോഗങ്ങളുള്ളവളോ ആണെങ്കില്‍ അവളെ ഉപേക്ഷിക്കുവാന്‍ ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ലെന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്. അവള്‍ ചെയ്യാത്ത തെറ്റിന് -വന്ധ്യയാവുക, ചാപിള്ള പ്രസവിക്കുക, പെണ്ണു മാത്രം പ്രസവിക്കുക എന്നിവയൊന്നും സ്ത്രീയുടെ കുറ്റം കൊണ്ട് സംഭവിക്കുന്നതല്ലല്ലോ-സ്ത്രീയെ വിവാഹമോചനം ചെയ്യുകയെന്നത് ക്രൂരതയാണ്. ഈ ക്രൂരതക്ക് ഖര്‍ആന്‍ കൂട്ടുനില്‍ക്കുന്നില്ല. അപ്രിയം ചെയ്യുന്നവളെ ഉടനെ ഉപേക്ഷിക്കുന്നതും അനീതിയാണ്. അവള്‍ക്ക് തിരുത്തുവാന്‍ അവസരം നല്‍കുകയും തിരുത്താന്‍ തയാറല്ലെങ്കില്‍ മാത്രം, അനിവാര്യമെങ്കില്‍ അവളെ ഉപേക്ഷിക്കുകയും ചെയ്യുകയെന്നതാണ് ഖുര്‍ആനിക നിര്‍ദേശം. വിവാഹമോചനസമയത്ത് സ്ത്രീക്ക് മാന്യമായ ഉപഹാരം നല്‍കണമെന്നും ഖുര്‍ആന്‍ നിര്‍ദേശിക്കുന്നു. “വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ന്യായപ്രകാരം എന്തെങ്കിലും ജീവിതവിഭവമായി നല്‍കേണ്ടതാണ്. ഭയഭക്തിയുള്ളവര്‍ക്ക് അതാരു ബധ്യതയത്രെ” (2:241) ‘വിവാഹമുക്തകള്‍ക്ക് യാതൊന്നും കൊടുക്കേണ്ടതില്ല’ എന്ന മനുസ്മൃതിയുടെ നിര്‍ദേശം ഖുര്‍ആനിന് അന്യമാണെന്നര്‍ഥം.
ഇരുപതാം നൂറ്റാണ്ടിന്റെ പ്രത്യയശാസ്ത്രമെന്ന് അവകാശപ്പെട്ടുകൊണ്ട് രംഗത്തുവന്ന മാര്‍ക്സിസത്തിന്റെ ഈ രംഗത്തുള്ള നിലപാടെന്താണ്? മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍തന്നെ സംസാരിക്കട്ടെ: “വ്യക്തിഗതമായ ലൈംഗികപ്രേമം ഓരോരുത്തനും, വിശിഷ്യാ പുരുഷന്, എത്രകാലം നിലനില്‍ക്കുമെന്ന് പറയാന്‍ ആരെക്കൊണ്ടുമാവില്ല. സ്നേഹം വറ്റിപ്പോയെന്നോ മറ്റൊരു പാത്രത്തിലേക്ക് തിരിഞ്ഞുപോയെന്നോ വ്യക്തമായാലുടന്‍ വിവാഹമോചനം നടത്തുകയാണ് നല്ലത്. അങ്ങനെ ചെയ്താല്‍ അത് ദമ്പതികള്‍ക്കും സമുദായത്തിനൊട്ടാകെയും ഒരനുഗ്രഹമായിരിക്കും” (മാര്‍ക്സ്, ഏംഗല്‍സ്: തെരഞ്ഞെടുത്ത കൃതികള്‍ മൂന്നാം വാള്യം, പുറം 319).
സ്നേഹം വറ്റിപ്പോയാല്‍ ഉടന്‍ വിവാഹമോചനമാവണമെന്നാണ് കമ്യൂണിസത്തിന്റെ നിലപാട്. ഖുര്‍ആന്‍ ഇതിനോട് വിയോജിക്കുന്നു. വറ്റിപ്പോകുന്ന ഒരു ഭൌതിക വസ്തുവല്ല ഖുര്‍ആനിക വീക്ഷണത്തില്‍ സ്നേഹം.  അത് ദൈവികമായ ഒരു ദാനമാണ്. അത് ഇല്ലാതെയാവുന്നത് ഭൌതിക സാഹചര്യങ്ങളിലുണ്ടാവുന്ന പരിണാമങ്ങളാലാണ്. കാമവും സ്നേഹവും ഒന്നല്ല. ഇണകള്‍ തമ്മില്‍ പ്രശ്നങ്ങളുണ്ടാവുന്നുവെങ്കില്‍ സ്നേഹം വറ്റിയെന്നു കരുതി വിവാഹബന്ധം വേര്‍പിരിക്കുന്നതിനല്ല ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. പ്രസ്തുത പ്രശ്നങ്ങള്‍ക്കുള്ള കാരണങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഖുര്‍ആന്‍ വരച്ചുകാണിക്കുന്നു. എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും ദമ്പതികള്‍ തമ്മിലുള്ള അകലം വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് വിവാഹമോചനം കരണീയമാവുന്നതെന്നാണ് ഖുര്‍ആനിക കാഴ്ചപ്പാട്. മാര്‍ക്സിസം സ്നേഹത്തെയും ഒരു ഭൌതികവസ്തുവായി അഭിവീക്ഷിക്കുകയും അത് വറ്റുന്നുവെങ്കില്‍ മോചനം പരിഹരമായി നിര്‍ദേശിക്കുകയും ചെയ്യുന്നു. അതു പ്രദാനം ചെയ്യുന്ന സമൂഹ സങ്കല്‍പത്തിന്റെ ഭാഗമാണത്. പ്രസ്തുത സമൂഹത്തെക്കുറിച്ചാണല്ലോ ഇന്ത്യയിലെ ഏറ്റവും വലിയ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ ഇങ്ങനെ എഴുതിയത്: “അവര്‍ക്ക് ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യജീവിതം നയിക്കുക. ദമ്പതിമാരില്‍ ആര്‍ക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാല്‍ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കില്‍ പുതിയ ഇണയെ കണ്ടെത്തി മറ്റൊരു ദാമ്പത്യത്തില്‍ ഏര്‍പ്പെടുക. ഈ സ്ഥിതി കൈവരുത്തുന്നതിനുവേണ്ടിയാണ് ആധുനിക ജനാധിപത്യവും അതിന്റെ ഉന്നത രൂപമായ സോഷ്യലിസവും പ്രവര്‍ത്തിക്കുന്നത്” (ഇ.എം.എസ്: ചിന്ത വാരിക 25 നവംബര്‍ 1983).
കമ്യൂണിസം വിഭാവനം  ചെയ്യുന്ന ഇത്തരമൊരു സാമൂഹിക സംവിധാനത്തില്‍ വിവാഹമോചനം ദൈനംദിന സംഭവമായിരിക്കുമെന്നു വ്യക്തമാണ്. ഇത്തരമൊരു സമൂഹത്തെയല്ല ഇസ്ലാം വിഭാവനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അനിവാര്യമായ സാഹചര്യത്തില്‍ മാത്രം അനുവദനീയമാകുന്ന കാര്യമായിട്ടാണ് ഖുര്‍ആന്‍ വിവാഹമോചനത്തെ പരിചയപ്പെടു ത്തുന്നത്.
ഇസ്രായേല്‍ സമൂഹത്തില്‍ വിവാഹമോചനമനുവദിക്കപ്പെട്ടിരുന്നുവെന്ന് ബൈബിള്‍ പഴയനിയമത്തില്‍നിന്ന് വ്യക്തമാവും. യാതൊരുവിധ നിബന്ധനകളുമില്ലാതെയുള്ള വിവാഹമോചനമായിരുന്നു അനുവദിക്കപ്പെട്ടിരുന്നത്. വിവാഹമോചനം ചെയ്ത സ്ത്രീയെ പിന്നീട് വിവാഹം ചെയ്തയാളും മോചിപ്പിച്ചാല്‍ ആദ്യഭര്‍ത്താവിന് പിന്നെ വിവാഹം ചെയ്യാന്‍ പാടില്ലെന്ന നിബന്ധന മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. ബൈബിള്‍ പഴയനിയമത്തില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളത് കാണുക:
“ഒരു പുരുഷന്‍ ഒരു സ്ത്രീയെ തെരഞ്ഞെടുത്തു വിവാഹം ചെയ്യുന്നു വെന്നു കരുതുക. എന്നാല്‍, അവളില്‍ ചില ദൂഷ്യങ്ങള്‍ കാണുക നിമിത്തം അവളില്‍ പ്രീതി ഇല്ലാതെ അയാള്‍ വിവാഹമോചനമെഴുതി കൈയില്‍ കൊടുത്തിട്ട് അവളെ പറഞ്ഞയക്കുന്നു. അവള്‍ അയാളുടെ ഭവനത്തില്‍നിന്ന് പുറപ്പെടുകയും ചെയ്യുന്നു. അവള്‍ പോയി മറ്റൊരാളുടെ ഭാര്യയാവുന്നു. രണ്ടാമത്തെ ഭര്‍ത്താവും അവളില്‍ പ്രീതിയില്ലാതെ വിവാഹമോചന പത്രമെഴുതി കൈയില്‍ കൊടുത്ത് വീട്ടില്‍നിന്ന് പറഞ്ഞയക്കുന്നു. അല്ലെങ്കില്‍ അവളെ ഭാര്യയായി സ്വീകരിച്ച രണ്ടാമത്തെ ഭര്‍ത്താവ് മരിക്കുന്നു. അപ്പോള്‍ അവളെ പറഞ്ഞയച്ച ആദ്യഭര്‍ത്താവ് മലിനമായിത്തീര്‍ന്നിരിക്കുന്ന അവളെ വീണ്ടും ഭാര്യയായി സ്വീകരിച്ചുകൂടാ. കാരണം, ഇത് കര്‍ത്താവിന്റെ സന്നിധിയില്‍ മ്ളേച്ഛമായ കാര്യമാണ്” (ആവര്‍ത്തനം 24:1-4).
അതേആശയം തന്നെ യിരെമ്യാവിന്റെ പുസ്തകത്തിലും (3:1,2) കാണാ ന്‍ കഴിയും. ഇതില്‍നിന്ന് യഹൂദന്മാര്‍ക്കിടയില്‍ വിവാഹമോചനം സാര്‍ വത്രികമായിരുന്നുവെന്ന് മനസ്സിലാക്കാം.
പുതിയ നിയമത്തിലെ സ്ഥിതി ഇതല്ല. വിവാഹമോചനത്തെ വ്യക്തമായി വിലക്കുന്ന വാക്യങ്ങള്‍ സുവിശേഷങ്ങളിലും പൌലോസിന്റെ ലേഖന ങ്ങളിലുമുണ്ട്.
“പരപുരുഷസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു വേറൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചരിക്കുകയാണ്” (മത്തായി 19:9).
“ഭാര്യയെ ഉപേക്ഷിച്ച് വേറൊരുവളെ വിവാഹം ചെയ്യുന്നവര്‍ ഭാര്യക്കെതിരായി വ്യഭിചാരം ചെയ്യുന്നു. ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനെ വിവാഹം ചെയ്താല്‍ അവളും വ്യഭിചരിക്കുന്നു”(മാര്‍ക്കോസ് 10:11,12).
“ചാരിത്യ്രലംഘനം എന്ന കാരണത്താലല്ലാതെ ഭാര്യയെ ഉപേക്ഷിക്കു ന്നവന്‍ അവളെ വ്യഭിചാരിണിയാക്കുന്നു. അങ്ങനെ ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം ചെയ്യുന്നവനും വ്യഭിചരിക്കുന്നു” (മത്തായി 5:32).
“വിവാഹിതരോട് ഞാന്‍ കല്‍പിക്കുന്നു. ഞാനല്ല, കര്‍ത്താവ് തന്നെ കല്‍പിക്കുന്നു. ഭാര്യ ഭര്‍ത്താവിനെ പിരിയരുത്. അവള്‍ പിരിയുന്നുവെങ്കില്‍ ഒറ്റയ്ക്ക് കഴിയണം. അല്ലെങ്കില്‍  ഭര്‍ത്താവുമായി രമ്യപ്പെടണം. ഭര്‍ത്താവ് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അരുത്” (1 കൊരിന്ത്യര്‍ 7:10,11).
വിവാഹമോചനം അസാധ്യമാണെന്ന രീതിയിലുള്ള ഉപദേശങ്ങളാണിവയെന്ന് പറയേണ്ടതില്ലല്ലോ. ചാരിത്യ്രലംഘനം മാത്രമാണ് വിവാഹമോചനം അനുവദനീയമാകുന്ന ഏകകാര്യം. ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയെ വിവാഹം ചെയ്യുന്നതും പുതിയ നിയമത്തിലെ നിര്‍ദേശങ്ങള്‍ പ്രകാരം പാപമാണ്. വിവാഹമോചനം അസാധ്യമാകുന്ന അവസ്ഥ അത്യന്തം അപകടകരമായ സ്ഥിതിവിശേഷങ്ങള്‍ക്ക് നിമിത്തമാകുന്നു. ചിലപ്പോഴെങ്കിലും ദാമ്പത്യബന്ധം ഒരു ഭാരവും ബന്ധനവും ആയിത്തീരാറുണ്ട്. അത്തരം ഘട്ടങ്ങളില്‍ ഈ ബന്ധനം അഴിച്ചുമാറ്റാനുള്ള സ്വാതന്ത്യ്രം ഇല്ലാതിരിക്കുന്നത് വമ്പിച്ച വിപത്തുകള്‍ ഉണ്ടാക്കും. ക്രൈസ്തവ സമൂഹം ഇത്തരം വിപത്തുകളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നുവെന്നതൊരു വര്‍ത്തമാനകാല യാഥാര്‍ഥ്യമത്രേ.
ക്രൈസ്തവ സദാചാരം സ്വീകരിച്ച നാടുകളില്‍  വിവാഹമോചന നിയമങ്ങള്‍ അയഞ്ഞതാക്കണമെന്ന മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവിടങ്ങളിലെ സദാചാര ലംഘനങ്ങള്‍ക്കുള്ള പ്രധാനപ്പെട്ട ഒരു കാരണം ഇത്തരം നിയമങ്ങളാണെന്നാണ് പറയപ്പെടുന്നത്. ആ നാടുകളില്‍ സംഭവിക്കുന്നത് എന്താണ്? ഭാര്യയും ഭര്‍ത്താവും പരസ്പരം വെറുക്കുന്നു. ഒത്തൊരുമിച്ച് ജീവിക്കുവാന്‍ സാധ്യമല്ലാത്ത വിധത്തിലുള്ള വെറുപ്പ്. അവര്‍ക്കിടയിലെ ദൂരം വര്‍ധിച്ചുവരുന്നു. കലഹങ്ങളും പ്രശ്നങ്ങളുമുണ്ടാകുന്നു. ത ന്റെ ലൈംഗികദാഹം ശമിപ്പിക്കുവാന്‍ വേണ്ടി പുരുഷന്‍ കാള്‍ഗേളുകളി ലോ ഗേള്‍ഫ്രണ്ടുകളിലോ ആശ്രയം കണ്ടെത്തുന്നു. സ്ത്രീ, ഗിഗളോകളെ ആശ്രയിച്ചോ അഗമ്യഗമനം വഴിയോ ലൈംഗികദാഹം ശമിപ്പിക്കുന്നു. ഇരുവരും ഭാര്യാഭര്‍ത്താക്കന്മാര്‍തന്നെ! അവര്‍ക്ക് കീഴില്‍ ജീവിക്കുന്ന ശിശുക്കളുമുണ്ട്! പക്ഷേ… ഇത്തരമൊരു കൂട്ടായ്മക്ക് കുടുംബമെന്ന് പറയാനൊക്കുമോ? ഈ ‘കുടുംബ’ത്തിലെ കുട്ടികളുടെ സ്ഥിതിയെന്തായിരിക്കും? കുട്ടികളില്‍ വളര്‍ന്നുവരുന്ന കുറ്റവാസനകള്‍ക്കും മനോവൈകല്യങ്ങള്‍ക്കുമെല്ലാം കാരണം ഇത്തരം കുടുംബാന്തരീക്ഷമാണ് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.
ഇന്ത്യയിലെ കാര്യംതന്നെയെടുക്കുക. ഭാര്യയോ ഭര്‍ത്താവോ വ്യഭിചാരിണികളാണെന്ന് തെളിയിക്കുക മാത്രമാണ് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹമോചനത്തിനുള്ള ഏകമാര്‍ഗം. മോചനം കൊതിക്കുന്നവര്‍ മറ്റേ പാതിയെ വ്യഭിചാരിയാക്കുന്നതിനുവേണ്ട സാഹചര്യങ്ങളുണ്ടാക്കുന്നു. ഈ സാഹചര്യങ്ങളിലും പിടിച്ചുനില്‍ക്കുന്നവരെ വ്യഭിചാരികളെന്ന് മുദ്രകുത്താനാവശ്യമായ തെളിവുകള്‍ ഉണ്ടാക്കുന്നു. അഭിഭാഷകന്റെ വാക്ചാതുരി അനുസരിച്ച് കോടതിമുറികളില്‍ വെച്ച് സദ്വൃത്തരായ സ്ത്രീ -പുരുഷന്മാര്‍ വ്യഭിചാരികളായി മുദ്രയടിക്കപ്പെടും. കോടതിയുടെ കടമ്പ കടന്നിട്ടും തന്റെ ഇച്ഛ സാക്ഷാത്കരിക്കപ്പെട്ടില്ലെങ്കില്‍ ഗ്യാസ് സ്റ്റൌ പൊട്ടിത്തെറിച്ചും ഭക്ഷ്യവിഷബാധ വഴിയും പ്രശ്നത്തിന് ‘പരിഹാര’മുണ്ടാക്കുന്നു. ഇത്തരമൊരവസ്ഥ ഒരിക്കലും സംജാതമായിക്കൂടായെന്ന് ഖുര്‍ആനിന് നിര്‍ബന്ധമുണ്ട്. അത് പ്രദാനം ചെയ്യുന്ന വിവാഹമോചന നിയമങ്ങള്‍ ഒരേസമയം കര്‍ക്കശവും അയഞ്ഞതുമായി നമുക്ക് അനുഭവപ്പെടുന്നത് അതുകൊണ്ടാണ്.
കുടുംബത്തിനകത്ത് നിലനില്‍ക്കേണ്ട കരുണയും സമാധാനവും നിയമത്തിന്റെ ഇരുമ്പുലക്ക ഉപയോഗിച്ചുകൊണ്ട് നടപ്പാക്കേണ്ടതല്ല. രണ്ടു മന നസ്സുകളെ കൂട്ടിയിണക്കുന്ന സ്നേഹത്തില്‍നിന്നാണ് അവ ഉത്ഭൂതമാകുന്നത്. ഹൃദയങ്ങള്‍ തമ്മില്‍ അകന്നാല്‍ നിയമം മാത്രമുപയോഗിച്ചുകൊണ്ട് അവയെ കൂട്ടിയോജിപ്പിക്കുവാന്‍ ശ്രമിക്കുന്നത് വ്യര്‍ഥമാണ്. സ്നേഹ ദാരിദ്യ്രത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി അവയെ ചികില്‍സിക്കുകയാണാവശ്യം. കുടുംബത്തിനകത്ത് വിള്ളലുകളുണ്ടാകുമ്പോള്‍ ഈ ചികില്‍സയാണ് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നത്. ഇത്തരം ചികില്‍സകളെല്ലാം പരാജയപ്പെടുമ്പോള്‍ മാത്രമേ വിവാഹമോചനമാകാവൂ എന്നതാണ് ഖുര്‍ആനിന്റെ കാഴ്ചപ്പാട്. അത്തരമൊരവസ്ഥയില്‍ മോചനമല്ലാത്ത മറ്റു പരിഹാരങ്ങളെല്ലാം പലപ്പോഴും പ്രശ്നങ്ങളെ തീവ്രമാക്കുകയും അനിഷ്ടസംഭവങ്ങളില്‍ എത്തിക്കുകയുമാണ് ചെയ്യുക. അത്തരം അനിഷ്ട സംഭവങ്ങള്‍ പുരുഷനേക്കാള്‍ അധികം നഷ്ടമുണ്ടാക്കുക സ്ത്രീക്കാണ്. അതുകൊണ്ടുതന്നെ  അനിവാര്യ സാഹചര്യങ്ങളില്‍ വിവാഹമോചനമനുവദിക്കുക വഴി ഖുര്‍ആ ന്‍ സ്ത്രീയെ സംരക്ഷിക്കുകയാണ്, പ്രയാസപ്പെടുത്തുകയല്ല യഥാര്‍ഥത്തി ല്‍ ചെയ്തിരിക്കുന്നതെന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം പറയാനാകും. ആനുകാലിക സംഭവങ്ങള്‍ നല്‍കുന്ന പാഠവും അതുതന്നെയാണല്ലോ.

This entry was posted in ഖുര്‍ആനും സ്ത്രീകളും. Bookmark the permalink.

Leave a Reply

Your email address will not be published.