സ്ത്രീയെ അടിക്കുവാന്‍ പുരുഷന് ഖുര്‍ആന്‍ അനുവാദം നല്‍കുന്നുണ്ടല്ലോ. ഇത് അവളോടുള്ള അവഹേളനമല്ലേ?

കുടുംബമെന്ന സ്ഥാപനത്തിലെ രണ്ട് പാതികളാണ് പുരുഷനും സ്ത്രീയും. എന്നാല്‍, സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത്. സ്ഥാപനം തകരാതെ സൂക്ഷിക്കേണ്ടത് അവന്റെ ബാധ്യതയാണ്. ഇതിനുവേണ്ടി പരമാവധി പരിശ്രമിക്കണമെന്ന് ഖുര്‍ആന്‍ പുരുഷനോട് നിഷ്കര്‍ഷിക്കുന്നു. അതിനുവേണ്ടിയുള്ള നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സൂക്തം ശ്രദ്ധിക്കുക:
“അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അച്ചടക്കമുള്ളവരും അല്ലാഹു കാത്തത് മറവിലും കാത്തുസൂക്ഷിക്കുന്നവളുമാണ്. അച്ചടക്കരാഹിത്യം നിങ്ങ ള്‍ ഭയപ്പെടുന്ന സ്ത്രീകളെ നിങ്ങള്‍ ശാസിക്കുക; കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക; അവരെ അടിക്കുകയും ചെയ്യുക. എന്നിട്ട് അവര്‍ നിങ്ങളെ അനുസരിക്കുന്നപക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ യാതൊരു മാര്‍ഗവും തേടരുത്” (4:34).
ഈ സൂക്തത്തില്‍ അച്ചടക്കരാഹിത്യത്തെക്കുറിച്ച് പറയുന്നത് നല്ല സ്ത്രീ ആരാണെന്ന് നിര്‍വചിച്ചതിനുശേഷമാണ്. “അച്ചടക്കമുള്ളവളും അല്ലാഹു കാത്തത് മറവിലും കാത്തുസൂക്ഷിക്കുന്നവളും” ആണ് ഖുര്‍ആനിക വീക്ഷണത്തിലെ നല്ല സ്ത്രീ. കുടുംബത്തിന്റെ ഭദ്രതയ്ക്കും സമൂഹത്തിന്റെ ധാര്‍മികതക്കും സ്ത്രീകളില്‍ ഈ സ്വഭാവങ്ങള്‍ ആവശ്യമാണ്. അവള്‍ അച്ചടക്കമുള്ളവളായിരിക്കണം. അതോടൊപ്പംതന്നെ അല്ലാഹു കാത്തത് മറവിലും സംരക്ഷിക്കുന്നവളുമായിരിക്കണം.
ഭര്‍ത്താവിനോട് കയര്‍ക്കുകയും അയാള്‍ പറയുന്നതിനോടെല്ലാം എതിരു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭാര്യയുമൊത്തുള്ള ജീവിതം സഹിക്കാന്‍ എത്ര പേര്‍ക്ക് കഴിയും? പരസ്പരം പിണങ്ങിയും ശണ്ഠ കൂടിയും നിലനില്‍ക്കുന്ന കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥയെന്തായിരിക്കും? അത്തരമൊരു അവസ്ഥയുണ്ടാകുവാന്‍ പാടില്ലെന്ന് ഖുര്‍ആന്‍ നിഷ്കര്‍ഷിക്കുന്നു. ഭാര്യയില്‍നിന്ന് ഭര്‍ത്താവിന് മാത്രം അര്‍ഹതപ്പെടുന്ന പലതുമുണ്ട്. അവ അയാളുടെ സാന്നിധ്യത്തില്‍ അയാള്‍ക്ക് നല്‍കുകയും അസാന്നിധ്യത്തില്‍ മറ്റു പലര്‍ക്കും നല്‍കുകയും ചെയ്യുക നല്ല സ്ത്രീയുടെ സ്വഭാവമല്ല. ഭര്‍ത്താവിന് മാത്രം അവകാശപ്പെട്ട ഒരു നോട്ടമോ വാക്കോ പോലും അവളില്‍നിന്ന് അന്യര്‍ക്കായി ഉണ്ടായിക്കൂടാ. അതുണ്ടാവുന്നത് കുടുംബത്തിന്റെ തകര്‍ച്ചക്ക് കാരണമാവും. ഒരു കാരണവശാലും അത്തരമൊരു തകര്‍ച്ചയുണ്ടാവരുത്. ഖുര്‍ആനികമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഈയൊരു ലക്ഷ്യത്തോടുകൂടിയുള്ളവയാണ്.
കുടുംബത്തിന്റെ തകര്‍ച്ചക്ക് നിമിത്തമായേക്കാവുന്ന അച്ചടക്കരാഹിത്യത്തെ മുളയിലേ നുള്ളിക്കളയണമെന്നാണ് ഖുര്‍ആനിന്റെ അനുശാസന. അത് പരമകാഷ്ഠ പ്രാപിച്ച് ധിക്കാരത്തിന്റെ പാരമ്യത്തിലെത്തുന്നതുവരെ കാത്തിരിക്കുന്നത് കുടുംബമെന്ന സ്ഥാപനം പൊട്ടിപ്പിളരുന്നതിന് കാരണമാവും. ആ തലത്തിലെത്തിയാല്‍ പിന്നെ ചികില്‍സകള്‍ ഫലിക്കുകയില്ല. ശാന്തിയും സമാധാനവും തകര്‍ന്ന് സര്‍വനാശത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന കുടുംബത്തില്‍ ജീവിക്കുന്ന കുട്ടികളുടെ സ്ഥിതി പരിതാപകരമായിരിക്കും. അതിനാല്‍ അച്ചടക്കരാഹിത്യത്തിന്റെ ലക്ഷണങ്ങള്‍ വളരെ വിദൂരത്തുതന്നെ പ്രത്യക്ഷമായിത്തുടങ്ങിയാല്‍ കുടുംബത്തെ നാശത്തി ല്‍നിന്നു രക്ഷിക്കുവാന്‍ ക്രമപ്രവൃദ്ധമായ ചില നടപടികളാവശ്യമാണ്.  അങ്ങനെയുള്ള സന്ദര്‍ഭത്തില്‍ അച്ചടക്കരാഹിത്യം ഇല്ലാതാക്കുന്നതിനുവേണ്ടി ചില നടപടികള്‍ കൈക്കൊള്ളുവാന്‍  പുരുഷനെ ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഈ നടപടികള്‍ നിന്ദിക്കുന്നതിനോ പ്രതികാരം ചെയ്യുന്നതിനോ വേണ്ടിയുള്ളതല്ല. പ്രത്യുത, സംസ്കരണത്തിനും അച്ചടക്കരാഹിത്യം ഇല്ലാതാക്കുന്നതിലൂടെ ഐക്യപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാകുന്നു.
ഖുര്‍ആന്‍ നിര്‍ദേശിക്കുന്ന പ്രസ്തുത നടപടിക്രമം ഇങ്ങനെയാണ്: “ശാസിക്കുക, കിടപ്പറയില്‍ അവളെ ബഹിഷ്കരിക്കുക, പിന്നെ അവളെ അടിക്കുക”.
അച്ചടക്കമില്ലാത്ത സ്ത്രീയെ ആദ്യം ശാസിക്കുകയാണ് വേണ്ടത്. അവളുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഇഹത്തിലും പരത്തിലുമുണ്ടാകുവാന്‍ പോകുന്ന പ്രതിഫലനങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുക. പെണ്ണിന്റെ പ്രത്യേകമായ സ്വഭാവങ്ങളാല്‍ സംഭവിച്ചുപോയ പാകപ്പിഴവുകളാണെങ്കില്‍ തിരുത്തുവാന്‍ ഉപദേശം ഫലം ചെയ്യും.
ശാസനയും ഉപദേശവും ഫലം ചെയ്യാത്ത സ്ഥിതിയുണ്ടാവാം. ഭര്‍ത്താവിന്റെ സ്നേഹവായ്പോടെയുള്ള ശാസനയും വികാരസാന്ദ്രമായ ഉപദേശവും ഫലം ചെയ്യാതിരിക്കുന്നതിന് കാരണം പലപ്പോഴും അഹങ്കാരമായിരിക്കും. സൌന്ദര്യത്തിന്റെയും ധനത്തിന്റെയും കുടുംബ മാഹാത്മ്യത്തിന്റെയും പേരിലുള്ള അഹന്ത. ഇവിടെയാണ് രണ്ടാമത്തെ നടപടിക്രമം വരുന്നത്. കിടപ്പറയില്‍ അവളെ ബഹിഷ്കരിക്കുക. ആകര്‍ഷണത്തിന്റെയും പ്രലോഭനത്തിന്റെയും കേന്ദ്രമാണ് കിടക്ക. അച്ചടക്കമില്ലാത്ത അഹങ്കാരിയായ സ്ത്രീയുടെ അധീശത്വത്തിന്റെ ഉച്ചകോടി അവിടെയാണല്ലോ. അവിടെ അവള്‍ ബഹിഷ്കരിക്കപ്പെടുകയെന്നു പറഞ്ഞാല്‍ അവളുടെ അഹന്തയെ പുല്ലുവില പോലും കല്‍പിക്കാതെ പുച്ഛിച്ചുതള്ളുന്നുവെന്നര്‍ ഥം. അച്ചടക്കമില്ലാത്ത സ്ത്രീയുടെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധത്തിനെതിരെയുള്ള ശക്തമായ നടപടി. ഈ നടപടിക്കു മുതിരുന്ന പുരുഷന് അപാ രമായ നിയന്ത്രണവും നിശ്ചയദാര്‍ഢ്യവുമാവശ്യമാണ്. ഏതൊരു അഹങ്കാരിയെയും ചിന്തിപ്പിക്കുന്ന രാത്രികളായിരിക്കും അത്. എന്തിന്റെ പേരിലാണോ താന്‍ അധീശത്വം നടിച്ചിരുന്നത് അത് തന്റെ ഇണയ്ക്ക് ആവശ്യമില്ലെന്ന രീതിയിലുള്ള ബഹിഷ്കരണം സ്ത്രീയുടെ മനസ്സ് മാറ്റുകതന്നെ ചെയ്യും.
ബഹിഷ്കരണവും പരാജയപ്പെടുന്ന സന്ദര്‍ഭങ്ങളിലും കുടുംബത്തെ തകരാന്‍ അനുവദിക്കരുതെന്നാണ് ഖുര്‍ആനിന്റെ അനുശാസന. ശാസനകള്‍ ഫലിക്കാതിരിക്കുകയും ശയ്യാബഹിഷ്കരണം വിജയിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യം വളരെ വിരളമായിരിക്കും. അത്തരം സാഹചര്യങ്ങളുണ്ടാവുകയാണെങ്കില്‍ അവിടെ അച്ചടക്കരാഹിത്യം അതിന്റെ പരമകാഷ്ഠയിലെത്തിയിരിക്കും. ചെറിയ ശിക്ഷകളല്ലാതെ ഇനി മാര്‍ഗങ്ങളൊന്നുമില്ല.
അടുത്ത മാര്‍ഗമെന്ന നിലയ്ക്കാണ് ഖുര്‍ആന്‍ ‘പ്രഹരം’ നിര്‍ദേശിക്കുന്നത്. സമാധാനപരമായ മാര്‍ഗങ്ങളെല്ലാം പരാജയപ്പെടുമ്പോള്‍ ഒരു കരുതല്‍ നടപടിയെന്ന നിലയില്‍ നിര്‍ദേശിക്കപ്പെട്ടതാണ് അവളെ അടിയ്ക്കുകയെന്നത്. സാധാരണ ഗതിയില്‍ സ്ത്രീയെ അടിക്കുന്നതിനെതിരെ ശക്തമായി സംസാരിച്ചിട്ടുള്ള വ്യക്തിയാണ് മുഹമ്മദ്(സ). “ഭാര്യമാരെ അടിക്കുന്നവര്‍ മാന്യന്മാരല്ല” (അബൂദാവൂദ്, ഇബ്നുമാജ) എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അദ്ദേഹം ചോദിച്ചു: “നാണമില്ലേ നിങ്ങള്‍ക്ക്? അടിമയെ അടിക്കുന്നതുപോലെ സ്വന്തം ഭാര്യയെ അടിക്കാന്‍; പിന്നെ അവളോടൊത്ത് ശയിക്കാനും” (മുസ്ലിം, അഹ്മദ്). “നിങ്ങളില്‍ ഭാര്യമാരോട് നന്നായി പെരുമാറുന്നവരാണ് ഏറ്റവും നല്ലവന്‍” (ബുഖാരി,തുര്‍മുദി) എന്നു പഠിപ്പിച്ച പ്രവാചകനിലൂടെ അവതീര്‍ണമായ ഖുര്‍ആന്‍ വെറുതെ സ്ത്രീയെ അടിക്കണമെന്ന് കല്‍പിക്കുകയില്ലെന്നുറപ്പാണ്.
വലിയ തിന്മയില്ലാതാക്കുവാനുള്ള ശിക്ഷണമായി, മറ്റു മാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോഴുള്ള അവസാന മാര്‍ഗമായിട്ടാണ് ഖുര്‍ആന്‍ അടി നിര്‍ദേശിക്കുന്നത്. അതുതന്നെ അവള്‍ക്ക് അഭിമാനക്ഷതമുണ്ടാകുന്ന രീതിയില്‍ മുഖത്തോ മറ്റോ ആകരുതെന്ന് പ്രവാചകന്‍ (സ) പ്രത്യേകം നിര്‍ദേശിച്ചിട്ടു മുണ്ട്. സ്ത്രീയെ നിന്ദിക്കുവാനോ അപമാനിക്കുവാനോ വേണ്ടിയല്ല, പ്രത്യുത നന്നാക്കുന്നതിനും സംസ്കരിക്കുന്നതിനും വേണ്ടിയുള്ള അവസാന ത്തെ മാര്‍ഗമെന്ന നിലയ്ക്കാണ് ഖുര്‍ആന്‍  അടി നിര്‍ദേശിക്കുന്നത്. പിതാവ് മക്കളെ അടിക്കുന്നതുപോലെ, അധ്യാപകന്‍ വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്നതുപോലെ, ഒരു പരിശീലകന്റെ വികാരത്തോടെയുള്ള ശിക്ഷണമാണത്. എപ്പോഴും സ്നേഹം നല്‍കുകയും തന്റെ സ്നേഹപ്രകടനങ്ങള്‍ക്ക് പാത്രമാവുകയും ചെയ്യുന്ന തന്റെ ഇണയുടെ പ്രഹരം അവളെ വീണ്ടു വിചാരത്തിനും ഖേദപ്രകടനത്തിനും അങ്ങനെ തെറ്റുതിരുത്തലിനും പ്രേരകമാക്കിയേക്കാം. അങ്ങനെ തകര്‍ച്ചയുടെ വക്കിലെത്തിനില്‍ക്കുന്ന കുടുംബം തകരാതെ രക്ഷപ്പെടാനിടയുണ്ട്. ഈ ശിക്ഷണത്തിന്റെ ആത്യന്തിക ലക്ഷ്യം കുടുംബമെന്ന സ്ഥാപനത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷിക്കുകയാണെന്നര്‍ഥം.

This entry was posted in ഖുര്‍ആനും സ്ത്രീകളും. Bookmark the permalink.

Leave a Reply

Your email address will not be published.