എന്താണ് ഖുര്‍ആന്‍?

സ്രഷ്ടാവും സംരക്ഷകനുമായ തമ്പുരാനില്‍നിന്ന് മാനവരാശിക്ക് അവതരിപ്പിക്കപ്പെട്ട അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അന്തിമ പ്രവാചകനായ മുഹമ്മദി(സ)ലൂടെയാണ് അത് ലോകം ശ്രവിച്ചത്. അവസാനത്തെ മനുഷ്യന്‍ വരെ സകലരും സ്വീകരിക്കേണ്ട ദൈവിക ഗ്രന്ഥമാണത്.
‘ഖുര്‍ആന്‍’ എന്ന പദത്തിന് ‘വായന’ എന്നും ‘വായിക്കപ്പെടേണ്ടത്’ എന്നും ‘വായിക്കപ്പെടുന്നത്’ എന്നും അര്‍ഥമുണ്ട്. ‘വായിക്കപ്പെടുന്ന രേഖ’ എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ തന്നെ ഈ പദം പ്രയോഗിക്കപ്പെട്ടിട്ടു ണ്ട്.(13:31) മുമ്പുള്ള വേദഗ്രന്ഥങ്ങളെപ്പോലെ നിയമസംഹിതയോ (തൌറാത്ത്) സങ്കീര്‍ത്തനങ്ങളോ (സബൂര്‍), സുവിശേഷ വര്‍ത്തമാനങ്ങളോ (ഇന്‍ജീല്‍) മാത്രമല്ല ഖുര്‍ആന്‍. അതിലെ ഓരോ പദവും  അന്ത്യനാളുവരെയുള്ള കോടിക്കണക്കിന് സത്യവിശ്വാസികളാല്‍ ആവര്‍ത്തിച്ച് വായിക്കപ്പെടുകയും അവരുടെ ഹൃദയാന്തരാളങ്ങളില്‍ കൊത്തിവെച്ച് സ്വജീവിതം അത നുസരിച്ച് വാര്‍ക്കപ്പെടുകയും ചെയ്യേണ്ടതുള്ളതിനാലായിരിക്കാം അന്തിമവേദം ഖുര്‍ആന്‍ എന്ന് നാമകരണം ചെയ്യപ്പെട്ടത്. യഥാര്‍ഥ കാരണം അത് അവതരിപ്പിച്ച നാഥന് മാത്രമേ അറിയൂ.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം സത്യാസത്യ വിവേചന ത്തിനുള്ള മാനദണ്ഡമാണ് ഖുര്‍ആന്‍. അതില്‍ കല്‍പിച്ചതെല്ലാം നന്മയും അതില്‍ നിരോധിച്ചതെല്ലാം തിന്മയുമാണെന്ന് അവന്‍ മനസ്സിലാക്കുന്നു. ഖുര്‍ആന്‍ സ്വയം പരിചയപ്പെടുത്തുന്നത് ‘ഫുര്‍ഖാന്‍’ എന്നാണ് (2:53, 2:185, 3:4, 25:1) ‘സത്യാസത്യവിവേചകം’ എന്നര്‍ഥം.

കിതാബ് (ഗ്രന്ഥം), ദിക്ര്‍ (ഉദ്ബോധനം), നൂര്‍ (പ്രകാശം), ഹുദാ (സന്മാര്‍ഗം), ബുര്‍ഹാന്‍ (തെളിവ്), ശിഫാ (ശമനം), ഖയ്യിം (അവക്രമായത്), മുഹൈമിന്‍(പൂര്‍വവേദങ്ങളിലെ അടിസ്ഥാനാശയങ്ങളെ സംരക്ഷിക്കുന്നത്) തുടങ്ങിയ വിശേഷണങ്ങളിലൂടെയും ഖുര്‍ആന്‍ സ്വയം പരിചയ പ്പെടുത്തുന്നുണ്ട്. ഇവയിലൂടെ ഖുര്‍ആനിന്റെ ധര്‍മത്തെക്കുറിച്ച വ്യക്ത മായ ചിത്രം അനുവാചകനു ലഭിക്കുന്നുണ്ട്.

This entry was posted in ഖുര്‍ആനെ കുറിച്ച്. Bookmark the permalink.