‘വേദഗ്രന്ഥം’ എന്നതുകൊണ്ടുള്ള വിവക്ഷയെന്താണ്?

‘വേദം’ ഒരു സംസ്കൃത പദമാണ്. അറിവ്, വിദ്യ എന്നൊക്കെയാണ് ഈ പദത്തിനര്‍ഥം. വേദാന്തദര്‍ശന പ്രകാരം വേദം ശ്രുതിയാണ്. പടച്ചത മ്പുരാനില്‍ നിന്ന് ഋഷിമാര്‍ ശ്രവിച്ച വചനങ്ങളാണ് വേദത്തിന്റെ ഉള്ളടക്ക മെന്നാണ് വിശ്വാസം. ‘പരമപുരുഷനില്‍നിന്നാണ് വേദം ഉല്‍പന്നമായത്’ എന്നാണ് ഋഗ്വേദം (10:90:9) പറയുന്നത്. ഏതായിരുന്നാലും ദൈവികഗ്രന്ഥം എന്ന അര്‍ഥത്തിലാണ് ‘വേദം’ എന്ന പദം ഇന്ത്യയില്‍ വ്യവഹരിക്കപ്പെട്ടു പോന്നിട്ടുള്ളത്. ഇന്ത്യയില്‍ പ്രചരിപ്പിക്കപ്പെട്ട സെമിറ്റിക് മതങ്ങളുടെ അനുയായികളും കാലാന്തരത്തില്‍ തങ്ങളുടെ മതഗ്രന്ഥങ്ങളെ വേദങ്ങള്‍ എന്നു വിശേഷിപ്പിക്കുകയാണുണ്ടായത്.
വേദഗ്രന്ഥം എന്ന അര്‍ഥത്തില്‍ ഖുര്‍ആന്‍ പ്രയോഗിക്കുന്നത് ‘അല്‍ കിതാബ്’ എന്ന പദമാണ്. ഗ്രന്ഥം (the scripture) എന്നര്‍ഥം. പ്രവാചകന്മാ ര്‍ക്ക് പടച്ചതമ്പുരാന്‍ അവതരിപ്പിച്ച ദിവ്യവെളിപാടുകളാണ് വേദഗ്രന്ഥത്തിന്റെ ഉള്ളടക്കമെന്നാണ് ഖുര്‍ആനിക വീക്ഷണം. ദിവ്യ വെളിപാടുകള്‍ക്കാണ് ‘വഹ്യ്’ എന്നു പറയുന്നത്. വേദഗ്രന്ഥത്തില്‍ ‘വഹ്യ്’ മാത്രമേയുണ്ടാവൂ. എന്നാല്‍, ഒരു പ്രവാചകന് ലഭിക്കുന്ന എല്ലാ വഹ്യും വേദഗ്രന്ഥത്തില്‍  ഉള്‍ക്കൊള്ളിക്കണമെന്നില്ല. വേദഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിക്കണമെന്ന നിര്‍ദേശത്തോടെ ലഭിക്കുന്ന ‘വഹ്യ്’ ആണ് അതില്‍ ഉള്‍ക്കൊള്ളിക്കുന്നത്.

This entry was posted in ഖുര്‍ആനെ കുറിച്ച്. Bookmark the permalink.