ആധുനിക ജനാധിപത്യത്തിന് കീഴിലുള്ള സ്ത്രീപുരുഷ സമത്വമല്ലേ ഖുര്‍ആനിക വീക്ഷണത്തേക്കാള്‍ കരണീയമായിട്ടുള്ളത്?

മനുഷ്യരക്ഷയ്ക്കുതകുന്ന ശാശ്വതമൂല്യങ്ങള്‍ നല്‍കുവാന്‍ ജനാധിപത്യം ശക്തമാണോ? ഭൂരിപക്ഷത്തിന്റെ ആധിപത്യമാണ് പ്രായോഗിക തലത്തില്‍ ജനാധിപത്യം എന്നതാണ് വസ്തുത. ഒരു സമൂഹത്തിലെ ഭൂരിപക്ഷത്തിന് ജനജീവിതത്തില്‍ പാലിക്കപ്പെടേണ്ട നിയമങ്ങളാവിഷ്കരിക്കാ ന്‍ കഴിയുമോ? വിവാഹത്തിന് മുമ്പുതന്നെ യുവതീയുവാക്കന്മാര്‍ പരസ്പരം അടുത്തറിയുകയും അടുത്തിടപഴകുകയും അടുത്തുറങ്ങുകയും ചെയ്യുന്ന ഡേറ്റിംഗ്  സമ്പ്രദായം യൂറോപ്പിലെയും അമേരിക്കയിലെയും അധിക ജനങ്ങളും അംഗീകരിക്കുന്നു. പ്രസ്തുത അംഗീകാരത്തിന്റെ അതിരുകവിച്ചിലാണല്ലോ ആ സമൂഹത്തെ എയ്ഡ്സ് പോലെയുള്ള മാരകരോഗങ്ങള്‍ക്കും ഒട്ടനവധി മാനസികപ്രശ്നങ്ങള്‍ക്കും അടിമയാക്കിയത്. പാശ്ചാത്യമൂല്യങ്ങള്‍ പിന്‍തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോകരാഷ്ട്രങ്ങളില്‍ വളര്‍ന്നുവന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെയും ലൈംഗിക രോഗങ്ങളുടെയും കാരണം സാന്മാര്‍ഗിക ദര്‍ശനന ത്തിന് ജനാധിപത്യത്തെ ആശ്രയിച്ചതാണെന്നുള്ളതാണ് വാസ്തവം. മനുഷ്യര്‍ എങ്ങനെ ജീവിക്കണമെന്ന് പഠിപ്പിക്കേണ്ടത് മനുഷ്യനെ സൃഷ്ടിച്ച ദൈവംതമ്പുരാന്‍തന്നെയാണെന്നുള്ള വസ്തുതയാണ് ഇവിടെ വ്യക്തമാകുന്നത്.
ആധുനിക ജനാധിപത്യമെന്നു പറഞ്ഞാല്‍ എന്താണ്? മുതലാളിത്തത്തിന്  കൊടുത്ത ഒരു പുതിയ പേരല്ലാതെ മറ്റൊന്നുമല്ല അത്. മു തലാളിത്ത ലോകത്ത് സ്ത്രീയും പുരുഷനും തുല്യമല്ലേ? ഓഫീസുകളിലെ സ്ത്രീ-പുരുഷ അനുപാതം മാത്രം നോക്കിക്കൊണ്ട് മറുപടി പറയുന്നവര്‍ക്ക് ‘അതെ’യെന്ന് ഉത്തരം പറയാനായേക്കും. പക്ഷേ, സ്ത്രീയില്‍നിന്ന് പ്രകൃതി ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍നിന്ന് മുതലാളിത്തം അവളെ തടഞ്ഞുനിര്‍ത്തുന്നുവെന്ന വസ്തുത കാണാന്‍ അവര്‍ കൂട്ടാക്കുന്നില്ല. പുരുഷനോടൊപ്പം പണിയെടുക്കുവാനും ശമ്പളം വാങ്ങുവാനും അങ്ങാടിയിലിറങ്ങി നടക്കുവാനും ആധുനിക ജനാധിപത്യത്തിന് സ്ത്രീയോട് പറയാന്‍ കഴിയും. എന്നാല്‍, സ്ത്രീയെപ്പോലെ ഗര്‍ഭം ധരിക്കുവാനും പ്രസവിക്കുവാനും മുലയൂട്ടുവാനും പുരുഷനോട് പറയുവാ ന്‍ ആര്‍ക്കാണ് കഴിയുക? പിതാവാരെന്നറിയാത്ത കുഞ്ഞിനെ പേറുന്ന പെണ്ണിന് ചെലവുകൊടുക്കാന്‍ രാഷ്ട്രത്തോടാവശ്യപ്പെടാന്‍ മുതലാളിത്തത്തിന് കഴിഞ്ഞേക്കും. വയറ്റില്‍ കിടക്കുന്ന കുഞ്ഞിന്റെ പിതാവിന്റെ തലോടലേല്‍ക്കാന്‍ കൊതിക്കുന്ന പെണ്ണിന് സാന്ത്വനമേകാന്‍ ഏതു തത്ത്വശാസ്ത്രത്തിനാണ് കഴിയുക? തന്തയും തള്ളയുമില്ലാത്ത കുഞ്ഞുങ്ങള്‍ക്ക് ‘ബേബിഫുഡു’കള്‍ നല്‍കാന്‍ ഉപഭോഗസംസ്കാരത്തിനാകുമായിരിക്കും. മാതാവിന്റെ ലാളനയും പിതാവിന്റെ സംരക്ഷണവും കൊതിക്കുന്ന കുരുന്നു മനസ്സുകളെ സംതൃപ്തമാക്കാന്‍ ഏതു ടെലിവിഷന്‍ പരസ്യത്തിനാണ് സാധിക്കുക?
സ്ത്രീ-പുരുഷസമത്വം ഒരു മിഥ്യയാണ്; ആധുനിക ജനാധിപത്യം മീഡിയ ഉപയോഗിച്ച് മനുഷ്യമനസ്സുകളില്‍ സന്നിവേശിപ്പിച്ച ഒരു മിഥ്യ. സ്ത്രീക്ക് പുരുഷനെപ്പോലെയാകാന്‍ കഴിയില്ല; പുരുഷന് സ്ത്രീയെപ്പോലെയും. പുരുഷനെപ്പോലെയാകണമെന്ന് പെണ്ണിനെ പഠിപ്പിക്കുന്ന പാശ്ചാത്യ ജനാധിപത്യം സ്ത്രീജീവിതം ദുഃസഹമാക്കുകയാണ് ചെയ്യുന്നത്. അതിലൂടെ കുടുംബത്തെ അത് തകര്‍ക്കുന്നു; സമൂഹത്തിന്റെ ധാര്‍മിക നിലവാരത്തെയും.
മുതലാളിത്തം ലോകത്തെ എന്തിനെയും കാണുന്നത് ഉപഭോഗവസ്തുവായിട്ടാണ്. സ്ത്രീയും പുരുഷനുമൊന്നും അതില്‍നിന്ന് വ്യത്യസ്തരല്ല. അവരുടെ വികാരങ്ങളോ പ്രശ്നങ്ങളോ അതിന് പ്രശ്നമല്ല. അങ്ങാടികളിലേക്കാണ് അത് നോക്കുന്നത്. അവിടത്തെ ക്രയവിക്രയത്തെ സ്നിഗ്ധമാക്കുന്ന വസ്തുക്കളെക്കുറിച്ചു മാത്രമേ അത് ചിന്തിക്കുന്നുള്ളൂ. പെണ്ണിന് മുതലാളിത്തത്തിലുള്ള സ്ഥാനമിതാണ്. അവള്‍ മോഡലാണ്, കാള്‍ ഗേളാണ്, സ്റ്റെനോ ആണ്, സെക്രട്ടറിയാണ്, നര്‍ത്തകിയാണ്, നായികയാണ്, പക്ഷേ, അവളെ ഒരിക്കലും അമ്മയാകാന്‍ മുതലാളിത്തം സമ്മതിക്കില്ല. അമ്മയാകുമ്പോള്‍ അവളുടെ ‘അങ്ങാടി നിലവാരം’  നഷ്ടപ്പെടുമല്ലോ! പിന്നെയവള്‍ വൃദ്ധയായി, വൃദ്ധസദനത്തിലെ അന്തേവാസിയായി മരണത്തിലേക്കുള്ള ദിവസങ്ങള്‍ എണ്ണിക്കഴിയാന്‍ വിധിക്കപ്പെട്ടവള്‍.
ഖുര്‍ആന്‍ ഒരു പ്രായോഗിക ധാര്‍മിക വ്യവസ്ഥിതിയാണ് അവതരിപ്പിക്കു ന്നത്. മനുഷ്യ പ്രകൃതിയുമായി സദാസമരസപ്പെട്ടുപോകുന്ന ഒരു പ്രായോ ഗിക വ്യവസ്ഥിതി. തുടുത്ത കവിളും ചുളിയാത്ത തൊലിയുമുള്ളവള്‍ മാത്ര മല്ല അതിന്റെ വീക്ഷണത്തില്‍ മനുഷ്യന്‍. ഗര്‍ഭസ്ഥശിശുവിനെ മുതല്‍ കുഴി യിലേക്ക് കാലുനീട്ടിയിരിക്കുന്നവരെ (?) വരെ അതു പരിഗണിക്കുന്നു. ശവശരീരത്തോടുപോലും അനീതി ചെയ്യാന്‍ പാടില്ലെന്നാണ് അതിന്റെ നിര്‍ദേശം.
മുതലാളിത്തത്തിന്റെ ഉപഭോഗക്ഷമതാവാദവുമായി
ഖുര്‍ആന്‍ പൊരുത്തപ്പെടുന്നില്ല. സ്ത്രീയെക്കുറിച്ച ഖുര്‍ആനിക വീക്ഷണം ആധുനിക ജനാധിപത്യത്തിന്റെ കാഴ്ചപ്പാടുമായി അന്തരം പുലര്‍ത്തുന്ന പ്രധാനപ്പെട്ട ബിന്ദു ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഖുര്‍ആന്‍ സ്ത്രീയെ ഒരു സാമ്പത്തിക സ്രോതസ്സായി കാണുന്നേയില്ല. അവളെ ഒരു കച്ചവടവസ്തുവായി വീക്ഷിക്കുവാനും അത് സന്നദ്ധമാവുന്നില്ല; അവള്‍ മനുഷ്യാത്മാവിന്റെ പാതിയാണ്; സമൂഹത്തിന്റെ മാതാവും. അവളുടെ മാതൃത്വമാണ് ഇസ്ലാം പ്രഥമമായി പരിഗണിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കേണ്ട ധാര്‍മികതയുടെ അടിസ്ഥാന സ്ഥാപനമായ കുടുംബത്തിന്റെ കെട്ടുറപ്പ് സ്ഥിതിചെയ്യുന്നത് മാതാവിന്റെ മടിത്തട്ടിലാണെന്ന് അത് മനസ്സിലാക്കുന്നു. മാതാവാകുന്ന സ്ത്രീയുടെ പ്രയാസങ്ങളെയും പരിമിതികളെയും കുറിച്ച് ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്ന പടച്ചതമ്പുരാനറിയാം. അവ ഖുര്‍ആന്‍ പരിഗണിക്കുന്നു. കന്യകാത്വത്തിനാണ് -കപടകന്യകാത്വം!- അങ്ങാടി നിലവാരം  കൂടുതലുള്ളതെന്നാണ് മുതലാളിത്തത്തിന്റെ കാഴ്ചപ്പാട്. ഇസ്ലാമിന്റെയും മുതലാളിത്തത്തിന്റെയും മൂല്യ സങ്കല്‍പങ്ങളുടെ അടിസ്ഥാന വ്യത്യാസവും ഇതുതന്നെയാണ്.

This entry was posted in ഖുര്‍ആനും സ്ത്രീകളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍. Bookmark the permalink.

Leave a Reply

Your email address will not be published.