പുരുഷനെയും സ്ത്രീയെയും അധ്വാനിക്കുന്ന വര്‍ഗത്തിലെ തുല്യതയുള്ള രണ്ട് അംഗങ്ങളായിക്കാണുന്ന മാര്‍ക്സിസത്തിന്റെ വീക്ഷണമല്ലേ ഖുര്‍ആനിക ദര്‍ശനത്തേക്കാള്‍ സ്ത്രീക്ക് അഭികാമ്യം?

സ്വകാര്യ സ്വത്താണ് സകലവിധ തിന്മകള്‍ക്കും കാരണമെന്ന അടിസ്ഥാനത്തില്‍നിന്നുകൊണ്ടാണ് മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ തങ്ങളുടെ സിദ്ധാന്തങ്ങള്‍ക്ക് രൂപം നല്‍കിയത്. സ്ത്രീ-പുരുഷബന്ധത്തെയും ഈ അടിസ്ഥാനത്തിലാണ് കമ്യൂണിസം വിലയിരുത്തുന്നത്. ‘മുതലാളിത്ത വ്യവസ്ഥിതിയില്‍ സ്ത്രീ-പുരുഷബന്ധം ചൂഷണാധിഷ്ഠിതമാണ്. ഏകപത്നീസമ്പ്രദായത്തിന്റെ ആരംഭംതന്നെ സ്വകാര്യ സ്വത്ത് സംരക്ഷണത്തിനുവേണ്ടിയായിരുന്നു. സ്വകാര്യ സ്വത്ത് ഉന്മൂലനം ചെയ്യപ്പെടുന്നതോടെ മനു ഷ്യര്‍ സകലവിധ തിന്മകളില്‍നിന്നും മുക്തമാവും’. ഇതാണ് കമ്യൂണിസ ത്തിന്റെ വിലയിരുത്തല്‍. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ വരാന്‍ പോകുന്ന കുടുംബബന്ധത്തിന്റെ അവസ്ഥയെക്കുറിച്ച് മാര്‍ക്സിസ്റ്റ് വിലയിരുത്തലില്‍നിന്ന് സ്ത്രീയെക്കുറിച്ച കമ്യൂണിസ്റ്റ് വീക്ഷണമെന്തെന്ന് നമുക്ക് മനസ്സിലാവും.
‘ഹിന്ദു മുസ്ലിം ക്രിസ്ത്യനാദി വ്യത്യാസമില്ലാതെ സ്ത്രീ-പുരുഷന്മാരെല്ലാം അവരവര്‍ക്ക് പറ്റുന്ന ജോലിയിലും ഉദ്യോഗത്തിലും ഏര്‍പ്പെടുക, അവരവര്‍ക്ക് ഇഷ്ടമുള്ള ഇണയെ തെരഞ്ഞെടുത്ത് ഇഷ്ടമുള്ള കാലത്തോളം ദാമ്പത്യജീവിതം നയിക്കുക, ദമ്പതിമാരില്‍ ആര്‍ക്കെങ്കിലും ഇഷ്ടമില്ലാതെ വന്നാല്‍ വിവാഹമോചനം നടത്തുക, ഇഷ്ടമുണ്ടെങ്കില്‍ പുതിയ ഇണ യെ കണ്ടെത്തി മറ്റൊരു ദാമ്പത്യത്തിലേര്‍പ്പെടുക ഈ സ്ഥിതി കൈവരു ത്തുന്നതിനുവേണ്ടിയാണ് ആധുനിക ജനാധിപത്യവും അതിന്റെ ഉന്നതരൂപമായ സോഷ്യലിസവും പ്രവര്‍ത്തിക്കുന്നത്’ (ഇ.എം.എസ്: ചോദ്യങ്ങള്‍ക്ക് മറുപടി, ചിന്ത വാരിക 1983 നവംബര്‍ 25)
ഉല്‍പാദന ബന്ധങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ മനുഷ്യനെ വില യിരുത്തുന്ന മാര്‍ക്സിസ്റ്റ് സമ്പ്രദായം കുടുംബവ്യവസ്ഥയെയും ധാര്‍മിക മൂല്യങ്ങളെയുമെല്ലാം ചൂഷണവ്യവസ്ഥയുടെ ഉപോല്‍പന്നമായാണ് ഗണിക്കുന്നത്. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും സ്വതന്ത്രരായ, യാതൊരു രീതിയിലുമുള്ള പാരസ്പര്യവുമില്ലാത്ത രണ്ടു വ്യക്തികളാണെന്ന വീ ക്ഷണത്തില്‍നിന്നാണ് മുകളില്‍ പറഞ്ഞ കമ്യൂണിസ്റ്റ് കാഴ്ചപ്പാടിന്റെ ഉല്‍പത്തി. സമൂഹത്തില്‍ നിലനില്‍ക്കല്‍ അനിവാര്യമായ സ്ഥാപനമാണ് കുടുംബമെന്ന വസ്തുത മാര്‍ക്സിസ്റ്റ് ധൈഷണികന്മാര്‍ പരിഗണിച്ചിട്ടേയില്ല. കുടുംബത്തില്‍ സ്ത്രീയുടെയും പുരുഷന്റെയും ധര്‍മങ്ങള്‍ വ്യത്യസ്തവും അതേസമയം, പരസ്പരം പൂരകവുമാണെന്ന  വസ്തുതയും അവര്‍ കാണാന്‍ കൂട്ടാക്കുന്നില്ല. സംഘട്ടനത്തിലൂടെ പുരോഗതിയെന്ന മാര്‍ക്സിസ്റ്റ് വൈരുധ്യാത്മകതയുടെ ആദര്‍ശത്തിനെതിരാണല്ലോ സ്ത്രീ-പുരുഷ പാരസ്പര്യമെന്ന ആശയം. സ്ത്രീയെ പുരുഷനെപ്പോലെ ജോലി ചെയ്യുന്ന വളാക്കുന്നതും രണ്ടുപേരുടെയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് ഇണകള്‍ മാറിവരണമെന്ന് സിദ്ധാന്തിക്കുന്നതും ഈയൊരു കാഴ്ചപ്പാടിന്റെ പരിമിതി കൊണ്ടാണ്.
പ്രകൃത്യാതന്നെയുള്ള സ്ത്രീ-പുരുഷ വ്യത്യാസമോ വികാരങ്ങളിലുള്ള വ്യതിരിക്തതയോ പരിഗണിക്കാന്‍ മാര്‍ക്സിസത്തിന് കഴിയുന്നില്ല. തൊഴിലിന്റെ അടിസ്ഥാനത്തിലാണ് അത് സ്ത്രീയെ അളക്കുന്നത്. അവളിലെ അമ്മയെ കാണാന്‍ അത് കൂട്ടാക്കുന്നേയില്ല. അവളുടെ അബലതകളെയും പ്രയാസങ്ങളെയും അതു പരിഗണിക്കുന്നില്ല. അവള്‍ക്ക് താങ്ങായി വര്‍ത്തിക്കേണ്ടവനാണ് പുരുഷനെന്ന വസ്തുത അതിന് ഉള്‍ക്കൊള്ളാനാവുന്നില്ല.
ചുരുക്കത്തില്‍, സ്ത്രീയുടെ പേശീബലത്തിന്റെ അടിസ്ഥാനത്തിലാണ് മാര്‍ക്സിസം അവളെ അളക്കുന്നത്. അതിനു കാരണമുണ്ട്. രണ്ടു പുരുഷ ന്മാരുടെ മസ്തിഷ്കത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട ദര്‍ശനമാണല്ലോ അത്. (മാര്‍ക്സിന്റെ ഭാര്യ ജെന്നിയുടെയോ വെപ്പാട്ടി ഹെലനയുടെയോ സ്വാധീനം അല്‍പം പോലും മാക്സിസ്റ്റ് ദര്‍ശനത്തിന്റെ രൂപീകരണത്തിലുണ്ടായിട്ടില്ല). അവരാണെങ്കില്‍ ഉല്‍പാദനബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ലോകത്തെ എല്ലാ കാര്യങ്ങളെയും നോക്കിക്കണ്ടവരുമാണ്. അതുകൊണ്ടുതന്നെ സ്ത്രീയെക്കുറിച്ച മാര്‍ക്സിസ്റ്റ് വീക്ഷണത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ ആണ്‍കോയ്മാ വ്യവസ്ഥയുടെ ചുവയുണ്ടെന്നതാണ് വാസ്തവം. പെണ്ണിന്റെ മാത്രം പ്രത്യേകതകളെ കാണാന്‍ അത് തീരെ കൂട്ടാക്കുന്നില്ല.
ഇസ്ലാമാകട്ടെ സ്ത്രീയെക്കുറിച്ച് പറയുമ്പോള്‍ അവളുടെ മാതൃത്വത്തെയാണ് ആദ്യമായി പരിഗണിക്കുന്നത്. സ്ത്രീയുമായി നല്ല നിലയില്‍ വര്‍ത്തിക്കണമെന്നാണ് പുരുഷനോടുള്ള പ്രവാചകന്റെ ഉപദേശം. ‘നിങ്ങ ളില്‍ ഏറ്റവും ഉത്തമന്‍ നിങ്ങളുടെ ഭാര്യമാരോട് നല്ലനിലയില്‍ വര്‍ത്തിക്കുന്നവനാകുന്നു'(ബുഖാരി). ‘സ്ത്രീകളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെ ന്ന എന്റെ ഉപദേശം നിങ്ങള്‍ സ്വീകരിക്കുക'(ബുഖാരി). സ്ത്രീയുടെ മഹ ത്വമളക്കേണ്ടത് അവളുടെ പേശീബലം നോക്കിയിട്ടല്ല. അവളുടെ പെരുമാറ്റരീതിയുടെ അടിസ്ഥാനത്തിലാണെന്നാണ് മുഹമ്മദി(സ)ന്റെ ഉല്‍ബോധ നം. ‘മനുഷ്യന്റെ ഏറ്റവും മികച്ച വിഭവമാണ് സദ്വൃത്തയായ സ്ത്രീ’ (മുസ്ലിം)യെന്ന് അദ്ദേഹം പറയുകയുണ്ടായി. കുടുംബത്തിന്റെ നായിക യും സമൂഹത്തിന്റെ മാതാവുമാണ് സ്ത്രീ. അവള്‍ക്ക് താങ്ങും തണലുമായിത്തീരുകയാണ് പുരുഷന്‍ വേണ്ടത്. അവളുടെ അബലതകളെ അറിയുകയും അവളുടെ താങ്ങായിത്തീരാന്‍ പുരുഷനെ സജ്ജമാക്കുകയും ചെയ്യു ന്നവയാണ് ഖുര്‍ആനിലെ നിയമങ്ങള്‍. ‘സ്തീകള്‍ക്ക് ബാധ്യതകളുള്ളതുപോലെതന്നെ ന്യായപ്രകാരമുള്ള അവകാശങ്ങളുമുണ്ട്’ (2:228) എന്ന ഖുര്‍ആനിക പ്രസ്താവന ഇക്കാര്യങ്ങളെല്ലാം ദ്യോതിപ്പിക്കുന്നതാണ്. പ്രസ്തുത പ്രസ്താവനയാണ് ഇസ്ലാമിലെ കുടുംബനിയമങ്ങളുടെയെല്ലാം അടിസ്ഥാനം.

This entry was posted in ഖുര്‍ആനും സ്ത്രീകളും, യുക്തിവാദം - ചോദ്യോത്തരങ്ങള്‍. Bookmark the permalink.

Leave a Reply

Your email address will not be published.