പുരുഷനു സ്ത്രീക്കുമേലുള്ള അധീശത്വം അനുവദിച്ചുകൊടുക്കുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടല്ലോ. പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയാണ് ഖുര്‍ആന്‍ എന്നല്ലേ ഇവ വ്യക്തമാക്കുന്നത്?

‘പുരുഷന്മാര്‍ക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട്’ (2:228).
പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു'(4:34).
വിശുദ്ധ ഖുര്‍ആനില്‍ പുരുഷമേധാവിത്തമാരോപിക്കുന്നവര്‍ ഉദ്ധരിക്കാറുള്ള സൂക്തങ്ങളാണിവ. ഈ സൂക്തങ്ങള്‍ അറബികളുടെ ആണ്‍കോയ്മാവ്യവസ്ഥിതിയുടെ ഉല്‍പന്നമാണ് ഖുര്‍ആന്‍ എന്ന് വ്യക്തമാക്കുന്നതായി വാദിക്കപ്പെടുന്നു. എന്നാല്‍, വസ്തുതയെന്താണ്?
ആദ്യം ഉദ്ധരിക്കപ്പെട്ട സൂക്തത്തില്‍ പുരുഷന്‍ സ്ത്രീയുടെ മേല്‍ ‘ഖവ്വാം’ ആണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഒരാളുടെയോ സ്ഥാപനത്തിന്റെ യോ കാര്യങ്ങള്‍ യഥോചിതം കൊണ്ടുനടക്കുകയും മേല്‍നോട്ടം വഹിക്കുകയും അതിനാവശ്യമായത് സജ്ജീകരിക്കുകയും ചെയ്യുന്ന വ്യക്തിക്കാണ് അറബിയില്‍ ‘ഖവ്വാം’ എന്നും ‘ഖയ്യിം’ എന്നുമെല്ലാം പറയുന്നത്. അത് ഒരു അവകാശത്തേക്കാളധികം ഉത്തരവാദിത്തത്തെയാണ് ദ്യോതിപ്പിക്കുന്നത്. സ്ത്രീയും കുട്ടികളും അടങ്ങുന്ന കുടുംബമെന്ന സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം, അതല്ലെങ്കില്‍ നിയന്ത്രണത്തിനുള്ള ഉത്തരവാദിത്തം പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നാണ് പ്രസ്തുത സൂക്തത്തിന്റെ സാരം.
കുടുംബം ഒരു സ്ഥാപനമാണ്. ആത്മാവിന്റെ ഇരുപാതികള്‍ക്കും ശാന്തിയും സമാധാനവും സായൂജ്യവും പ്രദാനം ചെയ്യുന്ന മഹത്തായ സ്ഥാപനം. സാമൂഹിക സ്ഥാപനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കുടുംബമെന്നുള്ളതാണ് വാസ്തവം. ഏതൊരു സ്ഥാപനത്തിനും അതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉയര്‍ച്ചക്കും വളര്‍ച്ചക്കും വേണ്ടിയത്നിക്കുന്നതിനും ഒരു മേലധികാരി ഉണ്ടായിരിക്കണമെന്ന കാര്യം ആരും അംഗീകരിക്കുന്നതാണ്. എത്രതന്നെ ആത്മാര്‍ഥമായ സംരംഭമാണെന്നിരിക്കിലും ഒരു നിയന്ത്രണാധികാരിയുടെ അഭാവത്തില്‍ അത് മുരടിച്ചുപോവുമെന്നത് കാര്യനിര്‍വഹണശാസ്ത്രത്തിന്റെ ബാലപാഠമെങ്കിലും മനസ്സിലാക്കിയിട്ടുള്ളവര്‍ക്ക് അറിയാവുന്നതാണ്്. അപ്പോള്‍ പിന്നെ സമൂഹത്തിന്റെ ധാര്‍മികാടിത്തറയുടെ രൂപീകരണം നടക്കുന്ന കുടുംബത്തിന് ഒരു മേലധികാരി ആവശ്യമില്ലേ? സ്ത്രീയും പുരുഷനും ചേര്‍ന്നുണ്ടാവുന്ന കൂട്ടുസ്ഥാപനമായ കുടുംബത്തിന്റെയും അതില്‍ വളര്‍ന്നുവരുന്ന സന്താനങ്ങളുടെയും അവയോടനുബന്ധിച്ചുണ്ടാവുന്ന ഉത്തരവാദിത്തങ്ങളുടെയും നടത്തിപ്പിന് ഒരു മേല്‍നോട്ടക്കാരന്‍ അത്യാവശ്യമാണ്. അല്ലാത്തപക്ഷം അരാജകത്വവും സര്‍വത്ര വിനാശവുമായിരിക്കും ഫലം.
കുടുംബത്തിന് നായകത്വം വഹിക്കുവാന്‍ ഒരാള്‍ വേണമെന്ന് വ്യക്തം. ആര്‍ക്കാണിതിന് അര്‍ഹതയുള്ളത് എന്നു ചോദിക്കുന്നതിനേക്കാള്‍ ആര്‍ ക്കാണതിന് സാധിക്കുകയെന്ന് പരതുന്നതാവും ശരി. ഒന്നുകില്‍ രണ്ടുപേരും കൂടി നായകത്വം വഹിക്കുക. അല്ലെങ്കില്‍ സ്ത്രീ കുടുംബത്തിന്റെ നായകത്വമേറ്റെടുക്കുക. ഇവ രണ്ടും പ്രായോഗികമല്ലെങ്കില്‍ മാത്രം പുരുഷനെ ആ ചുമതല ഏല്‍പിക്കുക എന്ന പൊതുധാരണയുടെ അടിസ്ഥാനത്തില്‍ നാം പ്രശ്നത്തെ സമീപിക്കുക; നിഷ്കളങ്കതയോടുകൂടി.
ഒരു സ്ഥാപനത്തിന് മേലധികാരിയില്ലാതിരിക്കുന്നതിനേക്കാള്‍ അപകടമാണ് അതിന് രണ്ടു നായകന്മാരുണ്ടാവുകയെന്നത്. സ്ഥാപനങ്ങള്‍ നോക്കിനടത്തിയിരുന്ന അച്ഛന്‍ മരിച്ചാല്‍ ഉടന്‍ അവ വിഭജിച്ചെടുക്കുകയോ അല്ലെങ്കില്‍ മക്കളില്‍ ആരെങ്കിലുമൊരാളെ നിയന്ത്രണാധികാരം ഏല്‍പിക്കുകയോ ചെയ്യാതിരുന്നാലുണ്ടാവാറുള്ള പ്രശ്നങ്ങളില്‍ പലപ്പോഴും സ്ഥാപനങ്ങള്‍ തന്നെ തകര്‍ന്ന് നാശമാകാറാണ് പതിവ്. ഒന്നിലധികം നായകന്മാരുള്ള സ്ഥാപനങ്ങളില്‍ നായകത്വത്തിന് വേണ്ടിയുള്ള കിടമല്‍സരങ്ങളും പ്രശ്നങ്ങളും കാരണം അതു തകരും. തകരാതെ നിലനില്‍ക്കുന്നുവെങ്കില്‍തന്നെ അതിന്റെ ‘ഉല്‍പന്നങ്ങള്‍’ക്ക് എന്തെങ്കിലും വൈകല്യങ്ങളുണ്ടാവും. കുടുംബത്തിന്റെ അവസ്ഥയും ഇതുതന്നെ. രണ്ടുപേരെയും നായകന്മാരാക്കിയാല്‍ പ്രശ്നങ്ങളിലുള്ള സമീപനത്തെക്കുറിച്ച സംഘട്ടനങ്ങളുണ്ടാവും. ഇതു നേതൃത്വത്തിനുവേണ്ടിയുള്ള മല്‍സരത്തില്‍ കലാശിക്കും. അശാന്തമായ കുടുംബാന്തരീക്ഷമായിരിക്കും ഇതിന്റെ ഫലം. അത്തരമൊരു കുടുംബാന്തരീക്ഷത്തില്‍ വളരുന്ന കുഞ്ഞുങ്ങളില്‍ മാനസിക സംഘര്‍ഷങ്ങളും വൈകാരിക താളപ്പിഴകളുമുണ്ടാവും. അത് അടുത്ത തലമുറയില്‍ ധാര്‍മികത്തകര്‍ച്ചക്ക് നിമിത്തമാകും.
കുടുംബത്തിന്റെ നിയന്ത്രണാധികാരം സ്ത്രീക്ക് ഏറ്റെടുക്കുവാന്‍ പറ്റുമോ? അതല്ല പുരുഷനിലാണോ ആ ഉത്തരവാദിത്തം ഏല്‍പിക്കേണ്ടത്? ഈ ചോദ്യത്തിനുള്ള ഉത്തരം ‘കുടുംബത്തിന്റെ നിയന്ത്രണത്തിനാവശ്യം വിചാരമോ അതല്ല വികാരമോ?, എന്ന മറുചോദ്യമാണ്.വിചാരമെന്നാണ് ഉത്തരമെങ്കില്‍ പുരുഷനെയാണ് കുടുംബത്തിന്റെ നിയന്ത്രണമേല്‍പിക്കേണ്ടത്, വികാരമെന്നാണെങ്കില്‍ സ്ത്രീയെയും.
സ്ത്രീയുടെയും പുരുഷന്റെയും ശരീരപ്രകൃതിയും മാനസികാവസ്ഥയും അവരേറ്റെടുക്കേണ്ട ധര്‍മത്തിനനുസൃതമായ രീതിയിലാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ശാരീരിക പ്രകൃതിയെന്നു പറയുമ്പോള്‍ കേവലം ബാഹ്യമായ വ്യത്യാസങ്ങള്‍ മാത്രമല്ല വിവക്ഷിക്കുന്നത്. അസ്ഥി വ്യവസ്ഥ മുതല്‍ പേശീവ്യവസ്ഥ വരെയുള്ള ആന്തരിക വ്യവസ്ഥകള്‍ പോലും ഓരോരുത്തര്‍ക്കും പ്രകൃത്യാ നിശ്ചയിക്കപ്പെട്ട ധര്‍മത്തിനനുസൃതമായ രീതിയിലാണുള്ളത്. പ്രസിദ്ധ ലൈംഗികശാസ്ത്രജ്ഞനായ ഹാവ്ലോക്ക് എല്ലിസിന്റെ ‘ആണ് തന്റെ കൈവിരല്‍ തുമ്പുവരെ പുരുഷനും സ്ത്രീ തന്റെ കാല്‍വിരല്‍ തുമ്പുവരെ പെണ്ണുമാണ്’ എന്ന പ്രസിദ്ധമായ അഭിപ്രായം നൂറുശതമാനം ശരിയാണെന്നുള്ളതാണ് വസ്തുത.
പുരുഷന്റെ എല്ലുകള്‍ അധ്വാനത്തിനു പറ്റിയ രീതിയിലുള്ളവയാണെങ്കി ല്‍ സ്ത്രീയുടേത് ഗര്‍ഭധാരണത്തിന് അനുയോജ്യമായതാണ്. കഠിനാധ്വാനത്തിനാവശ്യമായ പേശികളാണ് പുരുഷനുള്ളതെങ്കില്‍ മാംസളതയും മിനുസവും നല്‍കുന്ന കൊഴുപ്പാണ് സ്ത്രീ ശരീരത്തിലുള്ളത്. അധ്വാനത്തിന് പറ്റിയ രീതിയിലുള്ള ആണിന്റെ കൈകള്‍! ആലിംഗനത്തിന് പറ്റുന്ന പെണ്ണിന്റെ കൈകള്‍…! ഇങ്ങനെ പോകുന്നു ശാരീരിക വ്യത്യാസങ്ങള്‍.
മാതൃത്വത്തിന് പറ്റിയ രീതിയില്‍ സ്ത്രീ ശരീരവും അധ്വാനത്തിന് സാധിക്കുന്ന രൂപത്തില്‍ പുരുഷശരീരവും സംവിധാനിക്കപ്പെട്ടപ്പോള്‍ അവരവരുടെ ധര്‍മത്തിന് അനുഗുണമായ മാനസിക ഗുണങ്ങളും അതിനോടനുബന്ധിച്ച് നല്‍കപ്പെട്ടിരിക്കുമല്ലോ. ദയയും വാല്‍സല്യവും ക്ഷിപ്രവൈകാരികതയുമാണ് സ്ത്രീ മനസ്സിന്റെ പ്രത്യേകതകള്‍. അത് വികാരപ്രധാനമാണ്. ശൈശവത്തിലും ബാല്യത്തിലും പെണ്‍കുട്ടികള്‍ കാണിക്കുന്ന ബൌദ്ധിക കഴിവുകള്‍ പോലും കൌമാരത്തോടെ മന്ദീഭവിക്കുന്നുവെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. മാതൃത്വത്തിന് തയാറാകുമ്പോള്‍ മനസ്സും അതിനൊത്ത് മാറുന്നുവെന്നര്‍ഥം. സ്ത്രീയുടെ മനസ്സിനെക്കുറിച്ച് വ്യവഹരിക്കുമ്പോള്‍  നമ്മുടെ മനസ്സിലോടിയെത്തുന്നതെന്താണ്? അലിവാര്‍ന്ന ഹൃദയം, അതി ലോലമായ മനസ്സ്, പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതം, നിരന്തരം നിര്‍ഗളിക്കുന്ന സ്നേഹവായ്പ്, നുരഞ്ഞുപൊങ്ങുന്ന വൈകാരികത…ഇതെല്ലാംതന്നെ സ്ത്രീമനസ്സ് വികാരപ്രധാനമാണെന്ന്  വ്യക്തമാക്കുന്നു. എന്നാല്‍, പുരുഷമനസ്സിന്റെ അവസ്ഥയോ? ചിന്തിച്ചുള്ള പ്രതികരണം, പാരുഷ്യത്തോടെയുള്ള പെരുമാറ്റം, അവധാനതയോടുകൂടിയുള്ളപ്രത്യുത്തരം, ആലോചനയോടെയുള്ള പ്രവര്‍ത്തനം. ഇവയാണ് പുരുഷമനസ്സിന്റെ പ്രതിബിംബം. ഇവ വിചാരപ്രധാനമാണ്. അധ്വാനത്തിന് പറ്റിയ രീതിയില്‍ പുരുഷമനസ്സ് സംവിധാനിക്കപ്പെട്ടിരിക്കുന്നവെന്ന് സാരം.
(ഇത് പൊതുവായ വിലയിരുത്തലാണ്. ഭരിക്കാനും നീതിന്യായം നട ത്താനും യുദ്ധം നയിക്കാനും ഭാരം ചുമക്കാനും കഠിനാധ്വാനം ചെയ്യാനും കഴിയുന്ന സ്ത്രീകളില്ലേ? പാചകത്തിനും വാല്‍സല്യത്തോടെ ശിശുക്കളെ പോറ്റുവാനും കുടുംബഭരണത്തിനും പറ്റിയ പുരുഷന്മാരില്ലേ? ‘ഉണ്ട്’ എന്നുതന്നെയാണുത്തരം. ഇത് ചില അപവാദങ്ങള്‍ മാത്രമാണ്. അവര്‍ പലപ്പോഴും ലൈംഗികമായി മാത്രമേ തങ്ങളുടെ ലിംഗത്തിലുള്ളവരില്‍ ഉള്‍പ്പെടുകയുള്ളൂ. പെരുമാറ്റത്തിലും രീതിയിലും ധര്‍മനിര്‍വഹണത്തിലും എതിര്‍ ലിംഗത്തിലുള്ളവരോടായിരിക്കും അവര്‍ക്ക് അടുപ്പം)
കുടുംബത്തിന്റെ രക്ഷാധികാരത്തിന് പുരുഷനെ പ്രാപ്തനാക്കുന്നത് വിചാരത്തോടുകൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അവന്റെ കഴിവാണ്. അവന്റെ ശാരീരിക ഘടന അവനില്‍ അടിച്ചേല്‍പിച്ച ധര്‍മത്തിന്റെ നിര്‍വഹണമാണത്. അവന്‍ അധ്വാനിക്കണം, കുടുംബത്തെ പോറ്റുവാനുള്ള സമ്പത്തുണ്ടാക്കണം -അവനിലാണ് കുടുംബത്തിന്റെ കൈകാര്യകര്‍തൃത്വം ഏല്‍പിക്കപ്പെട്ടിരിക്കുന്നത്. ആ സ്ഥാപനത്തിന്റെയും അതിലുള്‍പ്പെട്ടവരുടെയും ജീവിതച്ചെലവിനുവേണ്ടിയുള്ള ആസൂത്രണവും ആ മാര്‍ഗത്തിലുള്ള സാമ്പത്തിക മേല്‍നോട്ടവും അവന്റെ ബാധ്യതയാക്കിത്തീര്‍ക്കുകയാണ് ഈ കൈകാര്യകര്‍തൃത്വം ചെയ്യുന്നത്. അതുകൊണ്ടാണ് ‘പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു’വെന്ന് പറഞ്ഞതോടൊപ്പംതന്നെ അതിന്റെ കാരണമായി ‘മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറുവിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയതിനാലും അവരുടെ ധനം ചെലവഴിച്ചതിനാലുമാണിത്'(4:34) എന്ന് ഖുര്‍ആന്‍ എടുത്തു പറഞ്ഞത്്. കുടുംബത്തിന്റെ നിയന്ത്രണാധികാരം നല്‍കുക വഴി പുരുഷനുമേല്‍ ഒരു വലിയ ഉത്തരവാദിത്തമേല്‍പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നതെന്ന് പറയാന്‍ ഇതാണ് കാരണം.
സ്ത്രീയുടെ മേലും ഗൃഹഭരണത്തിന്‍മേലും പുരുഷന്‍ ഏകാധിപതിയായിരിക്കണമെന്നല്ല അവന്ന് നിയന്ത്രണാധികാരം നല്‍കിയതുകൊണ്ട് വിവക്ഷിക്കുന്നത്. പരസ്പര സഹകരണവും കൂടിയാലോചനയുമുണ്ടാവുമ്പോ ഴേ നായകത്വം ജീവസ്സുറ്റതാവൂ. ‘സ്ത്രീകളുമായി നന്മയില്‍ വര്‍ത്തിക്കണം'(4:19) എന്ന ഖുര്‍ആനിക നിര്‍ദേശവും, ‘നിങ്ങളുടെ വീട്ടുകാരോട് നന്നായി പെരുമാറുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍’ (ബുഖാരി) എന്ന പ്രവാചകന്റെ ഉപദേശവും നായകത്വമേല്‍പിക്കപ്പെട്ട പുരുഷന്‍ സ്വീകരിക്കുമ്പോഴാണ് സംതൃപ്തമായ കുടുംബജീവിതം സംജാതമാവുക.
‘പുരുഷന്മാര്‍ക്ക് സ്ത്രീകളേക്കാള്‍ ഒരു പദവിയുണ്ട്.(2:228) എന്നു ഖുര്‍ആന്‍ പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്. കുടുംബത്തിന്റെ സാമ്പത്തിക ഭാരമേറ്റെടുക്കുന്നതിലൂടെ കൈവരുന്ന പദവിയാണിത്. കുടുംബത്തിന്റെ രക്ഷാകര്‍തൃത്വമാണ് ആ പദവി.
ഉയര്‍ന്ന ശമ്പളമുള്ള ഒരു വനിതക്ക് കുടുംബത്തിന്റെ നായകത്വം നല്‍കിയെന്നുവെക്കുക. വൈവാഹിക ജീവിതത്തിന്റെ ആദ്യനാളുകളില്‍ കുടുംബസംരക്ഷണമെന്ന ഉത്തരവാദിത്വം തലയിലെത്തുന്നതിന് മുമ്പ് അത് അവള്‍ക്കൊരു പ്രയാസമായി അനുഭവപ്പെടുകയില്ലായിരിക്കാം. എന്നാല്‍, അവള്‍ ഗര്‍ഭിണിയും അമ്മയുമാവുമ്പോള്‍ നായകത്വത്തിന്റെ ഭാരം ചുമക്കാന്‍ അവള്‍ക്ക് കഴിയില്ല. പുരുഷനില്‍ കുടുംബനായകത്വമേല്‍പിക്കുന്നതിലൂടെ ഖുര്‍ആന്‍ സ്ത്രീക്ക് തണലേകുകയാണ് ചെയ്തിട്ടുള്ളതെന്ന് സാരം. സ്ത്രൈണതയെക്കുറിച്ചറിയുന്നവരൊന്നും ഇക്കാര്യത്തില്‍ ഖുര്‍ആനിന് എതിര് നില്‍ക്കുകയില്ല.

This entry was posted in ഖുര്‍ആനും സ്ത്രീകളും. Bookmark the permalink.

Leave a Reply

Your email address will not be published.