മറ്റു മതഗ്രന്ഥങ്ങളും മാതൃകായോഗ്യമായ സാന്മാര്‍ഗിക സംവിധാനത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ലേ?

എല്ലാ മതഗ്രന്ഥങ്ങളും ചില ധാര്‍മിക നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെ ന്നത് ശരിയാണ്. പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ആദര്‍ശത്തിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്ന മതഗ്രന്ഥങ്ങളിലെ ധാര്‍മിക നിര്‍ദേശ ങ്ങളില്‍ ചിലത് ഖുര്‍ആനികാധ്യാപനങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന തും നേരാണ്. എന്നാല്‍, ഖുര്‍ആനിലെ ധാര്‍മിക നിര്‍ദേശങ്ങള്‍ക്ക് മറ്റു മതഗ്രന്ഥങ്ങളുടേതില്‍നിന്ന് അടിസ്ഥാനപരമായ ചില അന്തരങ്ങളുണ്ട്. അവ ഇങ്ങനെ സംഗ്രഹിക്കാം.
ഒന്ന്: ഖുര്‍ആനില്‍ ദൈവികമായ വിധിവിലക്കുകള്‍ മാത്രമേയുള്ളൂ. മറ്റു മതഗ്രന്ഥങ്ങളില്‍ ദൈവികമായ വിധിവിലക്കുകള്‍ പരാമര്‍ശിക്കുന്നു ണ്ടെങ്കിലും അതോടൊപ്പംതന്നെ പുരോഹിതന്മാര്‍ നിര്‍മിച്ച നിയമങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്്. ഇവ രണ്ടും ഏതൊക്കെയാണെന്ന്  വേര്‍തിരിച്ച് മനസ്സി ലാക്കാന്‍ കഴിയാത്തവണ്ണം അവ കൂടിക്കുഴഞ്ഞാണിരിക്കുന്നത്.
രണ്ട്: ഖുര്‍ആനിലെ വിധിവിലക്കുകള്‍ നൂറുശതമാനം മാനവികമാണ്. മറ്റു പല മതഗ്രന്ഥങ്ങളിലും മാനവികമല്ലാത്ത വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്നു. ഉദാഹരണത്തിന് ബൈബിളില്‍ കൊറിന്തോസുകാര്‍ക്കെഴുതിയ ഒന്നാം ലേഖനത്തില്‍ പൌലോസ് എഴുതുന്നു: ‘സ്ത്രീയെ സ്പര്‍ശിക്കാതി രിക്കുന്നതാണ് പുരുഷന് നല്ലത്’ (1 കൊരി:1). ‘വിവാഹത്തില്‍നിന്നുതന്നെ ഒഴിഞ്ഞുനില്‍ക്കുന്നത് ഏറെ നല്ലത്'(7:38). മനുഷ്യര്‍ മുഴുവന്‍ ഏറ്റവും വലിയ ഈ ‘നന്മ’ സ്വീകരിച്ചിരുന്നുവെങ്കില്‍ മനുഷ്യകുലംതന്നെ ഏതാനും പതിറ്റാണ്ടുകള്‍ക്കുള്ളില്‍ നാമാവശേഷമാകുമായിരുന്നു. ഇത്തരം ഉപദേശ ങ്ങളൊന്നും ഖുര്‍ആനില്‍ കാണുക സാധ്യമല്ല.
മൂന്ന്: ഖുര്‍ആനിലെ വിധിവിലക്കുകളില്‍ അക്രമത്തിനോ അനീതിക്കോ വേണ്ടിയുള്ള കല്‍പനകളൊന്നും ഉള്‍ക്കൊള്ളുന്നില്ല. മറ്റു ചില മതഗ്രന്ഥങ്ങളില്‍ അക്രമത്തിനും അനീതിക്കുംവേണ്ടിയുള്ള ആഹ്വാനങ്ങള്‍ കാണാം. ഉദാഹരണത്തിന് കൌഷീതകി ബ്രാഹ്മണോപനിഷത്തില്‍ ഇന്ദ്രന്‍ പറയുന്ന തായി ഉദ്ധരിക്കുന്നു. ‘ന മാതൃവധേന ന പിതൃവധേന ന സ്തേയേന ന ഭ്രൂണഹത്യയോ നാസ്യ പാപം ചന ചകൃഷോ മുഖാന്നീലം വേതീതി’ (3:1)
(മാതൃവധം, പിതൃവധം, മോഷണം, ഭ്രൂണഹത്യ തുടങ്ങിയ പാപങ്ങള്‍ ചെയ്താലും ചെയ്തുകൊണ്ടിരുന്നാലും എന്റെ ആളുകള്‍ക്ക് യാതൊരു ശങ്കയുമുണ്ടാവരുത്. അവന്റെ മുഖഭാവത്തിന് യാതൊരു വാട്ടവുമുണ്ടാവരുത്)
നാല്: ഖുര്‍ആനിലെ നിയമനിര്‍ദേശങ്ങളില്‍ യാതൊരു രീതിയിലുള്ള ഉച്ചനീചത്വങ്ങളുമില്ല. മറ്റു ചില മതഗ്രന്ഥങ്ങളിലെ നിയമങ്ങളില്‍ ഉയര്‍ന്ന ജാതിക്കാരനും  താഴ്ന്ന ജാതിക്കാരനുമെന്ന വേര്‍തിരിവ് പ്രകടമാണ്. ഉദാഹരണത്തിന് ആക്ഷേപത്തിന് മനുസ്മൃതി വിധിച്ചിട്ടുള്ള ശിക്ഷകള്‍ ശ്രദ്ധിക്കുക: ‘ബ്രാഹ്മണനെ ശകാരിക്കുന്ന ക്ഷത്രിയന് നൂറു പണവും വൈശ്യന് ഇരുന്നൂറ് പണവും ശൂദ്രന് ചാട്ടവാറടിയുമാണ് ശിക്ഷ. ബ്രാഹ്മണന്‍ ക്ഷത്രിയനെ ശകാരിച്ചാല്‍ അമ്പത് പണവും വൈശ്യനാണെങ്കില്‍ ഇരുപത്തിയഞ്ച് പണവും ശൂദ്രനാണെങ്കില്‍ പന്ത്രണ്ടു പണവുമാണ് ശിക്ഷ’ (മനുസ്മൃതി 8:267,268).
അഞ്ച്: ഖുര്‍ആനില്‍ അപ്രായോഗികമായ വിധിവിലക്കുകള്‍ ഒന്നുംതന്നെയില്ല. മറ്റു ചില മതഗ്രന്ഥങ്ങളിലെ വിധിവിലക്കുകളില്‍ ചിലത് അപ്രായോഗികങ്ങളാണ്. വിവാഹമോചനത്തെക്കുറിച്ച ബൈബിളിലെ കല്‍പന കാണുക: ‘തന്റെ ഭാര്യയുമായി വിവാഹമോചനം നടത്തി മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചരിക്കുന്നു’ (ലൂക്കോസ് 16:18).
വിവാഹമോചനം പാടില്ലെന്ന ബൈബിളിലെ ഈ നിയമം അപ്രായോഗികമാണെന്ന് ഇന്ന് ക്രൈസ്തവസഭകള്‍തന്നെ സമ്മതിക്കുന്നുവെന്നതാണ് വാസ്തവം. വിവാഹമോചനം അനുവദിക്കുന്നതിനുവേണ്ടി സഭകള്‍ നടത്തുന്ന നിയമനിര്‍മാണം അതാണല്ലോ കാണിക്കുന്നത്.
ആറ്: ഖുര്‍ആന്‍ വിവരിച്ചു കാണിക്കുന്ന സാന്മാര്‍ഗിക ക്രമത്തിന്റെ പ്രയോക്താക്കളാവുക വഴി വിശുദ്ധരായിത്തീര്‍ന്ന പ്രവാചകന്മാരുടെ ചരിത്രമാണ് അത് വിവരിക്കുന്നത്. മറ്റു മതഗ്രന്ഥങ്ങള്‍ പ്രവാചകന്മാര്‍ വിശുദ്ധരായിരുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അവരുടെ ജീവി തം വിവരിക്കപ്പെട്ടിരിക്കുന്നത് വളരെ മോശമായ രീതിയിലാണ്. മദ്യപിച്ച് നഗ്നനാവുന്ന നോഹും (ഉല്‍പത്തി 9:20-23) മദ്യപിച്ച് പുത്രിമാരുമായി ശയിക്കുന്ന ലോത്തും (ഉല്‍പത്തി 19:31-36) ചതിയനായ യാക്കോബും (ഉല്‍പത്തി 27:1-36) അന്യസ്ത്രീകളെ സ്വന്തം കിടപ്പറയിലേക്ക് നയിക്കുന്ന ദാവീദും (2ശാമുവേല്‍11:1-20) മാതൃകാ യോഗ്യരാണോ? ഹൈന്ദവ പുരാണങ്ങ ളില്‍ മഹത്വ്യക്തികളെപ്പറ്റി വിവരിച്ചിട്ടുള്ളതും തഥൈവ. ശംബുകനെന്ന ശൂദ്രനെ വധിക്കുകയും (വാല്‍മീകി രാമായണം യുദ്ധകാണ്ഡം), പൂര്‍ണഗര്‍ഭിണിയായ ഭാര്യയെ കാട്ടില്‍ ഉപേക്ഷിക്കുകയും (ഉത്തരകാണ്ഡം) ചെയ്ത ശ്രീരാമനെയും ഗോപികാ വസ്ത്രാപഹരണം മുതല്‍ യുദ്ധത്തില്‍ അക്ര മവും വഞ്ചനയും സ്വീകരിക്കുക വരെ ചെയ്ത ശ്രീകൃഷ്ണനെയുമാണ് നാം പുരാണങ്ങളില്‍ കാണുന്നത്. ഈ നിലയില്‍ ഇവര്‍ ധര്‍മ സംസ്ഥാപക രായിരുന്നുവെന്ന് പറയാനാകുമോ? വിശുദ്ധ ഖുര്‍ആനാകട്ടെ എല്ലാ പ്രവാചകരും വിശുദ്ധരും മാതൃകായോഗ്യരുമായിരുന്നുവെന്നാണ് പഠിപ്പിക്കുന്നത്. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ചരിത്രം ഇതിനു സാക്ഷിയുമാണ്.

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും സാന്മാര്‍ഗിക സംവിധാനവും, ഹൈന്ദവത - ചോദ്യോത്തരങ്ങള്‍. Bookmark the permalink.