ഖുര്‍ആന്‍ രണ്ടു പുറംചട്ടകള്‍ക്കുള്ളില്‍, ഒരൊറ്റ ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടത് എന്നായിരുന്നു? ഏത് സാഹചര്യത്തില്‍?

ഒന്നാം ഖലീഫ അബൂബക്കറി(റ)ന്റെ കാലത്താണ് രണ്ടു പുറം ചട്ടകള്‍ക്കുള്ളില്‍ ഒരൊറ്റ ഗ്രന്ഥമായി ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടത്.
മുഹമ്മദി(സ)ന്റെ ജീവിതകാലത്തുതന്നെ തുകല്‍ചുരുളുകളിലും മറ്റുമായി ഖുര്‍ആന്‍ രേഖപ്പെടുത്തപ്പെട്ടിരുന്നുവെങ്കിലും ഖുര്‍ആന്‍ പഠനത്തിനുള്ള സമൂഹത്തിന്റെ പ്രധാനപ്പെട്ട ആശ്രയം പ്രസ്തുത ഏടുകളായിരുന്നില്ല. പ്രത്യുത, ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവരുടെ സേവനമായിരുന്നു. പ്രവാച ക(സ)ന്റെ വിയോഗാനന്തരം ഇസ്ലാമിക രാഷ്ട്രത്തിന്റെ നായകത്വം അബൂബക്കര്‍() ഏറ്റെടുത്തു. വ്യാജ പ്രവാചകന്‍ മുസൈലിമ അബൂബക്കറി(റ)നെതിരെ പ്രബലമായ തന്റെ ഗോത്രത്തെ-ബനൂഹനീഫ-അണിനിരത്തിയപ്പോള്‍ യുദ്ധം നടന്നു. യുദ്ധത്തില്‍ മുസ്ലിംകള്‍ വിജയിച്ചു. ഖുര്‍ആന്‍ പൂര്‍ണമായി ഹൃദിസ്ഥമാക്കിയിരുന്ന എഴുപതുപേരുടെ രക്ത സാക്ഷിത്വമായിരുന്നു മുസ്ലിംകള്‍ക്കുണ്ടായ വലിയ നഷ്ടം.
ഈ സംഭവം ഖുര്‍ആനിന്റെ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുവാന്‍ പ്രവാചക സഖാക്കളില്‍ പ്രമുഖനായ ഉമറി(റ)ന് പ്രചോദനമേകി. അതിനാവശ്യമായ നടപടികളെക്കുറിച്ച് അദ്ദേഹം ഖലീഫ അബൂബക്കറുമായി ചര്‍ച്ച ചെയ്തു. ഖുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥരൂപത്തിലാക്കേണ്ടത് ആവശ്യംതന്നെയാണെന്ന് ഖലീഫക്ക് ബോധ്യമായി. പ്രവാചകന്റെ എഴുത്തുകാരനും ഖുര്‍ആന്‍ രേഖപ്പെടുത്തിവെച്ചവരില്‍ പ്രമുഖനുമായിരുന്ന സൈദുബ്നു സാബിത്തിനെ ഖുര്‍ആന്‍ ഏകഗ്രന്ഥത്തിലായി സമാഹരിക്കുകയെന്ന ചുമതല ഏല്‍പിച്ചു.
സൈദുബ്നു സാബിത്തിന് ഖുര്‍ആന്‍ മനഃപാഠമുണ്ടായിരുന്നു. എന്നാ ല്‍, തന്റെ ഓര്‍മശക്തിയെ മാത്രം ആശ്രയിച്ചുകൊണ്ടല്ല അദ്ദേഹം ഖുര്‍ആന്‍ സമാഹരണം നടത്തിയത്. അന്ന് വ്യത്യസ്ത വ്യക്തികളുടെ കൈവശമു ണ്ടായിരുന്ന ഖുര്‍ആന്‍ ഏടുകളെല്ലാം അദ്ദേഹം പരിശോധിച്ചു. ഏടുകള്‍ കൈവശമുള്ളവര്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അവ തന്റെ കൈവശമുള്ള രേഖ കളുമായി ഒത്തുനോക്കിയും മനഃപാഠവുമായി താരതമ്യം ചെയ്തുകൊണ്ടും അദ്ദേഹം രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെ ഖുര്‍ആന്‍ മുഴുവനായി സൈദുബ്നു സാബിത്ത് രണ്ടു ചട്ടകള്‍ക്കുള്ളിലുള്ള ഏടുകളിലാക്കി. രണ്ടു ചട്ടകള്‍ക്കുള്ളില്‍ സമാഹരിക്കപ്പെട്ട രേഖകള്‍ക്കാണ് ‘മുസ്ഹഫ്’ എന്നു പറയുന്നത്. അബൂബക്കറി(റ)ന്റെ ഭരണകാലത്ത് സൈദുബ്നു സാബിത്താണ് ഖുര്‍ആന്‍ പൂര്‍ണമായി ഉള്‍ക്കൊള്ളുന്ന ആദ്യത്തെ മുസ്ഹഫ്തയാറാക്കിയതെന്ന് സാരം.

This entry was posted in ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം. Bookmark the permalink.

Leave a Reply

Your email address will not be published.