യേശുവിനു ശേഷം അനുയായികള്‍ സുവിശേഷങ്ങള്‍ എഴുതി; മുഹമ്മദി(സ)നു ശേഷം അനുയായികള്‍ ഖുര്‍ആന്‍ എഴുതി; ഇവ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ?

വളരെ വലിയ വ്യത്യാസങ്ങളുണ്ട്. അവ ഇങ്ങനെ ക്രോഡീകരിക്കാം.
1. യേശു ‘സുവിശേഷം’ പ്രസംഗിച്ചു(മാര്‍ക്കോസ് 1:14,15,8:35, 14:9, 10:29, മത്തായി 4:23)വെന്ന് ബൈബിളില്‍ പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ കാലത്ത് ‘സുവിശേഷം’ ഏതെങ്കിലും രൂപത്തില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നതായി യാതൊരു തെളിവുമില്ല. ഖുര്‍ആനാകട്ടെ മുഹമ്മദി(സ)ന്റെ കാലത്തുതന്നെ രേഖപ്പെടുത്തപ്പെട്ടിരുന്നു. വ്യത്യസ്ത ഏടുകളിലായി.
2. യേശു പ്രസംഗിച്ച ‘സുവിശേഷം’ അദ്ദേഹത്തിന്റെ സമകാലികരില്‍ ആരെങ്കിലും പദാനുപദം മനഃപാഠമാക്കിവെച്ചിരുന്നില്ല. ഖുര്‍ആന്‍ മനഃപാഠ മാക്കിയ നൂറുകണക്കിന് അനുചരന്മാരുണ്ടായിരുന്നു.
3. മത്തായിയോ, മാര്‍ക്കോസോ, ലൂക്കോസോ, യോഹന്നാനോ എഴുതിയത് യേശു പ്രസംഗിച്ച  സുവിശേഷമല്ല. യേശുവിന്റെ ജീവിതത്തെക്കുറിച്ച് തങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ് (ലൂക്കോസ് 1:1-4) ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ ജീവചരിത്രമല്ല, അദ്ദേഹത്തിന് പടച്ചതമ്പുരാന്‍ അവതരിപ്പിച്ച വേദ ഗ്രന്ഥമാണ്.
4. സമൂഹത്തിന്റെ പ്രതിനിധിയായ ഖലീഫ ഉത്തരവാദപ്പെടുത്തിയതിനനുസരിച്ച് സൂക്ഷ്മമായി പരിശോധിച്ചുകൊണ്ടാണ് ഖുര്‍ആന്‍ സമാഹാരണം നടന്നത്. സമാഹര്‍ത്താവായിരുന്ന സൈദുബ്നു സാബിത്തിന്റെ വാക്കുകളില്‍ പ്രസ്തുത സമാഹരണത്തിന്റെ സൂക്ഷ്മത വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്. “ഏതെങ്കിലുമൊരു പര്‍വതത്തെ അതിന്റെ സ്ഥാന ത്തുനിന്ന് മാറ്റാനാണ് അബൂബക്കര്‍ എന്നോട് ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അതായിരുന്നു എനിക്ക് ഇതിനേക്കാള്‍ നിസ്സാരം”. സുവിശേഷങ്ങളാവട്ടെ, ഓരോരുത്തര്‍ തങ്ങളുടെ ഇച്ഛപ്രകാരം രചിച്ച ഗ്രന്ഥങ്ങളാണ്. അവരുടെ ലക്ഷ്യമാകട്ടെ, തങ്ങളുടെ മുന്നിലുള്ള സമൂഹത്തിന് ക്രിസ്തുവിനെ പരിച യപ്പെടുത്തുക മാത്രമായിരുന്നു. (Raymond E. Brown: Responses to 101 Questions on the Bible, Page 57-58)
5. യേശുവിന് ശേഷം അഞ്ചു പതിറ്റാണ്ടെങ്കിലും കഴിഞ്ഞാണ് സുവിശേ ഷങ്ങള്‍ എഴുതപ്പെട്ടത്. ഹിജ്റ പന്ത്രണ്ടാം വര്‍ഷത്തിലാണ് – പ്രവാചക നിര്യാണത്തിന് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം – ഖുര്‍ആന്‍ സമാഹരണ ത്തിനു തുടക്കം കുറിക്കപ്പെട്ടത്.
6. യേശുവിന്റെ ശിഷ്യന്മാരല്ല സുവിശേഷങ്ങള്‍ രചിച്ചിട്ടുള്ളത്. മുഹമ്മദി(സ)ന്റെ ശിഷ്യന്മാരാണ് ഖുര്‍ആന്‍ സമാഹരിച്ചത്.
7. സുവിശേഷങ്ങളുടെ രചനക്ക് ആധാരം യേശുവിനെ സംബന്ധിച്ച കേട്ടുകേള്‍വികള്‍ മാത്രമായിരുന്നു. ഖുര്‍ആന്‍ ക്രോഡീകരണത്തിന് പ്രവാചകന്‍(സ) തന്നെ പറഞ്ഞുകൊടുത്ത് എഴുതിപ്പിടിപ്പിച്ച ഏടുകളും പ്രവാചക നില്‍നിന്ന് നേരിട്ട് ഖുര്‍ആന്‍ കേട്ടു മനഃപാഠമാക്കിയ നൂറുകണക്കിന് അനുചരന്മാരുമായിരുന്നു അവലംബം.

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം. Bookmark the permalink.