മുഹമ്മദി(സ)ന്റെ കാലത്ത് ഖുര്‍ആന്‍ ഒരു ഗ്രന്ഥമായി ക്രോഡീകരിക്കപ്പെട്ടിരുന്നുവോ?

ഈ ചോദ്യത്തിന് ‘അതെ’യെന്നും ‘ഇല്ല’യെന്നും ഉത്തരം പറയാം. ഒരു ഗ്രന്ഥം ക്രോഡീകരിക്കുകയെന്നു പറയുമ്പോള്‍ എന്താണ് അര്‍ഥമാ ക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഈ ചോദ്യത്തിന്റെ ഉത്തരം. ആദ്യം മുതല്‍ അവസാനം വരെയുള്ള അധ്യായങ്ങള്‍ ഏതെല്ലാമാണെന്നും അവയിലെ വാക്യങ്ങള്‍ ഏതെല്ലാമാണെന്നും വ്യക്തമായി പറഞ്ഞുകൊടുക്കുകയും അതുപ്രകാരം തന്റെ അനുയായികളില്‍ നല്ലൊരു ശതമാനത്തെക്കൊണ്ട് മനഃപാഠമാക്കിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരു ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടുവെന്ന് പറയാമെങ്കില്‍ മുഹമ്മദി(സ)ന്റെ കാലത്തുതന്നെ ഖുര്‍ആന്‍ ക്രോഡീകരിക്കപ്പെട്ടുവെന്ന്  പറയാവുന്നതാണ്. എന്നാല്‍, രണ്ടു പുറംചട്ടകള്‍ക്കുള്ളില്‍ ഗ്രന്ഥത്തിലെ എല്ലാ അധ്യായങ്ങളും തുന്നിച്ചേര്‍ത്തുകൊണ്ട് പുറത്തിറക്കുകയാണ് ക്രോഡീകരണം കൊണ്ടുള്ള വിവക്ഷയെങ്കില്‍ ഖുര്‍ആന്‍ മുഹമ്മദി(സ)ന്റെ ജീവിതകാലത്ത് ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നും പറയാവുന്നതാണ്.
പ്രവാചകന്റെ ജീവിതകാലത്തിനിടയില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കുക അസാധ്യമായിരുന്നുവെന്നതാണ് വാസ്തവം. ഖുര്‍ആന്‍ അവതരണത്തിന്റെ ശൈലി നമുക്കറിയാം.’ജിബ്രീല്‍ വരുന്നു. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതികേള്‍പ്പിക്കുന്നു. അത് ഏത് അധ്യായത്തില്‍ എത്രാമത്തെ വാക്യമായി ചേര്‍ക്കണമെന്ന് നിര്‍ദേശിക്കുന്നു’. ഇതായിരുന്നുവല്ലോ രൂപം. വിവിധ സന്ദര്‍ഭങ്ങളില്‍ അവതരിപ്പിക്കപ്പെട്ട സൂക്തങ്ങള്‍ കാലഗണനയനുസരിച്ചല്ല അധ്യായങ്ങളായി സമാഹരിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ അവസാനത്തെ സൂക്തം കൂടി അവതരിപ്പിച്ചു കഴിഞ്ഞതിനുശേഷമേ അവസാനമായി ഖുര്‍ആന്‍ ക്രോഡീകരിച്ച് ഗ്രന്ഥമാക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. പ്രവാചകന്റെ വിയോഗത്തിന് ഒമ്പത് ദിവസങ്ങള്‍ക്കുമുമ്പാണ് അവസാനത്തെ ഖുര്‍ആന്‍ സൂക്തം അവതരിപ്പിക്കപ്പെട്ടത്. ഈ ഒമ്പത് ദിവസങ്ങള്‍ക്കിടക്ക് അത് ഗ്രന്ഥരൂപത്തിലാക്കുക പ്രയാസകരമാണെന്ന് പറയേണ്ടതില്ലല്ലോ. ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ ഒട്ടനവധി അനുചരന്മാര്‍ ഉണ്ടായിരുന്നതുകൊണ്ടും തുകല്‍ ചുരുളുകളിലും മറ്റു പല വസ്തുക്കളിലുമായി ഖുര്‍ആന്‍ മുഴുവനായി എഴുതിവെച്ചിരുന്നുവെന്നതുകൊണ്ടും ഖുര്‍ആനിനെ സംരക്ഷിക്കുകയെന്നത് പടച്ചതമ്പുരാന്‍തന്നെ ഒരു ബാധ്യതയായി ഏറ്റെടുത്തതുകൊണ്ടും അതൊരു പുസ്തക രൂപത്തിലാക്കാതിരുന്നത് ഒരു വലിയ പ്രശ്നമായി പ്രവാചകന്‍(സ) കരുതിയിരുന്നില്ല എന്നുപറയുന്നതാവും ശരി.

This entry was posted in ഖുര്‍ആന്‍ ക്രോഡീകരണം, ഖുര്‍ആന്‍ വിമര്‍ശനം. Bookmark the permalink.