അല്ലാഹുവിന്റെ ശിക്ഷ

[ 14 - Aya Sections Listed ]
Surah No:2
Al-Baqara
165 - 165
അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത്‌ പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത്‌ ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍ (അതവര്‍ക്ക്‌ എത്ര ഗുണകരമാകുമായിരുന്നു!)(165)
Surah No:2
Al-Baqara
196 - 196
നിങ്ങള്‍ അല്ലാഹുവിന്‌ വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക. ഇനി നിങ്ങള്‍ക്ക്‌ (ഹജ്ജ്‌ നിര്‍വഹിക്കുന്നതിന്‌) തടസ്സം സൃഷ്ടിക്കപ്പെട്ടാല്‍ നിങ്ങള്‍ക്ക്‌ സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ബലിയര്‍പ്പിക്കേണ്ടതാണ്‌.) ബലിമൃഗം എത്തേണ്ട സ്ഥാനത്ത്‌ എത്തുന്നത്‌ വരെ നിങ്ങള്‍ തല മുണ്ഡനം ചെയ്യാവുന്നതല്ല. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ, തലയില്‍ വല്ല ശല്യവും അനുഭവപ്പെടുകയോ ആണെങ്കില്‍ (മുടി നീക്കുന്നതിന്‌) പ്രായശ്ചിത്തമായി നോമ്പോ, ദാനധര്‍മ്മമോ, ബലികര്‍മ്മമോ നിര്‍വഹിച്ചാല്‍ മതിയാകും. ഇനി നിങ്ങള്‍ നിര്‍ഭയാവസ്ഥയിലാണെങ്കിലോ, അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട്‌ ഹജ്ജ്‌ വരെ സുഖമെടുക്കുന്ന പക്ഷം സൗകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്‌.) ഇനി ആര്‍ക്കെങ്കിലും അത്‌ കിട്ടാത്ത പക്ഷം ഹജ്ജിനിടയില്‍ മൂന്നു ദിവസവും, നിങ്ങള്‍ (നാട്ടില്‍) തിരിച്ചെത്തിയിട്ട്‌ ഏഴു ദിവസവും ചേര്‍ത്ത്‌ ആകെ പത്ത്‌ ദിവസം നോമ്പനുഷ്ഠിക്കേണ്ടതാണ്‌. കുടുംബസമേതം മസ്ജിദുല്‍ ഹറാമില്‍ താമസിക്കുന്നവര്‍ക്കല്ലാത്തവര്‍ക്കാകുന്നു ഈ വിധി. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ മനസ്സിലാക്കുകയും ചെയ്യുക.(196)
Surah No:2
Al-Baqara
211 - 211
ഇസ്രായീല്യരോട്‌ നീ ചോദിച്ച്‌ നോക്കുക; വ്യക്തമായ എത്ര ദൃഷ്ടാന്തമാണ്‌ നാം അവര്‍ക്ക്‌ നല്‍കിയിട്ടുള്ളതെന്ന്‌. തനിക്ക്‌ അല്ലാഹുവിന്റെ അനുഗ്രഹം വന്നുകിട്ടിയതിനു ശേഷം വല്ലവനും അതിന്‌ വിപരീതം പ്രവര്‍ത്തിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.(211)
Surah No:3
Aal-i-Imraan
11 - 11
ഫിര്‍ഔന്‍റെ ആള്‍ക്കാരുടെയും അവരുടെ മുന്‍ഗാമികളുടെയും അവസ്ഥ പോലെത്തന്നെ. അവരൊക്കെ നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.(11)
Surah No:5
Al-Maaida
2 - 2
സത്യവിശ്വാസികളേ, അല്ലാഹുവിന്‍റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്‌. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക്‌ കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്‍റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട്‌ വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ത്ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്‌.) എന്നാല്‍ ഇഹ്‌റാമില്‍ നിന്ന്‌ നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക്‌ വേട്ടയാടാവുന്നതാണ്‌. മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ നിങ്ങളെ തടഞ്ഞു എന്നതിന്‍റെ പേരില്‍ ഒരു ജനവിഭാഗത്തോട്‌ നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന്‌ നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്‌. പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.(2)
Surah No:5
Al-Maaida
98 - 98
അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്നും നിങ്ങള്‍ മനസ്സിലാക്കുക.(98)
Surah No:8
Al-Anfaal
13 - 13
അവര്‍ അല്ലാഹുവോടും അവന്‍റെ ദൂതനോടും എതിര്‍ത്തു നിന്നതിന്‍റെ ഫലമത്രെ അത്‌. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും എതിര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌.(13)
Surah No:8
Al-Anfaal
25 - 25
ഒരു പരീക്ഷണം (ശിക്ഷ) വരുന്നത്‌ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക. അത്‌ ബാധിക്കുന്നത്‌ നിങ്ങളില്‍ നിന്നുള്ള അക്രമികള്‍ക്ക്‌ പ്രത്യേകമായിട്ടാവുകയില്ല. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(25)
Surah No:8
Al-Anfaal
48 - 48
ഇന്ന്‌ ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ പിശാച്‌ അവര്‍ക്ക്‌ അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും (ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്‌, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന്‌ പറഞ്ഞുകൊണ്ട്‌ അവന്‍ (പിശാച്‌) പിന്‍മാറിക്കളഞ്ഞു.(48)
Surah No:8
Al-Anfaal
52 - 52
ഫിര്‍ഔന്‍റെ ആളുകളുടെയും അവരുടെ മുമ്പുള്ളവരുടെയും സമ്പ്രദായം പോലെത്തന്നെ. അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിക്കുകയും, അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടുകയും ചെയ്തു. തീര്‍ച്ചയായും അല്ലാഹു ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌.(52)
Surah No:13
Ar-Ra'd
6 - 6
(നബിയേ,) നിന്നോട്‌ അവര്‍ നന്‍മയേക്കാള്‍ മുമ്പായി തിന്‍മയ്ക്ക്‌ (ശിക്ഷയ്ക്ക്‌) വേണ്ടി തിടുക്കം കൂട്ടിക്കൊണ്ടിരിക്കുന്നു. അവരുടെ മുമ്പ്‌ മാതൃകാപരമായ ശിക്ഷകള്‍ കഴിഞ്ഞുപോയിട്ടുണ്ട്‌ താനും. തീര്‍ച്ചയായും, നിന്‍റെ രക്ഷിതാവ്‌ മനുഷ്യര്‍ അക്രമം പ്രവര്‍ത്തിച്ചിട്ടുകൂടി അവര്‍ക്ക്‌ പാപമോചനം നല്‍കുന്നവനത്രെ, തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ കഠിനമായി ശിക്ഷിക്കുന്നവനുമാണ്‌.(6)
Surah No:40
Al-Ghaafir
3 - 3
പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക്‌ തന്നെയാകുന്നു മടക്കം.(3)
Surah No:40
Al-Ghaafir
22 - 22
അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൈവദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. എന്നിട്ട്‌ അവര്‍ അവിശ്വസിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹു അവരെ പിടികൂടി. തീര്‍ച്ചയായും അവന്‍ ശക്തനും കഠിനമായി ശിക്ഷിക്കുന്നവനുമത്രെ.(22)
Surah No:49
Al-Hujuraat
4 - 7
(നീ താമസിക്കുന്ന) അറകള്‍ക്കു പുറത്തു നിന്ന്‌ നിന്നെ വിളിക്കുന്നവരാരോ അവരില്‍ അധികപേരും ചിന്തിച്ചു മനസ്സിലാക്കുന്നില്ല.(4)നീ അവരുടെ അടുത്തേക്കു പുറപ്പെട്ട്‌ ചെല്ലുന്നത്‌ വരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക്‌ കൂടുതല്‍ നല്ലത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(5)സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക്‌ നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട്‌ ആ ചെയ്തതിന്‍റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(6)അല്ലാഹുവിന്‍റെ റസൂലാണ്‌ നിങ്ങള്‍ക്കിടയിലുള്ളതെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ച്‌ പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക്‌ സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത്‌ അലംകൃതമായി തോന്നിക്കുകയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍.(7)