അല്ലാഹുവിന്റെ സഹായം

[ 9 - Aya Sections Listed ]
Surah No:3
Aal-i-Imraan
13 - 13
(ബദ്‌റില്‍) ഏറ്റുമുട്ടിയ ആ രണ്ട്‌ വിഭാഗങ്ങളില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌. ഒരു വിഭാഗം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. മറുവിഭാഗമാകട്ടെ സത്യനിഷേധികളും. (അവിശ്വാസികള്‍ക്ക്‌) തങ്ങളുടെ ദൃഷ്ടിയില്‍ അവര്‍ (വിശ്വാസികള്‍) തങ്ങളുടെ ഇരട്ടിയുണ്ടെന്നാണ്‌ തോന്നിയിരുന്നത്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ തന്‍റെ സഹായം കൊണ്ട്‌ പിന്‍ബലം നല്‍കുന്നു. തീര്‍ച്ചയായും കണ്ണുള്ളവര്‍ക്ക്‌ അതില്‍ ഒരു ഗുണപാഠമുണ്ട്‌.(13)
Surah No:8
Al-Anfaal
26 - 29
നിങ്ങള്‍ ഭൂമിയില്‍ ബലഹീനരായി ഗണിക്കപ്പെട്ടിരുന്ന കുറച്ച്‌ പേര്‍ മാത്രമായിരുന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുക. ജനങ്ങള്‍ നിങ്ങളെ റാഞ്ചിയെടുത്ത്‌ കളയുമെന്ന്‌ നിങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നിട്ട്‌ അവന്‍ നിങ്ങള്‍ക്ക്‌ ആശ്രയം നല്‍കുകയും അവന്‍റെ സഹായം കൊണ്ട്‌ നിങ്ങള്‍ക്ക്‌ പിന്‍ബലം നല്‍കുകയും വിശിഷ്ട വസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി.(26)സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്‌. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ്‌ കൊണ്ട്‌ വഞ്ചന കാണിക്കുകയും ചെയ്യരുത്‌.(27)നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണമാണെന്നും അല്ലാഹുവിങ്കലാണ്‌ മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(28)സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച്‌ ജീവിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ സത്യവും അസത്യവും വിവേചിക്കുവാനുള്ള കഴിവ്‌ അവനുണ്ടാക്കിത്തരികയും, അവന്‍ നിങ്ങളുടെ തിന്‍മകള്‍ മായ്ച്ചുകളയുകയും, നിങ്ങള്‍ക്ക്‌ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാകുന്നു.(29)
Surah No:22
Al-Hajj
15 - 15
ഇഹലോകത്തും പരലോകത്തും അദ്ദേഹത്തെ (നബിയെ) അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന്‌ വല്ലവനും വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക്‌ ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട്‌ (നബിക്ക്‌ കിട്ടുന്ന സഹായം) വിച്ഛേദിച്ചുകൊള്ളട്ടെ. എന്നിട്ട്‌ തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ (നബിയുടെ വിജയത്തെ) തന്‍റെ തന്ത്രം കൊണ്ട്‌ ഇല്ലാതാക്കാന്‍ കഴിയുമോ എന്ന്‌ അവന്‍ നോക്കട്ടെ.(15)
Surah No:30
Ar-Room
1 - 6
അലിഫ്‌-ലാം-മീം(1)റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു.(2)അടുത്തനാട്ടില്‍ വെച്ച്‌. തങ്ങളുടെ പരാജയത്തിനു ശേഷം അവര്‍ വിജയം നേടുന്നതാണ്‌.(3)ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ. മുമ്പും പിമ്പും അല്ലാഹുവിനാകുന്നു കാര്യങ്ങളുടെ നിയന്ത്രണം. അന്നേ ദിവസം സത്യവിശ്വാസികള്‍ സന്തുഷ്ടരാകുന്നതാണ്‌.(4)അല്ലാഹുവിന്‍റെ സഹായം കൊണ്ട്‌. താന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ സഹായിക്കുന്നു. അവനത്രെ പ്രതാപിയും കരുണാനിധിയും.(5)അല്ലാഹുവിന്‍റെ വാഗ്ദാനമത്രെ ഇത്‌. അല്ലാഹു അവന്‍റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷെ മനുഷ്യരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.(6)
Surah No:33
Al-Ahzaab
11 - 11
അവിടെ വെച്ച്‌ വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു.(11)
Surah No:47
Muhammad
7 - 7
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സഹായിക്കുന്ന പക്ഷം അവന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ പാദങ്ങള്‍ ഉറപ്പിച്ച്‌ നിര്‍ത്തുകയും ചെയ്യുന്നതാണ്‌.(7)
Surah No:48
Al-Fath
1 - 5
തീര്‍ച്ചയായും നിനക്ക്‌ നാം പ്രത്യക്ഷമായ ഒരു വിജയം നല്‍കിയിരിക്കുന്നു.(1)നിന്‍റെ പാപത്തില്‍ നിന്ന്‌ മുമ്പ്‌ കഴിഞ്ഞുപോയതും പിന്നീട്‌ ഉണ്ടാകുന്നതും അല്ലാഹു നിനക്ക്‌ പൊറുത്തുതരുന്നതിനു വേണ്ടിയും, അവന്‍റെ അനുഗ്രഹം നിനക്ക്‌ നിറവേറ്റിത്തരുന്നതിനു വേണ്ടിയും, നിന്നെ നേരായ പാതയിലൂടെ നയിക്കുന്നതിന്‌ വേണ്ടിയുമാകുന്നു അത്‌.(2)അന്തസ്സാര്‍ന്ന ഒരു സഹായം അല്ലാഹു നിനക്ക്‌ നല്‍കാന്‍ വേണ്ടിയും.(3)അവനാകുന്നു സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി ഇറക്കികൊടുത്തത.്‌ അവരുടെ വിശ്വാസത്തോടൊപ്പം കൂടുതല്‍ വിശ്വാസം ഉണ്ടായിത്തീരുന്നതിന്‌ വേണ്ടി. അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സൈന്യങ്ങള്‍. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമായിരിക്കുന്നു.(4)സത്യവിശ്വാസികളെയും സത്യവിശ്വാസിനികളെയും താഴ്ഭാഗത്തു കൂടി നദികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിത്യവാസികളെന്ന നിലയില്‍ പ്രവേശിപ്പിക്കാന്‍ വേണ്ടിയത്രെ അത്‌. അവരില്‍ നിന്ന്‌ അവരുടെ തിന്‍മകള്‍ മായ്ച്ചുകളയുവാന്‍ വേണ്ടിയും. അല്ലാഹുവിന്‍റെ അടുക്കല്‍ അത്‌ ഒരു മഹാഭാഗ്യമാകുന്നു.(5)
Surah No:59
Al-Hashr
7 - 8
അല്ലാഹു അവന്‍റെ റസൂലിന്‌ വിവിധ രാജ്യക്കാരില്‍ നിന്ന്‌ കൈവരുത്തി കൊടുത്തതെന്തോ അത്‌ അല്ലാഹുവിനും റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കുമുള്ളതാകുന്നു. അത്‌ (ധനം) നിങ്ങളില്‍ നിന്നുള്ള ധനികന്‍മാര്‍ക്കിടയില്‍ മാത്രം കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാവാതിരിക്കാന്‍ വേണ്ടിയാണത്‌. നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌.(7)അതായത്‌ സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക്‌ (അവകാശപ്പെട്ടതാകുന്നു ആ ധനം.) അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്‍റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍.(8)
Surah No:110
An-Nasr
1 - 3
അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍.(1)ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത്‌ നീ കാണുകയും ചെയ്താല്‍(2)നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട്‌ പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.(3)