അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍

[ 20 - Aya Sections Listed ]
Surah No:16
An-Nahl
3 - 18
ആകാശങ്ങളും ഭൂമിയും അവന്‍ യുക്തിപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു.(3)മനുഷ്യനെ അവന്‍ ഒരു ബീജകണത്തില്‍ നിന്ന്‌ സൃഷ്ടിച്ചു. എന്നിട്ട്‌ അവനതാ വ്യക്തമായ എതിര്‍പ്പുകാരനായിരിക്കുന്നു.(4)കാലികളെയും അവന്‍ സൃഷ്ടിച്ചിരിക്കുന്നു; നിങ്ങള്‍ക്ക്‌ അവയില്‍ തണുപ്പകറ്റാനുള്ളതും (കമ്പിളി) മറ്റു പ്രയോജനങ്ങളുമുണ്ട്‌. അവയില്‍ നിന്നു തന്നെ നിങ്ങള്‍ ഭക്ഷിക്കുകയും ചെയ്യുന്നു.(5)നിങ്ങള്‍ (വൈകുന്നേരം ആലയിലേക്ക്‌) തിരിച്ച്‌ കൊണ്ട്‌ വരുന്ന സമയത്തും, നിങ്ങള്‍ മേയാന്‍ വിടുന്ന സമയത്തും അവയില്‍ നിങ്ങള്‍ക്ക്‌ കൌതുകമുണ്ട്‌.(6)ശാരീരിക ക്ലേശത്തോട്‌ കൂടിയല്ലാതെ നിങ്ങള്‍ക്ക്‌ ചെന്നെത്താനാകാത്ത നാട്ടിലേക്ക്‌ അവ നിങ്ങളുടെ ഭാരങ്ങള്‍ വഹിച്ച്‌ കൊണ്ട്‌ പോകുകയും ചെയ്യുന്നു. തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.(7)കുതിരകളെയും കോവര്‍കഴുതകളെയും, കഴുതകളെയും (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) അവയെ നിങ്ങള്‍ക്ക്‌ വാഹനമായി ഉപയോഗിക്കുവാനും, അലങ്കാരത്തിന്‌ വേണ്ടിയും. നിങ്ങള്‍ക്ക്‌ അറിവില്ലാത്തതും അവന്‍ സൃഷ്ടിക്കുന്നു.(8)അല്ലാഹുവിന്‍റെ ബാധ്യതയാകുന്നു നേരായ മാര്‍ഗം (കാണിച്ചുതരിക) എന്നത്‌. അവയുടെ (മാര്‍ഗങ്ങളുടെ) കൂട്ടത്തില്‍ പിഴച്ചവയുമുണ്ട്‌. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ നിങ്ങളെയെല്ലാം അവന്‍ നേര്‍വഴിയിലാക്കുമായിരുന്നു.(9)അവനാണ്‌ ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നത്‌. അതില്‍ നിന്നാണ്‌ നിങ്ങളുടെ കുടിനീര്‌. അതില്‍ നിന്നുതന്നെയാണ്‌ നിങ്ങള്‍ (കാലികളെ) മേക്കുവാനുള്ള ചെടികളുമുണ്ടാകുന്നത്‌.(10)അത്‌ (വെള്ളം) മൂലം ധാന്യവിളകളും, ഒലീവും, ഈന്തപ്പനയും, മുന്തിരികളും നിങ്ങള്‍ക്ക്‌ മുളപ്പിച്ച്‌ തരുന്നു. എല്ലാതരം ഫലവര്‍ഗങ്ങളും (അവന്‍ ഉല്‍പാദിപ്പിച്ച്‌ തരുന്നു.) ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(11)രാവിനെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക്‌ വിധേയമാക്കിത്തന്നിരിക്കുന്നു. നക്ഷത്രങ്ങളും അവന്‍റെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടത്‌ തന്നെ. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.(12)നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അവന്‍ സൃഷ്ടിച്ചുണ്ടാക്കിതന്നിട്ടുള്ളവയും (അവന്‍റെ കല്‍പനയ്ക്ക്‌ വിധേയം തന്നെ.) ആലോചിച്ച്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.(13)നിങ്ങള്‍ക്ക്‌ പുതുമാംസം എടുത്ത്‌ തിന്നുവാനും നിങ്ങള്‍ക്ക്‌ അണിയാനുള്ള ആഭരണങ്ങള്‍ പുറത്തെടുക്കുവാനും പാകത്തില്‍ കടലിനെ വിധേയമാക്കിയവനും അവന്‍ തന്നെ. കപ്പലുകള്‍ അതിലൂടെ വെള്ളം പിളര്‍ന്ന്‌ മാറ്റിക്കൊണ്ട്‌ ഓടുന്നതും നിനക്ക്‌ കാണാം. അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ നിങ്ങള്‍ തേടുവാനും നിങ്ങള്‍ നന്ദികാണിക്കുവാനും വേണ്ടിയാണ്‌. (അവനത്‌ നിങ്ങള്‍ക്ക്‌ വിധേയമാക്കിത്തന്നത്‌.)(14)ഭൂമി നിങ്ങളെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക്‌ വഴി കണ്ടെത്തുവാന്‍ വേണ്ടി നദികളും പാതകളും (അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.)(15)(പുറമെ) പല വഴിയടയാളങ്ങളും ഉണ്ട്‌. നക്ഷത്രം മുഖേനയും അവര്‍ വഴി കണ്ടെത്തുന്നു.(16)അപ്പോള്‍, സൃഷ്ടിക്കുന്നവന്‍ സൃഷ്ടിക്കാത്തവരെപ്പോലെയാണോ? നിങ്ങളെന്താണ്‌ ആലോചിച്ച്‌ മനസ്സിലാക്കാത്തത്‌?(17)അല്ലാഹുവിന്‍റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്‍റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ.(18)
Surah No:16
An-Nahl
65 - 72
അല്ലാഹു ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതരികയും, അത്‌ മൂലം ഭൂമിയെ- അത്‌ നിര്‍ജീവമായികിടന്നതിന്‌ ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട്‌ മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(65)കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളില്‍ നിന്ന്‌- കാഷ്ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന്‌ കുടിക്കുന്നവര്‍ക്ക്‌ സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്കു കുടിക്കുവാനായി നാം നല്‍കുന്നു.(66)ഈന്തപ്പനകളുടെയും മുന്തിരിവള്ളികളുടെയും ഫലങ്ങളില്‍ നിന്നും (നിങ്ങള്‍ക്കു നാം പാനീയം നല്‍കുന്നു.) അതില്‍ നിന്ന്‌ ലഹരി പദാര്‍ത്ഥവും, ഉത്തമമായ ആഹാരവും നിങ്ങളുണ്ടാക്കുന്നു. ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(67)നിന്‍റെ നാഥന്‍ തേനീച്ചയ്ക്ക്‌ ഇപ്രകാരം ബോധനം നല്‍കുകയും ചെയ്തിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ പാര്‍പ്പിടങ്ങളുണ്ടാക്കിക്കൊള്ളുക.(68)പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിച്ച്‌ കൊള്ളുക. എന്നിട്ട്‌ നിന്‍റെ രക്ഷിതാവ്‌ സൌകര്യപ്രദമായി ഒരുക്കിത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിച്ച്‌ കൊള്ളുക. അവയുടെ ഉദരങ്ങളില്‍ നിന്ന്‌ വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത്‌ വരുന്നു. അതില്‍ മനുഷ്യര്‍ക്ക്‌ രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌.(69)അല്ലാഹുവാണ്‌ നിങ്ങളെ സൃഷ്ടിച്ചത്‌. പിന്നീട്‌ അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിന്‌ ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു.(70)അല്ലാഹു നിങ്ങളില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപജീവനത്തിന്‍റെ കാര്യത്തില്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നു. എന്നാല്‍ (ജീവിതത്തില്‍) മെച്ചം ലഭിച്ചവര്‍ തങ്ങളുടെ ഉപജീവനം തങ്ങളുടെ വലതുകൈകള്‍ അധീനപ്പെടുത്തിവെച്ചിട്ടുള്ളവര്‍ (അടിമകള്‍) ക്ക്‌ വിട്ടുകൊടുക്കുകയും, അങ്ങനെ ഉപജീവനത്തില്‍ അവര്‍ (അടിമയും ഉടമയും) തുല്യരാകുകയും ചെയ്യുന്നില്ല. അപ്പോള്‍ അല്ലാഹുവിന്‍റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്‌ ?(71)അല്ലാഹു നിങ്ങള്‍ക്ക്‌ നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക്‌ പുത്രന്‍മാരെയും പൌത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്‍റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്‌?(72)
Surah No:16
An-Nahl
78 - 83
നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ യാതൊന്നും അറിഞ്ഞ്‌ കൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്ത്‌ കൊണ്ട്‌ വന്നു. നിങ്ങള്‍ക്കു അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാന്‍ വേണ്ടി.(78)അന്തരീക്ഷത്തില്‍ (ദൈവിക കല്‍പനയ്ക്ക്‌) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക്‌ അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.(79)അല്ലാഹു നിങ്ങള്‍ക്കു നിങ്ങളുടെ വീടുകളെ വിശ്രമസ്ഥാനമാക്കിയിരിക്കുന്നു. കാലികളുടെ തോലുകളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക്‌ പാര്‍പ്പിടങ്ങള്‍ നല്‍കിയിരിക്കുന്നു. നിങ്ങള്‍ യാത്ര ചെയ്യുന്ന ദിവസവും നിങ്ങള്‍ താവളമടിക്കുന്ന ദിവസവും നിങ്ങള്‍ അവ അനായാസം ഉപയോഗപ്പെടുത്തുന്നു. ചെമ്മരിയാടുകളുടെയും ഒട്ടകങ്ങളുടെയും കോലാടുകളുടെയും രോമങ്ങളില്‍ നിന്ന്‌ ഒരു അവധി വരെ ഉപയോഗിക്കാവുന്ന വീട്ടുപകരണങ്ങളും ഉപഭോഗസാധനങ്ങളും (അവന്‍ നല്‍കിയിരിക്കുന്നു.)(80)അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക്‌ പര്‍വ്വതങ്ങളില്‍ അവന്‍ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്‍റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക്‌ നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അവന്ന്‌) കീഴ്പെടുന്നതിന്‌ വേണ്ടി.(81)ഇനി അവര്‍ തിരിഞ്ഞുകളയുന്ന പക്ഷം നിനക്കുള്ള ബാധ്യത (കാര്യങ്ങള്‍) വ്യക്തമാക്കുന്ന പ്രബോധനം മാത്രമാകുന്നു.(82)അല്ലാഹുവിന്‍റെ അനുഗ്രഹം അവര്‍ മനസ്സിലാക്കുകയും, എന്നിട്ട്‌ അതിനെ നിഷേധിക്കുകയുമാണ്‌ ചെയ്യുന്നത്‌. അവ രില്‍ അധികപേരും നന്ദികെട്ടവരാകുന്നു.(83)
Surah No:23
Al-Muminoon
78 - 80
അവനാണ്‌ നിങ്ങള്‍ക്ക്‌ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഉണ്ടാക്കിതന്നിട്ടുള്ളവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളു.(78)അവനാകുന്നു ഭൂമിയില്‍ നിങ്ങളെ സൃഷ്ടിച്ചു വ്യാപിപ്പിച്ചവന്‍. അവന്‍റെ അടുക്കലേക്കാകുന്നു നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നതും.(79)അവന്‍ തന്നെയാണ്‌ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവന്‍. രാപകലുകളുടെ വ്യത്യാസവും അവന്‍റെ നിയന്ത്രണത്തില്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നില്ലേ?(80)
Surah No:23
Al-Muminoon
84 - 89
(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)(84)അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌. നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ?(85)നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു?(86)അവര്‍ പറയും: അല്ലാഹുവിന്നാകുന്നു (രക്ഷാകര്‍ത്തൃത്വം). നീ പറയുക: എന്നാല്‍ നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?(87)നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)(88)അവര്‍ പറയും: (അതെല്ലാം) അല്ലാഹുവിന്നുള്ളതാണ്‌. നീ ചോദിക്കുക: പിന്നെ എങ്ങനെയാണ്‌ നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?(89)
Surah No:24
An-Noor
45 - 49
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.(45)(യാഥാര്‍ത്ഥ്യം) വ്യക്തമാക്കുന്ന ദൃഷ്ടാന്തങ്ങള്‍ നാം അവതരിപ്പിച്ചിരിക്കുന്നു. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവരെ നേരായ പാതയിലേക്ക്‌ നയിക്കുന്നു.(46)അവര്‍ പറയുന്നു; ഞങ്ങള്‍ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന്‌. പിന്നെ അതിന്‌ ശേഷം അവരില്‍ ഒരു വിഭാഗമതാ പിന്‍മാറിപ്പോകുന്നു. അവര്‍ വിശ്വാസികളല്ല തന്നെ.(47)അവര്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും അവര്‍ വിളിക്കപ്പെട്ടാല്‍ അപ്പോഴതാ അവരില്‍ ഒരു വിഭാഗം തിരിഞ്ഞുകളയുന്നു.(48)ന്യായം അവര്‍ക്ക്‌ അനുകൂലമാണെങ്കിലോ അവര്‍ അദ്ദേഹത്തിന്‍റെ (റസൂലിന്‍റെ) അടുത്തേക്ക്‌ വിധേയത്വത്തോട്‌ കൂടി വരികയും ചെയ്യും.(49)
Surah No:24
An-Noor
53 - 54
നീ അവരോട്‌ കല്‍പിക്കുകയാണെങ്കില്‍ അവര്‍ പുറപ്പെടുക തന്നെ ചെയ്യുമെന്ന്‌ - അവര്‍ക്ക്‌ സത്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലെല്ലാം -അല്ലാഹുവിന്‍റെ പേരില്‍ അവര്‍ സത്യം ചെയ്ത്‌ പറഞ്ഞു. നീ പറയുക: നിങ്ങള്‍ സത്യം ചെയ്യേണ്ടതില്ല. ന്യായമായ അനുസരണമാണ്‌ വേണ്ടത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.(53)നീ പറയുക: നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുവിന്‍. റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങള്‍ പിന്തിരിയുന്ന പക്ഷം അദ്ദേഹം (റസൂല്‍) ചുമതലപ്പെടുത്തപ്പെട്ട കാര്യത്തില്‍ മാത്രമാണ്‌ അദ്ദേഹത്തിന്‌ ബാധ്യതയുള്ളത്‌. നിങ്ങള്‍ക്ക്‌ ബാധ്യതയുള്ളത്‌ നിങ്ങള്‍ ചുമതല ഏല്‍പിക്കപ്പെട്ട കാര്യത്തിലാണ്‌. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക്‌ സന്‍മാര്‍ഗം പ്രാപിക്കാം. റസൂലിന്‍റെ ബാധ്യത വ്യക്തമായ പ്രബോധനം മാത്രമാകുന്നു.(54)
Surah No:31
Luqman
20 - 20
ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങള്‍ക്ക്‌ അധീനപ്പെടുത്തിത്തന്നിരിക്കുന്നു എന്ന്‌ നിങ്ങള്‍ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവന്‍റെ അനുഗ്രഹങ്ങള്‍ അവന്‍ നിങ്ങള്‍ക്ക്‌ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. വല്ല അറിവോ മാര്‍ഗദര്‍ശനമോ വെളിച്ചം നല്‍കുന്ന വേദഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്ന ചിലര്‍ മനുഷ്യരിലുണ്ട്‌.(20)
Surah No:34
Saba
15 - 19
തീര്‍ച്ചയായും സബഅ്‌ ദേശക്കാര്‍ക്ക്‌ തങ്ങളുടെ അധിവാസ കേന്ദ്രത്തില്‍ തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു. അതയാത്‌, വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍. (അവരോട്‌ പറയപ്പെട്ടു:) നിങ്ങളുടെ രക്ഷിതാവ്‌ തന്ന ഉപജീവനത്തില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിക്കുകയും, അവനോട്‌ നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക. നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും.(15)എന്നാല്‍ അവര്‍ പിന്തിരിഞ്ഞ്‌ കളഞ്ഞു. അപ്പോള്‍ അണക്കെട്ടില്‍ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു. അവരുടെ ആ രണ്ട്‌ തോട്ടങ്ങള്‍ക്ക്‌ പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും, അല്‍പം ചില വാകമരങ്ങളും ഉള്ള രണ്ട്‌ തോട്ടങ്ങള്‍ നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്തു.(16)അവര്‍ നന്ദികേട്‌ കാണിച്ചതിന്‌ നാം അവര്‍ക്ക്‌ പ്രതിഫലമായി നല്‍കിയതാണത്‌. കടുത്ത നന്ദികേട്‌ കാണിക്കുന്നവന്‍റെ നേരെയല്ലാതെ നാം ശിക്ഷാനടപടി എടുക്കുമോ?(17)അവര്‍ക്കും (സബഅ്‌ ദേശക്കാര്‍ക്കും) നാം അനുഗ്രഹം നല്‍കിയ (സിറിയന്‍) ഗ്രാമങ്ങള്‍ക്കുമിടയില്‍ തെളിഞ്ഞ്‌ കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി. അവിടെ നാം യാത്രയ്ക്ക്‌ താവളങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തു. രാപകലുകളില്‍ നിര്‍ഭയരായിക്കൊണ്ട്‌ നിങ്ങള്‍ അതിലൂടെ സഞ്ചരിച്ച്‌ കൊള്ളുക. (എന്ന്‌ നാം നിര്‍ദേശിക്കുകയും ചെയ്തു.)(18)അപ്പോള്‍ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രാതാവളങ്ങള്‍ക്കിടയില്‍ നീ അകലമുണ്ടാക്കണമേ. അങ്ങനെ തങ്ങള്‍ക്കു തന്നെ അവര്‍ ദ്രോഹം വരുത്തി വെച്ചു. അപ്പോള്‍ നാം അവരെ കഥാവശേഷരാക്കികളഞ്ഞു. അവരെ നാം സര്‍വ്വത്ര ഛിന്നഭിന്നമാക്കി ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാള്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.(19)
Surah No:35
Faatir
3 - 3
മനുഷ്യരേ, അല്ലാഹു നിങ്ങള്‍ക്ക്‌ ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. ആകാശത്ത്‌ നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കാന്‍ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരു ദൈവവുമില്ല. അപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ്‌ തെറ്റിക്കപ്പെടുന്നത്‌?(3)
Surah No:42
Ash-Shura
28 - 30
അവന്‍ തന്നെയാകുന്നു മനുഷ്യര്‍ നിരാശപ്പെട്ടുകഴിഞ്ഞതിനു ശേഷം മഴ വര്‍ഷിപ്പിക്കുകയും, തന്‍റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവന്‍. അവന്‍ തന്നെയാകുന്നു സ്തുത്യര്‍ഹനായ രക്ഷാധികാരി.(28)ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ . അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവരെ ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ്‌ അവന്‍.(29)നിങ്ങള്‍ക്ക്‌ ഏതൊരു ആപത്ത്‌ ബാധിച്ചിട്ടുണ്ടെങ്കിലും അത്‌ നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു.(30)
Surah No:46
Al-Ahqaf
26 - 26
നിങ്ങള്‍ക്ക്‌ നാം സ്വാധീനം നല്‍കിയിട്ടില്ലാത്ത മേഖലകളില്‍ അവര്‍ക്കു നാം സ്വാധീനം നല്‍കുകയുണ്ടായി. കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്കു നല്‍കുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളെ അവര്‍ നിഷേധിച്ചു കൊണ്ടിരുന്നതിനാല്‍ അവരുടെ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും അവര്‍ക്ക്‌ യാതൊരു പ്രയോജനവും ചെയ്തില്ല. എന്തൊന്നിനെ അവര്‍ പരിഹസിച്ചിരുന്നുവോ അത്‌ അവരില്‍ വന്നുഭവിക്കുകയും ചെയ്തു.(26)
Surah No:50
Qaaf
6 - 11
അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക്‌ അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ്‌ നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന്‌ വിടവുകളൊന്നുമില്ല.(6)ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.(7)(സത്യത്തിലേക്ക്‌) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.(8)ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.(9)അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.(10)(നമ്മുടെ) ദാസന്‍മാര്‍ക്ക്‌ ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത്‌ മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്‌.(11)
Surah No:67
Al-Mulk
19 - 24
അവര്‍ക്കു മുകളില്‍ ചിറക്‌ വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക്‌ അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു.(19)അതല്ല പരമകാരുണികന്‌ പുറമെ നിങ്ങളെ സഹായിക്കുവാന്‍ ഒരു പട്ടാളമായിട്ടുള്ളവന്‍ ആരുണ്ട്‌? സത്യനിഷേധികള്‍ വഞ്ചനയില്‍ അകപ്പെട്ടിരിക്കുക മാത്രമാകുന്നു.(20)അതല്ലെങ്കില്‍ അല്ലാഹു തന്‍റെ ഉപജീവനം നിര്‍ത്തിവെച്ചാല്‍ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുന്നവനായി ആരുണ്ട്‌? എങ്കിലും അവര്‍ ധിക്കാരത്തിലും വെറുപ്പിലും മുഴുകിയിരിക്കയാകുന്നു.(21)അപ്പോള്‍, മുഖം നിലത്തു കുത്തിക്കൊണ്ട്‌ നടക്കുന്നവനാണോ സന്‍മാര്‍ഗം പ്രാപിക്കുന്നവന്‍? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക്‌ നടക്കുന്നവനോ?(22)പറയുക: അവനാണ്‌ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കുകയും നിങ്ങള്‍ക്ക്‌ കേള്‍വിയും കാഴ്ചകളും ഹൃദയങ്ങളും ഏര്‍പെടുത്തിത്തരികയും ചെയ്തവന്‍. കുറച്ചു മാത്രമേ നിങ്ങള്‍ നന്ദികാണിക്കുന്നുള്ളൂ.(23)പറയുക: അവനാണ്‌ നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ച്‌ വളര്‍ത്തിയവന്‍. അവങ്കലേക്കാണ്‌ നിങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുന്നത്‌.(24)
Surah No:67
Al-Mulk
28 - 30
പറയുക: നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എന്നെയും എന്നോടൊപ്പമുള്ളവരെയും അല്ലാഹു നശിപ്പിക്കുകയോ അല്ലെങ്കില്‍ ഞങ്ങളോടവന്‍ കരുണ കാണിക്കുകയോ ചെയ്താല്‍ വേദനയേറിയ ശിക്ഷയില്‍ നിന്ന്‌ സത്യനിഷേധികളെ രക്ഷിക്കാനാരുണ്ട്‌?(28)പറയുക: അവനാകുന്നു പരമകാരുണികന്‍. അവനില്‍ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അവന്‍റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ വഴിയെ നിങ്ങള്‍ക്കറിയാം; ആരാണ്‌ വ്യക്തമായ വഴികേടിലെന്ന്‌.(29)പറയുക: നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ്‌ നിങ്ങള്‍ക്ക്‌ ഒഴുകുന്ന ഉറവു വെള്ളം കൊണ്ട്‌ വന്നു തരിക?(30)
Surah No:77
Al-Mursalaat
20 - 28
നിസ്സാരപ്പെട്ട ഒരു ദ്രാവകത്തില്‍ നിന്ന്‌ നിങ്ങളെ നാം സൃഷ്ടിച്ചില്ലേ?(20)എന്നിട്ട്‌ നാം അതിനെ ഭദ്രമായ ഒരു സങ്കേതത്തില്‍ വെച്ചു.(21)നിശ്ചിതമായ ഒരു അവധി വരെ.(22)അങ്ങനെ നാം (എല്ലാം) നിര്‍ണയിച്ചു. അപ്പോള്‍ നാം എത്ര നല്ല നിര്‍ണയക്കാരന്‍!(23)അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.(24)ഭൂമിയെ നാം ഉള്‍കൊള്ളുന്നതാക്കിയില്ലേ?(25)മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും.(26)അതില്‍ ഉന്നതങ്ങളായി ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളെ നാം വെക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കു നാം സ്വച്ഛജലം കുടിക്കാന്‍ തരികയും ചെയ്തിരിക്കുന്നു.(27)അന്നേ ദിവസം നിഷേധിച്ചു തള്ളിയവര്‍ക്കാകുന്നു നാശം.(28)
Surah No:78
An-Naba
6 - 16
ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?(6)പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ?)(7)നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.(8)നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.(9)രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,(10)പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.(11)നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും(12)കത്തിജ്വലിക്കുന്ന ഒരു വിളക്ക്‌ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.(13)കാര്‍മേഘങ്ങളില്‍ നിന്ന്‌ കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.(14)അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി.(15)ഇടതൂര്‍ന്ന തോട്ടങ്ങളും(16)
Surah No:80
Abasa
17 - 32
മനുഷ്യന്‍ നാശമടയട്ടെ. എന്താണവന്‍ ഇത്ര നന്ദികെട്ടവനാകാന്‍?(17)ഏതൊരു വസ്തുവില്‍ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌?(18)ഒരു ബീജത്തില്‍ നിന്ന്‌ അവനെ സൃഷ്ടിക്കുകയും, എന്നിട്ട്‌ അവനെ (അവന്‍റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു.(19)പിന്നീട്‌ അവന്‍ മാര്‍ഗം എളുപ്പമാക്കുകയും ചെയ്തു.(20)അനന്തരം അവനെ മരിപ്പിക്കുകയും, ഖബ്‌റില്‍ മറയ്ക്കുകയും ചെയ്തു.(21)പിന്നീട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കുന്നതാണ്‌.(22)നിസ്സംശയം, അവനോട്‌ അല്ലാഹു കല്‍പിച്ചത്‌ അവന്‍ നിര്‍വഹിച്ചില്ല.(23)എന്നാല്‍ മനുഷ്യന്‍ തന്‍റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച്‌ നോക്കട്ടെ.(24)നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.(25)പിന്നീട്‌ നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി,(26)എന്നിട്ട്‌ അതില്‍ നാം ധാന്യം മുളപ്പിച്ചു.(27)മുന്തിരിയും പച്ചക്കറികളും(28)ഒലീവും ഈന്തപ്പനയും(29)ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും.(30)പഴവര്‍ഗവും പുല്ലും.(31)നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.(32)
Surah No:87
Al-A'laa
1 - 5
അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക.(1)സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)(2)വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,(3)മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും(4)എന്നിട്ട്‌ അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)(5)
Surah No:90
Al-Balad
8 - 10
അവന്‌ നാം രണ്ട്‌ കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ?(8)ഒരു നാവും രണ്ടു ചുണ്ടുകളും(9)തെളിഞ്ഞു നില്‍ക്കുന്ന രണ്ടു പാതകള്‍ അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.(10)