അല്ലാഹുവിന്റെ അസ്തിത്വം

[ 45 - Aya Sections Listed ]
Surah No:2
Al-Baqara
28 - 29
നിങ്ങള്‍ക്കെങ്ങനെയാണ്‌ അല്ലാഹുവിനെ നിഷേധിക്കാന്‍ കഴിയുക ? നിങ്ങള്‍ നിര്‍ജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്ക്‌ ശേഷം അവന്‍ നിങ്ങള്‍ക്ക്‌ ജീവന്‍ നല്‍കി. പിന്നെ അവന്‍ നിങ്ങളെ മരിപ്പിക്കുകയും വീണ്ടും ജീവിപ്പിക്കുകയും ചെയ്യുന്നു. പിന്നീട്‌ അവന്‍കലേക്ക്‌ തന്നെ നിങ്ങള്‍ തിരിച്ചുവിളിക്കപ്പെടുകയും ചെയ്യും.(28)അവനാണ്‌ നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ്‌ ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്‌ ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്‌. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(29)
Surah No:2
Al-Baqara
164 - 164
ആകാശഭൂമികളുടെ സൃഷ്ടിപ്പിലും, രാപകലുകളുടെ മാറ്റത്തിലും, മനുഷ്യര്‍ക്ക്‌ ഉപകാരമുള്ള വസ്തുക്കളുമായി കടലിലൂടെ സഞ്ചരിക്കുന്ന കപ്പലിലും, ആകാശത്ത്‌ നിന്ന്‌ അല്ലാഹു മഴ ചൊരിഞ്ഞുതന്നിട്ട്‌ നിര്‍ജീവാവസ്ഥയ്ക്കു ശേഷം ഭൂമിക്ക്‌ അതു മുഖേന ജീവന്‍ നല്‍കിയതിലും, ഭൂമിയില്‍ എല്ലാതരം ജന്തുവര്‍ഗങ്ങളെയും വ്യാപിപ്പിച്ചതിലും, കാറ്റുകളുടെ ഗതിക്രമത്തിലും, ആകാശഭൂമികള്‍ക്കിടയിലൂടെ നിയന്ത്രിച്ച്‌ നയിക്കപ്പെടുന്ന മേഘത്തിലും ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌; തീര്‍ച്ച.(164)
Surah No:3
Aal-i-Imraan
18 - 18
താനല്ലാതെ ഒരു ദൈവവുമില്ലെന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന്‌ സാക്ഷികളാകുന്നു.) അവന്‍ നീതി നിര്‍വഹിക്കുന്നവനത്രെ. അവനല്ലാതെ ദൈവമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവന്‍.(18)
Surah No:3
Aal-i-Imraan
190 - 191
തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.(190)നിന്നുകൊണ്ടും ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും അല്ലാഹുവെ ഓര്‍മിക്കുകയും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച്‌ കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ! നീ നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല ഇത്‌. നീ എത്രയോ പരിശുദ്ധന്‍! അതിനാല്‍ നരകശിക്ഷയില്‍ നിന്ന്‌ ഞങ്ങളെ കാത്തുരക്ഷിക്കണേ.(191)
Surah No:6
Al-An'aam
73 - 73
അവനത്രെ ആകാശങ്ങളും ഭൂമിയും മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ ഉണ്ടാകൂ എന്ന പറയുന്ന ദിവസം അതുണ്ടാകുക തന്നെ ചെയ്യുന്നു. അവന്‍റെ വചനം സത്യമാകുന്നു. കാഹളത്തില്‍ ഊതപ്പെടുന്ന ദിവസം അവന്ന്‌ മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞാനമുള്ളവനുമത്രെ.(73)
Surah No:6
Al-An'aam
80 - 80
അദ്ദേഹത്തിന്‍റെ ജനത അദ്ദേഹവുമായി തര്‍ക്കത്തില്‍ ഏര്‍പെടുകയുണ്ടായി. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്‍റെ കാര്യത്തില്‍ നിങ്ങളെന്നോട്‌ തര്‍ക്കിക്കുകയാണോ? അവനാകട്ടെ എന്നെ നേര്‍വഴിയിലാക്കിയിരിക്കുകയാണ്‌. നിങ്ങള്‍ അവനോട്‌ പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല. എന്‍റെ രക്ഷിതാവ്‌ ഉദ്ദേശിക്കുന്നതെന്തോ അതല്ലാതെ (സംഭവിക്കുകയില്ല.) എന്‍റെ രക്ഷിതാവിന്‍റെ ജ്ഞാനം സര്‍വ്വകാര്യങ്ങളെയും ഉള്‍കൊള്ളാന്‍ മാത്രം വിപുലമായിരിക്കുന്നു. നിങ്ങളെന്താണ്‌ ആലോചിച്ച്‌ നോക്കാത്തത്‌?(80)
Surah No:7
Al-A'raaf
185 - 185
ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവര്‍ ചിന്തിച്ച്‌ നോക്കിയില്ലേ? ഇനി ഇതിന്‌ (ഖുര്‍ആന്ന്‌) ശേഷം ഏതൊരു വൃത്താന്തത്തിലാണ്‌ അവര്‍ വിശ്വസിക്കാന്‍ പോകുന്നത്‌?(185)
Surah No:10
Yunus
6 - 6
തീര്‍ച്ചയായും രാപകലുകള്‍ വ്യത്യാസപ്പെടുന്നതിലും, ആകാശങ്ങളിലും ഭൂമിയിലും അല്ലാഹു സൃഷ്ടിച്ചിട്ടുള്ളവയിലും സൂക്ഷ്മത പാലിക്കുന്ന ആളുകള്‍ക്ക്‌ പല തെളിവുകളുമുണ്ട്‌.(6)
Surah No:11
Hud
7 - 7
ആറുദിവസങ്ങളിലായി (അഥവാ ഘട്ടങ്ങളിലായി) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ അവനത്രെ. അവന്‍റെ അര്‍ശ്‌ (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു. നിങ്ങളില്‍ ആരാണ്‌ കര്‍മ്മം കൊണ്ട്‌ ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന്‌ നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന്‌ ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്‌. എന്ന്‌ നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; ഇത്‌ സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.(7)
Surah No:13
Ar-Ra'd
2 - 4
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക്‌ കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന്‌ വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു.(2)അവനാണ്‌ ഭൂമിയെ വിശാലമാക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളും നദികളും ഉണ്ടാക്കുകയും ചെയ്തവന്‍. എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും അവനതില്‍ ഈ രണ്ട്‌ ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അവന്‍ രാത്രിയെക്കൊണ്ട്‌ പകലിനെ മൂടുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(3)ഭൂമിയില്‍ തൊട്ടുതൊട്ടു കിടക്കുന്ന ഖണ്ഡങ്ങളുണ്ട്‌. മുന്തിരിത്തോട്ടങ്ങളും കൃഷികളും, ഒരു മുരട്ടില്‍ നിന്ന്‌ പല ശാഖങ്ങളായി വളരുന്നതും, വേറെ വേറെ മുരടുകളില്‍ നിന്ന്‌ വളരുന്നതുമായ ഈന്തപ്പനകളും ഉണ്ട്‌. ഒരേ വെള്ളം കൊണ്ടാണ്‌ അത്‌ നനയ്ക്കപ്പെടുന്നത്‌. ഫലങ്ങളുടെ കാര്യത്തില്‍ അവയില്‍ ചിലതിനെ മറ്റു ചിലതിനെക്കാള്‍ നാം മെച്ചപ്പെടുത്തുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(4)
Surah No:16
An-Nahl
48 - 48
അല്ലാഹു സൃഷ്ടിച്ചിട്ടുള്ള ഏതൊരു വസ്തുവിന്‍റെയും നേര്‍ക്ക്‌ അവര്‍ നോക്കിയിട്ടില്ലേ? എളിയവരായിട്ടും അല്ലാഹുവിന്‌ സുജൂദ്‌ ചെയ്ത്കൊണ്ടും അതിന്‍റെ നിഴലുകള്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞ്‌ കൊണ്ടിരിക്കുന്നു.(48)
Surah No:16
An-Nahl
81 - 81
അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക്‌ പര്‍വ്വതങ്ങളില്‍ അവന്‍ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന്‌ നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്‍റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക്‌ നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അവന്ന്‌) കീഴ്പെടുന്നതിന്‌ വേണ്ടി.(81)
Surah No:17
Al-Israa
12 - 12
രാവിനെയും പകലിനെയും നാം രണ്ട്‌ ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന്‌ വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു.(12)
Surah No:20
Taa-Haa
54 - 54
നിങ്ങള്‍ തിന്നുകയും, നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്തുകൊള്ളുക. ബുദ്ധിമാന്‍മാര്‍ക്ക്‌ അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.(54)
Surah No:20
Taa-Haa
128 - 128
അവര്‍ക്ക്‌ മുമ്പ്‌ നാം എത്രയോ തലമുറകളെ നശിപ്പിച്ച്‌ കളഞ്ഞിട്ടുണ്ട്‌ എന്ന വസ്തുത അവര്‍ക്ക്‌ മാര്‍ഗദര്‍ശകമായിട്ടില്ലേ ? അവരുടെ വാസസ്ഥലങ്ങളില്‍ കൂടി ഇവര്‍ സഞ്ചരിച്ച്‌ കൊണ്ടിരിക്കുന്നുണ്ട്‌. ബുദ്ധിമാന്‍മാര്‍ക്ക്‌ തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.(128)
Surah No:21
Al-Anbiyaa
33 - 33
അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി (സഞ്ചരിച്ചു) ക്കൊണ്ടിരിക്കുന്നു.(33)
Surah No:22
Al-Hajj
18 - 18
ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, പര്‍വ്വതങ്ങളും വൃക്ഷങ്ങളും ജന്തുക്കളും, മനുഷ്യരില്‍ കുറെപേരും അല്ലാഹുവിന്‌ പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? (വേറെ) കുറെ പേരുടെ കാര്യത്തില്‍ ശിക്ഷ സ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു വല്ലവനെയും അപമാനിതനാക്കുന്ന പക്ഷം അവനെ ബഹുമാനിക്കുവാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ ചെയ്യുന്നു.(18)
Surah No:24
An-Noor
45 - 45
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ്‌ നടക്കുന്നവരുണ്ട്‌. രണ്ട്‌ കാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്‌. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത്‌ സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു.(45)
Surah No:25
Al-Furqaan
54 - 54
അവന്‍ തന്നെയാണ്‌ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെ രക്ഷിതാവ്‌ കഴിവുള്ളവനാകുന്നു.(54)
Surah No:25
Al-Furqaan
59 - 65
ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട്‌ അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട്‌ തന്നെ ചോദിക്കുക.(59)പരമകാരുണികന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ പറയും: എന്താണീ പരമകാരുണികന്‍ ? നീ ഞങ്ങളോട്‌ കല്‍പിക്കുന്നതിന്‌ ഞങ്ങള്‍ പ്രണാമം ചെയ്യുകയോ? അങ്ങനെ അത്‌ അവരുടെ അകല്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്തത്‌.(60)ആകാശത്ത്‌ നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും (സൂര്യന്‍) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.(61)അവന്‍ തന്നെയാണ്‌ രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച്‌ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ (ദൃഷ്ടാന്തമായിരിക്കുവാനാണത്‌.)(62)പരമകാരുണികന്‍റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട്‌ സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു.(63)തങ്ങളുടെ രക്ഷിതാവിന്‌ പ്രണാമം ചെയ്യുന്നവരായിക്കൊണ്ടും, നിന്ന്‌ നമസ്കരിക്കുന്നവരായിക്കൊണ്ടും രാത്രി കഴിച്ചുകൂട്ടുന്നവരുമാകുന്നു അവര്‍.(64)ഇപ്രകാരം പറയുന്നുവരുമാകുന്നു അവര്‍ ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന്‌ നരകശിക്ഷ നീ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു.(65)
Surah No:29
Al-Ankaboot
44 - 44
ആകാശങ്ങളും ഭൂമിയും മുറപ്രകാരം അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. തീര്‍ച്ചയായും അതില്‍ സത്യവിശ്വാസികള്‍ക്ക്‌ ദൃഷ്ടാന്തമുണ്ട്‌.(44)
Surah No:29
Al-Ankaboot
61 - 61
ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തത്‌ ആരാണെന്ന്‌ നീ അവരോട്‌ (ബഹുദൈവവിശ്വാസികളോട്‌) ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. അപ്പോള്‍ എങ്ങനെയാണ്‌ അവര്‍ (സത്യത്തില്‍ നിന്ന്‌) തെറ്റിക്കപ്പെടുന്നത്‌?(61)
Surah No:29
Al-Ankaboot
63 - 63
ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും, ഭൂമി നിര്‍ജീവമായി കിടന്നതിനു ശേഷം അതുമൂലം അതിന്‌ ജീവന്‍ നല്‍കുകയും ചെയ്താരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി! പക്ഷെ അവരില്‍ അധികപേരും ചിന്തിച്ച്‌ മനസ്സിലാക്കുന്നില്ല.(63)
Surah No:30
Ar-Room
20 - 27
നിങ്ങളെ അവന്‍ മണ്ണില്‍ നിന്ന്‌ സൃഷ്ടിച്ചു. എന്നിട്ട്‌ നിങ്ങളതാ (ലോകമാകെ) വ്യാപിക്കുന്ന മനുഷ്യവര്‍ഗമായിരിക്കുന്നു. ഇത്‌ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.(20)നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(21)ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(22)രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും, അവന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(23)ഭയവും ആശയും ഉളവാക്കിക്കൊണ്ട്‌ നിങ്ങള്‍ക്ക്‌ മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിയുകയും അത്‌ മൂലം ഭൂമിക്ക്‌ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ച്‌ മനസ്സിലാക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.(24)അവന്‍റെ കല്‍പനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന്‌ വരുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. പിന്നെ, ഭൂമിയില്‍ നിന്ന്‌ നിങ്ങളെ അവന്‍ ഒരു വിളി വിളിച്ചാല്‍ നിങ്ങളതാ പുറത്ത്‌ വരുന്നു.(25)ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവന്‍റെ അധീനത്തിലത്രെ. എല്ലാവരും അവന്ന്‌ കീഴടങ്ങുന്നവരാകുന്നു.(26)അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത്‌ ആവര്‍ത്തിക്കുന്നു. അത്‌ അവനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ അവസ്ഥയുള്ളത്‌ അവന്നാകുന്നു. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ.(27)
Surah No:30
Ar-Room
46 - 46
(മഴയെപ്പറ്റി) സന്തോഷസൂചകമായിക്കൊണ്ടും, തന്‍റെ കാരുണ്യത്തില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ അനുഭവിപ്പിക്കാന്‍ വേണ്ടിയും, തന്‍റെ കല്‍പനപ്രകാരം കപ്പല്‍ സഞ്ചരിക്കുവാന്‍ വേണ്ടിയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ നിങ്ങള്‍ ഉപജീവനം തേടുവാന്‍ വേണ്ടിയും, നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടിയും അവന്‍ കാറ്റുകളെ അയക്കുന്നത്‌ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.(46)
Surah No:31
Luqman
11 - 11
ഇതൊക്കെ അല്ലാഹുവിന്‍റെ സൃഷ്ടിയാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്ടിച്ചിട്ടുള്ളത്‌ എന്താണെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു.(11)
Surah No:31
Luqman
25 - 25
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹുവാണെന്ന്‌. പറയുക: അല്ലാഹുവിന്‌ സ്തുതി. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല.(25)
Surah No:31
Luqman
31 - 31
കടലിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത്‌ അല്ലാഹുവിന്‍റെ അനുഗ്രഹം നിമിത്തമാണെന്ന്‌ നീ കണ്ടില്ലേ? അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ നിങ്ങള്‍ക്ക്‌ കാണിച്ചുതരാന്‍ വേണ്ടിയത്രെ അത്‌. ക്ഷമാശീലരും നന്ദിയുള്ളവരുമായ ഏവര്‍ക്കും തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്‌.(31)
Surah No:36
Yaseen
33 - 44
അവര്‍ക്കൊരു ദൃഷ്ടാന്തമുണ്ട്‌; നിര്‍ജീവമായ ഭൂമി. അതിന്‌ നാം ജീവന്‍ നല്‍കുകയും, അതില്‍ നിന്ന്‌ നാം ധാന്യം ഉല്‍പാദിപ്പിക്കുകയും ചെയ്തു. എന്നിട്ട്‌ അതില്‍ നിന്നാണ്‌ അവര്‍ ഭക്ഷിക്കുന്നത്‌.(33)ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടങ്ങള്‍ അതില്‍ നാം ഉണ്ടാക്കുകയും, അതില്‍ നാം ഉറവിടങ്ങള്‍ ഒഴുക്കുകയും ചെയ്തു.(34)അതിന്‍റെ ഫലങ്ങളില്‍ നിന്നും അവരുടെ കൈകള്‍ അദ്ധ്വാനിച്ചുണ്ടാക്കിയതില്‍ നിന്നും അവര്‍ ഭക്ഷിക്കുവാന്‍ വേണ്ടി. എന്നിരിക്കെ അവര്‍ നന്ദികാണിക്കുന്നില്ലേ?(35)ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!(36)രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.(37)സൂര്യന്‍ അതിന്‌ സ്ഥിരമായുള്ള ഒരു സ്ഥാനത്തേക്ക്‌ സഞ്ചരിക്കുന്നു. പ്രതാപിയും സര്‍വ്വജ്ഞനുമായ അല്ലാഹു കണക്കാക്കിയതാണത്‌.(38)ചന്ദ്രന്‌ നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത്‌ പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.(39)സൂര്യന്‌ ചന്ദ്രനെ പ്രാപിക്കാനൊക്കുകയില്ല. രാവ്‌ പകലിനെ മറികടക്കുന്നതുമല്ല. ഓരോന്നും ഓരോ (നിശ്ചിത) ഭ്രമണപഥത്തില്‍ നീന്തികൊണ്ടിരിക്കുന്നു.(40)അവരുടെ സന്തതികളെ ഭാരം നിറച്ച കപ്പലില്‍ നാം കയറ്റികൊണ്ട്‌ പോയതും അവര്‍ക്കൊരു ദൃഷ്ടാന്തമാകുന്നു.(41)അതുപോലെ അവര്‍ക്ക്‌ വാഹനമായി ഉപയോഗിക്കാവുന്ന മറ്റു വസ്തുക്കളും അവര്‍ക്ക്‌ വേണ്ടി നാം സൃഷ്ടിച്ചിട്ടുണ്ട്‌.(42)നാം ഉദ്ദേശിക്കുന്ന പക്ഷം നാം അവരെ മുക്കിക്കളയുന്നതാണ്‌.അപ്പോള്‍ അവര്‍ക്കൊരു സഹായിയും ഉണ്ടായിരിക്കുന്നതല്ല. അവര്‍ രക്ഷിക്കപ്പെടുന്നതുമല്ല.(43)നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും, ഒരു നിശ്ചിത കാലം വരെയുള്ള സുഖാനുഭവവും ആയിക്കൊണ്ട്‌ (നാം അവര്‍ക്ക്‌ നല്‍കുന്നത്‌.) അല്ലാതെ.(44)
Surah No:39
Az-Zumar
38 - 38
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത്‌ ആരെന്ന്‌ നീ അവരോട്‌ ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്‌. നീ പറയുക: എങ്കില്‍ അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ച്‌ പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? എനിക്ക്‌ വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക്‌ അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക്‌ അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക്‌ അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്‌.(38)
Surah No:40
Al-Ghaafir
13 - 13
അവനാണ്‌ നിങ്ങള്‍ക്ക്‌ തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിച്ചുതരുന്നത്‌. ആകാശത്ത്‌ നിന്ന്‌ അവന്‍ നിങ്ങള്‍ക്ക്‌ ഉപജീവനം ഇറക്കിത്തരികയും ചെയ്യുന്നു. (അവങ്കലേക്ക്‌) മടങ്ങുന്നവര്‍ മാത്രമേ ആലോചിച്ച്‌ ഗ്രഹിക്കുകയുള്ളൂ.(13)
Surah No:41
Fussilat
37 - 40
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന്‌ നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ്‌ ആരാധിക്കുന്നതെങ്കില്‍.(37)ഇനി അവര്‍ അഹംഭാവം നടിക്കുകയാണെങ്കില്‍ നിന്‍റെ രക്ഷിതാവിന്‍റെ അടുക്കലുള്ളവര്‍ (മലക്കുകള്‍) രാവും പകലും അവനെ പ്രകീര്‍ത്തിക്കുന്നുണ്ട്‌. അവര്‍ക്ക്‌ മടുപ്പ്‌ തോന്നുകയില്ല.(38)നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട്‌ അതില്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതിന്‌ ചലനമുണ്ടാവുകയും അത്‌ വളരുകയും ചെയ്യുന്നു. ഇതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അതിന്‌ ജീവന്‍ നല്‍കിയവന്‍ തീര്‍ച്ചയായും മരിച്ചവര്‍ക്കും ജീവന്‍ നല്‍കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു.(39)നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ വക്രത കാണിക്കുന്നവരാരോ അവര്‍ നമ്മുടെ ദൃഷ്ടിയില്‍ നിന്ന്‌ മറഞ്ഞു പോകുകയില്ല; തീര്‍ച്ച. അപ്പോള്‍ നരകത്തിലെറിയപ്പെടുന്നവനാണോ ഉത്തമന്‍ അതല്ല ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിര്‍ഭയനായിട്ട്‌ വരുന്നവനോ? നിങ്ങള്‍ ഉദ്ദേശിച്ചത്‌ നിങ്ങള്‍ ചെയ്തുകൊള്ളുക. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌ കണ്ടറിയുന്നവനാകുന്നു.(40)
Surah No:41
Fussilat
53 - 53
ഇത്‌ (ഖുര്‍ആന്‍) സത്യമാണെന്ന്‌ അവര്‍ക്ക്‌ വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക്‌ കാണിച്ചുകൊടുക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ്‌ ഏത്‌ കാര്യത്തിനും സാക്ഷിയാണ്‌ എന്നതു തന്നെ മതിയായതല്ലേ?(53)
Surah No:42
Ash-Shura
29 - 29
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വ്യാപിപ്പിച്ചതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ . അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവരെ ഒരുമിച്ചുകൂട്ടുവാന്‍ കഴിവുള്ളവനാണ്‌ അവന്‍.(29)
Surah No:42
Ash-Shura
32 - 32
കടലിലൂടെ മലകളെന്നോണം സഞ്ചരിക്കുന്ന കപ്പലുകളും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ.(32)
Surah No:43
Az-Zukhruf
9 - 9
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന്‌ നീ അവരോട്‌ ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ്‌ അവ സൃഷ്ടിച്ചത്‌ എന്ന്‌.(9)
Surah No:43
Az-Zukhruf
82 - 82
എന്നാല്‍ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌, സിംഹാസനത്തിന്‍റെ നാഥന്‍ അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്ന്‌ എത്രയോ പരിശുദ്ധനത്രെ.(82)
Surah No:45
Al-Jaathiya
3 - 5
തീര്‍ച്ചയായും ആകാശങ്ങളിലും ഭൂമിയിലും വിശ്വാസികള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.(3)നിങ്ങളുടെ സൃഷ്ടിപ്പിലും ജന്തുജാലങ്ങളെ അവന്‍ വിന്യസിക്കുന്നതിലുമുണ്ട്‌ ദൃഢമായി വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളും.(4)രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന്‌ ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക്‌ അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക്‌ ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.(5)
Surah No:50
Qaaf
6 - 11
അവര്‍ക്കു മുകളിലുള്ള ആകാശത്തേക്ക്‌ അവര്‍ നോക്കിയിട്ടില്ലേ; എങ്ങനെയാണ്‌ നാം അതിനെ നിര്‍മിക്കുകയും അലങ്കരിക്കുകയും ചെയ്തിട്ടുള്ളതെന്ന്‌? അതിന്‌ വിടവുകളൊന്നുമില്ല.(6)ഭൂമിയാകട്ടെ നാം അതിനെ വികസിപ്പിക്കുകയും, അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നാം സ്ഥാപിക്കുകയും കൌതുകമുള്ള എല്ലാ സസ്യവര്‍ഗങ്ങളും നാം അതില്‍ മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.(7)(സത്യത്തിലേക്ക്‌) മടങ്ങുന്ന ഏതൊരു ദാസന്നും കണ്ടുമനസ്സിലാക്കുവാനും അനുസ്മരിക്കുവാനും വേണ്ടി.(8)ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു.(9)അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും.(10)(നമ്മുടെ) ദാസന്‍മാര്‍ക്ക്‌ ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത്‌ മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു (ഖബ്‌റുകളില്‍ നിന്നുള്ള) പുറപ്പാട്‌.(11)
Surah No:64
At-Taghaabun
2 - 4
അവനാണ്‌ നിങ്ങളെ സൃഷ്ടിച്ചവന്‍. എന്നിട്ട്‌ നിങ്ങളുടെ കൂട്ടത്തില്‍ സത്യനിഷേധിയുണ്ട്‌. നിങ്ങളുടെ കൂട്ടത്തില്‍ വിശ്വാസിയുമുണ്ട്‌. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി കണ്ടറിയുന്നവനാകുന്നു.(2)ആകാശങ്ങളും, ഭൂമിയും അവന്‍ മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ക്കവന്‍ രൂപം നല്‍കുകയും, നിങ്ങളുടെ രൂപങ്ങള്‍ അവന്‍ നന്നാക്കുകയും ചെയ്തിരിക്കുന്നു. അവങ്കലേക്കാകുന്നു തിരിച്ചുപോക്ക്‌.(3)ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അവന്‍ അറിയുന്നു. നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അവന്‍ അറിയുന്നു. അല്ലാഹു ഹൃദയങ്ങളിലുള്ളത്‌ അറിയുന്നവനാകുന്നു.(4)
Surah No:67
Al-Mulk
3 - 3
ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ?(3)
Surah No:67
Al-Mulk
19 - 19
അവര്‍ക്കു മുകളില്‍ ചിറക്‌ വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക്‌ അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു.(19)
Surah No:67
Al-Mulk
30 - 30
പറയുക: നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ്‌ നിങ്ങള്‍ക്ക്‌ ഒഴുകുന്ന ഉറവു വെള്ളം കൊണ്ട്‌ വന്നു തരിക?(30)
Surah No:71
Nooh
15 - 15
നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌.(15)
Surah No:87
Al-A'laa
2 - 5
സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)(2)വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും,(3)മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും(4)എന്നിട്ട്‌ അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)(5)