വിവാഹങ്ങള്‍

ഇസ്ലാം പ്രകൃതിമതമാണ്. ലൈംഗികത പാപമല്ല, പുണ്യമാണെന്നാണ് അതിന്റെ അധ്യാപനം. ഇണയിലൂടെയുള്ള ലൈംഗിക സംപൂര്‍ത്തീകരണത്തിന് ദൈവം പ്രതിഫലം നല്‍കുമെന്ന് പഠിപ്പിച്ച മതദര്‍ശനമാണത്. അനിവാര്യമായ സാഹചര്യങ്ങളില്‍ ഇസ്ലാം ബഹുഭാര്യത്വം അനുവദിക്കുന്നു. വിശുദ്ധ ജീവിതം നയിക്കണമെങ്കില്‍ ഒന്നിലധികം ഇണകളെ സ്വീകരിക്കുക അനിവാര്യമായിത്തീരുന്ന വ്യക്തിപരവും സാമൂഹികവുമായ നിരവധി സാഹചര്യങ്ങളുണ്ട്. പ്രസ്തുത സാഹചര്യങ്ങളെ അവഗണിക്കുന്നതിനുപകരം പരിഗണിക്കുകയും ആ രംഗത്ത് കൃത്യമായ ചട്ടക്കൂടുകള്‍ നടപ്പാക്കുകയുമാണ് ദൈവികദര്‍ശനം ചെയ്തിരിക്കുന്നത്. സഹധര്‍മിണിമാര്‍ക്കിടയില്‍ നീതിയില്‍ വര്‍ത്തിക്കണമെന്ന കര്‍ക്കശവും കര്‍ശനവുമായ നിയമത്തിന്റെ വരുതിയില്‍ നിന്നുകൊണ്ട് നാലുവരെ ഇണകളെ സ്വീകരിക്കുവാന്‍ മുസ്ലിം പുരുഷന് അനുവാദമുണ്ട്. ഈ അനുവാദം പ്രവാചകന്മാരെല്ലാം നല്‍കിയിട്ടുള്ളതാണ്. ബൈബിളും ഖുര്‍ആനും അംഗീകരിക്കുന്ന ആദര്‍ശപിതാവായ അബ്രഹാമിന് സാറാ, ഹാഗാര്‍, കൊതൂറാ എന്നീ മൂന്ന് ഭാര്യമാരുണ്ടായിരുന്നതായി ബൈബിള്‍ പഴയ നിയമം വ്യക്തമാക്കുന്നു.(ഉല്‍പത്തി 25:1-6). ഇസ്രായീല്യരുടെ ഗോത്രപിതാവും ദൈവവുമായി മല്ലയുദ്ധം നടത്തി ജയിച്ചവനായി ബൈബിള്‍ പരിചയപ്പെടുത്തുന്നവനുമായ യാക്കോബിന് ലേയാ, റാഹേല്‍, ബില്‍ഹ, സില്‍വ എന്നീ നാലു ഭാര്യമാരുണ്ടായിരുന്നതായി ശാമുവേലിന്റെ പുസ്തകങ്ങള്‍ ( 1ശാമു 18: 28; 2 ശാമു 2:3-11:27) വ്യക്തമാക്കുന്നു. സുഭാഷിതങ്ങള്‍ എന്ന ബൈബിള്‍ പുസ്തകത്തിന്റെ കര്‍ത്താവായ സോളമന് എഴുന്നൂറു ഭാര്യമാരും മുന്നൂറ് ഉപഭാര്യമാരുമുണ്ടായിരുന്നു (രാജാക്കന്മാര്‍ 11:3). എത്ര ഭാര്യമാരെയും സ്വീകരിക്കാമെന്ന പഴയ പ്രവാചകന്മാരുടെ കാലത്ത് നിലനിന്നിരുന്ന നിയമത്തെ പരിമിതപ്പെടുത്തുകയും നാലിലധികംപേരെ ഇണകളായി സ്വീകരിച്ചുകൂടെന്ന് വിലക്കുകയും അനിവാര്യഘട്ടത്തില്‍ ബഹുഭാര്യത്വത്തില്‍ ഏര്‍പ്പെടുന്നവര്‍ പാലിക്കേണ്ട കര്‍ശനനിയമങ്ങള്‍ പഠിപ്പിക്കുക വഴി സ്ത്രീകളോട് കാരുണ്യം കാണിക്കുകയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുമാണ് ഇസ്ലാം ചെയ്യുന്നത്. സ്ത്രീകളുടെ ഒരു അവകാശവും ഹനിക്കപ്പെടാതെ, അവരോട് പൂര്‍ണമായും നീതി പുലര്‍ത്തിക്കൊണ്ടുള്ള ബഹുഭാര്യത്വമാണ് ഇസ്ലാം അനുവദിച്ചിട്ടുള്ളത്.

 

ലൈംഗിക അരാജകത്വം അരങ്ങുതകര്‍ത്തിരുന്ന അറേബ്യയിലാണ് മുഹമ്മദ് നബി(സ്വ)ജനിച്ചത്. ഇരുപത്തിയഞ്ചാം വയസ്സില്‍ അദ്ദേഹം വിവാഹിതനാകുന്നതുവരെ ഏതെങ്കിലും ഒരു ലൈഗിംകവര്‍ത്തനം അദ്ദേഹത്തില്‍ നിന്നുണ്ടായതായി കഠിനശത്രുക്കള്‍ പോലും ആരോപിച്ചിട്ടില്ല. കുലീന കുടുംബത്തിലെ ആരോഗ്യദൃഢഗാത്രനും സുന്ദരനുമായ അദ്ദേഹത്തിന് മക്കയിലെ ഏതു സുന്ദരിയെയും വിവാഹം ചെയ്യാമായിരുന്നു. എന്നല്‍ 25ാം വയസ്സില്‍ യുവത്വം മുറ്റിനില്‍ക്കുന്ന പ്രായത്തില്‍ നാല്‍പതുകാരിയും നാലുമക്കളുടെ മാതാവുമായിരുന്ന ഒരു വിധവയെയാണ് അദ്ദേഹം ഇണയായി സ്വീകരിച്ചത്. 65ാമത്തെ വയസ്സില്‍ അവര്‍ മരണപ്പെടുന്നതിന് മുമ്പ് നബി വേറെ വിവാഹങ്ങളിലൊന്നും ഏര്‍പ്പെടുകയുണ്ടായില്ല. ഖദീജ യുടെ മരണത്തിന് ശേഷം തന്റെ 53ാമത്തെ വയസ്സില്‍ പ്രവാചകന്‍ വിവാഹം ചെയ്തത് സൌദയെന്ന അറുപത്തിയാറുകാരിയെയായിരുന്നു. ഭര്‍ത്താവിനൊപ്പം ഇസ്ലാം സ്വീകരിച്ച അവര്‍ തന്റെ പ്രിയതമന്റെ മരണത്തോടെ അനാഥയാവുകയും കുടുംബത്തിലുള്ള അമുസ്ലിംകള്‍ അവരെ ഇസ്ലാം പരിത്യജിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ അവരുടെ സംരക്ഷണ ചുമതലയേറ്റെടുത്ത് മാതൃകയാകുകയായിരുന്നു പ്രവാചകന്‍(സ്വ).
തന്റെ ആത്മസുഹൃത്തായിരുന്ന അബൂബക്കറിന്റെ മകള്‍ ആയിശയായിരുന്നു പ്രവാചക ജീവിതത്തിലേക്ക് പിന്നീട് കടന്നുവന്ന സഹധര്‍മ്മിണി. തന്റെ ഒന്‍പതാമത്തെ വയസ്സിലാണ് അവര്‍ പ്രവാചകനോടൊപ്പം ദാമ്പത്യജീവിതമാരംഭിച്ചത്. അക്കാലത്ത് ഇതില്‍ യാതൊരു അസ്വാഭാവികതയും സമൂഹം കണ്ടിരുന്നില്ല. യേശുമാതാവായിരുന്ന കന്യാമറിയയെ ജോസഫ് വിവാഹം ചെയ്തപ്പോള്‍ അദ്ദേഹത്തിന് 90 വയസ്സും കന്യാമറിയത്തിന് പന്ത്രണ്ട് വയസ്സുമായിരുന്നു പ്രായമെന്ന് കാത്തോലിക് എന്‍സൈക്ളോപീഡിയ വ്യക്തമാക്കുന്നുണ്ട്. (ംംം.ിലംമറ്ലൃ.ീൃഴ/രമവേലി/08504മ.വാ). മുഹമ്മദ് നബി(സ്വ) തന്നെക്കാള്‍ നാല്‍പ്പതു വയസ്സു പ്രായം കുറഞ്ഞ കന്യകയെ വിവാഹം ചെയ്തത് അദ്ദേഹത്തിനെതിരെയുള്ള ഒരു ധാര്‍മികാരോപണമായി സമകാലികരോ അദ്ദേഹത്തിന് ശേഷം നൂറ്റാണ്ടുകളോളം കഴിഞ്ഞ് ജീവിച്ചവരോ ആയ ഇസ്ലാം വിമര്‍ശകരൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല. ഈയടുത്ത കാലം വരെ സമൂഹത്തില്‍ സാര്‍വത്രികമായിരുന്നു അത്തരം വിവാഹങ്ങള്‍. പ്രാവചകനെ(സ്വ) ഇണയായി ലഭിച്ചതില്‍ സന്തോഷവതിയായിരുന്നു ആയിശയെന്നും അവരുടെ കുടുംബജീവിതം പൂര്‍ണമായി സംതൃപ്തമായിരുന്നുവെന്നും അവരുടെ തന്നെ വചനങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രവാചകനു ശേഷം ഏറെ നാള്‍ ജീവിച്ചിരിക്കുവാന്‍ അവസരം ലഭിച്ചതിനാല്‍ കുടുംബ-ദാമ്പത്യ ജീവിതത്തിലെ ഇസ്ലാമിക നിയമങ്ങള്‍ പ്രവാചകനില്‍ നിന്ന് പഠിക്കുവാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനും ആയിശക്ക് കഴിയുകയും ചെയ്തു; ഈ വിവാഹത്തിനു പിന്നിലുള്ള ദൈവികയുക്തി ചിലപ്പോള്‍ അതായിരിക്കാം – നമുക്കറിയില്ല. ഏതായിരുന്നാലും അവരും മാതാപിതാക്കളും സമ്പൂര്‍ണമായ സംതൃപ്തിയോടെ സ്വീകരിക്കുകയും അവര്‍ ജീവിച്ച സമൂഹം വിമര്‍ശനമേതുമില്ലാതെ അംഗീകരിക്കുകയും ചെയ്ത പ്രസ്തുത വിവാഹത്തില്‍ മാനവികവിരുദ്ധമായ യാതൊന്നുമുണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്.
തന്റെ ആത്മസുഹൃത്തും ഇസ്ലാമിക സമൂഹത്തിന്റെ ശക്തിസ്രോതസ്സുമായിരുന്ന ഉമറിന്റെ മകള്‍ ഹഫ്സ വിധവയായിത്തീര്‍ന്നപ്പോള്‍ അവരെ സ്വന്തം സഹധര്‍മിണിയായി സ്വീകരിച്ച് ഉമര്‍ന്േ ആശ്വാസമേകുകയും അവരുടെ സുഹൃദ്ബന്ധത്തിന് ദൃഢത പകരുകയും ചെയ്യുകയാണ് നാലാമത്തെ വിവാഹത്തിലൂടെ മുഹമ്മദ് നബി(സ്വ) ചെയ്തത്. തന്റെ മുഖ്യ പ്രതിയോഗിയായിരുന്ന അബുസുഫ്യാന്റെ മകള്‍ ഉമ്മു ഹബീബ, അവരുടെ ഭര്‍ത്താവ് ഇസ്ലാമില്‍ നിന്ന് പുറത്ത് പോയപ്പോള്‍ നിരാലംബയായിത്തീരുകയും എത്യോപ്യയില്‍ നിന്ന് തിരിച്ചുവരാന്‍ പ്രയാസപ്പെടുകയും ചെയ്തപ്പോള്‍ അവരെയും മുഹമ്മദ് നബി (സ്വ) വിവാഹം ചെയ്തു. ബദര്‍യുദ്ധത്തില്‍ രക്തസാക്ഷികളായ ഉബാദയുടെ വിധവ സൈനബ്, ഉഹ്ദ് യുദ്ധത്തിനു ശേഷം മരണമടഞ്ഞ അബൂസലമയുടെ വിധവ ഉമ്മു സലമ, ബനുല്‍ മുസ്തലഖ് യുദ്ധത്തിലെ തടവുകാരിയായിരുന്ന ജൂവൈരിയ, ഖൈബര്‍ യുദ്ധത്തിലെ തടവുകാരിയായിരുന്ന സ്വഫിയ, അബ്ദുറഹ്മാനുബ്നു അബ്ദുല്‍ ഉസ്സയുടെ വിധവ മൈമുന തുടങ്ങിയ പ്രവാചക പത്നിമാര്‍ വിധവകളും ആഭിജാത്യത്തോടുകൂടിയുള്ള സംരക്ഷണം അര്‍ഹിക്കുന്നവരുമായതിനാല്‍ മദീനയുടെ ഭരണാധികാരിയായ മുഹമ്മദ് നബി (സ്വ) തന്നെ അവരെ പത്നിമാരായി സ്വീകരിക്കുകയായിരുന്നു.
തന്റെ അമ്മായിയുടെ മകളായിരുന്ന സൈനബ് ബിന്‍ത് ജഹ്ശായിരുന്നു മുഹമ്മദ് നബി(സ്വ)യുടെ മറ്റൊരു പത്നി. അവരെ വിവാഹം ചെയ്തത് എക്കാലത്തും ശത്രുക്കളാല്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇന്നും പ്രസ്തുത വിമര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രവാചകന്‍ലയുടെ ദത്തുപുത്രനായി അറിയപ്പെട്ടിരുന്ന സൈദ് ബിന്‍ ഹാരിഥയുേടെ ഭാര്യയായിരുന്നു സൈനബ് എന്നതാണ് വിമര്‍ശനത്തിന്റെ കാതല്‍. ഇസ്ലാം ദത്തുപുത്രനെ സ്വന്തം പുത്രനായി കാണുന്നതിനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് തന്നെ ദത്തുപുത്രന്റെ ഭാര്യ വളര്‍ത്തുന്നയാള്‍ക്ക് അന്യയാണെന്നാണ് ഇസ്ലാമിക വീക്ഷണം. യാഥാര്‍ത്ഥ മാതാപിതാക്കളുടെ മക്കളായി തന്നെയാണ് ഓരോരുത്തരും അറിയപ്പെടേണ്ടതെന്ന് ഇസ്ലാം നിഷ്കര്‍ഷിക്കുന്നു. അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന മക്കളെയും ദത്തുപുത്രന്മാരെയും ഒരേ പോലെ കാണുന്ന സമ്പ്രദായത്തിന് അറുതിവരുത്താനായി അല്ലാഹുവിന്റെ പ്രത്യേകമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തന്റെ ദത്തുപുത്രനായി അറിയപ്പെട്ടിരുന്ന സൈദ് വിവാഹമോചനം ചെയ്ത സൈനബിനെ പ്രവാചകന്‍ (സ്വ)വിവാഹം ചെയ്തത്. മുഹമ്മദ് നബി(സ്വ)യുടെ അമ്മായിയുടെ മകളായിരുന്നു സൈനബ് എന്നും അവരെ സൈദിന് വിവാഹം ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെടുകയും അതിനാവശ്യമായ സംവിധാനങ്ങളൊരുക്കുകയും ചെയ്തത് നബി (സ്വ) തന്നെയായിരുന്നുവെന്നും സ്വരച്ചേര്‍ച്ചയില്ലായ്മ കാരണം സൈദിന്റെയും സൈനബിന്റെയും വൈവാഹികജീവിതം ഏറെ നാള്‍ നീണ്ടുനില്‍ക്കാതെ വേര്‍പിരിയുകയാണുണ്ടായതെന്നും അത്തരമൊരു സാഹചര്യത്തിലാണ് അല്ലാഹുവിന്റെ നിര്‍ദ്ദേശപ്രകാരം ദത്തുപുത്രസമ്പ്രദായം അവസാനിപ്പിക്കുന്നതിന് മുഹമ്മദ് നബി (സ്വ)തന്നെ മാതൃകയായിത്തീര്‍ന്നതെന്നുമുള്ള വസ്തുതകളെ കാണാന്‍ കൂട്ടാക്കാതെയാണ് ഈ വിവാഹത്തിന്റെ പേരില്‍ പ്രവാചകനെ പ്രതിക്കൂട്ടിലാക്കാന്‍ വിമര്‍ശകര്‍ പരിശ്രമിക്കുന്നത്. സ്വന്തം അമ്മായിയുടെ മകളായിരുന്ന സൈനബിനോടുള്ള പ്രേമവും ലൈംഗികാഭിനിവേശവുമാണ് അവരെ വിവാഹം ചെയ്യാന്‍ നബി(സ്വ)യെ പ്രേരിപ്പിച്ചതെന്ന് പറയുന്നവര്‍ അവരെ മറ്റൊരാളെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചത് പ്രവാചകനായിരുന്നുവെന്നും അവരുമായുള്ള ദാമ്പത്യബന്ധം പരാജയപ്പെടുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ അവരെ യോജിപ്പിച്ച് പരമാവധി മുന്നോട്ട് കൊണ്ട് പോകുവാന്‍ പരമാവധി ശ്രമിക്കുകയുണ്ടായി അദ്ദേഹമെന്നും അത് പരാജയപ്പെട്ട് വിവാഹമോചനത്തില്‍ കലാശിച്ചതിനുശേഷം മാത്രമാണ് ദൈവനിര്‍ദ്ദേശപ്രകാരം മുഹമ്മദ് നബി(സ്വ) അവരെ ഏറ്റെടുത്തതെന്നുമുള്ള വസ്തുതകള്‍ വിസ്മരിക്കുകയാണ് ചെയ്യുന്നത്.

This entry was posted in പ്രവാചക വിമര്‍ശനം, വിവാഹങ്ങള്‍. Bookmark the permalink.