ബനൂഖുറൈദ ഗോത്രക്കാരോട് പ്രവാചകന്‍ പ്രതികാരത്തോടെ സമീപിച്ചിരുന്നോ ?

യുദ്ധത്തിനു ശേഷമുള്ള പ്രവാചകന്റെ നടപടികള്‍ ഒരു ഇസ്ലാമിക രാഷ്ട്രത്തിന്റെ നേതൃത്വം എങ്ങനെയാണ് വര്‍ത്തിക്കേണ്ടതെന്ന് വ്യക്തമാക്കുന്നവയാണ്. അവിടെ കാരുണ്യവും നീതിയും സമ്മേളിക്കുന്നത് നമുക്ക് കാണാനാവും. കാരുണ്യത്തിന്റെ പേരില്‍ ഇസ്ലാമിക രാഷ്ട്രം ഏതുതരം കുറ്റവാളികളെയും വെറുതെ വിടുമെന്ന തെറ്റിദ്ധാരണയുണ്ടായിക്കൂടാ. ആവശ്യമാകുന്ന അവസരങ്ങളില്‍ നിഷ്കൃഷ്ടമായ നിയമനടപടികള്‍ക്ക് കുറ്റവാളികളെ വിധേയരാക്കേണ്ടതുണ്ട്. കുറ്റവാളികളോട് കാരുണ്യം മാത്രമേ മുസ്ലിം നേതൃത്വത്തില്‍ നിന്ന് ഉണ്ടാവുകയുള്ളൂ എന്ന് വരുന്നത് വ്യാപകമായ അരാജകത്വത്തിനാണ് നിമിത്തമാവുക. അവിടെയും പ്രവാചകന്റെ മാതൃക നിസ്തുലവും അനുകരണീയവുമാണെന്നതാണ് യാഥാര്‍ത്ഥ്യം.
ബദ്റില്‍ പിടിക്കപ്പെട്ടവരോടുള്ള പ്രചാചകന്റെ സമീപനം ഉദാഹരണമായെടുക്കുക. അമ്പതു പേരായിരുന്നു ബന്ദികള്‍. അവരെല്ലാവരും ഇസ്ലാമിന്റെ ശത്രുക്കളും പ്രവാചകനെ ശാരീരികവും മാനസികവുമായി പ്രയാസപ്പെടുത്തിയവരുമായിരുന്നു. സുഹൈല്‍ ബ്നു അംറിനെപ്പോലെയുള്ള നബിനിന്ദക്കുവേണ്ടി നിരന്തരം നാവുപയോഗിക്കുന്നവരും അബൂഉസ്സത്തുല്‍ ജംഹിയെപ്പോലെയുള്ള മുസ്ലിംകളെ ശാരീരികമായി പീഢിപ്പിച്ചുകൊണ്ടിരുന്നവരും അഖീലുബ്നു അബീത്വാലിബിനെ പോലെയുള്ള പ്രവാചകന്റെ അടുത്ത കുടുംബക്കാരായിരുന്നിട്ടും ശത്രുതയുടെ കനലുമായി നടക്കുന്നവരുമെല്ലാമുണ്ടായിരുന്നു, യുദ്ധത്തടവുകാര്‍ക്കിടയില്‍. അവരില്‍ നാല്‍പ്പത്തിയെട്ടു പേരെയും സ്വതന്ത്രരായി മദീനയിലേക്ക് തിരിച്ചയക്കുകയാണ് നബി (സ്വ) ചെയ്തത്. പണമുള്ളവരില്‍ നിന്ന് മോചനമൂല്യം വാങ്ങിയും അതില്ലാത്ത സാക്ഷരരില്‍ നിന്ന് മദീനായിലെ പത്ത് പേര്‍ക്ക് വീതം എഴുത്തു പഠിപ്പിക്കാമെന്ന വ്യവസ്ഥയിലും ഇതൊന്നുമില്ലാത്ത മൂന്നു പേരെ നിരുപാധികവും വിട്ടയക്കുകയാണുണ്ടായത്. അങ്ങനെ വിട്ടയക്കപ്പെട്ടവരില്‍ പലരും മക്കയില്‍ പോയി ബഹുദൈവാരാധകരെ ജാഗരം കൊള്ളിക്കുകയും തുടര്‍യുദ്ധത്തിനുള്ള സജ്ജീകരണങ്ങള്‍ നടത്തുകയുമാണ് ചെയ്തതെന്ന് ചരിത്രം.

യുദ്ധത്തടവൂകാരില്‍ നാല്പെത്തെട്ടു പേരെയും വ്യക്തമായ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടയച്ചപ്പോള്‍ രണ്ടുപേരെ വധിക്കുവാനായിരുന്നു പ്രവാചക കല്‍പന. ശത്രുസൈന്യത്തിന്റെ പതാകവാഹകനായിരുന്ന നദ്റുബ്നു ഹാരിഥും പ്രവാചകനെ വല്ലാതെ പ്രയാസപ്പെടുത്തിയ ഉഖ്ബത്തുബിന്‍ മുഐകിനുമാണ് വധിക്കപ്പെട്ട യുദ്ധത്തടവുകാര്‍. ഇവര്‍ രണ്ടുപേരും മക്കയില്‍ വെച്ച് സഹിക്കാന്‍ കഴിയാത്ത രൂപത്തില്‍ പ്രവാചകനെ മര്‍ദിച്ചവരും ബദ്ര്‍ യുദ്ധത്തിന്റെ പ്രധാനപ്പെട്ട ഖുറൈശീ സംഘാടകരുമായിരുന്നു. മക്കയില്‍ വെച്ച് പ്രവാചകന്റെ കഴുത്തില്‍ കുടല്‍ മാല ചാര്‍ത്തിയതും അദ്ദേഹത്തിന് നമസ്കാരത്തില്‍ നിന്ന് എഴുന്നേല്‍ക്കാനാകാത്ത സ്ഥിതിയുണ്ടാക്കിയതും കഴുത്തില്‍ മുണ്ടിട്ടുമുറുക്കിയതുമെല്ലാം ഉഖ്ബയായിരുന്നു. മക്കയിലെ പതിമൂന്നു വര്‍ഷക്കാലത്തെ മുസ്ലിം പീഢനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും മുസ്ലിംകളുമായുള്ള ആദ്യയുദ്ധത്തിന്റെ പതാകവാഹകനായിത്തീര്‍ന്ന് ഇസ്്ലാമിനോടും മുഹമ്മദ് നബി(സ്വ)യോടുമുള്ള തന്റെ അടക്കാനാകാത്ത വെറുപ്പ്് പ്രകടിപ്പിക്കുകയും ചെയ്ത നദറുബ്നു ഹാരിഥാണ് വധിക്കപ്പെട്ട രണ്ടാമന്‍. ഇവരെ രണ്ടുപേരെയും വെറുതെ വിടുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ ഇസ്ലാാമിക രാഷ്ട്രത്തിന്റെ തലവനായ പ്രവാചകന്‍ (സ്വ) അവരെ വധിക്കുവാന്‍ കല്‍പിക്കുകയാണ് ചെയ്തത്.
യുദ്ധത്തടവുകാരെ എങ്ങനെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് തീരുമാനിക്കേണ്ടത് രാഷ്ട്രമാണ്. രാജ്യത്തിന് അത്യന്തം അപകടകാരികളാണ് അവരെന്ന് ബോധ്യപ്പെടുകയും സംസ്കരണത്തിന് സാധ്യതകളൊന്നുമില്ലെന്ന് മനസ്സിലാവുകയും ചെയ്താല്‍ രാഷ്ട്ര നേതൃത്വത്തിന് അവരെ വധിക്കാം, മോചനമൂല്യം വാങ്ങിയും അല്ലാതെയും വെറുതെ വിടുകയും ചെയ്യാം.സാഹചര്യങ്ങള്‍ക്കനുസരിച്ച് രാഷ്ട്ര നേതൃത്വമണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മുഹമ്മദ് നബി(സ്വ)യുടെ മേല്‍ കുടല്‍മാലയിട്ടതിനും അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചതിനുമുള്ള പ്രതികാരമായിട്ടാണ് ഇവരെ വധിച്ചതെന്നും, അദ്ദേഹം പ്രതികാരദാഹിയായിരുന്നുവെന്ന് കാണിക്കുന്നവയാണ് ഈ സംഭവങ്ങളെന്നും പറയുന്ന നബിവിമര്‍ശകന്‍മാര്‍ ഇവരെപ്പോലെത്തന്നെ നബി(സ്വ)യെ നിന്ദിക്കുകയും പീഢിപ്പിക്കുകയും ചെയ്ത നാല്‍പ്പത്തിയെട്ടുപേരെ വിട്ടയക്കുകയാണ് ചെയ്തതെന്ന വസ്തുത മറച്ചുവെക്കുന്നു. അവര്‍ ശ്രമിക്കുന്നത് കാരുണ്യത്തിന്റെ പ്രവാചകനെ പ്രതികാരമൂര്‍ത്തിയായി അവതരിപ്പിക്കുവാനാണ്. വിമര്‍ശകരുടെ വാദങ്ങളെ ഇസ്ലാമീകരണം നടത്തി തങ്ങള്‍ ചെയ്തുകൂട്ടുന്ന‘ഭീകരതക്ക് പ്രവാചകന്‍ലയെ തെളിവാക്കാന്‍ ശ്രമിക്കുന്ന മുസ്ലിം നാമധാരികളായ തീവ്രവാദികള്‍ ചെയ്യുന്നതും മറ്റൊന്നല്ല. കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും ആള്‍രൂപമായിരുന്ന അന്തിമപ്രവാചകനെ ക്രൂരനും പ്രതികാരദാഹിയുമായി അവതരിപ്പിക്കുകയെന്ന ക്രൂരതയാണ് അവരില്‍ നിന്നുണ്ടാകുന്നത്; ഈ ക്രൂരത ചെയ്യുന്നവര്‍ പ്രവാചകനെ (സ്വ)സ്നേഹിക്കുന്നുവെന്ന് കരുതുവാന്‍ യാതൊരു ന്യായവുമില്ല.

ബനൂഖുറൈദ ഗോത്രക്കാരോടുള്ള പ്രവാചകന്റെ(സ്വ) സമീപനവും വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. സംഭവത്തിന്റെ അവസാന ‘ഭാഗം മാത്രം അവതരിപ്പിച്ച് നബി (സ്വ)യില്‍ ക്രൂരതയും പ്രതികാരവാഞ്ചയും ആരോപിക്കുകയാണ് വിമര്‍ശകരുടെ പതിവുശൈലി. പലായനം ചെയ്ത് മക്കയില്‍ നിന്ന് മദീനയിലെത്തിയ ഉടനെ നബി(സ്വ)മദീനയിലെ ബനൂ ഖൈനൂഖാഅ്, ബനൂ നദീര്‍ , ബനൂ ഖൂറൈദ എന്നീ പ്രബലരായ ജൂതഗോത്രങ്ങളുമായി സന്ധിയുണ്ടാക്കിയിരുന്നുവെന്നും പ്രസ്തുത സന്ധിയുടെ നിരന്തരമായ ലംഘനവും രാഷ്ട്രത്തിനകത്തുനിന്ന് അതിനെതിരെയുണ്ടാക്കിയ ലഹളകളുമാണ് ഈ ഗോത്രങ്ങളോടെല്ലാം നിഷ്കൃഷ്ടമായ നിലപാടെടുക്കുവാന്‍ പ്രവാചകനെ (സ്വ) പ്രേരിപ്പിച്ചെതെന്നുമുള്ള വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ടാണ് വിമര്‍ശകര്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. മദീനയിലുള്ള ജൂതന്‍മാരെ സംരക്ഷിക്കുവാന്‍ ഇസ്ലാമിക രാഷ്ട്രം പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ ജീവനോ സ്വത്തോ ഹനിക്കപ്പെടുകയില്ലെന്നും വിശ്വാസമോ മതമോ ഉള്‍ക്കൊള്ളുന്നതിന് തടസ്സമൊന്നുമുണ്ടാകുകയില്ലെന്നും മുസ്്ലിംകളും ജൂതന്‍മാരും പരസ്പരം പോരടിക്കുകയില്ലെന്നും ജൂതന്‍മാര്‍ രാജ്യത്തിന്റെ പൊതുനിയമങ്ങള്‍ അനുസരിക്കുമെന്നും മുസ്്ലിംകള്‍ക്കെതിരെ ശത്രുക്കളെ സഹായിക്കുകയില്ലെന്നുമുള്ള കരാര്‍ വ്യവസ്ഥകള്‍ തക്കം കിട്ടിയപ്പോഴെല്ലാം ലംഘിച്ച് ഇസ്ലാമിക രാഷ്ട്രത്തെ തകര്‍ക്കാന്‍ ശ്രമിച്ച് ആഭ്യന്തര ശത്രുക്കളായിത്തീര്‍ന്ന ജൂതഗോത്രങ്ങളെ പാഠം പഠിപ്പിക്കാതെ മദീനക്കു നിലനില്‍ക്കാനാകില്ലെന്ന അവസ്ഥയുണ്ടായപ്പോഴാണ് അവര്‍ക്കെതിരെ ശക്തവും നീതിയിലധിഷ്ഠിതവുമായ വിധികള്‍ നടപ്പാക്കാന്‍ പ്രവാചകന്‍ (സ്വ) സന്നദ്ധനായത്.
ഒരു മുസ്്ലിംസ്ത്രീയെ അങ്ങാടിയില്‍ വെച്ച് പരസ്യമായി വസ്ത്രാക്ഷേപം ചെയ്തപ്പോള്‍ അവരുടെ നിലവിളി കേട്ടെത്തിയ ഒരു മുസ്്ലിം അതുചെയ്ത ബനൂഖൈനൂഖാഅ് ഗോത്രത്തിലെ ജൂതനുമായി സംഘട്ടനത്തിലേര്‍പ്പെടുകയും അത് ജൂതന്റെ മരണത്തില്‍ പര്യവസാനിക്കുകയും ചെയ്തു. അതോടനുബന്ധിച്ച് ജൂതന്‍മാര്‍ സംഘടിതരായി ആ മുസ്്ലിമിനെ വധിച്ചു. അതോടെ മുസ്്ലിംകളും ജൂതന്‍മാരും തമ്മില്‍ സംഘട്ടനങ്ങളുണ്ടായി. നീതി നടപ്പാക്കേണ്ടത് രാഷ്്ട്രമാണെന്നും ആരും നിയമം കയ്യിലെടുക്കെരുതെന്നും പരസ്പരം സംഘട്ടനത്തിലേര്‍പ്പെടരുതെന്നുമുള്ള കരാര്‍ വ്യവസ്ഥകളെല്ലാം ലംഘിച്ച അവരോട് കൊലപാതകിയോട് പ്രതിക്രിയ ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചുവെങ്കിലും അവരത് നിരസിക്കുകയും പ്രവാചകനെയും ഇസ്്ലാമിനെയും അപഹസിച്ചുകൊണ്ട് ആഭ്യന്തരകലാപത്തിന് ആക്കം കൂട്ടുകയും ചെയ്യുകയാണുണ്ടായത.് അങ്ങനെയാണ് ബനൂഖൈനൂഖാഅ് ഗോത്രം താമസിക്കുന്ന കോട്ട ഉപരോധിക്കുകയും അവരോട് കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. പതിനാലു ദിവസങ്ങള്‍ പിടിച്ചുനിന്നെങ്കിലും അവസാനം അവര്‍ കീഴടങ്ങി. രാജ്യവുമായുണ്ടാക്കിയ കരാറിനെ കാറ്റില്‍ പറത്തുകയും ആഭ്യന്തരകലാപങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഖൈനൂഖാഉകാരെ സിറിയയിലേക്കു നാടുകടത്തി, മുഹമ്മദ് നബി (സ്വ). രാജ്യദ്രോഹികളെന്ന നിലയില്‍ കടുത്ത നടപടികളെടുക്കേണ്ട കുറ്റമായിരുന്നിട്ടുപോലും തങ്ങള്‍ക്ക് കൊണ്ട് പോകാന്‍ കഴിയുന്ന മുഴുവന്‍ സമ്പത്തും സാധനങ്ങളുമായി സമാധാനപൂര്‍വ്വം നാടുവിടാന്‍ അവരെ അനുവദിക്കുകയാണ് പ്രവാചകന്‍ (സ്വ)ചെയ്തത്.

രാഷ്ട്രനേതാവായിരുന്ന മുഹമ്മദ് നബി(സ്വ)യെ വധിക്കുവാന്‍ പല തവണ ഗൂഢാലോചന നടത്തുകയും അതിലെല്ലാം പരാജയപ്പെടുകയും ചെയ്തപ്പോഴാണ് ബനൂ നദീര്‍ ഗോത്രക്കാരെ നാടുകടത്താന്‍ മുഹമ്മദ് നബി(സ്വ) സന്നദ്ധമായത്. ഒരിക്കലവര്‍ ക്ഷണിച്ചുവരുത്തിയത് പ്രകാരം ചെന്നപ്പോഴാണ് വലിയൊരു കല്ല് തലയിലേക്ക് മറിച്ചിട്ട് നബി(സ്വ)യെ വധിക്കാന്‍ അവര്‍ ശ്രമിച്ചത്. മൂന്ന് അനുയായികളെയും കൂട്ടിച്ചെന്ന് ഇസ്്ലാമാണ് സത്യമെന്ന് സംവദിച്ച് ബോധ്യപ്പെടുത്തിയാല്‍ തങ്ങളെല്ലാം മുസ്്ലിംകളാകാമെന്ന ഉറപ്പിന്‍മേല്‍ അവരുടെ വാസസ്ഥലത്തേക്ക് പുറപ്പെട്ട മുഹമ്മദ് നബി(സ്വ) യെയും മൂന്ന് പേരേയും കൊന്നുകളയുവാന്‍ അവര്‍ ഗൂഢാലോചന നടത്തി. ഈ പരിശ്രമങ്ങളിലെല്ലാം അവര്‍ പരാജയപ്പെട്ടു. രാഷ്ട്രനേത്യത്വത്തെ വധിക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗത്തെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് ഒരു ക്ഷേമരാഷ്ട്രത്തിന് മുന്നോട്ട് പോകുവാന്‍ കഴിയുക? കാര്യങ്ങളിത്രയും വഷളായപ്പോള്‍ നദീര്‍ ഗോത്രത്തോട് സ്വയം തന്നെ മദീന വിട്ടു പോകുവാന്‍ മുഹമ്മദ് നബി(സ്വ) ആവശ്യപ്പെട്ടു. നാടിന്റെ നേതാവിനെ വധിക്കുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഒരു സമൂഹത്തെ ആ നാട്ടില്‍ നിര്‍ത്താന്‍ കഴിയുകയില്ലെന്നതിനാല്‍ പത്തു ദിവസത്തിനകം മദീന വിട്ടുപോകണമെന്ന് അദ്ദേഹം അവരോട് പറഞ്ഞു. അവര്‍ അതിനു സന്നദ്ധമായില്ല. പത്തു ദിവസത്തിനു ശേഷം പ്രവാചകനും അനുയായികളും അവരുടെ കോട്ട ഉപരോധിച്ചു. അവസാനം ഗത്യന്തരമില്ലാതെ അവര്‍ നാടുവിടാമെന്ന് സമ്മതിച്ചു. തങ്ങളുടെ ഒട്ടകങ്ങള്‍ക്ക് വഹിക്കാനാവുന്ന സമ്പത്ത് കൊണ്ടുപോകുവാന്‍ തങ്ങളെ അനുവദിക്കണമെന്ന നദീര്‍ ഗോത്രത്തിന്റെ അഭ്യര്‍ത്ഥന പ്രവാചകന്‍ അംഗീകരിച്ചു. തങ്ങളുടെ ഒട്ടകങ്ങളും അവയ്ക്ക് താങ്ങാനാവുന്ന സമ്പത്തുക്കളുമായി ബനൂനദീര്‍ ഗോത്രത്തിലുള്ളവര്‍ ശാമിലേക്കും ഖൈബറിലേക്കും യാത്രയായി.

ഗോത്രക്കാരോട് രണ്ട് കരാറുകളിലേര്‍പ്പെട്ടിരുന്നു, മുസ്്ലിംകള്‍. മക്കയിലെത്തിയ ഉടനെ മറ്റുഗോത്രങ്ങളുമായുണ്ടാക്കിയതു പോലെയുള്ള കരാറാണ് ഒന്നാമത്തേത്. നദീര്‍ ഗോത്രവുമായി യുദ്ധമുണ്ടായപ്പോള്‍ അവരുടെ സഹോദരഗോത്രമെന്ന നിലക്ക് രണ്ടാമതൊരുകരാര്‍ കൂടെയുണ്ടാക്കി, ബനൂഖുറൈദയുമായി. ഹിജ്്റ അഞ്ചാം വര്‍ഷം നടന്ന അഹ്സാബ് യുദ്ധത്തോടനുബന്ധിച്ച് ഈ രണ്ടു കരാറുകളും അവര്‍ കാറ്റില്‍ പറത്തി. മദീനക്കു ചുറ്റുമുള്ള ഇസ്്ലാമിന്റെ ശത്രുക്കളെല്ലാം ഒറ്റക്കെട്ടായി മുസ്്ലിംകള്‍ക്കെതിരെ യുദ്ധത്തിനു വന്ന സമയം. അവരുമായി നേര്‍ക്കുനേര്‍ യുദ്ധം ചെയ്യുന്നത് ഗുണകരമാകില്ലെന്ന് മനസ്സിലാക്കി അവര്‍ മദീനയിലേക്ക് കടക്കാതിരിക്കാന്‍ മദീനക്ക് ചുറ്റും കിടങ്ങ് കുഴിക്കുകയാണ് പ്രവാചകനും അനുയായികളും ചെയ്തത്. മദീനയിലുള്ള ബനൂഖുറൈദക്കാര്‍ ചതിക്കാതിരുന്നാല്‍ പ്രസ്തുത കിടങ്ങ് ചാടിക്കടന്ന് ശത്രുക്കള്‍ക്ക് മദീനയെ ആക്രമിക്കാനാകാത്ത രൂപത്തിലായിരുന്നു കിടങ്ങിന്റെ നിര്‍മാണം. യുദ്ധം തുടങ്ങിയപ്പോള്‍ ബനൂഖുറൈദക്കാരുടെ മട്ടുമാറി. നാടുകടത്തപ്പെട്ട നദീര്‍ ഗോത്രത്തലവന്‍ ഹുയയ്യ്ബ്നു അഖ്തബിന്റെ ദുരുപദേശം കാരണം അവര്‍ കരാര്‍ ലംഘിക്കാന്‍ ധൃഷ്ടരായി. ബനൂഖുറൈദക്കാര്‍ കരാര്‍ ലംഘിക്കുകയും തങ്ങളുടെ കോട്ട തുറന്ന് കൊടുക്കുകയും ചെയ്താല്‍ ശത്രുക്കള്‍ക്ക് നിഷ്്പ്രയാസം മദീനക്കകത്തേക്ക് കടക്കാന്‍ കഴിയും. പ്രവാചകന്‍ (സ്വ)പ്രതിനിധികളെ വിട്ട് ബനൂഖുറൈദക്കാരെ കരാറുകളെക്കുറിച്ച് ഓര്‍മിപ്പിച്ചെങ്കിലും അവര്‍ അത് പരിഹസിച്ചു തള്ളുകയാണ് ചെയ്തത്. മുസ്്ലിംകള്‍ ഏറെ പരിഭ്രമിച്ചു പോയ ഘട്ടമായിരുന്നു അത.് മദീനയിലെ മൊത്തം സമ്പത്തിന്റെ മൂന്നില്‍ ഒന്നു നല്‍കിക്കൊണ്ടുപോലും സന്ധിചെയ്യാന്‍ നബി(സ്വ) സന്നദ്ധനായി. മുസ്്ലിംകള്‍ ദയനീയമായി തോല്‍ക്കുമെന്നും അതുവഴി മദീന തങ്ങളുടേതായിത്തീരുമെന്നും കരുതിയ ബനൂഖുറൈദക്കാര്‍ ഒരു സന്ധിനിര്‍ദേശത്തിനും വഴങ്ങിയില്ല. മുസ്്ലിംകളുടെ കണ്ണുതള്ളി. തങ്ങളും തങ്ങളുടെ രാജ്യവും പൂര്‍ണമായി നിഷ്കാസനം ചെയ്യപ്പെടാന്‍ പോവുകയാണ്. അവരുടെ ഹൃദയം തൊണ്ടക്കുഴിയിലെത്തിയെന്നാണ് ഈ അവസ്ഥയെ വിശദീകരിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത്. (33:9-11). എന്നാല്‍ മുസ്്ലിംകളെ അല്ലാഹു സഹായിച്ചു. മദീനയില്‍ വീശിയടിച്ച കൊടുങ്കാറ്റും തണുപ്പും കാരണം ശത്രുക്കള്‍ക്ക് പിന്തിരിഞ്ഞോടേണ്ട സ്ഥിതിയുണ്ടായി.മുസ്്ലിംകളുടെ യുദ്ധതന്ത്രങ്ങള്‍ ശത്രുസൈന്യത്തെ ഭിന്നിപ്പിച്ചു. ബനൂഖുറൈദക്കാരുടെ വഞ്ചന പരാജയപ്പെട്ടു. യുദ്ധം കഴിഞ്ഞപ്പോള്‍ ബനൂഖുറൈദക്കാരെ ശക്തമായ പാഠം പഠിപ്പിച്ചില്ലെങ്കില്‍ മുസ്്ലിംകളുടെ നിലനില്‍പുതന്നെ ‘ഭീഷണിയിലാവുമെന്ന് മനസ്സിലാക്കിയ മുഹമ്മദ് നബി(സ്വ) അവരുടെ കോട്ട ഉപരോധിച്ചു. ഒരുമാസത്തോളം നീണ്ട ഉപരോധത്തിനൊടുവില്‍ തങ്ങളുടെ സഖ്യഗോത്രത്തലവനായ സഅദ്ബ്നുമുആദിന്റെ വിധി അംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ അവര്‍ കീഴടങ്ങി. മദീനയിലെത്തിയ ഉടനെ ജൂതഗോത്രങ്ങളുമായുണ്ടാക്കിയ കരാറില്‍ വ്യവസ്ഥചെയ്തിട്ടുള്ളതുപോലെ തോറയിലെ നിയമം നടപ്പാക്കാനാണ് സഅദ്ബ്നു മുആദ് ആവശ്യപ്പെട്ടത്. ഇത്തരം ഘട്ടങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്ന തോറയുടെ കല്‍പനയിങ്ങനെയാണ്: “യുദ്ധ ത്തിനായി നിങ്ങള്‍ ഒരു നഗരത്തെ സമീപിക്കുമ്പോള്‍ സമാധാന സന്ധിക്കുള്ള അവസരം നല്‍കണം. അവര്‍ സമാധാന സന്ധിക്കു തയ്യാറാവുകയും കവാടങ്ങള്‍ തുറന്നുതരുകയും ചെയ്താല്‍ നഗരവാസികള്‍ അടിമകളായി നിന്നെ സേവിക്കട്ടെ. എന്നാല്‍, ആ നഗരം സന്ധി ചെയ്യാതെ നിനക്കെതിരേ യുദ്ധം ചെയ്താല്‍ നീ അതിനെ വളഞ്ഞ് ആക്രമിക്കണം. നിന്റെ ദൈവമായ കര്‍ത്താവ് അതിനെ നിന്റെ കൈയില്‍ ഏല്‍പിക്കു മ്പോള്‍ അവിടെയുള്ള പുരുഷന്‍മാരെയെല്ലാം വാളിനിരയാക്കണം. എന്നാല്‍ സ്ത്രീക ളെയും കുട്ടികളെയും കന്നുകാലികളെയും നഗരത്തിലുള്ള മറ്റെല്ലാ സാധനങ്ങളോടുമൊപ്പം കൊള്ളവ സ്തുക്കളായി എടുത്തു കൊള്ളുക. നിന്റെ ദൈവമായ കര്‍ത്താവ് നിനക്കു തരുന്ന ശത്രു ക്കളുടെ വസ്തുവകകളെല്ലാം അനുഭവിച്ചു കൊള്ളുക. ഈ ദേശ ക്കാരുടേതല്ലാത്ത വിദൂരസ്ഥമായ പട്ടണങ്ങളോടു നീ ഇപ്രകാര മാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍, നിന്റെ ദൈവമായ കര്‍ത്താവ് നിനക്ക് അവകാശമായിത്തരുന്ന ഈ ജനതകളുടെ പട്ടണങ്ങളില്‍ ഒന്നിനെയും ജീവിക്കാന്‍ അനുവദിക്കരുത്.'(ആവര്‍ത്തനം 20:10 -16).ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായവരെയെല്ലാം വധിക്കുകയും സ്ത്രീകളെയും കുട്ടികളെയും തടവുകാരായി പിടിക്കുകയും ചെയ്യാന്‍ സഅദ് വിധിച്ചു. പ്രസ്തുത വിധി നടപ്പിലാക്കിയ മുഹമ്മദ് നബി(സ്വ) ക്രൂരനാണെന്ന് വിമര്‍ശിക്കുന്നവര്‍ ഈ വിധി തോറയുടേതാണെന്ന വസ്തുതയോട് പുറം തിരിഞ്ഞുനില്‍ക്കുകയാണ് ചെയ്യുന്നത്. ബനൂഖുറൈദക്കാര്‍ ചെയ്ത മാപ്പര്‍ഹിക്കാത്ത രാജ്യദ്രോഹക്കുറ്റത്തിന് അവരുടെ വേദഗ്രന്ഥം വിധിക്കുന്ന ശിക്ഷ നല്‍കിയത് ക്രൂരതയാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്. രാഷ്ട്രത്തിനെതിരെ കലാപങ്ങള്‍ നടത്തുകയും തങ്ങള്‍ ജീവിക്കുന്ന രാജ്യത്തെ ഒറ്റുകൊടുക്കുകയും ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന പാഠമാണ് ബനൂഖുറൈദാ സംഭവം നല്‍കുന്നത്.

This entry was posted in പ്രവാചക വിമര്‍ശനം, ബനൂഖുറൈദ. Bookmark the permalink.