മറ്റ് ഗ്രന്ഥങ്ങളിലുണ്ടെന്ന് പറയപ്പെടുന്ന പ്രവചനങ്ങളില്‍നിന്ന് വ്യത്യസ്തമായി എന്ത് സവിശേഷതയാണ് ഖുര്‍ആനിലെ പ്രവചനങ്ങള്‍ക്കുള്ളത്?

മറ്റ് ഗ്രന്ഥങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഖുര്‍ആനിലെ പ്രവചനങ്ങള്‍ കൃത്യവും സൂക്ഷ്മവുമാണ്. യാതൊരുവിധ വ്യാഖ്യാനക്കസര്‍ത്തുകളുമില്ലാതെത്തന്നെ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാന്‍ കഴിയുന്ന തരത്തില്‍ സരളമാണവ. ഖുര്‍ആനിലെ പ്രവചനങ്ങള്‍ക്ക് നിദാനമായ സംഭവങ്ങള്‍ കഴിഞ്ഞശേഷം വ്യാഖ്യാനിച്ച് ഒപ്പിക്കപ്പെട്ട കാര്യങ്ങളല്ല അവ. മറിച്ച്, ഖുര്‍ആനിലെ പ്രവചനങ്ങളുടെ വെളിച്ചത്തില്‍ പ്രസ്തുത സംഭവങ്ങള്‍ പ്രതീക്ഷിക്കുകയായിരുന്നു വിശ്വാസികള്‍ ചെയ്തിരുന്നത്.
ഉദാഹരണത്തിന് ഖുര്‍ആനിലെ പ്രധാനപ്പെട്ട ഒരു പ്രവചനം നോക്കുക: ‘അടുത്ത നാട്ടില്‍വെച്ച് റോമക്കാര്‍ തോല്‍പിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ പരാജയത്തിനുശേഷം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ അവര്‍ വിജയം നേടുന്നതാണ്’ (30:2-5)
പ്രവാചകന്റെ കാലത്തുതന്നെ പൂര്‍ത്തീകരിക്കപ്പെട്ട ഒരു ഖുര്‍ ആനിക പ്രവചനമാണിത്. ഈ പ്രവചനവുമായി ബന്ധപ്പെട്ട താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധേയമാണ്:
ഒന്ന്) മക്കയില്‍വെച്ച് അവതരിപ്പിക്കപ്പെട്ട സൂക്തമാണിത്. ഹിജ്റയ്ക്ക് മുമ്പ് നടന്ന ഒരു യുദ്ധത്തിലാണ് അറേബ്യന്‍ ഉപദ്വീപിന്റെ അയല്‍പ്രദേശമായ റോമാസാമ്രാജ്യത്തെ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായ ഖുസ്യുപര്‍വേസ് പരാജയപ്പെടുത്തിയത്. ക്രിസ്താബ്ദം 615ലാണ് ഈ പരാജയം സംഭവിച്ചത്. വേദക്കാരായ ക്രൈസ്തവരുടെ മേല്‍ അഗ്നിപൂജകരായ പേര്‍ഷ്യക്കാര്‍ നേടിയ വിജയം മക്കാമുശ്രിക്കുകളെ സന്തോഷിപ്പിക്കുകയും മുസ്ലിംകളെ ദുഃഖിപ്പിക്കുകയും ചെയ്തത് സ്വാഭാവികമായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് നടേ സൂചിപ്പിച്ച സൂക്തങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ സൂക്തങ്ങളില്‍ യാതൊരുവിധ സങ്കീര്‍ണതയോ വളച്ചുകെട്ടോ ഇല്ല. ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന ആശയങ്ങളാണ് ഇതിലുള്ളത്. “ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റോമക്കാര്‍ വിജയിക്കും” എന്ന പ്രവചനത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയാത്ത ആരുംതന്നെ അന്ന് അറേബ്യയിലുണ്ടാകാനിടയില്ല.
രണ്ട്) ഈ വചനം അവതരിപ്പിക്കപ്പെട്ടപ്പോള്‍ പ്രവാചകാനുചരന്മാരില്‍ പ്രമുഖനായ അബൂബക്കറും () മക്കാ മുശ്രിക്കുകളില്‍പെട്ട ഉമയ്യത്തുബ്നു ഖലഫും തമ്മില്‍ ഒരു പന്തയം നടന്നു. ഏതാ നും ഒട്ടകങ്ങള്‍ക്കായിരുന്നു പന്തയം. ‘ഫീ ബിദ്വ് ഇ സിനീന്‍’ എന്നാണ് റോമാക്കാരുടെ വിജയം പ്രവചിച്ചുകൊണ്ട് ഖുര്‍ആന്‍ പറഞ്ഞത്. “ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍” എന്ന് ഭാഷാന്തരം ചെയ്തിരിക്കുന്നത് ഈ പ്രയോഗത്തെയാണ്. മൂന്നുമുതല്‍ ഒന്‍പതുവരെയുള്ള എണ്ണത്തിനാണ് ‘ബിദ്വ്അ്’ എന്ന് പ്രയോഗിക്കാറുള്ളത്. ഒന്‍പത് വര്‍ഷത്തിനുള്ളില്‍ റോമാക്കാര്‍ പേര്‍ഷ്യക്കാരുടെമേല്‍ വിജയം വരിക്കുമെന്ന് ഈ വചനങ്ങളില്‍നിന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് അബൂബക്കര്‍ () പന്തയത്തിലേര്‍പ്പെട്ടത്. പന്തയത്തില്‍ അബൂബക്കര്‍ () വിജയിച്ചു. ക്രിസ്താബ്ദം 622ല്‍ നടന്ന യുദ്ധത്തില്‍ പേര്‍ഷ്യക്കാരെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹിരാക്ളിയസ് തോല്‍പിക്കുകയും സാമ്രാജ്യം പുനഃസ്ഥാപിക്കുകയും ചെയ്തതോടെ ഖുര്‍ആനിലെ പ്രവചനം സാക്ഷാത്കരിക്കപ്പെട്ടു. അബൂബക്കറു()മായി പന്തയത്തിലേര്‍പ്പെട്ടവര്‍ പന്തയത്തിന് നിശ്ചയിക്കപ്പെട്ട ഒട്ടകങ്ങള്‍ അദ്ദേഹത്തിന് നല്‍കുകയും, മുഹമ്മദ് (സ)നബിയുടെ നിര്‍ദ്ദേശാനുസാരം അവദാനം ചെയ്യുകയുമാണുണ്ടായതെന്ന് ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. ഖുര്‍ആനിന്റെ ഈ പച്ചയായ പ്രവചനത്തെക്കുറിച്ച് പ്രവാചകാനുചരന്മാര്‍ ബോധവാന്മാരായിരുന്നുവെന്നും അവരെല്ലാം ഈ പ്രവചനത്തിന്റെ പൂര്‍ത്തീകരണം കാത്തിരിക്കുകയുമായിരുന്നുവെന്ന് ഈ സംഭവത്തില്‍നിന്ന് സുതരാം വ്യക്തമാണ്. ഒരു സംഭവം നടന്ന ശേഷം അതിനനുസരിച്ച് ഒരു ഖുര്‍ആനിക വചനം പ്രവചനമായി വ്യാഖ്യാനിക്കപ്പെടുകയല്ല ചെയ്തതെന്ന് സാരം.
മൂന്ന്) ഈ സൂക്തങ്ങളില്‍ ശേഷം പറയുന്ന കാര്യങ്ങളും കൃത്യമായി സംഭവിച്ചുവെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യമാവും. ‘അന്നേ ദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ സഹായംകൊണ്ട് സന്തുഷ്ടരാകുന്നതാണ്’ എന്നാണ് റോമക്കാരുടെ വിജയത്തിന്റെ നാളിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത്. റോമാ സാമ്രാജ്യത്തിന്റെ വിജയത്തില്‍ അഗ്നിപൂജകരുടെമേല്‍ വേദക്കാരുടെ വിജയമെന്ന രീതിയില്‍ മുസ്ലിംകള്‍ക്കുണ്ടായ സന്തോഷം പ്രത്യേകം പറയേണ്ടതില്ല. മാത്രവുമല്ല, പ്രസ്തുത വിജയത്തോടെ ഖുര്‍ആനിന്റെ ദൈവികത വ്യക്തമാവുന്ന ഒരു സംഭവത്തിനുകൂടി ലോകം സാക്ഷ്യം വഹിക്കുകയാണല്ലോ. ആ നിലക്കും മുസ്ലിംകള്‍ സന്തോഷഭരിതരായിരുന്നു. ഇവ മാത്രമായിരുന്നില്ല അന്നേദിവസത്തെ സത്യവിശ്വാസികളുടെ സന്തോഷം. പേര്‍ഷ്യയുടെ ഹൃദയഭാഗത്തേക്ക് റോമാക്കാര്‍ പ്രവേശിക്കുകയും അവരുടെ വിജയം ഉച്ചിയിലെത്തുകയും ചെയ്തത് ക്രിസ്താബ്ദം 624ലാണ്. പേരിന് മാത്രമുള്ള ആയുധങ്ങളുമായി മുന്നൂറ്റി പതിമൂന്നുപേര്‍ സര്‍വ്വായുധ വിഭൂഷിതരായ ആയിരത്തിലധികം പേരുമായി നടന്ന പോരാട്ടം. ഈ പോരാട്ടത്തില്‍ അല്ലാഹുവിന്റെ സഹായത്താല്‍ സത്യവിശ്വാസികള്‍ വിജയിച്ചു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം അവരുടെ ആഹ്ളാദത്തിന് അതിരില്ലായിരുന്നു. അല്ലാഹുവിന്റെ കല്‍പനപ്രകാരമുള്ള ആദ്യത്തെ സായുധ സമരത്തിലെ സത്യവിശ്വാസികളുടെ വിജയവും അതോടനുബന്ധിച്ച ആഹ്ളാദവുമുണ്ടായത് റോമാസാമ്രാജ്യത്തിന്റെ വിജയം ഉച്ചിയിലെത്തിയ അതേ കാലത്തായിരുന്നു. അല്ലാഹുവിന്റെ സഹായംകൊണ്ടുള്ള ആഹ്ളാദം! ‘അന്നേദിവസം സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ സഹായംകൊണ്ട് സന്തുഷ്ടരാകുന്നതാണ്’ എന്ന പ്രവചനം എത്ര കൃത്യമായാണ് പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നത്!
ഇങ്ങനെയുള്ളവയാണ് ഖുര്‍ആനിലെ പ്രവചനങ്ങളെല്ലാം. അവ ആര്‍ക്കും പരിശോധിക്കാവുന്ന തരത്തില്‍ ഇന്നും ഖുര്‍ആനില്‍ നിലനില്‍ക്കുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്നവയാണ് പ്രസ്തുത വചനങ്ങള്‍.

This entry was posted in ഖുര്‍ആനും പ്രവചനങ്ങളും. Bookmark the permalink.