ഖുര്‍ആനിലുണ്ടെന്ന് പറയപ്പെടുന്ന പ്രവചനങ്ങള്‍ എങ്ങനെയാണ് അതിന്റെ ദൈവികതക്കുള്ള തെളിവാകുക?

മനുഷ്യര്‍ക്ക് സന്മാര്‍ഗദര്‍ശനം നല്‍കുന്നതിനുവേണ്ടി സര്‍വ്വശക്തനാല്‍ നിയുക്തരാവുന്നവരെക്കുറിക്കാന്‍ ‘പ്രവാചകന്‍’ എന്ന പ്രയോഗമാണ് പൊതുവെ സെമിറ്റിക് മതഗ്രന്ഥങ്ങള്‍ ഉപയോഗിക്കുന്നത്. പഴയ നിയമ ബൈബിളില്‍ ‘നബി’യെന്ന ഹിബ്രുപദമാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. പുതിയ നിയമത്തിലെ ‘പ്രൊഫെതസേ’യെന്നും ഖുര്‍ആനിലെ ‘നബി’യെന്നുമെല്ലാമുള്ള പ്രയോഗങ്ങളുടെ അര്‍ത്ഥം പ്രവാചകന്‍ എന്നാണ്. ‘ഭാവികാര്യങ്ങളെക്കുറിച്ച് പറയുന്നവന്‍’ എന്നാണ് പ്രവാചകന്‍ എന്ന പദത്തിനര്‍ത്ഥം. മനുഷ്യരുടെ ആത്യന്തിക ജീവിത ലക്ഷ്യമായ മരണാനന്തര ജീവിതത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരായതുകൊണ്ടാവാം ദൈവദൂതന്മാരെ പ്രവാചകന്‍ എന്ന് വിളിക്കപ്പെട്ടത്.
മരണാനന്തര ജീവിതത്തിലെ രക്ഷാശിക്ഷകളെക്കുറിച്ച് പഠിപ്പി ക്കുന്നതോടൊപ്പംതന്നെ ഭൂമിയില്‍ സംഭവിക്കാനിരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ചും പല പ്രവാചകന്മാരും മുന്‍കൂട്ടി പറഞ്ഞിരുന്നുവെന്നാണ് വേദഗ്രന്ഥങ്ങളില്‍നിന്ന് മനസിലാകുന്നത്. മാത്രവുമല്ല, വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഏതെങ്കിലുമൊരു പ്രവാചകന്റെ പ്രവചനം തെറ്റിയാല്‍ അത് അയാള്‍ക്കുള്ള അയോഗ്യതയായും അ യാളെ ദൈവത്തിന്റെ പേരില്‍ തോന്ന്യാസം പറയുന്നവനായും വ്യാ ജ പ്രവാചകനായും മനസിലാക്കണമെന്നായിരുന്നു ദൈവിക കല്‍പനയെന്നും ബൈബിളില്‍നിന്ന് മനസിലാകുന്നുണ്ട്. ആവര്‍ത്തന പുസ്തകത്തില്‍ ദൈവം മോശയോട് പറയുന്നതായി ഉദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു വചനം കാണുക.
“ഒരു പ്രവാചകന്‍ കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ചിട്ട് ആ വചനം യാഥാര്‍ത്ഥ്യമാകാതിരിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്താല്‍, ആ വചനം കര്‍ത്താവ് അരുള്‍ ചെയ്തിട്ടുള്ളതല്ല. പ്രവാചകന്‍ അത് തോന്യാസമായി പറഞ്ഞതാണ്; നീ അയാളെ ഭയപ്പെടേണ്ടതില്ല” (ആവ 18:22).
വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ച് പറയുമ്പോഴും അയാളുടെ പ്രവചനം സത്യമായിത്തീരുമെന്നതാണ് അയാള്‍ ദൈവത്താല്‍ നി യോഗിക്കപ്പെട്ടവനാണെന്നുള്ളതിന് തെളിവായി ബൈബിള്‍ പറയുന്നത്. യിരെമ്യാവിന്റെ ഒരു പ്രവചനം ശ്രദ്ധിക്കുക. “സമാധാനം പ്രവ ചിക്കുന്ന പ്രവാചകന്റെ കാര്യത്തിലാകട്ടെ, അയാളുടെ വചനം സത്യമായിത്തീരുമ്പോള്‍ അയാളെ കര്‍ത്താവ് അയച്ചതാണെന്ന് അറിയാം” (യിരെമ്യാ 28:9).
തനിക്കുശേഷം വരാനിരിക്കുന്ന ദൈവദൂതനെക്കുറിച്ച് യേശു പ്രവചിച്ചപ്പോഴും അയാളുടെ അടയാളങ്ങളിലൊന്നായി വരാനിരിക്കുന്ന കാര്യങ്ങള്‍ പറയുമെന്ന് പറഞ്ഞതായി കാണാം.
“ഇനിയും പലകാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് അത് താങ്ങാന്‍ സാധ്യമല്ല. സത്യാത്മാവ് വരുമ്പോള്‍ അവന്‍ നിങ്ങളെ എല്ലാ സത്യത്തിലേക്കും നയിക്കും. സ്വന്തം അധികാരത്തില്‍ ഒന്നും അവര്‍ പറയുകയില്ല. എന്നാല്‍ താന്‍ കേള്‍ക്കുന്നതെന്തും അവന്‍ പറയും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളോട് പ്രഖ്യാപിക്കും” (യോഹന്നാന്‍ 16:12,13).
യഥാര്‍ത്ഥത്തില്‍ നടേ സൂചിപ്പിക്കപ്പെട്ട മൂന്ന് ബൈബിള്‍ വച നങ്ങളും അന്തിമ പ്രവാചകനായ മുഹമ്മദ് നബി (സ)യെക്കുറിച്ച പ്രവചനങ്ങളാണുള്‍ക്കൊള്ളുന്നത്. സമാധാന (ഇസ്ലാം)വുമായി കടന്നുവരുന്ന അവസാനത്തെ പ്രവാചകന്‍ വരാനിരിക്കുന്ന കാര്യ ങ്ങള്‍ പ്രവചിക്കുമെന്നും പ്രസ്തുത പ്രവചനങ്ങളെല്ലാം തെറ്റാതെ സംഭവിക്കുമെന്നുമാണ് ഈ വചനങ്ങള്‍ വ്യക്തമാക്കുന്നത്. മുഹമ്മദ് നബി (അ)യിലൂടെ ലോകത്തിന് അവതീര്‍ണമാക്കുന്ന വിശുദ്ധ ഖുര്‍ആനില്‍ പ്രവചനങ്ങളുണ്ടാവുമെന്നും അവ പൂര്‍ണമായും പൂര്‍ ത്തീകരിക്കപ്പെടുമെന്നും പൂര്‍വ്വിക പ്രവാചകന്മാര്‍തന്നെ പ്രവചിച്ചിട്ടുണ്ടെന്നര്‍ത്ഥം.
ഭാവി കാര്യങ്ങളെക്കുറിച്ച് കൃത്യവും വ്യക്തവുമായി അറിയുക സര്‍വ്വശക്തനായ സ്രഷ്ടാവിന് മാത്രമാണ്. അവന്‍ പഠിപ്പിച്ചുകൊടുക്കുന്നത് മാത്രമെ സൃഷ്ടികള്‍ ആരായിരുന്നാലും അവര്‍ക്കെല്ലാം അറിയുകയുള്ളൂ. ഒരാള്‍ ഭാവി കാര്യത്തെക്കുറിച്ച് പ്രവചിക്കുകയും പ്രസ്തുത പ്രവചനങ്ങള്‍ യാതൊരു തെറ്റുമില്ലാത്തവിധം പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നുവെങ്കില്‍ പ്രസ്തുത പ്രവചനങ്ങളുടെ സ്രോതസ്സ് ദൈവമായിരിക്കുമെന്ന് നമുക്ക് മനസിലാക്കാം.ഖുര്‍ആന്‍ ദൈവിക വചനമാണെന്നതിന് അതിലെ പ്രവചനങ്ങള്‍ സാക്ഷീകരിക്കുന്നുവെന്ന് പറയുന്നത് ഇതുകൊണ്ടാണ്. കാലാതീതനായ സര്‍വ്വലോക സ്രഷ്ടാവില്‍ നിന്നുള്ളതാണ് ഖുര്‍ആനെന്ന വസ്തുത അതിലെ പ്രവചനങ്ങളും അല്‍പംപോലും തെറ്റുപറ്റാതെയുള്ള അവയുടെ പൂര്‍ത്തീകരണവും വ്യക്തമാക്കുന്നുവെന്നര്‍ത്ഥം.

This entry was posted in ഖുര്‍ആനും പ്രവചനങ്ങളും. Bookmark the permalink.