ഖുര്‍ആനിലെ സുലൈമാന്‍ നബി-ബല്‍ഖീസ് രാജ്ഞി കഥ യഹൂദ തര്‍ഗുമിലെ സോളമന്‍-ശേബ കഥയില്‍നിന്ന് മുഹമ്മദ് നബി പകര്‍ത്തിയെഴുതിയതാണെന്ന ആരോപണത്തെക്കുറിച്ച് എന്ത് പറയുന്നു?

ഖുര്‍ആനിലെ ഇരുപത്തിയേഴാം അധ്യായമായ സൂറത്തുന്നംലിലെ 20മുതല്‍ 46വരെയുള്ള സൂക്തങ്ങളില്‍ സബഇലെ രാജ്ഞിയായിരുന്ന ബില്‍ഖീസിനെപ്പറ്റി സുലൈമാന്‍ നബി (അ) മരംകൊത്തിപ്പക്ഷിയില്‍നിന്നും അറിഞ്ഞതും അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് എഴുത്തെഴുതിയതും അവര്‍ സുലൈമാന്‍ നബി (അ)യുടെ കൊട്ടാരം സന്ദര്‍ശിച്ചതുമെല്ലാം ഒരു കഥാകഥനത്തിന്റെ രൂപത്തില്‍തന്നെ അവതരിപ്പിക്കുന്നുണ്ട്. പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം കാണുക: “അദ്ദേഹം പക്ഷികളെ പരിശോധിക്കു കയുണ്ടായി. എന്നിട്ട് അദ്ദേഹം പറഞ്ഞു: എന്തുപറ്റി? മരംകൊത്തിയെ കാണുന്നില്ലല്ലോ, അഥവാ അത് സ്ഥലംവിട്ടുപോയ കൂട്ടത്തിലാണോ? ഞാന്‍ അതിന് കഠിനശിക്ഷ നല്‍കുകയോ അല്ലെങ്കില്‍ അറുക്കുകയോ തന്നെ ചെയ്യും. അല്ലെങ്കില്‍ വ്യക്തമായ വല്ല ന്യായവും അത് എനിക്ക് ബോധിപ്പിച്ചുതരണം. എന്നാല്‍ അത് എത്തിച്ചേരാന്‍ അധികം താമസിച്ചില്ല. എന്നിട്ടത് പറഞ്ഞു: താങ്കള്‍ സൂക്ഷ്മമായി അറിഞ്ഞിട്ടില്ലാത്ത ഒരു കാര്യം ഞാന്‍ സൂക്ഷ്മമായി മനസിലാക്കിയിട്ടുണ്ട്. ‘സബഇ’ല്‍ നിന്ന് യഥാര്‍ത്ഥമായ ഒരു വാര്‍ത്തയുംകൊണ്ടാണ് ഞാന്‍ വന്നിരിക്കുന്നത്. ഒരു സ്ത്രീ അവരെ ഭരിക്കുന്നതായി ഞാന്‍ കണ്ടെത്തുകയുണ്ടായി. എല്ലാ കാര്യങ്ങളില്‍നിന്നും അവള്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. അവള്‍ക്ക് ഗംഭീരമായ ഒരു സിംഹാസനവുമുണ്ട്. അവളും അവളുടെ ജനതയും അല്ലാഹുവിന് പുറമെ സൂര്യനെ പ്രണാമം ചെയ്യുന്നതായിട്ടാണ് ഞാന്‍ കണ്ടെത്തിയത്. പിശാച് അവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി തോന്നിക്കുകയും അവരെ നേര്‍മാര്‍ഗത്തില്‍നിന്ന് തടയുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അവര്‍ നേര്‍വഴിപ്രാപിക്കുന്നില്ല. ആകാശങ്ങളിലും ഭൂമിയിലും ഒളിഞ്ഞുകിടക്കുന്നത് പുറത്ത് കൊണ്ടുവരികയും നിങ്ങള്‍ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അറിയുകയും ചെയ്യുന്നവനായ അല്ലാഹുവിന് അവര്‍ പ്രണാമം ചെയ്യാതിരിക്കാന്‍വേണ്ടി (പിശാച് അങ്ങനെ ചെയ്യുന്നു). മഹത്തായ സിംഹാസനത്തിന്റെ നാഥനായ അല്ലാഹു അല്ലാതെ യാതൊരു ദൈവവുമില്ല. സുലൈമാന്‍ പറഞ്ഞു: നീ സത്യം പറയുന്നതാണോ അതല്ലാ നീ കള്ളം പറയുന്നവരുടെ കൂട്ടത്തിലായിരിക്കുന്നുവോ എന്ന് നാം നോക്കാം. നീ എന്റെ ഈ എഴുത്ത് കൊണ്ടുപോയി അവര്‍ക്കിട്ട് കൊടുക്കുക. പിന്നീട് നീ അവരില്‍നിന്ന് മാറിനിന്ന് അവ ര്‍ എന്ത് മറുപടി നല്‍കുന്നുവെന്ന് നോക്കുക. അവള്‍ പറഞ്ഞു: ഹേ, പ്രമുഖന്മാരേ, എനിക്ക് ഇതാ മാന്യമായ ഒരു എഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു. അത് സുലൈമാന്റെ പക്കല്‍നിന്നുള്ളതാണ്. ആ കത്ത് ഇപ്രകാരമത്രെ: ‘പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു വിന്റെ നാമത്തില്‍. എനിക്കെതിരില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കാതിരിക്കുകയും കീഴൊതുങ്ങിയവരായിക്കൊണ്ട് നിങ്ങള്‍ എന്റെ അടുത്ത് വരികയും ചെയ്യുക’. അവള്‍ പറഞ്ഞു: ഹേ പ്രമുഖന്മാരേ, എന്റെ ഈ കാര്യത്തില്‍ നിങ്ങള്‍ എനിക്ക് നിര്‍ദ്ദേശം നല്‍കുക. നിങ്ങള്‍ എന്റെ അടുത്ത് സന്നിഹിതരായിട്ടല്ലാതെ യാതൊരു കാര്യവും ഖണ്ഡിതമായി തീരുമാനിക്കുന്നവളല്ല ഞാന്‍. അവര്‍ പറഞ്ഞു: നാം ശക്തിയുള്ളവരും ഉഗ്രമായ സമരവീര്യമുള്ളവരുമാണ്. അധികാരം അങ്ങേക്കാണല്ലോ. അതിനാല്‍ എന്താണ് കല്‍പിച്ചരുളേണ്ടതെന്ന് ആലോചിച്ചുനോക്കുക. അവള്‍ പറഞ്ഞു: തീര്‍ച്ചയായും രാജാക്കന്മാര്‍ ഒരു നാട്ടില്‍ കടന്നാല്‍ അവര്‍ അവിടെ നാശമുണ്ടാക്കുകയും അവിടത്തുകാരിലെ പ്രതാപികളെ നിന്ദ്യന്മാരാക്കുകയും ചെയ്യുന്നവതാണ്. അപ്രകാരമാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഞാന്‍ അവര്‍ക്ക് ഒരു പാരിതോഷികം കൊടുത്തയച്ചിട്ട് എന്തൊരു വിവരവും കൊണ്ടാണ് ദൂതന്മാര്‍ മടങ്ങിവരുന്നതെന്ന് നോക്കാന്‍ പോവുകയാണ്. അവന്‍ (ദൂതന്‍) സുലൈമാന്റെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ എന്നെ സമ്പത്ത് തന്ന് സഹായിക്കുകയാണോ?എന്നാല്‍ എനിക്ക് അല്ലാഹു നല്‍കിയിട്ടുള്ളതാണ് നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതിനേക്കാള്‍ ഉത്തമം. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ പാരിതോഷികം കൊണ്ട് സന്തോഷം കൊള്ളുകയാകുന്നു. നീ അവരുടെ അടുത്തേക്ക് തന്നെ മടങ്ങിച്ചെല്ലുക. തീര്‍ച്ചയായും അവര്‍ക്ക് നേരിടാന്‍ കഴിയാത്ത സൈന്യങ്ങളെയും കൊണ്ട് നാം അവരുടെ അടുത്ത് ചെല്ലുകയും നിന്ദ്യരും അപമാനിതരുമായ നിലയില്‍ അവരെ നാം അവിടെനിന്ന് പുറത്താക്കുകയും ചെയ്യുന്നതാണ്. അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: ഹേ പ്രമുഖന്മാരേ, അവര്‍ കീഴൊതുങ്ങിക്കൊണ്ട് എന്റെ അടുക്കല്‍ വരുന്നതിന് മുമ്പായി നിങ്ങളില്‍ ആരാണ് അവളുടെ സിംഹാസനം എനിക്ക് കൊണ്ടുവന്ന് തരിക? ജിന്നുകളുടെ കൂട്ടത്തിലെ ഒരു മല്ലന്‍ പറഞ്ഞു: അങ്ങ് അങ്ങയുടെ ഈ സദസ്സില്‍നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പായി ഞാന്‍ അത് അങ്ങേ ക്ക് കൊണ്ടുവന്ന് തരാം. തീര്‍ച്ചയായും ഞാന്‍ അതിന് കഴിവുള്ളവനും വിശ്വസ്തനുമാകുന്നു. വേദത്തില്‍നിന്നുള്ള വിജ്ഞാനം കരസ്ഥമാക്കിയിട്ടുള്ള ആള്‍ പറഞ്ഞു: താങ്കളുടെ ദൃഷ്ടി താങ്കളിലേക്ക് തിരിച്ചുവരുന്നതിന് മുമ്പായി ഞാന്‍ അത് താങ്കള്‍ക്ക് കൊണ്ടുവന്ന് തരാം. അങ്ങനെ അത് (സിംഹാസനം) തന്റെ അടുക്കല്‍ സ്ഥിതിചെയ്യുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട് കാണിക്കുമോ എന്ന് എന്നെ പരീക്ഷിക്കുവാനായി എന്റെ രക്ഷിതാവ് എനിക്ക് നല്‍കിയ അനുഗ്രഹത്തില്‍പെട്ടതാകുന്നു ഇത്. വല്ലവനും നന്ദികാണിക്കുന്നപക്ഷം തന്റെ ഗുണത്തിനായിട്ട് തന്നെയാകുന്നു അവന്‍ നന്ദി കാണിക്കുന്നത്. വല്ല വനും നന്ദികേട് കാണിക്കുന്നപക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ് പരാശ്രയമുക്തനും ഉല്‍കൃഷ്ടനുമാകുന്നു. അദ്ദേഹം (സുലൈമാന്‍) പറഞ്ഞു: നിങ്ങള്‍ അവളുടെ സിംഹാസനം അവള്‍ക്ക് തിരിച്ചറിയാത്ത വിധത്തില്‍ മാറ്റുക. അവള്‍ യാഥാര്‍ത്ഥ്യം മനസിലാക്കുമോ അതല്ല അവള്‍ യാഥാര്‍ത്ഥ്യം കണ്ടെത്താത്തവരുടെ കൂട്ടത്തിലായിരിക്കുമോ എന്ന് നമുക്ക് നോക്കാം. അങ്ങനെ അവള്‍ വന്നപ്പോള്‍ (അവളോട്) ചോദിക്കപ്പെട്ടു: താങ്കളുടെ സിംഹാസനം ഇതുപോലെയാണോ? അവള്‍ പറഞ്ഞു: ഇത് അത് തന്നെയാണെന്ന് തോന്നുന്നു. ഇതിന് മുമ്പുതന്നെ ഞങ്ങള്‍ക്ക് അറിവ് നല്‍കപ്പെട്ടിരുന്നു. ഞങ്ങള്‍ മുസ്ലിംകളാവുകയും ചെയ്തിരുന്നു. അല്ലാഹുവിന് പുറമെ അവള്‍ ആരാധിച്ചിരുന്നതില്‍നിന്ന് അദ്ദേഹം അവളെ തടയുകയും ചെയ്തു. തീര്‍ച്ചയായും അവള്‍ സത്യനിഷേധികളായ ജനതയില്‍പെട്ടവളായിരുന്നു. കൊട്ടാരത്തില്‍ പ്രവേശിച്ചുകൊള്ളുക എന്ന് അവളോട് പറയപ്പെട്ടു. എന്നാല്‍ അവള്‍ അത് കണ്ടപ്പോള്‍ അത് ഒരു ജലാശയമാണെന്ന് വിചാരിക്കുകയും തന്റെ കണങ്കാലുകളില്‍നിന്ന് വസ്ത്രം മേലോട്ട് നീക്കുകയും ചെയ്തു. സുലൈമാന്‍ പറഞ്ഞു: ഇത് സ്ഫടിക കഷണങ്ങള്‍ പാകിമിനുക്കിയ ഒരു കൊട്ടാരമാകുന്നു. അവള്‍ പറഞ്ഞു: എന്റെ രക്ഷിതാവേ, ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. ഞാനിതാ സുലൈമാനോടൊപ്പം ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്പ്പെട്ടിരിക്കുന്നു” (വി.ഖു. 27:20-44)
സോളമന്റെകാലത്ത് ശേബായിലെ രാജ്ഞി അദ്ദേഹത്തിന്റെയടുക്കല്‍ ചെന്നതും അദ്ദേഹത്തിന്റെ ജ്ഞാനവും പ്രതാപവും കണ്ട് വളരെയേറെ പ്രശംസിച്ചതുമായി ബൈബിള്‍ പഴയ നിയമത്തിലുമുണ്ട്. (1 രാജാക്കന്മാര്‍ 10:1-13; 2 ദിനവൃത്താന്തം 9:1-12). എന്നാല്‍ ഖുര്‍ആനിലേതുപോലെയുള്ള വിശദമായ പരാമര്‍ശങ്ങള്‍ ബൈബിളിലെവിടെയുമില്ല. എന്നാല്‍ ചില യഹൂദ തര്‍ഗൂമുകളില്‍ ഈ കഥ ഏകദേശം ഖുര്‍ആനിലേതിന് തുല്യമായ രീതിയില്‍ വിവരിച്ചിട്ടുണ്ട്. തര്‍ഗുമുകളിലെ ഈ വിവരണങ്ങളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴുതിയതാണ് സുലൈമാന്‍-ബില്‍ഖീസ് രാജ്ഞി കഥയെന്നാണ് വിമര്‍ശകരുടെ വാദം.
‘തര്‍ഗൂം’ എന്ന അരമായ പദത്തിനര്‍ത്ഥം വിവര്‍ത്തനം അല്ലെങ്കില്‍ വ്യാഖ്യാനമെന്നാണ്. പഴയ നിയമഗ്രന്ഥങ്ങള്‍ക്ക് യഹൂദരുടെ ഇടയില്‍ പ്രചാരത്തിലായ അരമായ വിവര്‍ത്തനങ്ങളോ പരാവര്‍ത്തനങ്ങളോ ആണ് തര്‍ഗൂമുകള്‍ എന്ന് അറിയപ്പെടുന്നത്. പല തര്‍ഗൂമുകളും വിവര്‍ത്തനങ്ങള്‍ എന്നതിനേക്കാളുപരി വ്യാഖ്യാനങ്ങളാണ് എന്നാണ് എന്‍സൈക്ളോപീഡിയ ജൂദായിക്ക പറയുന്നത്. പഴയ നിയമത്തെക്കുറിച്ച് സൂക്ഷ്മമായി പഠിക്കുവാനും വിവിധ കാലങ്ങളില്‍ നിലനിന്നിരുന്ന വ്യാഖ്യാന രീതികള്‍ മനസ്സിലാക്കുവാനും തര്‍ഗൂമുകള്‍ പ്രയോജനപ്പെടുന്നു.
‘എസ്തേറിന്റെ പുസ്തകത്തിനുള്ള രണ്ടാം തര്‍ഗൂം ആയ തര്‍ ഗൂം ഷെനി’ (ഠമൃഴൌാ ടവലിശ) യില്‍ സോളമനും ശേബാരാജ്ഞിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഈ വിവരണമാകട്ടെ, ഏകദേശം ഖുര്‍ആനിലേതിന് സമാനമാണ് താനും. ഇതില്‍നിന്ന് തര്‍ഗൂം ഷെനിയില്‍നിന്ന് മുഹമ്മദ് നബി (സ)പകര്‍ത്തിയെഴുതിയതാണ് സോളമന്‍-ബില്‍ഖീസ് കഥയെന്ന് പറയാനാകുമോ?
യഹൂദ പുരോഹിതന്മാര്‍ക്ക് മാത്രം പ്രാപ്യമായ താര്‍ഗൂമുകള്‍ പോലും സൂക്ഷ്മമായി പരിശോധിച്ച് അവയില്‍നിന്ന് പകര്‍ത്തിയെഴുതുവാന്‍ നിരക്ഷരനായ മുഹമ്മദ് നബി (സ)ക്ക് കഴിഞ്ഞുവെന്ന വാദംതന്നെ ശുദ്ധ അസംബന്ധമാണ്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ അക്കാലത്തെ യഹൂദ പുരോഹിതന്മാര്‍ ആരെങ്കിലും പ്രസ്തുത ആരോപണം ഉന്നയിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ ആരോപണ ത്തിന് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമില്ലെന്നതാണ് വാസ്തവം.
ഉപലബ്ധമായ തര്‍ഗൂമുകളില്‍ ഏറ്റവും പഴക്കമുള്ളതിന്റെ കാലം ക്രിസ്താബ്ദം 700 നടുത്തായിരിക്കുമെന്നാണ് എന്‍സൈക്ളോപീഡിയ ജൂദായിക്ക പറയുന്നത് (‘ഠമൃഴൌാ’ ഇഉ. ഞീാ ഋറശശീിേ) തര്‍ഗൂം ഷെനിയാകട്ടെ എട്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടതാണെന്നാണ് പണ്ഡിതാഭിപ്രായം (കയശറ)
മുഹമ്മദ് നബിക്ക് ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് തര്‍ഗൂം ഷെനി രചിക്കപ്പെട്ടതെന്നര്‍ത്ഥം.
മുഹമ്മദ് നബി (സ)ക്ക് ശേഷം രചിക്കപ്പെട്ട തര്‍ഗൂമില്‍നിന്ന് കോപ്പിയടിച്ചാണ് അദ്ദേഹം ഖുര്‍ആന്‍ രചിച്ചതെന്ന വാദം എന്തുമാത്രം ബാലിശമാണ്!
യഥാര്‍ത്ഥത്തില്‍, തര്‍ഗൂം രചയിതാക്കളാണ് ഖുര്‍ആനിലെ സോളമന്‍-ശേബാരാജ്ഞി കഥയില്‍നിന്ന് കടമെടുത്തത് എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഖുര്‍ആനിനുശേഷം എഴുതപ്പെട്ട ഒരു കൃതിയില്‍ ഇത്തരമൊരു കടമെടുക്കല്‍ നടന്നിരിക്കാനുള്ള സാധ്യത ഒട്ടും നിഷേധിക്കാനാവില്ല. ഇക്കാര്യം എന്‍സൈക്ളോപീഡിയ ജൂതായിക്കതന്നെ സമ്മതിക്കുന്നുമുണ്ട്. “ഇതിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഖുര്‍ആനിലും കാണപ്പെടുന്നുണ്ട്. (27:20-40). ഇതില്‍നിന്ന് ഈ തര്‍ഗൂമിന്റെ രചയിതാവ് അറബി സ്രോതസ്സുകളെയും തന്റെ രചനക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ് മനസിലാവുന്നത്”. (ഭഭഠമൃഴൌാ ടവലിശ”, ഋിര്യരഹീുമലറശമ ഖൌറമശരമ ഇഉഞീാ ഋറശശീിേ)
യഹൂദ പുരാണങ്ങളെ അവലംബിച്ചുകൊണ്ട് മുഹമ്മദ് നബി(സ) മെനഞ്ഞുണ്ടാക്കിയ കഥയാണ് സുലൈമാന്‍-ബില്‍ഖീസ് കഥ യെന്ന വിമര്‍ശകരുടെ വാദം തകരുക മാത്രമല്ല; പ്രത്യുത ഖുര്‍ആന്‍ ദൈവികമാണെന്ന വസ്തുത ഒരിക്കല്‍കൂടി ബോധ്യപ്പെടുക കൂടിയാണ് ഇവിടെ ചെയ്യുന്നത്. യഹൂദ തര്‍ഗൂമുകള്‍ രചിക്കപ്പെട്ടത് ഖുര്‍ആനിന് ശേഷമാണെന്ന വസ്തുത നാം മനസ്സിലാക്കി. ഖുര്‍ആനി ലും തര്‍ഗൂമുകളിലുമൊഴിച്ച് മറ്റെവിടെയും ഈ കഥ വിശദാംശങ്ങ ളോടെ കാണുന്നുമില്ല. മുഹമ്മദ് നബിയാണ് ഖുര്‍ആന്‍ രചിച്ചതെ ങ്കില്‍ അദ്ദേഹത്തിന് ഈ കഥയെവിടെനിന്നുകിട്ടി? പൂര്‍വകാല ചരിത്രത്തെക്കുറിച്ച് ശരിക്കറിയാവുന്ന സര്‍വ്വശക്തന്റെ വചനങ്ങളാണ് ഖുര്‍ആനെന്ന വസ്തുതയാണ് ഇവിടെയും വ്യക്തമായി വെളിപ്പെടുന്നത്.

This entry was posted in ഖുര്‍ആനും യഹൂദ പുരാണങ്ങളും. Bookmark the permalink.