ഇബ്റാഹീം നബിയുടെ ചരിത്രം പറയുമ്പോള്‍ 21:51,59 ല്‍ തന്റെ ജനതയോട് അദ്ദേഹം അതിശക്തമായി പ്രതികരിക്കുകയും വിഗ്ര ഹങ്ങളെ തകര്‍ക്കുകയുമെല്ലാം ചെയ്തതായി പ്രതിപാദിക്കുന്നതിന് വിരുദ്ധമായി 19:41 ,49 ല്‍ തന്റെ പിതാവിന്റെ ഭീഷണിക്ക് വഴങ്ങിക്കൊണ്ട് അവരെയെല്ലാം വെടിഞ്ഞ് അദ്ദേഹം പോയി എന്നാണ് കാണുന്നത്. ഈ വൈരുധ്യം എങ്ങനെ വിശദീകരിക്കാനാവും ?

ഖുര്‍ആനിന്റെ ചരിത്ര പ്രതിപാദനരീതിയെ പറ്റിയുള്ള തികഞ്ഞ അജ്ഞതയില്‍ നിന്നാണ് ഈ ആരോപണം ഉണ്ടായിരിക്കുന്നത്. ഇബ്റാഹീം നബിയുടെ ജീവിതത്തിലുണ്ടായ വ്യത്യസ്ത സംഭവങ്ങള്‍ വിവിധ സൂക്തങ്ങളിലായി ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ പരാമര്‍ശങ്ങള്‍ സംഭവങ്ങള്‍ നടന്ന ക്രമത്തിലല്ല വിശദീകരിക്കപ്പെട്ടിട്ടുള്ളത്. പല സംഭവങ്ങളും പല സൂക്തങ്ങളിലായി പരന്നുകിടക്കുകയാണ്. അതില്‍പ്പെട്ട രണ്ട് സംഭവങ്ങളാണ് സൂറത്തു മര്‍യമിലെ സൂക്തങ്ങളിലും (19:411,49) സൂറത്തു അമ്പിയാഇലെ സൂക്തങ്ങളിലും (21:51-59) വിശദീകരിക്കപ്പെട്ടിരിക്കുന്നത്. ഇവ രണ്ടും ഇബ്റാഹീം നബിയുടെ ജീവിതത്തിലെ രണ്ട് സംഭവങ്ങളുടെ വിവരണമാണ് എന്നതിനാല്‍ തന്നെ ഇവ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്.
സൂറത്തുല്‍ അമ്പിയാഇലെ 51 മുതലുള്ള സൂക്തങ്ങളില്‍ തന്റെ സമുദായത്തെ വിഗ്രഹാരാധനക്കെതിരെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി ഇബ്റാഹീം നബി സ്വീകരിച്ച മാര്‍ഗവും അതിന്റെ പ്രതികരണമെന്നോണം അദ്ദേഹത്തിന് നേരിടേണ്ടി വന്ന അഗ്നി പരീക്ഷയുമാണ് വിവരിക്കപ്പെട്ടിരിക്കുന്നത്.  ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യമാണ് സൂറത്തു മര്‍യമിലെ 41 മുതലുള്ള സൂക്തങ്ങളിലുള്ളത്.  വിഗ്രഹാരാധകനും വിഗ്രഹവില്‍പനക്കാരനുമായ തന്റെ പിതാവിനെ ഏകദൈവാരാധനയുടെ സത്യസരണിയിലേക്ക് ക്ഷണിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങളും അതിന്ന് പിതാവ് നല്‍കിയ മറുപടിയുമാണ് ഈ സൂക്തങ്ങളില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നത്. വിഗ്രഹാരാധനയില്‍ നിന്ന് വിട്ടുമാറി നിന്നാല്‍ ഞാന്‍ നിന്നെ കല്ലെറിഞ്ഞോടിക്കുമെന്ന പിതാവിന്റെ ഭീഷണിക്ക് മുമ്പില്‍ പതറാതെ ഏകദൈവരാധനയില്‍ നിന്ന് അല്‍പം പോലും വ്യതിചലിക്കാന്‍ താന്‍ സന്നദ്ധനല്ലെന്ന് പ്രഖ്യാപിക്കുന്ന ഇബ്റാഹീം (അ)നെയാണ് 19:47-49 സൂക്തങ്ങളില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.
“അങ്ങനെ അവരെയും അല്ലാഹുവിന് പുറമേ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന് നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും നല്‍കി. അവരെയൊക്കെ നാം പ്രവാചകന്‍മാരാക്കുകയും ചെയ്തു”(19:49) എന്ന് പറഞ്ഞതിനര്‍ഥം പിതാവ് ഭീഷണിപ്പെടുത്തിയ ഉടനെത്തന്നെ ഇബ്റാഹീം (അ) നാട്ടില്‍ നിന്ന് വിട്ടുമാറി പോയി എന്നല്ല; പ്രത്യുത, പിതാവില്‍ നിന്നും കുടുംബാംഗങ്ങളില്‍നിന്നും വിഗ്രഹാരാധനയില്‍നിന്നും അദ്ദേഹം അകന്ന് മാറി നിന്നുവെന്നും അനന്തരം അദ്ദേഹത്തിന് അല്ലാഹു പുത്രനെയും പൌത്രനെയും നല്‍കി എന്നും പിന്നീട് ഇരുവര്‍ക്കും പ്രവാചകത്വം നല്‍കി അനഗ്രഹിച്ചുവെന്നും വ്യക്തമാക്കുകയാണ്. പിതാവിന്റെയും കുടുംബത്തിന്റെയും ദൈവങ്ങളെ വെടിഞ്ഞ് ഏകദൈവത്വത്തിന്റെ പ്രബോധനത്തില്‍ മുഴുകിയതിനെത്തുടര്‍ന്നാണ് ഇബ്റാഹീം നബി(അ)ക്ക് അല്ലാഹു പുത്രപൌത്രന്‍മാരെ നല്‍കുക യും അവര്‍ക്കും പ്രവാചകത്വം നല്‍കി അനുഗ്രഹിക്കുകയും ചെയ്തത് എന്നത്രെ ഈ വചനത്തിന്റെ താല്‍പര്യം.  സ്ഥലകാലങ്ങളെ പരാമര്‍ശിക്കാതെ അല്ലാഹു ചെയ്ത അനുഗ്രഹങ്ങളെ ചൂണ്ടിക്കാണിച്ചിരിക്കയാണ് 19:49,50 വചനങ്ങളില്‍. അതുകൊണ്ട് തന്നെ സൂറത്തുഅ മ്പിയാഇലും മറ്റു അദ്ധ്യായങ്ങളിലും വിശദീകരിക്കപ്പെട്ട ഇബ്റാഹീം നബിയുടെ ജീവിതസംഭവങ്ങളുമായി ഈ വചനങ്ങള്‍ വൈരുധ്യം പുലര്‍ത്തുന്നുവെന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്.

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.