അല്ലാഹുവിന്റെയടുക്കല്‍ ദിവസത്തിന്റെ അളവ് ഭൂമിയിലെ ആയിരം വര്‍ഷങ്ങള്‍ക്കു തുല്യമാണെന്ന് ഖുര്‍ആന്‍ 22:47, 32:5ലും പറയുമ്പോള്‍ അമ്പതിനായിരം വര്‍ഷങ്ങള്‍ക്ക് തുല്യമാണെന്ന് 70:4ലും പറയുന്നുണ്ടല്ലോ, ഇത് വ്യക്തമായ വൈരുധ്യമല്ലേ?

വൈരുധ്യം ആരോപിക്കപ്പെട്ടിരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം പരിശോധക്കുക:
(നബിയെ) നിന്നോട് അവര്‍ ശിക്ഷയുടെ കാര്യത്തില്‍ ധൃതി കൂട്ടികൊണ്ടിരിക്കുന്നു. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയേയില്ല.തീര്‍ച്ചയായും നിന്റെ നാഥന്റെയടുക്കല്‍ ഒരു ദിവസമെന്നാല്‍ നിങ്ങള്‍ എണ്ണിവരുന്ന തരത്തിലുള്ള ആയിരം കൊല്ലം പോലെയാകുന്നു. (22:47)
അവന്‍ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യങ്ങള്‍ നിയന്ത്രിച്ചയക്കുന്നു. പിന്നീട് ഒരു ദിവസം കാര്യം അവങ്കലേക്ക് ഉയര്‍ന്നുപോകുന്നു. നിങ്ങള്‍  കണക്കാക്കുന്ന തരത്തിലുള്ള ആയിരം വര്‍ഷമാകുന്നു ആ ദിവസത്തിന്റെ അളവ്. (32:5)
അമ്പതിനായിരം കൊല്ലത്തിന്റെ അളവുള്ളതായ ഒരു ദിവസത്തി ല്‍ മലക്കുകളും ആത്മാവും അവങ്കലേക്ക് കയറിപ്പോകുന്നു. (70:4)
ഈ മൂന്ന് സൂക്തങ്ങളിലും  ദിവസം എന്നു പരിഭാഷപ്പെടുത്തി യിരിക്കുന്നത് ‘യൌം’ എന്ന അറബി പദത്തെയാണ്. സാധാരണയായി ഇരുപത്തിനാല് മണിക്കൂറുള്ള ഒരു ദിവസത്തിനാണ് അറബിയില്‍ യൌം എന്നു പറയാറുള്ളത്. എന്നാല്‍ ഘട്ടം, കാലയളവ് എന്നീ അര്‍ ത്ഥങ്ങളിലും ഈ പദം ഉപയോഗിക്കാറുണ്ട്. ഖുര്‍ആനിലും ഈ അര്‍ത്ഥ കല്‍പ്പനകളിലെല്ലാം വ്യത്യസ്ത സാഹചര്യങ്ങളില്‍ യൌം എന്ന പദം പ്രയോഗിച്ചിട്ടുണ്ട്.
മരണാനന്തര ജീവിതത്തെകുറിച്ച് പ്രതിപാദിക്കുമ്പോള്‍ വിവിധ സംഭവങ്ങളുടെ കാലയളവിനെ കുറിക്കുന്നതിനു വേണ്ടിയാണ് ഖുര്‍ ആന്‍ ‘യൌം’ എന്നുപ്രയോഗിച്ചിരിക്കുന്നത്. അനന്തമായ മരണാനന്ത ര ജീവിതത്തെക്കുറിച്ച് മൊത്തമായി തന്നെ യൌമുദ്ദീന്‍ (പ്രതിഫല ത്തിന്റെ ദിവസം) എന്നാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ത്. അനന്തതയുടെ ദിവസത്തെ കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്.
(അവരോട് പറയപ്പെടും) സമാധാനപൂര്‍വ്വം നിങ്ങളതില്‍ പ്രവേശിച്ചുകൊള്ളുക. അനശ്വര ജീവിതത്തിന്റെ ദിവസ (യൌമുല്‍ഖുലൂദ്) മാണത്. (50:34). അനശ്വരതയുടെ ദിവസമെന്നത് ഏതായിരുന്നാലും സൂര്യനുദിച്ച് അസ്തമിക്കുന്നതിനിടയിലെ കാലയളവാകുകയില്ലല്ലോ. അത് അനന്തമായ ദിവസമാണ്. ഒരിക്കലും അവസാനിക്കാത്ത ദിവസം. ശാശ്വത ജീവിതത്തിന്റെ ദിവസം. ഇവിടെ ദിവസം എന്ന് പ്രയോഗിക്കപ്പെട്ടിരിക്കുന്നത് ഏത് അര്‍ത്ഥത്തിലാണെന്ന് പ്രസ്തുത പ്രയോഗത്തില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. അന്ത്യനാളില്‍ സംഭ വിക്കുന്ന പല കാര്യങ്ങളെ കുറിച്ചും ഖുര്‍ആനില്‍ ദിവസം (യൌം) എന്നാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത.്
മനുഷ്യന്‍ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെയും പര്‍വ്വതങ്ങള്‍ കടഞ്ഞ രോമംപോലെയുമാകുന്ന ദിവസം (10:4,5.), ഭൂമി ഈ ഭൂമി യല്ലാതെ മറ്റൊന്നായും അതുപോലെ ഉപരിലോകങ്ങളും മാറ്റപ്പെടുകയും ഏകനും സര്‍വ്വാധകാരിയുമായ അല്ലാഹുവിങ്കലേക്ക് അവരെ ല്ലാം പുറപ്പെട്ടു വരികയും ചെയ്യുന്ന ദിവസം. (14:48), അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ് (99:6), അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മ കാണിക്കുന്നതും പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും. (88:2,3), രഹസ്യങ്ങള്‍ പരിശോധിക്കപ്പെ ടുന്ന ദിവസം. (86:9), ലോക രക്ഷിതാവിങ്കലേക്ക്് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം. (83:6), ഒരാളും മറ്റൊരാള്‍ക്ക് വേണ്ടി യാതൊന്നും അധീനപ്പെടുത്താത്ത ഒരു ദിവസം, അന്നേ ദിവസം കൈകാര്യ കര്‍തൃത്വം അല്ലാഹുവിനായിരിക്കും. മനുഷ്യന്‍ തന്റെ സഹോദരനെ യും മാതാവിനെയും പിതാവിനെയും തന്റെ ഭാര്യയെയും തന്റെ മക്കളെയും വിട്ടോടിപ്പോകുന്ന ദിവസം. (80:34-36.), മനുഷ്യന്‍ താന്‍ അധ്വാനിച്ചു വെച്ചതിനെ കുറിച്ച് ഓര്‍മ്മിക്കുന്ന ദിവസം (79:35) കാണുന്നവര്‍ക്കു വേണ്ടി നരകം വെളിവാക്കപ്പെടുന്ന ദിവസം. (79:35), ആ നടുക്കുന്ന സംഭവം നടുക്കമുണ്ടാക്കുന്ന ദിവസം. (79:6), ആത്മാവും മലക്കുകളും അണിയണിയായി നില്‍ക്കുന്ന ദിവസം. (78:38), മനു ഷ്യന്‍ തന്റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കികാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേ നെയെന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം. (78:40). അതത്രെ യഥാര്‍ത്ഥ ദിവസം. (78:39).
ഈ സൂക്തങ്ങളില്‍ പ്രയോഗിക്കപ്പെട്ട ദിവസത്തിന് എന്താണ് അര്‍ത്ഥം? ഓരോ സംഭവങ്ങളോടൊപ്പവും പ്രതിപാദിക്കപ്പെട്ട ദിവസത്തിന് ആ സംഭവം നടക്കുന്നതിനുള്ള കാലയളവ് എന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് സുതരാം വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രസ്തുത ദിവസങ്ങളുടെ കാലദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. മനുഷ്യര്‍ ചിന്നിച്ചിതറിയ പാറ്റകളെപ്പോലെയാകുന്ന ദിവസത്തിന്റെ കാലദൈര്‍ഘ്യമാവുകയില്ല അവര്‍ പല സംഘങ്ങളായി പുറപ്പെടുന്ന ദിവസത്തിന്. രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസത്തിന്റെ ദൈര്‍ഘ്യമാവുകയില്ല നരകം വെളിവാക്കപ്പെടുന്ന ദിവസത്തിനുണ്ടാവുക. ഓരോ ദിവസത്തിന്റെയും ദൈര്‍ഘ്യം വ്യത്യസ്തമായിരിക്കും. അവയുടെ ദൈര്‍ഘ്യം എത്രയാണെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. പ്രസ്തുത ദിവസങ്ങളുടെ ദൈര്‍ഘ്യത്തെകുറിച്ച് അറിയുവാന്‍ നമ്മുടെ കൈയില്‍ മാര്‍ഗ്ഗങ്ങളൊന്നുമില്ല.
അന്ത്യനാളിനോടനുബന്ധിച്ച് നടക്കുന്ന രണ്ട് കാര്യങ്ങളുടെ സമയദൈര്‍ഘ്യം മാത്രമേ ഖുര്‍ആനിലൂടെ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുള്ളൂ. കാര്യങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ന്നു പോകുന്ന ഒരു ദിവസത്തിന്റെ അളവ് മനുഷ്യ ഗണനയിലുള്ള ആയിരം വര്‍ഷത്തിന് സമമാണെന്ന വസ്തുതയാണ് അല്ലാഹു സൂറത്തു സജദയിലൂടെ (32:5) വെളിപ്പെടുത്തുന്നത്. മലക്കുകളും ആത്മാവും അല്ലാഹുവിങ്കലേക്ക് കയറിപോകുന്ന ദിവസത്തിന്റെ ദൈര്‍ഘ്യം നമ്മുടെ അമ്പതിനായിരം കൊല്ലങ്ങള്‍ക്ക് തുല്യമാണെന്ന് സൂറത്തുല്‍ മആരിജിലും(70:4) വ്യക്തമാക്കുന്നു. രണ്ട് സൂക്തങ്ങളിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് അന്ത്യദിനവുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങളാണ്. പ്രസ് തുത സംഭവങ്ങള്‍ക്ക് എടുക്കുന്ന കാലദൈര്‍ഘ്യം വ്യത്യസ്തമാണെ ന്ന വസ്തുത ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് നമുക്ക് മനസ്സിലാകുന്നുവെന്നല്ലാതെ ഇവ തമ്മില്‍ യാതൊരു വിധ വൈരുധ്യങ്ങളുമില്ലെന്നതാണ് വാസ്തവം. രണ്ടും രണ്ട് സംഭവങ്ങള്‍, അവയുടെ സമയ ദൈര്‍ഘ്യം വ്യത്യസ്തമാണെന്നു മാത്രം. ഇവയെങ്ങനെ വൈരുധ്യമാകും?
എന്നാല്‍ സൂറത്തുല്‍ ഹജ്ജില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട സൂക്ത (22:47) ത്തിന്റെ പശ്ചാത്തലം വ്യത്യസ്തമാണ്. സത്യനിഷേധികളുടെ പരിഹാസത്തിനുള്ള മറുപടിയായാണ് പ്രസ്തുത സൂക്തം അവതരിപ്പിക്കപ്പെട്ടത്. നിഷേധികള്‍ക്ക് ദൈവിക ശിക്ഷ ലഭിക്കുമെന്ന മുഹമ്മദ് നബി(സ)യുടെ മുന്നറിയിപ്പിനെ പരിഹസിച്ചുകൊണ്ട്, ഞങ്ങള്‍ നിഷേധ സ്വഭാവം സ്വീകരിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും ശിക്ഷയുണ്ടാ കാത്തത് എന്തേ എന്ന ചോദ്യത്തിനുള്ള മറുപടി. ദൈവിക ശിക്ഷ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വന്നുഭവിച്ചു കൊള്ളണമെന്നില്ലെന്നും ചരിത്രത്തിലെ ദൈവിക ഇടപെടലുകള്‍ നടക്കുന്നത് മനുഷ്യരുടെ ഗണനാക്രമത്തിനനുസരിച്ചല്ല, പ്രത്യുത അല്ലാഹുവിന്റെ തീരുമാനപ്രകാരമാണെന്നും വ്യക്തമാക്കുകയാണ് ഈ സൂക്തത്തില്‍ ചെയ്യുന്നത്. അല്ലാഹുവിന്റെയടുക്കല്‍ ഒരു ദിവസമെന്നാല്‍ മനുഷ്യഗണനയിലെ ഒരു സഹസ്രാബ്ദത്തിന് തുല്യമാണെന്നും അതുകൊണ്ട് തന്നെ ശിക്ഷ വന്നുഭവിച്ചില്ലെന്ന് കളിയാക്കേണ്ടതില്ലെന്നുമാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. മനുഷ്യ ചരിത്രത്തിലെ ദൈവിക ഇടപെടലുകളെ മനുഷ്യഗണനയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതില്ലെന്നാണ് ഈ സൂക്തം നല്‍കുന്ന പാഠം. ഈ സൂക്തത്തിലെ പരാമര്‍ശവുമായി ഉദ്ധരിക്കപ്പെട്ട മറ്റു രണ്ട് സൂക്തങ്ങള്‍ക്കും ബന്ധമൊന്നുമില്ല. മൂന്നു സൂക്തങ്ങളിലും വിശദീകരിക്കപ്പെട്ടിരിക്കുന്നത് മൂന്നു തരം ദിവസങ്ങള്‍, അവയുടെ കാലദൈര്‍ഘ്യം വ്യത്യസ്തമായിരിക്കാം. അവയിലെ സംഭവങ്ങളും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അവ തമ്മില്‍ വൈരുധ്യമുണ്ടെന്ന് പറയാനാവില്ല. അവ തമ്മില്‍ യാതൊരു വൈരുധ്യവും ഇല്ല തന്നെ!

This entry was posted in ഖുര്‍ആനും വൈരുദ്ധ്യങ്ങളും. Bookmark the permalink.

Leave a Reply

Your email address will not be published.