വേദക്കാരിയെ വിവാഹം ചെയ്യാന്‍ ഖുര്‍ആന്‍ മുസ്ലിം പുരുഷന് അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍, വേദക്കാരെ വിവാഹം ചെയ്യാന്‍ മുസ്ലിംസ്ത്രീയെ അനുവദിക്കുന്നുമില്ല. ഇത് വ്യക്തമായ അനീതിയല്ലേ?

വേദക്കാരിയെ വിവാഹം ചെയ്യാന്‍ മാത്രമാണ് മുസ്ലിം പുരുഷനെ ഖുര്‍ആന്‍ അനുവദിക്കുന്നത് എന്നത് നേരാണ്. ഇക്കാര്യം വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തം കാണുക: “സത്യവിശ്വാസിനികളില്‍നിന്നുള്ള പതിവ്രതകളായ സ്ത്രീകളും, നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍നിന്നുള്ള പതിവ്രതകളായ സ്ത്രീകളും നിങ്ങള്‍ അവര്‍ക്ക് വിവാഹമൂല്യം നല്‍കിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ (നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു)” (ഖുര്‍ആന്‍5:5).
എന്തുകൊണ്ടാണ് ഖുര്‍ആന്‍ വേദക്കാരെ വിവാഹം ചെയ്യാന്‍ മുസ്ലിം സ്ത്രീയെ അനുവദിക്കാതിരുന്നത്?
സ്ത്രീയുടെ ആവശ്യങ്ങളെയും അബലതകളെയുംകുറിച്ച് ശരിക്കും അറിയാവുന്ന അല്ലാഹുവില്‍നിന്ന് അവതരിപ്പിച്ചതാണ് ഖുര്‍ആന്‍ എന്ന വസ്തുത വ്യക്തമാക്കുന്നതാണ് മുസ്ലിം സ്ത്രീക്ക് വേദക്കാരെ വിവാഹം ചെയ്യാന്‍ അനുവാദം നല്‍കാതിരുന്ന ഖുര്‍ആന്റെ നടപടിയെന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യപ്പെടും. സ്ത്രീക്ക് ഇസ്ലാം നല്‍കുന്ന മഹത്വം മറ്റൊരു മതവും അവള്‍ക്ക് നല്‍കുന്നില്ല. അവള്‍ക്ക് ഇസ്ലാം അനുവദിച്ച അവകാശങ്ങളും നിരവധിയാണ്. മറ്റു മതങ്ങളിലെല്ലാം ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തായിട്ടാണ് അവള്‍ പരിഗണിക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമാകട്ടെ സ്വതന്ത്രമായ അസ്തിത്വവും വ്യക്തിത്വവും അവകാശങ്ങളുമുള്ളവളായാണ് സ്ത്രീയെ കാണുന്നത്. ബൈബിള്‍ പഴയ നിയമവും പുതിയ നിയമവുമെ ല്ലാം പാപത്തിന് കാരണക്കാരിയായ കൊടുംപാപിയായാണ് അവളെ അഭിവീക്ഷിക്കുന്നത്.
ഒരു മുസ്ലിം സ്ത്രീ വേദക്കാരന്റെ വധുവായി ഭര്‍തൃഗൃഹത്തിലെത്തിയാല്‍ അയാള്‍ നല്‍കുന്ന അവകാശങ്ങള്‍ മാത്രം അനുഭവിക്കുവാന്‍ അവള്‍ വിധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇസ്ലാം അവള്‍ക്ക് നല്‍കുന്ന അവകാശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അയാള്‍ നല്‍കുന്ന അവകാശങ്ങള്‍ തുലോം പരിമിതമായിരിക്കും.  ഇസ്ലാം അവള്‍ക്ക് നല്‍കിയ രീതിയിലുള്ള മഹത്വം പരിഗണിച്ചുകൊണ്ടാവുകയില്ല അയാളുടെ പെരുമാറ്റം. (അങ്ങനെ പെരുമാറാന്‍ മതപരമായി അയാള്‍ ബാധ്യസ്ഥനുമല്ലല്ലോ) അതുകൊണ്ടുതന്നെ ഇസ്ലാമികമായ ചുറ്റുപാടുകളില്‍ വളര്‍ന്നുവന്ന അവ ള്‍ക്ക് ഭര്‍ത്തൃഗൃഹത്തിലെ പെരുമാറ്റവും അവിടെനിന്ന് ലഭിക്കുന്ന പരിഗണനയുമെല്ലാം ദുസ്സഹമായി ഭവിക്കും. അവള്‍ അനുഭവിച്ചുവന്ന അവകാശങ്ങളിലധികവും അവിടെ പരിഗണിക്കപ്പെടുകയില്ല.  അതുകൊണ്ടുതന്നെ അവിടെയുമായി പൊരുത്തപ്പെട്ടുപോകാന്‍ അവള്‍ക്ക് പ്രയാസമായിരിക്കും.
എന്നാല്‍, മുസ്ലിം വീട്ടിലേക്ക് കൊണ്ടുവരപ്പെടുന്ന വേദക്കാരിയുടെ അവസ്ഥ ഇതില്‍നിന്ന് തികച്ചും വ്യതിരിക്തമാണ്. അവള്‍ സ്വന്തം ഗൃഹത്തില്‍ പരിഗണിക്കപ്പെട്ടതിനേക്കാള്‍ ഉന്നതയായിട്ടാണ് ഭര്‍തൃഗൃഹത്തില്‍ പരിഗണിക്കപ്പെടുക. അവിടെ അവള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ സ്വന്തം വീട്ടില്‍ കിട്ടിപ്പോന്ന അവകാശങ്ങളേക്കാള്‍ ഉയര്‍ന്നതായിരിക്കും. അതു കൊണ്ടുതന്നെ ഭര്‍തൃഗൃഹത്തിലെ ജീവിതം അവള്‍ക്ക് യാതൊരുവിധ പ്രയാസങ്ങളുമുണ്ടാക്കുകയില്ല.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്‍ സ്വന്തത്തേക്കാളും സ്വന്തം സമ്പാദ്യത്തേക്കാളും സ്വന്തം കുടുംബത്തേക്കാളുമെല്ലാം സ്നേഹിക്കുന്നത് അല്ലാഹുവിനെയും അവന്റെ പ്രവാചകനെയുമാണ്.  ഈ സ്നേ ഹം അവന്റെ മതവുമായി ബന്ധപ്പെട്ടതാണ്. അല്ലാഹുവിനെയും പ്രവാചകനെയുമെല്ലാം നിന്ദിച്ചു സംസാരിക്കുന്നത് കേള്‍ക്കുന്നത് അവന് സ്വന്തം ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ പ്രയാസകരമാണ്. യഹൂദന്മാരും ക്രൈസ്തവരും വിശ്വസിക്കുന്നത് നബി(സ) ഒരു വ്യാജവാദിയാണെന്നാണ്. അദ്ദേഹത്തെ അന്തിക്രിസ്തുവായിപ്പോലും വിശേഷിപ്പിക്കുന്നവരുണ്ട്. അതുകൊണ്ടുതന്നെ അവര്‍ മുഹമ്മദ് നബിയെ നിന്ദിച്ചും മോശമായി ചിത്രീകരിച്ചും സംസാരിക്കുക സ്വാഭാവികമാണ്. ഒരു മുസ്ലിം സ്ത്രീയെ വേദക്കാരില്‍നിന്ന് ആരെങ്കിലും വിവാഹം ചെയ്താല്‍ അയാളോടൊപ്പം അയാളുടെ ഗേഹത്തിലുള്ള ജീവിതം അവള്‍ക്ക് നരകതുല്യമായിരിക്കും. അയാളുടെ യും അയാളുടെ കുടുംബത്തിലെ അംഗങ്ങളുടെയും സംസാരത്തിലുടനീളം മുഹമ്മദ് നബി(സ)യെ നിന്ദിക്കുന്ന പരാമര്‍ശങ്ങളുണ്ടാവും. അതുകൊണ്ടുതന്നെ അവള്‍ക്ക് ഒരിക്കലും അയാളോടൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവില്ല.
എന്നാല്‍, മുസ്ലിം ഗേഹത്തിലേക്ക് വിവാഹം ചെയ്യപ്പെടുന്ന വേദക്കാരിയുടെ അവസ്ഥയിതല്ല. അവള്‍ക്ക് ഒരിക്കലും ഇത്തരം മതനിന്ദ അനുഭവ പ്പെടുകയില്ല. മുസ്ലിമിനെസംബന്ധിച്ചിടത്തോളം എല്ലാ പ്രവാചകന്മാരെയും ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതും അവന്റെ മതപരമായ ബാധ്യതയാണ്. യഹൂദ മതക്കാരി ബഹുമാനിക്കുന്ന മോശെയുടെയും ക്രൈസ്തവ മതക്കാരി ബഹുമാനിക്കുന്ന യേശുവിന്റെയും പേരു കേള്‍ക്കുമ്പോള്‍ മുസ്ലിം അവര്‍ക്ക് ‘ശാന്തിയുണ്ടായിരിക്കട്ടെ’ എന്നു പ്രാര്‍ഥിക്കുകയാണ് ചെയ്യുക. അവര്‍ ബഹുമാനിക്കുന്നവരെക്കുറിച്ച് സദ്വര്‍ത്തമാനങ്ങള്‍ മാത്രമേ അവര്‍ക്ക് കേള്‍ക്കേണ്ടിവരികയുള്ളൂ. അതുകൊണ്ടുതന്നെ മുസ്ലിമിനോടൊപ്പമുള്ള ജീവിതം അവള്‍ക്ക് ദുസ്സഹമായി അനുഭവപ്പെടുകയില്ല.
വേദക്കാരിയെ വിവാഹം ചെയ്യാമെന്നത് ഒരു അനുവാദം മാത്രമാണ്. എന്നാല്‍, ‘മതനിഷ്ഠയുള്ള സ്ത്രീയെ വിവാഹം ചെയ്യുക’യെന്ന് ഉപദേശിച്ച പ്രവാചകന്റെ (സ) പാത പിന്‍പറ്റുന്നവര്‍ സത്യവിശ്വാസിനികളായ സ്ത്രീകളെ യായിരിക്കും ഇണയായി ഇഷ്ടപ്പെടുക. മതത്തിലെ കൂട്ടുകാരിതന്നെ ജീവിതത്തിലെയും കൂട്ടുകാരിയായി മതിയെന്നായിരിക്കും അവരുടെ നിലപാട്.

This entry was posted in ഖുര്‍ആനും അമുസ്ലിംകളും. Bookmark the permalink.