അമുസ്ലിംകളെ ഖുര്‍ആനില്‍ അഭിസംബോധന ചെയ്തിരിക്കുന്നത് ‘കാഫിര്‍’ എന്നാണല്ലോ. അതൊരു അസഭ്യപദപ്രയോഗമായാണ് പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. എന്താണ് ഈ പദം വിവക്ഷിക്കുന്നത്?

മറച്ചുവെക്കുന്നവന്‍ എന്നാണ് കാഫിര്‍ എന്ന പദത്തിന്റെ ഭാഷാര്‍ഥം. വിത്ത് മണ്ണിനടിയില്‍ മറച്ചുവെക്കുന്നവനായതിനാല്‍ കര്‍ഷകനെ കാഫിര്‍ എന്നു വിളിക്കും. ലഭിച്ച നേട്ടങ്ങള്‍ മറച്ചുവെക്കുന്നവനെ കാഫിര്‍ എന്നു വിളിക്കുന്ന രീതി പൌരാണിക അറേബ്യയില്‍തന്നെ നിലവിലുണ്ടായിരുന്നു. നന്ദികെട്ടവന്‍ എന്ന അര്‍ഥത്തിലും കാഫിര്‍ എന്ന് പ്രയോഗിക്കപ്പെട്ടതായി കാണുവാന്‍ കഴിയും.
സത്യനിഷേധി, നന്ദികേട് കാണിക്കുന്നവന്‍, അവിശ്വസിക്കുന്നവന്‍എന്നീ അര്‍ഥങ്ങളിലാണ് ഖുര്‍ആന്‍ കാഫിര്‍ എന്നു പ്രയോഗിക്കുന്നത്. പുലഭ്യം പറയുന്ന രീതിയിലല്ല, പ്രത്യുത ഉദ്ദേശിക്കപ്പെടുന്നവരുടെ സ്വഭാവം വിശദീകരിക്കുന്ന രീതിയിലാണ് ഖുര്‍ആന്‍ ഈ പദം പ്രയോഗിച്ചിരിക്കുന്നത്. കാഫിര്‍ എന്ന ഏകവചനപ്രയോഗവും കാഫിറൂന്‍, കുഫ്ഫാര്‍ എന്നീ ബഹുവചനപ്രയോഗങ്ങളും ഖുര്‍ആനില്‍ പലതവണ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. അവിടെയെല്ലാം തന്നെ പ്രതിപാദിക്കപ്പെട്ടവരുടെ സ്വഭാവങ്ങള്‍ വ്യക്തമാക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ഏതാനും ഖുര്‍ആന്‍ വചനങ്ങള്‍ കാണുക:
“അല്ലാഹുവിലും അവന്റെ ദൂതന്മാരിലും അവിശ്വസിക്കുകയും (വിശ്വാസ കാര്യത്തില്‍) അല്ലാഹുവിനും അവന്റെ ദൂതന്മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്നു പറയുകയും അങ്ങനെ അതിനിടയില്‍ മറ്റൊരു മാര്‍ഗം സ്വീകരിക്കാനുദ്ദേശിക്കുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാകുന്നു യഥാര്‍ഥ കാഫിറുകള്‍ (സത്യനിഷേധികള്‍). കാഫിറുകള്‍ക്ക് അപമാനകരമായ ശിക്ഷ നാം ഒരുക്കിവെച്ചിട്ടുണ്ട്” (4:150,151).
“അല്ലാഹുവിന്റെ അനുഗ്രഹം അവര്‍ മനസ്സിലാക്കുകയും എന്നിട്ട് അതിനെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്. അവരില്‍ അധികപേരും കാഫിറുകള്‍ (സത്യനിഷേധികള്‍/നന്ദികെട്ടവര്‍) ആകുന്നു” (16:83).
“തീര്‍ച്ചയായും നാം തന്നെയാകുന്നു തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്. (അല്ലാഹുവിന്) കീഴ്പ്പെട്ട പ്രവാചകന്മാര്‍ യഹൂദന്മാര്‍ക്ക് അതിനനുസരിച്ച് വിധി കല്‍പിച്ചു വന്നു. പുണ്യവാന്മാരും മതപണ്ഡിതന്മാരും (അങ്ങനെതന്നെ ചെയ്തു). കാരണം അല്ലാഹുവിന്റെ ഗ്രന്ഥത്തിന്റെ സംരക്ഷണം അവര്‍ക്ക് ഏല്‍പിക്കപ്പെട്ടിരുന്നു. അവരതിന് സാക്ഷികളുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കാതെ എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിങ്ങള്‍തു ച്ഛമായ വിലയ്ക്ക് വിറ്റുകളയാതിരിക്കുക. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആര്‍ വിധിക്കുന്നില്ലയോ അവര്‍തന്നെയാകുന്നു കാഫിറുകള്‍” (5:44).
“(നബിയേ) പറയുക: കാഫിറുകളേ, നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല. നിങ്ങള്‍ ആരാധിച്ചു വന്നതിനെ ഞാന്‍ ആരാധിക്കുവാന്‍ പോകുന്നില്ല. ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നില്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതവും” (109:1-6).
ഈ വചനങ്ങളില്‍നിന്നെല്ലാം നമുക്ക് മനസ്സിലാവുന്നത് ദൈവിക മാര്‍ഗദര്‍ശനം അംഗീകരിക്കാതെ സത്യത്തെ നിഷേധിക്കുകയും അതുവഴി അനുഗ്രഹദാതാവായ അല്ലാഹുവിനോട് നന്ദികേട് കാണിക്കുകയും ചെയ്യുന്നവരെ കുറിക്കുവാന്‍  വേണ്ടിയാണ് ഖുര്‍ആന്‍ കാഫിര്‍ എന്നു പ്രയോഗിച്ചിരിക്കുന്നത് എന്നാണ്. പടച്ചതമ്പുരാന്റെ അനുഗ്രഹങ്ങള്‍ അനുഭവിക്കുകയും അതോടൊപ്പം അനുഗ്രഹദാതാവായ അല്ലാഹുവെ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കാഫിറാണ്. മനുഷ്യര്‍ക്കാവശ്യമായ സംവിധാനങ്ങളെല്ലാം ഭൂമിയില്‍ ചെയ്തുവെച്ച പടച്ചതമ്പുരാന്‍ നമ്മില്‍നിന്ന് ആവശ്യപ്പെടുന്ന ഏകകാര്യമായ അവനെ മാത്രം ആരാധിക്കുന്നതില്‍നിന്ന് വ്യതിചലിച്ച് ആരാധന അര്‍ഹിക്കാത്ത സൃഷ്ടികളോട് പ്രാര്‍ഥിക്കുന്നവന്‍ കാഫിറാണ്. സന്മാര്‍ഗം കാണിച്ചുതരാന്‍ വേണ്ടി പടച്ചതമ്പുരാന്‍ പറഞ്ഞയച്ച പ്രവാചകന്മാരെ അംഗീകരിക്കാതിരിക്കുന്നവന്‍ കാഫിറാണ്. സത്യാസത്യവിവേചകമായി പടച്ചതമ്പുരാന്‍ അവതരിപ്പിച്ച വേദഗ്രന്ഥങ്ങള്‍ അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താത്തവന്‍ കാഫിറാണ്. സത്യത്തിന്റെ ശത്രുക്കളായി മാറിയ കാഫിറുകളാണ് ദൈവികമായ പ്രകാശത്തെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നത്.

This entry was posted in ഖുര്‍ആനും അമുസ്ലിംകളും. Bookmark the permalink.