കൊലയാളിയെ തിരിച്ചു കൊല്ലുന്നതുകൊണ്ട് കൊല്ലപ്പെട്ടവന്റെ കുടുംബത്തിന് എന്തു കിട്ടുവാനാണ്? അനാഥമായിത്തീരുന്ന കൊല്ലപ്പെട്ടവന്റെ കുടുംബത്തെ സംരക്ഷിക്കുവാന്‍ എന്തു നിര്‍ദേശമാണ് ഖുര്‍ആന്‍ സമര്‍പ്പിക്കുന്നത്?

കൊലക്കുറ്റത്തിന് എല്ലാ സന്ദര്‍ഭത്തിലും ഒരു പോലെ വധശിക്ഷ നല്‍കണമെന്ന് ഖുര്‍ആന്‍ നിര്‍ബന്ധിക്കുന്നില്ല. വധശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന ഖുര്‍ആന്‍ സൂക്തം കാണുക: “വിശ്വസിച്ചവരേ, വധിക്കപ്പെട്ടവരുടെ കാര്യത്തില്‍ തുല്യമായ പ്രതിക്രിയ നിങ്ങള്‍ക്ക് നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രന് സ്വതന്ത്രന്‍, അടിമക്ക് അടിമ, സ്ത്രീക്കു സ്ത്രീ. എന്നാല്‍, ഘാതകന് തന്റെ സഹോദരനില്‍നിന്ന് വല്ല ഇളവും ചെയ്തുകിട്ടിയാല്‍ മര്യാദ പ്രകാരം അത് അംഗീകരിക്കപ്പെടുകയും നല്ല നിലയില്‍ പിഴ കൊടുത്തുവിടുകയും വേണ്ടതാകുന്നു. ഇത് നിങ്ങളുടെ രക്ഷിതാവില്‍നിന്നുള്ള ലഘൂകരണവും അനുഗ്രഹവുമത്രെ” (ഖുര്‍ആന്‍ 2:178).
ഘാതകനെ മരണത്തില്‍നിന്നു രക്ഷിക്കണമോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത് കൊല്ലപ്പെട്ടവന്റെ അടുത്ത ബന്ധുക്കളാണ്. അവര്‍ക്ക് വേ ണമെങ്കില്‍ പ്രതികാരമൂല്യം (ദിയഃ) വാങ്ങി അയാള വെറുതെ വിടാം. അയാളെ വെറുതെ വിടാനാണ് ബന്ധുക്കളുടെ തീരുമാനമെങ്കില്‍ അതിന് എതിര് നില്‍ക്കുവാന്‍ കോടതിക്ക് അവകാശമില്ല. നൂറ് ഒട്ടകമാണ് കൊലക്കുറ്റത്തിനുള്ള പ്രതികാരമൂല്യം. അതുവാങ്ങി ഘാതകനെ വെറുതെ വിട്ടു കഴിഞ്ഞാ ല്‍ പിന്നെ അയാള്‍ക്കെതിരെ യാതൊരുവിധ പ്രതികാര നടപടിയും പാടില്ല.
ചുരുക്കത്തില്‍, കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ക്ക് സമ്മതമെങ്കില്‍ നഷ്ടപരിഹാരം വാങ്ങി ഘാതകനെ വെറുതെ വിടുകയും പ്രസ്തുത നഷ്ടപരിഹാരമുപയോഗിച്ച് അനാഥമായിത്തീര്‍ന്നവരെ പുനരധിവസിപ്പിക്കുക യും അവരുടെ ജീവസന്ധാരണത്തിനുള്ള മാര്‍ഗമുണ്ടാക്കുകയും ചെയ്യാം. ഘാതകനെ എന്തു ചെയ്യണമെന്ന് തീരുമാനിക്കുവാനുള്ള ആത്യന്തികമായ അധികാരം കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ക്കു നല്‍കിയ ഖുര്‍ആന്‍, അതിന്റെ ശിക്ഷാനിയമങ്ങളുടെ പ്രോജ്വലമായ മാനവിക മുഖമാണ് ഇവിടെയും പ്രകടിപ്പിക്കുന്നത്.

This entry was posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍. Bookmark the permalink.

Leave a Reply

Your email address will not be published.