മറ്റു മതഗ്രന്ഥങ്ങളിലും ശിക്ഷാനിയമങ്ങള്‍ വിശദീകരിക്കുന്നുണ്ടല്ലോ. അവയില്‍നിന്ന് വ്യത്യസ്തമായ എന്തു സവിശേഷതയാണ് ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍ക്കുള്ളത്?

പല മതഗ്രന്ഥങ്ങളും കുറ്റങ്ങള്‍ക്കുള്ള ശിക്ഷകളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. അവയില്‍ പലതും മനുഷ്യരുടെ കൈകടത്തലുകള്‍ക്ക് വിധേയമായിരിക്കുന്നു എന്നതുകൊണ്ടുതന്നെ മനുഷ്യത്വ വിരുദ്ധമായ പലതും അവയില്‍ കാണാന്‍ കഴിയും. ഖുര്‍ആനിന്റെ സ്ഥിതി ഇതില്‍നിന്ന് വ്യത്യ സ്തമാണ്. അതിലെ നിയമങ്ങള്‍ മുഴുവന്‍ ദൈവികമായതുകൊണ്ടുതന്നെ മാനവികമാണ്; സാര്‍വജനീനവും സര്‍വകാല പ്രസക്തവുമാണ്.
ഉദാഹരണത്തിന് വ്യഭിചാരത്തിന് വ്യത്യസ്ത മതഗ്രന്ഥങ്ങള്‍ വിധിക്കുന്ന ശിക്ഷയെന്താണെന്ന് നോക്കുക.
‘ഒരുത്തന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍, കൂട്ടുകാരന്റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ മരണശിക്ഷയനുഭവിക്കണം (ലേവ്യ 20:10).
‘ഒരു പുരുഷന്റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതുകണ്ടാല്‍ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷയനുഭവിക്കണം. ഇങ്ങനെ ഇസ്രായീലില്‍നിന്ന് ദോഷം നീക്കിക്കളയേണം’ (ആവ.:22:22)}
ഇവിടെ ബൈബിള്‍ പഴയനിയമത്തില്‍ മരണശിക്ഷവിധിച്ചിരിക്കുന്നത് വിവാഹിതയായ സ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിനു മാത്രമാണ്. കന്യകയുമായി വ്യഭിചരിച്ചാല്‍ അതിന് ശിക്ഷയൊന്നും ബൈബിള്‍ വിധിക്കുന്നില്ല. അതു കണ്ടുപിടിക്കപ്പെട്ടാല്‍ അവളെ വിവാഹം ചെയ്യണമെന്നതു മാത്രമാണ് ശിക്ഷ. ‘വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ കണ്ടു അവളെ പിടിച്ച് അവളോടുകൂടി ശയിക്കുകയും അവരെ കണ്ടുപിടിക്കുകയും ചെയ്താല്‍ അവളോടുകൂടി ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന് അമ്പത് വെള്ളിക്കാശ് കൊടുക്കണം. അവ ള്‍ അവന്റെ ഭാര്യയാവുകയും വേണം’ (ആവ: 22:28,29)
വിവാഹിതയായ സ്ത്രീയുമായുള്ള ലൈംഗികബന്ധത്തിന് മരണശിക്ഷ വിധിക്കുവാനുള്ള കാരണമെന്താണ്? (അതേസമയം പുരുഷന്‍ വിവാഹിതനാണോ അല്ലയോ എന്നത് ഒരു പ്രശ്നമായിത്തന്നെ ബൈബിള്‍ കാണുന്നുമില്ല). സ്ത്രീ വിവാഹം ചെയ്യപ്പെടുന്നതുവരെ പിതാവിന്റെയും വിവാഹം ചെയ്യപ്പെട്ടുകഴിഞ്ഞാല്‍ ഭര്‍ത്താവിന്റെയും സ്വത്താണെന്നാണ് ബൈബിള്‍ പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് സ്ത്രീകളെ വില്‍ക്കാന്‍ അത് പുരുഷ ന്മാരെ അനുവദിക്കുന്നത് (പുറ. 21:7, നെഹമ്യ 5:5 നോക്കുക). ഒരു പുരുഷന്റെ സ്വത്തായ സ്ത്രീയെ അനധികൃതമായി ഉപയോഗിച്ചുവെന്നതാണ് അയാളുടെ ഭാര്യയെ വ്യഭിചരിക്കുന്ന വ്യക്തിചെയ്യുന്ന കുറ്റം. അത് ചെയ്യുന്ന ആള്‍ വിവാഹിതനായാലും അല്ലെങ്കിലും കുറ്റം ഒന്നുതന്നെയാണ്.  പുരുഷന്‍ സ്ത്രീയുടെ സ്വത്തല്ലാത്തതിനാല്‍ അയാള്‍ വ്യഭിചരിക്കുന്നത് ഒരു തെറ്റായിത്തന്നെ ബൈബിള്‍ കാണുന്നുമില്ല.  ഈ വസ്തുത ‘യഹൂദ വിജ്ഞാനകോശം’ തന്നെ സമ്മതിക്കുന്നതാണ്. (ഋിര്യരഹീുലറശമ ഖൌറമശരമ ഢീഹ കക രീഹ 313)
ചുരുക്കത്തില്‍ ബൈബിള്‍ വ്യഭിചാരമെന്ന തിന്മയെ കാണുന്നത് മറ്റൊരാളുടെ സ്വത്തിലുള്ള അനധികൃതമായ കൈയ്യേറ്റമായിക്കൊണ്ടാണ്. പ്രസ്തുത കൈയ്യേറ്റത്തിന് മരണശിക്ഷതന്നെ വിധിക്കുന്നുണ്ടെന്നത് ശരിയാണ്. എന്നാല്‍ വ്യഭിചാരം സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങളോ കുടുംബ ശൈഥില്യമോ ധാര്‍മിക പ്രതിസന്ധികളോ ഒന്നുംതന്നെ ബൈബിളിന്റെ പരിഗണനയില്‍ വരുന്നില്ല.
കൊലപാതകത്തിനുള്ള ആപസ്തംബ ധര്‍മ സൂത്രത്തിലെ ശിക്ഷാ നിയമങ്ങള്‍ കാണുക: ‘ബ്രാഹ്മണനെക്കൊല്ലുന്ന ശൂദ്രനെ മൂന്നു പ്രാവശ്യ മായി തീയിലിട്ട് കുറച്ചു കുറച്ചായി ചിത്രവധം ചെയ്ത് കൊല്ലണം. എന്നാല്‍ ശൂദ്രനെ മറ്റുള്ളവര്‍ കൊന്നാല്‍ ഒരു വര്‍ഷത്തെ തടവ് വിധിക്കുകയും പ ന്ത്രണ്ട് പശുക്കളെ പിഴയായി ഈടാക്കുകയും ചെയ്താല്‍ മതി’ (കൃഷ്ണാനന്ദ സ്വാമി ഉദ്ധരിച്ചത്: ഇന്ത്യയിലെ വര്‍ണസമരം പുറം 94)
ഹൈന്ദവസ്മൃതികളിലെ നിയമങ്ങളെല്ലാം വര്‍ണാശ്രമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ളവയാണ്. ബ്രാഹ്മണനെ പൂജ്യനായും ശൂദ്രനെ അധമനായും കണ്ടുകൊണ്ടുള്ള നിയമങ്ങളില്‍ ഉടനീളം ഈ ഉച്ചനീചത്വം പ്രകടമാണ്. ഒരേ തെറ്റ് ബ്രാഹ്മണന്‍ ചെയ്താലുള്ള ശിക്ഷയും ശൂദ്രന്‍ ചെയ്താലുള്ള ശിക്ഷയും തമ്മില്‍ വലിയ അന്തരമുണ്ടായിരിക്കും. ഈ നിയമ ങ്ങള്‍ മനുഷ്യര്‍ക്കു വേണ്ടിയുള്ളവയല്ല; ജാതികള്‍ക്കുവേണ്ടിയുള്ളവയാണെന്ന് സാരം.
ഖുര്‍ആനിലെ ശിക്ഷാവിധികളില്‍ ഇത്തരം പ്രശ്നങ്ങളൊന്നും കാണുക സാധ്യമല്ല. അതില്‍ യാതൊരുവിധ ഉച്ചനീചത്വങ്ങളുമില്ല. രാജാവിനും പ്രജക്കും ഒരേ കുറ്റത്തിന് ഒരേ ശിക്ഷ. തികച്ചും മാനവികമായ കാഴ്ചപ്പാട്.
അതുപോലെതന്നെ, ഖുര്‍ആന്‍ ലൈംഗിക സദാചാരത്തിന്റെ ലംഘനത്തെ കാണുന്നത് കുടുംബഭദ്രതയെയും സമൂഹത്തിന്റെ കെട്ടുറപ്പിനെയും തകര്‍ക്കുന്ന പ്രവര്‍ത്തനമായിട്ടാണ്. അവിടെ പുരുഷനും സ്ത്രീയുമെല്ലാം തുല്യരാണ്. തെറ്റ് ആര് ചെയ്യുന്നുവെന്നും അത് സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളുടെ ആഴം എത്രത്തോളമുണ്ടെന്നുമുള്ളതാണ് ശിക്ഷയുടെ അളവ് നിര്‍ണയിക്കുന്നത്.  വിവാഹിതരുടെയും അവിവാഹിതരുടെയും വ്യഭിചാരം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വ്യത്യസ്തമായതിനാല്‍ അവക്കുള്ള ശിക്ഷകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് കാണാം. ഇവിടെയും ഖുര്‍ആനിക ശിക്ഷാവിധികളുടെ മാനവികതയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

This entry was posted in ഖുര്‍ആനിലെ ശിക്ഷാനിയമങ്ങള്‍. Bookmark the permalink.

Leave a Reply

Your email address will not be published.