എന്തിനാണ് വേദഗ്രന്ഥങ്ങള്‍?

മനുഷ്യരെ ഒന്നിപ്പിക്കുകയാണ് വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ധര്‍മമെന്നാണ്  ഖുര്‍ആനിക വീക്ഷണം. വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്ന തു കാണുക: ‘മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം (അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്) സന്തോഷവാര്‍ത്ത അറിയിക്കുവാനും, (നിഷേധികള്‍ക്ക്) താക്കീത് നല്‍കുന്നതിനും വേണ്ടി അല്ലാഹു പ്രവാചക ന്മാരെ നിയോഗിച്ചു. അവര്‍ ഭിന്നിച്ച വിഷയത്തില്‍ ദൈവികമായ തീര്‍പ്പുകല്‍പിക്കുന്നതിനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചു കൊടുത്തു’ (2:213).
മനുഷ്യര്‍ ഭിന്നിച്ച വിഷയത്തില്‍ ദൈവികമായ തീര്‍പ്പുകല്‍പിക്കുന്നതി നുവേണ്ടിയാണ് വേദഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടതെന്നാണല്ലോ ഇതില്‍ നിന്ന് മനസ്സിലാവുന്നത്. മനുഷ്യരെ ഭിന്നതയില്‍നിന്ന് കരകയറ്റുവാന്‍ വേണ്ടിയാണ് ഖുര്‍ആനിന്റെയും അവതരണമെന്ന് അത് പ്രഖ്യാപിക്കുന്നുണ്ട്. ‘അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ചുപോയിരിക്കുന്നുവോ, അതവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗ ദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് ഞാന്‍ നിനക്ക് വേദ ഗ്രന്ഥം അവതരിപ്പിച്ചുതന്നത്’ (16:64).
വേദഗ്രന്ഥത്തിന്റെ ആളുകളെന്ന് സ്വയം അഭിമാനിച്ചിരുന്നവര്‍ ഭിന്നിച്ച തുപോലെ അഭിപ്രായഭിന്നതകള്‍ രൂപമെടുത്ത് ഛിന്നഭിന്നമാകാതിരിക്കാന്‍ അന്തിമവേദഗ്രന്ഥമായ ഖുര്‍ആനും അതിന്റെ പ്രായോഗിക ജീവിതമാതൃകയായ നബിചര്യയും മുറുകെ പിടിക്കുകയാണ് വേണ്ടതെന്ന് ഖുര്‍ആന്‍ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. ‘നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്’ (3:103). ഇവിടെ അല്ലാഹുവിന്റെ കയറുകൊണ്ടുള്ള വിവക്ഷ വിശുദ്ധ ഖുര്‍ആനും നബിചര്യയുമാണെന്ന് വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചുരുക്കത്തില്‍, വേദഗ്രന്ഥത്തിന്റെ പരമപ്രധാനമായ ധര്‍മം ജനങ്ങളെ സത്യത്തിലേക്ക് നയിച്ചുകൊണ്ട് അവര്‍ക്കിടയിലുള്ള ഭിന്നിപ്പും സ്പര്‍ധയും ഇല്ലാതെയാക്കുകയാകുന്നു.

This entry was posted in ഖുര്‍ആനെ കുറിച്ച്. Bookmark the permalink.

Comments are closed.