അടിമസ്ത്രീകളുടെ എണ്ണം ഇസ്ലാം പരിമിതപ്പെടുത്താതിരുന്നതെന്തുകൊണ്ടാണ്?

വിവാഹം നാലില്‍ പരിമിതപ്പെടുത്തണമെന്ന് നിഷ്കര്‍ഷിച്ച ഇസ്ലാം പക്ഷേ, കൈവശം വെക്കാവുന്ന അടിമസ്ത്രീകളുടെ എണ്ണത്തിന് യാതൊരു നിയന്ത്രണവുമേര്‍പ്പെടുത്തിയിട്ടില്ല. ഒരാള്‍ക്ക് എത്ര അടിമസ്ത്രീകളെയും കൈവശം വെച്ചുകൊണ്ടിരിക്കാം എന്നര്‍ഥം. എന്തുകൊണ്ടാണ് ഇസ്ലാം ഇത് അനുവദിച്ചത്?
അടിമകള്‍ യജമാനന്റെ കൈവശം എത്തിച്ചേരുന്നത് മൂന്നു മാര്‍ഗങ്ങളിലൂടെയാണ്. അനന്തരാവകാശമായി, സ്വയം വാങ്ങുക, യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെടുക എന്നീ വഴികളിലൂടെ. ഇതില്‍ ഒരാള്‍ക്ക് സ്വന്തം ഇച്ഛ പ്രകാരം അടിമകളുടെ എണ്ണം പരിമിതപ്പെടുത്തുവാന്‍ കഴിയുക സ്വയം വാങ്ങുന്ന കാര്യത്തില്‍ മാത്രമാണ്. അനന്തരാവകാശമായി കിട്ടുകയോ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ട് അടിമകളായിത്തീര്‍ന്ന് ഒരാളുടെ കൈവശം എത്തിച്ചേരുകയോ ചെയ്യുന്ന അടിമകളുടെ എണ്ണം അയാള്‍ ക്ക് നിയന്ത്രിക്കുവാനോ പരിമിതപ്പെടുത്തുവാനോ കഴിയില്ല. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെ അടിമകളാക്കുവാനാണ് ഭരണകൂടം തീരുമാനിക്കുന്നതെങ്കില്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കിടയില്‍ അവരെ വീതിച്ചു നല്‍കുകയാണ് ചെയ്യുക. കുറെയേറെപ്പേരെ തടവുകാരായി പിടിക്കുകയാണെങ്കില്‍ ഓരോരുത്തരുടെയും കൈവശം എത്തിപ്പെടുന്ന അടിമകളുടെ എണ്ണവും കൂടും. ഹുനൈന്‍ യുദ്ധത്തില്‍ ആറായിരത്തോളം പേരെ തടവുകാരായി പിടിച്ചിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം.
യുദ്ധത്തില്‍ പിടിക്കപ്പെടുന്നവരെ അനിവാര്യമായ സാഹചര്യങ്ങളില്‍ മാത്രമേ അടിമകളാക്കി മാറ്റിയിരുന്നുള്ളൂ. ഖലീഫമാരുടെ കാലത്ത് നടന്ന യുദ്ധങ്ങളില്‍ സിറിയ, ഫലസ്തീന്‍, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ ആരെയും അടിമകളാക്കി മാറ്റിയിരുന്നില്ലെന്ന് കാണാനാവും. യുദ്ധത്തില്‍ പുരുഷന്മാര്‍ വധിക്കപ്പെടുകയോ ബന്ധനസ്ഥരായി പിടിക്കപ്പെടുകയോ ചെയ്താല്‍ സ്ത്രീകളും കുട്ടികളും അനാഥരായിത്തീരുകയായിരിക്കും ഫ ലം. അവരെ യുദ്ധത്തില്‍ വധിക്കുവാന്‍ പാടില്ലെന്ന് ഇസ്ലാം നിഷ്കര്‍ഷിച്ചിട്ടുണ്ട്. പുരുഷന്മാരോടൊപ്പം യുദ്ധത്തിന് പുറപ്പെടുന്ന സ്ത്രീകളും കുട്ടികളും തടവുകാരായി പിടിക്കപ്പെട്ടാല്‍തന്നെ മുസ്ലിം തടവുകാര്‍ക്ക് പകരമായി കൈമാറുകയായിരുന്നു പലപ്പോഴും ചെയ്തിരുന്നത്. ചില അവസരങ്ങളില്‍ അവരെ അടിമകളാക്കി മാറ്റുവാനും ഇസ്ലാം അനുവദിച്ചിരുന്നു. അടിമത്തം നിലനിന്നിരുന്ന ഒരു സമൂഹത്തിലായിരുന്നു ഈ അനുവാദമെന്നോര്‍ക്കണം.
ഏതായിരുന്നാലും ഈ വഴികളിലൂടെയെല്ലാം തങ്ങളുടെ കൈവശമെ ത്തിച്ചേരുന്ന അടിമകളെ പരിമിതപ്പെടുത്തുക അന്നത്തെ സാഹചര്യത്തില്‍ തികച്ചും പ്രയാസകരമായിരുന്നു. സ്ത്രീകളുടെ സ്ഥിതിയും അതുതന്നെ.  ഇങ്ങനെ കൈവശം എത്തിച്ചേരുന്ന സ്ത്രീകളെ എന്തുചെയ്യണമെന്നുള്ള താണ് പ്രശ്നം. അവരെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കാം. ഒരു സ്വതന്ത്രന്‍ അടിമയെ വിവാഹം ചെയ്യുവാനുള്ള സാധ്യത തുലോം വിരളമായിരുന്നുവെന്നോര്‍ക്കുക. അല്ലെങ്കില്‍ മറ്റൊരു അടിമക്കു വിവാഹം ചെയ്തുകൊടുക്കാം. രണ്ടാണെങ്കിലും അവള്‍ അയാളുടെ സ്വത്തായിരിക്കുന്നിട ത്തോളം കാലം അവളിലുണ്ടാകുന്ന കുഞ്ഞുങ്ങളും ഇയാളുടെ സ്വത്തായിരിക്കും. അവരും അടിമകളായിത്തീരുമെന്നര്‍ഥം. അതല്ലെങ്കില്‍ നിരുപാധികം അവരെ സ്വതന്ത്രരാക്കി വിടാം. അത്തരത്തിലുള്ള സ്വാതന്ത്യ്രം അവരുടെ അനാഥത്വത്തിനാണ് വഴിവെക്കുക; ഗുരുതരമായ മൂല്യത്തകര്‍ച്ചക്കും. മറ്റൊരു മാര്‍ഗമാണ് അവളെ വിവാഹം കഴിക്കാതെതന്നെ, അവളുടെ മാനുഷികമായ എല്ലാ അവകാശങ്ങളും അനുവദിച്ചുകൊണ്ട് ഉടമയോടൊപ്പം താമസിപ്പിക്കുകയെന്നത്. (അവളെ സ്വതന്ത്രയാക്കി വിവാഹം ചെയ്യുക എല്ലാ ഉടമകളുടെ കാര്യത്തിലും പ്രായോഗികമായിരിക്കുകയില്ലല്ലോ).
അങ്ങനെ ജീവിക്കുന്ന അടിമകളുടെ എണ്ണം പരിമിതപ്പെടുത്തിയാല്‍ ആ പരിധിക്കു മുകളില്‍ വരുന്ന ഉടമയോടൊപ്പം കഴിയുന്ന അടിമസ്ത്രീകളെ എന്തു ചെയ്യണമെന്ന പ്രശ്നമുത്ഭവിക്കും. അവര്‍ക്ക് സ്വാതന്ത്യ്രം പ്രാപിക്കുവാന്‍ മാര്‍ഗങ്ങളൊന്നുമുണ്ടാവുകയില്ല. അവരുടെ ലൈംഗികത അവഗണിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്യും. ഇത് വമ്പിച്ച ധാര്‍മിക പ്രശ്നങ്ങള്‍ക്ക് നിമിത്തമാകും.
അടിമവ്യവസ്ഥിതി നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഭൂമികയില്‍നിന്നുകൊണ്ട് ഈ പ്രശ്നത്തെയും നോക്കിക്കണ്ടാല്‍ ഇക്കാര്യത്തില്‍ ഇസ്ലാം  നിശ്ചയിച്ച നിയമങ്ങള്‍ പ്രായോഗികമാണെന്ന വസ്തുത വ്യക്തമാവും. പ്രസ്തുത സമൂഹത്തില്‍ ഒരാളുടെ കൈവശം എത്തിച്ചേരുന്ന പുരുഷ അടിമകളുടെ എണ്ണത്തിന് പരിധി കല്‍പിക്കാന്‍ കഴിയില്ല. ഇതുതന്നെയാണ് സ്ത്രീ അടിമകളുടെയും അവസ്ഥ. അത്തരം നിയന്ത്രണങ്ങള്‍ പ്രസ്തുത സമൂഹത്തില്‍ അപ്രായോഗികമാണ് അതുകൊണ്ടുതന്നെയാണ് ഇസ്ലാം അതിനു തുനിയാതിരുന്നത്.

This entry was posted in ഖുര്‍ആനും അടിമത്തവും. Bookmark the permalink.

Leave a Reply

Your email address will not be published.