അടിമസ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യജമാനനെ അനുവദിക്കുന്ന ഖുര്‍ആന്‍ യഥാര്‍ഥത്തില്‍ വ്യഭിചാരത്തെ നിയമാനുസൃതമാക്കുകയല്ലേ ചെയ്തിരിക്കുന്നത്?

അടിമത്ത വ്യവസ്ഥതിയുടെ സ്വാഭാവികമായ ഉല്‍പന്നമാണ് അടിമ സ്ത്രീകള്‍. അടിമ സ്ത്രീകളെ യഥേഷ്ടം ഉപയോഗിക്കുകയും അവളെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചുകൊണ്ട് അതില്‍നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കുകയുമായിരുന്നു അടിമത്തം നിലനിന്നിരുന്ന സമൂഹങ്ങളിലെല്ലാം ഉണ്ടായിരുന്ന അവസ്ഥ. ഇസ്ലാമാകട്ടെ, അടിമസ്ത്രീകളിലൂടെ പ്രസ്തുത വ്യവസ്ഥതന്നെ ഒരു തലമുറയോടുകൂടി അവസാനിപ്പിക്കുവാനാവശ്യമായ സം വിധാനങ്ങളാണ് ചെയ്തത്.
അടിമസ്ത്രീ ഉടമയുടെ സ്വത്താണ്. എന്നാല്‍, അവളെ വ്യഭിചാരത്തിന് പ്രേരിപ്പിക്കാന്‍ ഉടമക്ക് അവകാശമില്ല. (24:33). പുരുഷന്മാരായ അടിമകളെപ്പോലെ സ്ത്രീ അടിമകള്‍ക്കും അവകാശങ്ങളുണ്ട്. അവര്‍ക്ക് ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിവയെല്ലാം നല്‍കേണ്ടത് യജമാനന്റെ കടമയാണ്. അവര്‍ക്ക് വിവാഹത്തിനുള്ള സൌകര്യം ചെയ്തുകൊടുക്കാനും ഖുര്‍ആ ന്‍ ഉടമയോട് ആവശ്യപ്പെടുന്നുണ്ട് (24:32).
അവരുടെ ലൈംഗികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിനാവശ്യമായ സംവിധാനങ്ങള്‍ ചെയ്യാന്‍ ഖുര്‍ആന്‍ ഉടമകളെ പ്രേരിപ്പിക്കുന്നുണ്ടെന്നര്‍ഥം.
എന്നാല്‍, വിവാഹിതയല്ലാത്ത ഒരു അടിമ സ്ത്രീയുമായി ലൈംഗിക ബന്ധം സ്ഥാപിക്കുന്നതില്‍നിന്ന് ഉടമയെ ഇസ്ലാം വിലക്കുന്നില്ല. ഈ അനുവാദം ഉടമയില്‍ മാത്രം പരിമിതമാണ്. മറ്റൊരാള്‍ക്കും അവളെ ഉപയോഗിക്കുവാന്‍ അനുവാദമില്ല. യജമാനന്റെ അനുവാദത്തോടെയാണെങ്കിലും ശരി!
യജമാനന്റെ കുഞ്ഞിനെ പ്രസവിക്കുന്നതോടുകൂടി അടിമസ്ത്രീക്ക് പുതിയ അവകാശങ്ങളുണ്ടാവുകയാണ്. അവളെ പിന്നെ വില്‍ക്കുവാന്‍ യജമാനന് അവകാശമില്ല. അവള്‍ പിന്നെ യജമാനന്റെ കുട്ടികളുടെ മാതാവാണ്. ആ കുട്ടികള്‍ക്കോ യജമാനന്റെ മറ്റു കുട്ടികളെപ്പോലെയുള്ള എല്ലാ അവകാശങ്ങളുമുണ്ടുതാനും. അടിമസ്ത്രീയിലുണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് പിതൃസ്വത്തില്‍ അവകാശങ്ങളൊന്നുമില്ലെന്ന യഹൂദ നിലപാടുമായി ഇസ്ലാം വിയോജിക്കുന്നു. ആ കുട്ടികള്‍ എല്ലാ അര്‍ഥത്തിലും അയാളുടെ മ ക്കള്‍തന്നെയാണ്. യാതൊരു തരത്തിലുള്ള ഉച്ചനീചത്വങ്ങളും അവരും മറ്റു മക്കളും തമ്മില്‍ ഉണ്ടാകുവാന്‍ പാടില്ല.
യജമാനന്റെ മരണത്തോടെ അയാളുടെ മക്കളുടെ ഉമ്മയായ അടിമസ്ത്രീ സ്വതന്ത്രയായിത്തീരുന്നു. പിന്നെ അവളെ സംരക്ഷിക്കുന്നത് അവളുടെ മക്കളാണ്. അവര്‍ക്കാണെങ്കില്‍ പിതൃസ്വത്തില്‍നിന്ന് മറ്റു മക്കളെപ്പോലെതന്നെയുള്ള അവകാശം ലഭിക്കുകയും ചെയ്യും.
ഒരു തലമുറയോടെ അടിമത്തത്തിന്റെ വേരറുക്കുന്നതിനുവേണ്ടിയുള്ള ഒരു സംവിധാനമാണ് ദാസിമാരെ ജീവിത പങ്കാളികളായി സ്വീകരിക്കാനുള്ള അനുവാദം. അടിമത്തം പ്രായോഗികമായി ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള ഇസ്ലാമിന്റെ വ്യത്യസ്തമായ നടപടികളിലൊന്നായിരുന്നു അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുവേണ്ടിയുള്ള അനുവാദമെന്നുള്ളതാണ് വാസ്തവം. ഇസ്ലാമിക ലോകത്ത് നടന്നതും അതുതന്നെയാണ്.
അടിമസ്ത്രീകളുമായി ബന്ധപ്പെടുന്നതിനുള്ള അനുവാദത്തെ വ്യഭിചാരവുമായി താരതമ്യം ചെയ്യാനേ കഴിയില്ല. രണ്ടും രണ്ട് വിരുദ്ധ ധ്രൂവങ്ങളില്‍ നില്‍ക്കുന്നു. ഒന്ന് ഉടമയുടെ കീഴില്‍ അയാളുടെ സംരക്ഷണത്തില്‍ കഴിയുന്നവളുമായുള്ള ബന്ധമാണ്. ആ ബന്ധത്തില്‍നിന്നുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധനായിക്കൊണ്ടുള്ള ബന്ധം. ലൈംഗികതയ്ക്കപ്പുറമുള്ള അവളുടെ വ്യക്തിത്വം അംഗീകരിച്ചുകൊണ്ടുള്ള ബന്ധം. അവള്‍ക്ക് സ്വാതന്ത്യ്രത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന ബന്ധം. രണ്ടാമത്തേതോ ഒരു ഉത്തരവാദിത്വവുമില്ലാത്ത വേശ്യാബന്ധം. വേശ്യ യഥാര്‍ഥത്തില്‍ അടിമയേക്കാള്‍ പതിതയാണ്. അവള്‍ ആത്മാവില്ലാത്ത ഒരു മൃഗം മാത്രം. പുരുഷന്റെ മാംസദാഹം തീര്‍ക്കുകയാണ് അവളുടെ കര്‍ത്തവ്യം. ആ ബന്ധത്തില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കണികപോലുമില്ല. ആത്മസംതൃപ്തിയുടെ സ്പര്‍ശം ലേശം പോലുമില്ല. പണത്തിനുവേണ്ടി നടത്തുന്ന ഒരു കച്ചവടം മാത്രമാണത്. മാംസക്കച്ചവടം! അതില്‍നിന്നുള്ള ബാധ്യതയേറ്റെടുക്കുവാന്‍ മാംസദാഹം തീര്‍ക്കുവാന്‍ വേണ്ടി വന്ന പുരുഷന്‍ സന്നദ്ധനല്ല. അവള്‍ക്ക് എന്തെങ്കിലുമൊരു അവകാശം അവന്റെ മേല്‍ ഇല്ല. അവന്റെ മാംസദാഹം തീര്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു മൃഗം മാത്രമാണവള്‍. അവളുടെ ഓരോ ബന്ധവും അവളെ വേശ്യാവൃത്തിയുടെ മൃഗീയതയിലേക്ക് കൂടുതല്‍ ആഴത്തില്‍ ആപതിപ്പിക്കുകയാണ് ചെയ്യുന്നത്. അവള്‍ക്ക് സ്വാതന്ത്യ്രത്തെക്കുറിച്ച സ്വപ്നം പോലും അന്യമാണ്. തൊലി ചുളിഞ്ഞ് ആര്‍ക്കും വേണ്ടാതായി മാറി രോഗിണിയാവുമ്പോള്‍ അനാഥത്വം പേറുവാന്‍ വിധിക്കപ്പെട്ടവള്‍!
അടിമക്കു സ്വാതന്ത്യ്രത്തിലേക്കുള്ള വാതായനം തുറന്നുകൊടുക്കുന്ന സമ്പ്രദായമെവിടെ? സ്ത്രീയെ പാരതന്ത്യ്രത്തില്‍നിന്ന് പാരതന്ത്യ്രത്തിലേക്കു നയിക്കുന്ന ദുഷിച്ച വ്യവസ്ഥയെവിടെ? ഇവ രണ്ടും തമ്മില്‍ താരതമ്യം പോലും അസാധ്യമാണ്. രണ്ടും രണ്ടു വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന സമ്പ്രദായങ്ങള്‍. ഒന്ന് മനുഷ്യത്വം അംഗീകരിക്കുന്നത്, മറ്റേത് മൃഗീയതയിലേക്ക് ആപതിക്കുന്നത്.

This entry was posted in ഖുര്‍ആനും അടിമത്തവും. Bookmark the permalink.

Leave a Reply

Your email address will not be published.