അനന്തര സ്വത്തില്‍ പുരുഷന് സ്ത്രീയുടേതിന്റെ ഇരട്ടി അവകാശമുണ്ടെന്നാണല്ലോ ഖുര്‍ആന്‍ അനുശാസിക്കുന്നത്. ഇത് വ്യക്തമായ വിവേചനമല്ലേ?

സത്യത്തില്‍, സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് നല്‍കുവാന്‍ ആഹ്വാനം ചെയ്യുന്ന ഏക മതഗ്രന്ഥമാണ് ഖുര്‍ആന്‍. പരിഷ്കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പല രാജ്യങ്ങളും ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് സ്ത്രീക്ക് അനന്തര സ്വത്തില്‍ അവകാശം നല്‍കിയത്. ഖുര്‍ആനാകട്ടെ ഏഴാം നൂറ്റാണ്ടില്‍തന്നെ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. “മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ പുരുഷന്മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ സ്വത്തില്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്” (4:7).
ബൈബിള്‍ പഴയനിയമപ്രകാരം പുത്രന്മാരുണ്ടെങ്കില്‍ അവര്‍ക്കു മാത്രമാണ് അനന്തര സ്വത്തില്‍ അവകാശമുള്ളത്. മരിച്ചയാളുടെ സ്വത്തുക്കള്‍ മക്കള്‍ക്കാണ് ഭാഗിച്ചുകൊടുക്കപ്പെടുന്നതെന്ന് സൂചിപ്പിക്കുന്ന വചനങ്ങള്‍ കാണാനാവും (ആവര്‍ത്തനം 21:15-17). പുത്രന്മാരില്ലെങ്കില്‍ പുത്രിമാര്‍ക്ക് അവകാശം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. “പുത്രനില്ലാതെ മരിക്കുന്നയാളുടെ പിന്തുടര്‍ച്ചാവകാശം പുത്രിക്കു ലഭിക്കുമാറാകണം” (സംഖ്യ 27:8). വിധവയ്ക്കുപോലും ഭര്‍ത്താവിന്റെ സ്വത്തില്‍ അവകാശമുണ്ടായിരുന്നില്ല (റവ. എ.സി. ക്ളെയ്റ്റണ്‍: ബൈബിള്‍ നിഘണ്ടു, പുറം 113).
ബൈബിള്‍ പുതിയ നിയമത്തിലാകട്ടെ ദായക്രമത്തെക്കുറിച്ച് പുതിയ നിയമങ്ങളൊന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ക്രൈസ്തവസഭ പൊതുവെ ഇക്കാര്യത്തില്‍ പഴയ നിയമത്തിലെ കല്‍പനകള്‍ അനുസരിക്കുകയായിരുന്നു ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഈ അടുത്ത കാലംവരെ അനന്തരാവകാശം മാത്രമല്ല, സ്വത്തു സമ്പാദിക്കുവാന്‍ വരെ സ്ത്രീകള്‍ക്ക്  അവകാശം നല്‍കപ്പെട്ടിരു ന്നില്ല. സ്വന്തം പേരില്‍ സ്വത്ത് സമ്പാദിക്കാന്‍ ന്യൂയോര്‍ക്കിലെ സ്ത്രീകളെ അനുവദിക്കുന്നത് 1848-ലാണ്. 1850-ലാണ് അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് അനന്തരാവകാശം നല്‍കുന്ന നിയമം പ്രാബല്യത്തിലായത്.
പുരുഷന്റെ സ്വകാര്യ സ്വത്തായി സ്ത്രീയെ കണക്കാക്കുകയും അതുപ്രകാരമുള്ള നിയമങ്ങളാവിഷ്കരിക്കുകയും ചെയ്യുന്ന ഹൈന്ദവഗ്രന്ഥങ്ങ ള്‍ അവളെ അനന്തര സ്വത്തില്‍ പങ്കാളിയാക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുന്നുപോലുമില്ല. ഭര്‍ത്താവിനു ദാനം ചെയ്യാനും വില്‍ക്കാനും ഉപയോഗിക്കുവാനുമെല്ലാം അവകാശമുള്ള സ്വകാര്യ സ്വത്താണ് ഭാര്യ എന്നാണ് ഇതിഹാസകഥകള്‍ വായിച്ചാല്‍ നമുക്ക് ബോധ്യപ്പെടുക. അതിഥി പൂജക്കുവേണ്ടി സ്വന്തം ഭാര്യയെ നല്‍കുന്ന സുദര്‍ശനനും (മഹാഭാരതം അനുശാസനപര്‍വം) ഭാര്യയെ വസിഷ്ഠന് നല്‍കുന്ന മിത്രസഹനും (ശാന്തിപര്‍വം) നല്‍കുന്ന സൂചനയിതാണ്. പിതാവിന്റെ സ്വത്തില്‍ പെണ്‍മക്കള്‍ക്ക് അവകാശമുള്ളതായി സൂചിപ്പിക്കുന്ന വചനങ്ങളൊന്നും ഹിന്ദുമതഗ്രന്ഥങ്ങളില്‍  കാണാന്‍ കഴിയില്ല. പുത്രന്മാരാണ് അനന്തര സ്വത്തില്‍ അവകാശികളായിട്ടുള്ളവരെന്നാണ് മനുസ്മൃതിയുടെ നിയമം.
ഊര്‍ദ്ധ്വം പിതുശ്ച മാതുശ്ച സമേത്യ ഭ്രാതരഃ സ്സമം
ഭജേരന്‍ പൈതൃകം രിക്ഥമനീശാസ്തേ ഹി ജീവതൊ (9:104)
(മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചശേഷം പുത്രന്മാരെല്ലാം ഒന്നുചേര്‍ന്ന് അവരുടെ സമ്പാദ്യം വിഭജിച്ച് എടുക്കണം. എന്തുകൊണ്ടെന്നാല്‍ മാതാപിതാക്കന്മാര്‍ ഇരിക്കുമ്പോള്‍ അവരുടെ ധനം പുത്രന്മാര്‍ക്കു സ്വാധീനമല്ല).
മാതാപിതാക്കളുടെ സ്വത്തില്‍ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കുമുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു. പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും മാത്രമല്ല, മാതാപിതാക്കള്‍ക്കും ഭാര്യാഭര്‍ത്താക്കന്മാര്‍ക്കും സഹോദരീസഹോദരന്മാര്‍ക്കുമെല്ലാം മരണപ്പെട്ടയാളുടെ സ്വത്തിലുള്ള അവകാശം എത്രയാ ണെന്നും എങ്ങനെയാണെന്നുമെല്ലാം ഖുര്‍ആന്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗം മാത്രമാണ് പുത്രന്റെയും പുത്രിയുടെയും അവകാശം. അനന്തരാവകാശത്തെക്കുറിച്ച് വിശദമായി വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ (4:11,12) തുടക്കം ഇങ്ങനെയാണ്: “നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങള്‍ക്ക്  നിര്‍ദേശം നല്‍കുന്നു. ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്” (4:11) മരിച്ചയാളുടെ പുത്രന് പുത്രിക്കു ലഭിക്കുന്നതിന്റെ ഇരട്ടി സ്വത്ത് അനന്തരമായി ലഭിക്കുമെന്ന് സാരം.
ഇത് സ്ത്രീകളോടുള്ള അവഗണനയാണോ? പുരുഷപക്ഷപാതം പ്രകടിപ്പിക്കുന്ന നിയമമാണോ? വിധി പറയുന്നതിനുമുമ്പ് താഴെ പറയുന്ന വസ്തുതകള്‍ മനസ്സിലാക്കുക.
ഒന്ന്: സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു. എത്ര വേണമെങ്കിലും സമ്പാദിക്കാം. പ്രസ്തുത സമ്പാദ്യത്തില്‍ പുരുഷന് യാതൊരു അവകാശവുമില്ല. അവളുടെ സമ്പാദ്യം അവളുടേതു മാത്രമാണ്.
രണ്ട്: സ്ത്രീയുടെയോ കുട്ടികളുടെയോ മാതാപിതാക്കളുടെയോ സംരക്ഷണത്തിനുള്ള ഉത്തരവാദിത്തം ഒരു പരിതസ്ഥിതിയിലും സ്ത്രീയുടെ ബാധ്യതയായിത്തീരുന്നില്ല. എത്രതന്നെ സമ്പത്തുള്ളവളായിരുന്നാലും തന്റെയും മക്കളുടെയും മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും ചെലവ് വഹിക്കാന്‍ സ്ത്രീക്ക് ബാധ്യതയില്ലെന്നര്‍ഥം.
മൂന്ന്: വിവാഹാവസരത്തില്‍ വരനില്‍നിന് വിവാഹമൂല്യം നേടിയെടുക്കുവാന്‍ സ്ത്രീക്ക് അവകാശമുണ്ട്. പ്രസ്തുത വിവാഹമൂല്യം (മഹ്ര്‍) അവളുടെ സമ്പത്തായാണ് ഗണിക്കപ്പെടുന്നത്.
നാല്: കുടുംബത്തിന്റെ സംരക്ഷണം പുരുഷന്റെ ബാധ്യതയാണ്. ഭാര്യയുടെയും കുട്ടികളുടെയും ചെലവുകള്‍ വഹിക്കാന്‍ പുരുഷന്‍ ബാധ്യസ്ഥനാണ്. മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സംരക്ഷിക്കേണ്ട ബാധ്യതയും പുരുഷന്റെതുതന്നെ. എല്ലാവിധ സാമ്പത്തിക ബാധ്യതയും പുരുഷനാണുള്ളതെന്നര്‍ഥം.
അഞ്ച്: ഭാര്യ എത്രതന്നെ വലിയ പണക്കാരിയാണെങ്കിലും അവളുടെ സ്വത്തില്‍നിന്ന് അവളുടെ അനുവാദമില്ലാതെ ഒന്നും എടുത്തുപയോഗിക്കുവാന്‍ ഭര്‍ത്താവിന് അവകാശമില്ല.
ഇനി പറയൂ, സ്ത്രീയോട് നീതി പുലര്‍ത്തുകയാണോ അതല്ല വിവേചനം കാണിക്കുകയാണോ എന്താണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്?
സ്ത്രീക്ക് ലഭിക്കുന്ന അനന്തരസ്വത്ത് അവളുടേത് മാത്രമാണ്. മറ്റാര്‍ക്കും അതില്‍ യാതൊരു പങ്കുമില്ല. പുരുഷന് ലഭിക്കുന്നതോ? അവന്‍ വിവാഹമൂല്യം നല്‍കണം, സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കണം, അവള്‍ക്കും കുട്ടികള്‍ക്കുമുള്ള ചെലവുകള്‍ വഹിക്കണം. എല്ലാം പുരുഷന്റെ ഉത്തരവാദിത്തം. അപ്പോള്‍ സ്ത്രീയെയാണോ പുരുഷനെയാണോ ഖുര്‍ആന്‍ കൂടുതല്‍ പരിഗണിച്ചിരിക്കുന്നത്?
സാമ്പത്തിക ബാധ്യതകള്‍ പുരുഷനില്‍ നിക്ഷിപ്തമാക്കുന്ന മറ്റു മതഗ്രന്ഥങ്ങളെല്ലാം പ്രസ്തുത ബാധ്യതകള്‍ക്കു പകരമായി അനന്തരാവകാശം പുരുഷനില്‍ പരിമിതപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഖുര്‍ആനാകട്ടെ എല്ലാ സാമ്പത്തിക ബാധ്യതകളും പുരുഷനാണെന്ന് പഠിപ്പിക്കുന്നതോടൊപ്പംതന്നെ സ്ത്രീക്ക് അനന്തരാവകാശം നല്‍കുകയും ചെയ്യുന്നു. പുരുഷന്റെ പകുതി അനന്തരസ്വത്ത് നല്‍കിക്കൊണ്ട് അത് അവളെ ബഹുമാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഖുര്‍ആനിന്റെതല്ലാത്ത ഏത് നിര്‍ദേശമാണ് ഈ രംഗത്ത് വിമര്‍ശകരുടെ കൈവശമുള്ളത്? രണ്ട് നിര്‍ദേശങ്ങള്‍ ഉന്നയിക്കപ്പെടാം.
1. സ്ത്രീക്ക് പുരുഷന്റെ ഇരട്ടി സ്വത്ത് നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ നിക്ഷപ്തമാക്കുക.
2. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യാവകാശം നല്‍കുക. സാമ്പത്തിക ബാധ്യതകള്‍ തുല്യമായി വീതിച്ചെടുക്കുക.
ഈ രണ്ട് നിര്‍ദേശങ്ങളിലും സാമ്പത്തിക ബാധ്യതകള്‍ സ്ത്രീയില്‍ കെട്ടിയേല്‍പിക്കുകയാണ് ചെയ്യുന്നത്. സ്ത്രൈണപ്രകൃതിക്ക് വിരുദ്ധമായ ഒരു ആശയമാണിത്. ഗര്‍ഭകാലത്തും പ്രസവകാലത്തുമെല്ലാം പുരുഷന്റെ പരിരക്ഷയും സഹായവുമാണ് അവള്‍ കാംക്ഷിക്കുന്നത്. സാമ്പത്തിക ബാ ധ്യതകള്‍ ഒരു നിയമമെന്ന നിലയില്‍ സ്ത്രീയുടെ ചുമലില്‍ വെക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് സ്ത്രീക്ക് ഏറ്റവും അനുഗുണമായ നിയമംതന്നെയാണ് സ്വത്തവകാശത്തിന്റെ വിഷയത്തില്‍ ഖുര്‍ആന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

This entry was posted in ഖുര്‍ആനും സ്ത്രീകളും. Bookmark the permalink.

Leave a Reply

Your email address will not be published.