പുരുഷന് ബഹുഭാര്യത്വമനുവദിക്കുന്ന ഖുര്‍ആന്‍ എന്തുകൊണ്ട് സ്ത്രീക്ക് ബഹുഭര്‍തൃത്വം അനുവദിക്കുന്നില്ല?

പല പുരാതന സമൂഹങ്ങളിലും ബഹുഭര്‍തൃത്വം നിലനിന്നിരുന്നുവെന്നത് നേരാണ്. ടിബറ്റ്, സിലോണ്‍, സൈബീരിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നു. ഇന്ത്യയിലാകട്ടെ ഇതിഹാസകാലത്ത് ഈ സമ്പ്രദായം നിലനിന്നിരുന്നുവെന്ന് മനസ്സിലാവുന്നുണ്ട്. വേദകാലത്ത് ബഹുഭര്‍തൃത്വം നിലനിന്നിരുന്നതായി യാതൊരു സൂചനകളുമില്ല. ഐതരേയ ബ്രാഹ്മണത്തിലും തൈത്തിരീയ സംഹിതയിലും ബഹുഭാര്യത്വത്തെക്കുറിച്ച സൂചനകളുണ്ടെങ്കിലും ബഹുഭര്‍തൃത്വത്തെക്കുറിച്ച യാതൊരു പരാമര്‍ശവുമില്ലെന്ന വസ്തുത വേദകാലത്ത് ആ സമ്പ്രദായം നിലനിന്നിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ മഹാഭാരതത്തിലെ പാഞ്ചാലിയുടെ കഥയില്‍നിന്ന് ഇവിടെ ഇതിഹാസകാലമായപ്പോഴേക്ക് ബഹുഭര്‍തൃത്വ സമ്പ്രദായം നിലവില്‍ വന്നിരുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. അടുത്തകാലം വരെയും കേരളത്തി ല്‍ ബഹുഭര്‍തൃത്വം നിലനിന്നിരുന്നു. കൊല്ലന്മാര്‍ക്കിടയിലും ആശാരിമാര്‍ക്കിടയിലും അനേകം സഹോദരന്മാര്‍ക്ക് ഒരു ഭാര്യയെന്ന സമ്പ്രദായമാണുണ്ടായിരുന്നത്. ഈഴവന്മാര്‍ക്കിടയിലും നായന്മാര്‍ക്കിടയിലുമെല്ലാം ഇതു നിലനിന്നിരുന്ന പ്രദേശങ്ങളുണ്ടായിരുന്നു. മലബാറിലും തിരുവിതാംകൂറിലും നായന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന സംബന്ധം പ്രസിദ്ധമാണല്ലോ. സുന്ദരികളായ സ്ത്രീകള്‍ക്ക് നാലും അഞ്ചും സംബന്ധക്കാരുണ്ടായിരുന്നുവത്രേ.
എന്തുകൊണ്ട് ഇസ്ലാം ബഹുഭര്‍തൃത്വം അനുവദിക്കുന്നില്ല? മനുഷ്യ പ്രകൃതി ബഹുഭര്‍തൃത്വത്തെ അംഗീകരിക്കുന്നില്ലെന്നതാണ് ഇതിന് കാരണം. ധാര്‍മിക നിലവാരമുള്ള ഒരു സമൂഹത്തിന്റെ സൃഷ്ടിക്കുമുമ്പില്‍ ബഹുഭര്‍തൃത്വം ഒരു വിലങ്ങായി മാത്രമേ നില്‍ക്കൂവെന്നതാണ് വസ്തുത.
ബഹുഭാര്യത്വം പോലെ ഒരു അവകാശമല്ല ബഹുഭര്‍തൃത്വം. ബഹുഭാര്യത്വത്തിലൂടെ സ്ത്രീ സംരക്ഷിക്കപ്പെടുകയും സാമൂഹികമായ ചില പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാവുകയും ചെയ്യുമ്പോള്‍ ബഹുഭര്‍തൃത്വം മുഖേന സ്ത്രീയുടെയോ പുരുഷന്റെയോ ഒരു അവകാശവും നിറവേറ്റപ്പെടുകയോ സാമൂഹികമായ മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ല. ബഹുഭര്‍തൃത്വം ഒന്നിനും ഒരു പരിഹാരമല്ല. മറിച്ച് ഒരുപാട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പ്രശ്നം മാത്രമാണ്. കുടുംബജീവിതം തകരാറിലാവുകയും സാമൂഹിക ഭദ്രത തകരുകയുമാണ് ഇതിന്റെ ഫലം. വൈവാഹിക ജീവിതത്തിന്റെ അടിസ്ഥാനപരമായ ഉദ്ദേശ്യങ്ങളിലൊന്നുപോലും ബഹുഭര്‍തൃത്വം മുഖേന നിറവേറ്റപ്പെടുന്നില്ല. സ്ത്രീയുടെ നിലവാരം ഇടിയുകയും അവള്‍ അടിമയായി ആപതിക്കുകയും ചെയ്യുകയാണ് ബഹു ഭര്‍തൃത്വത്തിന്റെ പ്രായോഗിക പരിണതി.
ബഹുഭര്‍തൃത്വം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.
ഒന്ന്: ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ വിവിധ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ പെരുമാറ്റച്ചട്ടം ആവശ്യമായി വരുന്നു. മഹാഭാരതത്തില്‍ ബഹുഭര്‍തൃത്വം സ്വീകരിച്ച ദ്രൌപതിയുടെ ജീവിതത്തില്‍നിന്നുള്ള ഒരു സംഭവം ഇതിന് തെളിവാണ്. പഞ്ചപാണ്ഡവരില്‍ ഓരോരുത്തര്‍ക്കും രണ്ടര മാസക്കാലം വീതം പാഞ്ചാലി വീതിച്ചുനല്‍കിയിരുന്നുവത്രേ. ഒരാളോടൊപ്പം ശയനമുറിയിലിരിക്കുമ്പോള്‍ മറ്റുള്ളവരൊന്നും കടന്നുവരരുതെന്നായിരുന്നു അവര്‍ തമ്മിലുണ്ടായിരുന്ന കരാര്‍. ഒരിക്കല്‍ യുധിഷ്ഠിരനും പാഞ്ചാലിയുംകൂടി ശയനമുറിയിലായിരിക്കുമ്പോള്‍ അര്‍ജുനന്‍ അങ്ങോട്ട് കടന്നുചെന്നുകൊണ്ട് കരാര്‍ ലംഘിച്ചു. ഇതിനുള്ള പ്രായശ്ചിത്തമായി അര്‍ജുനന് പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തിനു പോകേണ്ടിവന്നു എന്നാണ് കഥ. ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ പെരുമാറ്റച്ചട്ടമുണ്ടാക്കുന്നതിന്റെ അപ്രായോഗികത ഈ കഥയില്‍നിന്ന് സുതരാം വ്യക്തമാവുന്നുണ്ട്. വിവിധ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഘട്ടനത്തിനും പ്രശ്നങ്ങള്‍ക്കും അതു നിമിത്തമാകുന്നു.
രണ്ട്: ഗര്‍ഭധാരണത്തിനുശേഷമുണ്ടാകുന്ന പ്രശ്നങ്ങള്‍: ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീ ഗര്‍ഭിണിയായാല്‍ ആരാണ് പ്രസ്തുത ഗര്‍ഭത്തിന് ഉത്തരവാദിയെന്നു തീരുമാനിക്കാനാവില്ല. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ശുശ്രൂഷയെയും പരിചരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ഗര്‍ഭിണിക്ക്  അസ്വസ്ഥതയും കഷ്ടതയും മാത്രമായിരിക്കും ഇ ത്തരമൊരു അവസ്ഥയിലുണ്ടാവുക. ഗര്‍ഭസ്ഥശിശു ആരുടേതാണെന്ന് അറിയാത്തതിനാല്‍ ആരുംതന്നെ ആത്മാര്‍ഥമായ ശുശ്രൂഷക്ക് തയാറാവുകയില്ല. സ്നേഹം മനസ്സിനകത്തുനിന്ന് സ്വമേധയാ നിര്‍ഗളിക്കുന്നതാണ്. യാന്ത്രികമായി നിര്‍മിച്ചെടുക്കാവതല്ല. ഗര്‍ഭിണികളുടെ ശുശ്രൂഷയും മറ്റു പരിചരണങ്ങളും സ്നേഹത്തില്‍നിന്ന് ഉയിര്‍കൊള്ളുന്നതാണ്; ആവണം. അല്ലാത്തപക്ഷം അത് യാന്ത്രികമായിരിക്കും. ഭര്‍ത്താവില്‍നിന്നും പരിചാരികയില്‍നിന്നും ലഭിക്കുന്ന ശുശ്രൂഷകള്‍ തമ്മില്‍ അത്തരം അവസ്ഥയില്‍ വ്യത്യാസമൊന്നുമുണ്ടാവുകയില്ല. ഗര്‍ഭിണി ആഗ്രഹിക്കുന്നത് അതല്ല. ഗര്‍ഭത്തിന്റെ ഉത്തരവാദിയില്‍നിന്നുള്ള സ്നേഹോഷ്മളമായ പരിചരണമാണ് അവള്‍ക്കാവശ്യം. അത് ആരാണെന്നറിയാത്തതിനാല്‍ അത്തരമൊരു പരിചരണം ലഭിക്കാതെ പോകുന്നു. അതുകൊണ്ടുതന്നെ ബഹുഭര്‍തൃത്വം സ്ത്രൈണ പ്രകൃതിയോടുതന്നെ ചെയ്യുന്ന അനീതിയായി ഭവിക്കും.
മൂന്ന്: കുട്ടികളുടെ പിതൃത്വത്തിന്റെ പ്രശ്നം: ബഹുഭര്‍തൃത്വത്തിലൂടെ ഉണ്ടാവുന്ന കുട്ടികളുടെ പിതാക്കള്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കാന്‍ കഴിയില്ല. പിതാക്കളില്‍നിന്നു ലഭിക്കേണ്ട സ്നേഹം കുട്ടികള്‍ക്കു ലഭിക്കാതിരിക്കുന്നതിന് ഇതു കാരണമാകുന്നു. കുട്ടികളുടെ സംരക്ഷണം മാതാക്കളുടെ ബാധ്യതയായിത്തീരുന്നു. അത് അവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നു. രക്തപരിശോധനയിലൂടെയും ‘ഡി.എന്‍.എ-വിരലടയാള’ പരിശോധനയിലൂടെയും യഥാര്‍ഥ പിതാവിനെ കണ്ടുപിടിക്കാ’മല്ലോയെന്നുവേണമെങ്കില്‍ വാദിക്കാമെന്നത് ശരിയാണ്. പക്ഷേ, ഒരു കുഞ്ഞിന് പിതൃവാല്‍സല്യം ലഭിക്കണമെങ്കില്‍ ലാബോറട്ടറി റിസല്‍ട്ട് കാത്തിരിക്കണമെന്ന സാഹചര്യം എന്തുമാത്രം വലിയ അനീതിയല്ല! വൈദ്യപരിശോധനയിലൂടെ തെളിയിക്കപ്പെട്ട പിതൃത്വത്തിന് തന്റെ സന്താനങ്ങളോട് എത്രത്തോളം വൈകാരികമായ ബന്ധമുണ്ടാവുമെന്ന് ഊഹിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ചുരുക്കത്തില്‍ പിതൃ-പുത്രബന്ധത്തിന് പ്രകൃതി നിശ്ചയിച്ച വൈകാരിക ഭാവങ്ങ ള്‍ക്ക് വിരുദ്ധമാണ് ബഹുഭര്‍തൃത്വമെന്ന സമ്പ്രദായം.
നാല്: അനന്തരാവകാശത്തിന്റെ പ്രശ്നം: പിതാവിനെ തിരിച്ചറിയാതിരിക്കുന്നതുമൂലം വന്നുഭവിക്കുന്ന ഒരു പ്രശ്നമാണിത്. ബഹുഭര്‍തൃത്വത്തിലൂടെ ജനിച്ച കുഞ്ഞിന് ഏത് ഭര്‍ത്താവിന്റെ സ്വത്താണ് നല്‍കുക? കുഞ്ഞുങ്ങള്‍ക്കെല്ലാം തുല്യമായി വീതിക്കാമെന്ന് കരുതാന്‍ കഴിയില്ല. ഒരു ഭര്‍ത്താവ് പണക്കാരനും മറ്റെയാള്‍ പാവപ്പെട്ടവനുമായിരിക്കാനുള്ള സാധ്യതയുണ്ടല്ലോ. അത്തരം അവസരങ്ങളില്‍ ഏതൊക്കെ മക്കള്‍ക്ക് ആരുടെയൊക്കെ സ്വത്താണ് വീതിക്കുക? ഏതെങ്കിലും ഒരു ഭര്‍ത്താവ് മരണപ്പെട്ടാല്‍ എല്ലാ മക്കള്‍ക്കും സ്വത്ത് നല്‍കണമോ? അതല്ല അയാളുടെ മക്കള്‍ക്ക് മാത്രം നല്‍കണമോ? ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങളുണ്ട്.
അഞ്ച്: വാര്‍ധക്യത്തിലെ സംരക്ഷണത്തിന്റെ പ്രശ്നം: ഒന്നിലധികം ഭര്‍ത്താക്കന്മാരുള്ള സ്ത്രീയെ ആരാണ് സംരക്ഷിക്കുക? വാര്‍ധക്യത്തില്‍ അവരുടെ തുണക്ക് ആരാണുണ്ടാവുക? അവളുടെ സംരക്ഷണ ഉത്തരവാദിത്തം ഭര്‍ത്താക്കന്മാര്‍ പങ്കിട്ടെടുത്തുവെന്ന് കരുതുക. അത്തരമൊരവസ്ഥയില്‍ ഈ സംരക്ഷണം തികച്ചും യാന്ത്രികമായിരിക്കും. സ്നേഹത്തില്‍നിന്നുണ്ടാവുന്ന സംരക്ഷണമല്ല അപ്പോള്‍ ലഭിക്കുക. സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭര്‍ത്താക്കന്മാര്‍  തമ്മില്‍ കലഹമുണ്ടാവാനും അങ്ങനെ സ്ത്രീ അരക്ഷിതയായിത്തീരുവാനുള്ള സാധ്യതയുമുണ്ട്.  സ്ത്രീയുടെ സംരക്ഷ ണത്തിനുവേണ്ടി ജഗന്നിയന്താവ് നിശ്ചയിച്ച സംവിധാനങ്ങളെ നിഷേധിക്കുന്നവര്‍ക്കു മാത്രമേ ബഹുഭര്‍തൃത്വം കരണീയമായി തോന്നൂ.
ആറ്: പുരുഷന്മാര്‍ തമ്മിലുള്ള കലഹം: ഭാര്യയെച്ചൊല്ലി ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കലഹമുണ്ടാകുവാന്‍ സാധ്യതയേറെയാണ്. ലൈംഗികബന്ധത്തിന്റെയും കുഞ്ഞിന്റെയും കുഞ്ഞിന്റെ പിതൃത്വത്തിന്റെയുമെല്ലാം  പേരില്‍ കലഹങ്ങളുണ്ടാവാം. ഈ കലഹങ്ങള്‍ കുടുംബസംവിധാനത്തി ന്റെ തകര്‍ച്ചക്കും സ്ത്രീയുടെ നാശത്തിനും നിമിത്തമാകും.
പ്രകൃതിമതമായ ഇസ്ലാം ബഹുഭര്‍തൃത്വം അനുവദിക്കാത്തത് അത് തീര്‍ത്തും പ്രകൃതി വിരുദ്ധമായതുകൊണ്ടാണെന്ന് കാണാന്‍ കഴിയും.
ബഹുഭാര്യത്വമനുവദിച്ച ഇസ്ലാം എന്തുകൊണ്ടാണ് ബഹുഭര്‍തൃത്വമനുവദിക്കാത്തത് എന്നാണല്ലോ ചോദ്യം. ബഹുഭാര്യത്വം പല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ബഹുഭര്‍തൃത്വമാകട്ടെ ഒരു പ്രശ്നം മാത്രമാണ്. ഒന്നിനുമുള്ള പരിഹാരമല്ല. ‘ബഹുഭാര്യത്വം സ്വീകരിക്കുവാന്‍ പുരുഷനെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ക്ക് സമാനമായ സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്കുണ്ടായാല്‍ അവര്‍ക്ക് എന്തു പരിഹാരമാണുള്ളത്?’ എന്ന ചോദ്യമുയരാം. പ്രസ്തുത പ്രശ്നങ്ങള്‍ പരിശോധിക്കുക:
ഒന്ന്: വൈയക്തികമായ പ്രശ്നങ്ങള്‍: സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്കുവേണ്ടി ഒന്നിലധികം പുരുഷന്മാരെ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ തീരെയില്ലെന്നുതന്നെ പറയാം. ആരോഗ്യവാനായ ഒരു പുരുഷന്‍തന്നെ സ്ത്രീക്ക് തന്റെ ലൈംഗിക ആവശ്യത്തിന് ധാരാളമാണ്.  സ്ത്രീയുടെ ആര്‍ത്തവം, പ്രസവം തുടങ്ങിയ അവസ്ഥകളില്‍ ലൈംഗികാസക്തനായ പുരുഷന്‍ പ്രയാസപ്പെടുന്നതുപോലെ സ്ത്രീയുമായി ബന്ധത്തിന് തടസ്സം നില്‍ക്കുന്ന അവസ്ഥകളൊന്നും സാധാരണ നിലയില്‍ പുരുഷനില്ല. അതുകൊണ്ടുതന്നെ സ്ത്രീക്ക് ലൈംഗിക സംതൃപ്തിക്ക് വേണ്ടി ഒന്നിലധികം പുരുഷന്മാരെ ഭര്‍ത്താക്കന്മാരാക്കേണ്ട ആവശ്യം വരുന്നില്ല.
പുരുഷന്റെ ലൈംഗികശേഷിയില്ലായ്മ, വന്ധ്യത എന്നിവയാണ് മറ്റു മുഖ്യപ്രശ്്നങ്ങള്‍. പുരുഷനില്‍ വന്ധ്യതക്കുള്ള കാരണങ്ങള്‍ ബീജരാഹിത്യം, ബീജങ്ങളുടെ ചലനശേഷിയില്ലായ്മ, ശുക്ളത്തിലെ ബീജങ്ങളുടെ എണ്ണത്തിലുള്ള കുറവ്, ഉല്‍പാദന ഗ്രന്ഥികളുടെ തകരാറുകള്‍ എന്നിവയാണ്. ഇവയൊന്നും സ്ഥിരമായ വന്ധ്യതക്കുള്ള കാരണമല്ല. എല്ലാം ഫലപ്രദമായ ചികില്‍സകൊണ്ട് മാറ്റാവുന്നതാണ്. പുരുഷന് ലൈംഗിക ശേഷിയില്ലെങ്കില്‍ സ്ത്രീക്ക് അയാളില്‍നിന്ന് വിവാഹമോചനം നേടാവുന്നതാണ്. ലൈംഗികശേഷിയില്ലാത്ത ഒരു പുരുഷനോടൊപ്പം ജീവിക്കുവാന്‍ ഇസ്ലാം സ്ത്രീയെ നിര്‍ബന്ധിക്കുന്നില്ല. അത്തരം അവസ്ഥയില്‍ വിവാഹമോചനം തന്നെയാണ് യുക്തമായ പരിഹാരം; ബഹുഭര്‍തൃത്വമല്ല.
രണ്ട്: സാമൂഹികമായ പ്രശ്നങ്ങള്‍: പുരുഷന്മാരുടെ എണ്ണം സ്ത്രീകളു ടേതിനേക്കാള്‍ കൂടുന്ന അവസ്ഥയില്‍ ബഹുഭര്‍തൃത്വമനുവദിച്ചുകൂടേയെ ന്ന് ചോദിക്കാവുന്നതാണ്. ഇത്തരമൊരവസ്ഥ സാധാരണഗതിയില്‍ സംജാതമാവുകയില്ല എന്നതാണ് അതിനുള്ള ഉത്തരം. സാധാരണ നടക്കുന്ന പ്രസവങ്ങളില്‍ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുവാനുള്ള സാധ്യത തീരെയില്ല. യുദ്ധങ്ങളിലോ മറ്റോ സ്ത്രീകള്‍ കൂടുതലായി കൊല്ലപ്പെടുകയും സ്ത്രീകളേക്കാള്‍ അധികം പുരുഷന്മാര്‍ ഉണ്ടാവുകയും ചെയ്യുന്ന അവസ്ഥയും ഉണ്ടാവുകയില്ല. അപ്പോള്‍ സ്ത്രീ-പുരുഷ അനുപാതത്തില്‍ പുരുഷന്മാരുടെ എണ്ണം വര്‍ധിക്കുകയെന്നത് ഇല്ലാത്ത പ്രശ്നമാണ്. അതുകൊണ്ടുതന്നെ അതിനുള്ള പരിഹാരമായി ബഹുഭര്‍തൃത്വം നിര്‍ദേശിക്കുന്നത് വ്യര്‍ഥമാണ്.
ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ ഈ അടുത്ത കാലത്തെ ജനസംഖ്യാ കണക്കെടുപ്പില്‍ പുരുഷന്മാരുടെ എണ്ണമാണ് സ്ത്രീകളേക്കാള്‍ കൂടുതലെന്ന വസ്തുത ഈ വാദത്തിനെതിരില്‍ ചൂണ്ടിക്കാണിക്കാവുന്നതാണ്. അതിനുള്ള കാരണമെന്താണ്? സ്ത്രീ ഭ്രൂണഹത്യ. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തി പിറക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെങ്കില്‍  അതിനെ ഗര്‍ഭത്തില്‍വെച്ചുതന്നെ നശിപ്പിക്കുന്ന ക്രൂരമായ ഏര്‍പ്പാടിന്റെ പരിണിത ഫലമാണിത്. പെണ്‍കുഞ്ഞുങ്ങളെ കൊല്ലൂന്ന പ്രാകൃത സമ്പ്രദായത്തിന്റെ പുനരാഗമനഫലം. ഇത് ഖുര്‍ആന്‍ ശക്തിയായി വിമര്‍ശിച്ചിട്ടുള്ളതാണ് (16:59, 6:137, 17:31, 81:9). അതുകൊണ്ടുതന്നെ ഒരു ഇസ്ലാമിക സമൂഹത്തില്‍ പെണ്‍ഭ്രൂണഹത്യകളോ ആണ്‍ഭ്രൂണഹത്യകളോ ഉണ്ടാവില്ല. സ്വാഭാവികമായ പ്രസവം നടക്കുന്ന ഒരു സമൂഹത്തില്‍ സ്ത്രീകളുടെ എണ്ണമാണ് കൂടുതലുണ്ടാവുക. പ്രകൃതിയിലെ സംവിധാനം അങ്ങനെയുള്ളതാണ്.
ഇനി ഒരു രാജ്യത്ത് സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറവാണെങ്കില്‍തന്നെ അവിടെ ജീവിക്കുന്ന പുരുഷന്മാര്‍ക്ക് അയല്‍നാടുകളില്‍പോയി ഭാര്യമാരെ കണ്ടെത്താവുന്നതാണ്. പുറംനാടുകളില്‍ സഞ്ചരിക്കുവാനും അവിടെ ഇണകളെ കണ്ടെത്തുന്നതിനും സ്ത്രീകളേക്കാള്‍ സാധിക്കുക പുരുഷന്മാര്‍ക്കാണ്. അധികം വരുന്ന സ്ത്രീകളോട് പുറം നാടുകളില്‍നിന്ന് ഭര്‍ത്താക്കന്മാരെ കണ്ടെത്തുവാന്‍ പറയുന്നത് തീരെ പ്രായോഗികമല്ല. പുരുഷന്മാരുടെ സ്ഥിതി അതല്ല. തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് സ്ത്രീകള്‍ കുറവാണെങ്കില്‍ അവര്‍ക്ക് അന്യനാടുകളില്‍നിന്ന്  ഇണകളെ കണ്ടെത്തുക അത്രതന്നെ പ്രയാസകരമാവുകയില്ല. സാധാരണഗതിയില്‍ ഇത്തരമൊരവസ്ഥ ഉണ്ടാവുകയില്ലെങ്കിലും അഥവാ ഉണ്ടായാല്‍ അതിനുള്ള പരിഹാരവുമുണ്ട് എന്നതാണ് വാസ്തവം. ബഹുഭര്‍തൃത്വം  അനിവാര്യമായിത്തീരുന്ന യാതൊരു സാഹചര്യങ്ങളുമില്ലാത്തതിനാലാണ് ഇസ്ലാം അത് അനുവദിക്കാത്തത് എന്നര്‍ഥം.

This entry was posted in ഖുര്‍ആനും സ്ത്രീകളും. Bookmark the permalink.

Leave a Reply

Your email address will not be published.