പുരുഷാധിപത്യത്തിലധിഷ്ഠിതമായ ഒരു ധാര്‍മിക വ്യവസ്ഥയാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നതെന്ന ആരോപണത്തില്‍ എന്തുമാത്രം കഴമ്പുണ്ട്?

അടിസ്ഥാനരഹിതമായ ഒരു ആരോപണമാണിത്. പുരുഷന്റെയും സ്ത്രീയുടെയും സ്രഷ്ടാവിനാണല്ലോ അവരുടെ പ്രകൃതിയെക്കുറിച്ച് നന്നായറിയുക. ദൈവംതമ്പുരാന്‍ നിര്‍ദേശിക്കുന്ന ധാര്‍മിക വ്യവസ്ഥ ഒരിക്കലുംതന്നെ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിനും മറ്റേ വിഭാഗത്തിന്റെ അധഃസ്ഥിതത്വത്തിനും നിമിത്തമാവുകയില്ലെന്ന് അല്‍പം ചിന്തിച്ചാല്‍ ബോധ്യമാവും. അപ്പോള്‍ പ്രശ്നം ധാര്‍മിക വ്യവസ്ഥയുടേതല്ല. മറിച്ച്, അതിനെ അളക്കാനുപയോഗിക്കുന്ന അളവുകോലിന്റേതാണ്.
പുരുഷന്റെയും സ്ത്രീയുടെയും സഹകരണവും പാരസ്പര്യവുമാണ് കുടുംബമെന്ന സ്ഥാപനത്തിന്റെ നിലനില്‍പിന് ആധാരമെന്നാണ് ഖുര്‍ആ ന്‍ പഠിപ്പിക്കുന്നത്. ധാര്‍മിക വ്യവസ്ഥ നിലനില്‍ക്കണമെങ്കില്‍ കുടുംബ മെന്ന  സ്ഥാപനം  കെട്ടുറപ്പോടുകൂടി നിലനില്‍ക്കണമെന്ന അടിത്തറയില്‍നിന്നുകൊണ്ടാണ് ഖുര്‍ആന്‍ നിയമങ്ങളാവിഷ്കരിച്ചിരിക്കുന്നത്. കുടുംബംതന്നെ തകരേണ്ടതാണെന്ന തത്ത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഖുര്‍ആനിക നിയമങ്ങള്‍ അസ്വീകാര്യമായി അനുഭവപ്പെട്ടേക്കാം. എന്നാല്‍, ധാര്‍മികതയില്‍ അധിഷ്ഠിതമായ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിനെ ക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കൊന്നും തന്നെ ഏതെങ്കിലുമൊരു ഖുര്‍ആനിക നിയമം പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമാണെന്ന് പറയാന്‍ കഴിയില്ല.
കുടുംബമെന്ന സ്ഥാപനത്തിന്റെ കെട്ടുറപ്പും ഭദ്രതയും ഉറപ്പുവരുത്തുന്നതിന് സ്ത്രീക്കും പുരുഷനും അവരുടേതായ പങ്കുവഹിക്കാനുണ്ടെ ന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അവരുടെ അവകാശങ്ങളെയും ഉത്തരവാ ദിത്തങ്ങളെയും ബാധ്യതകളെയും കുറിച്ച ഖുര്‍ആനിക നിയമങ്ങള്‍ ഈ അടിത്തറയില്‍നിന്നുകൊണ്ടുള്ളതാണ്. സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച ഖുര്‍ആനിക വീക്ഷണത്തെ ഇങ്ങനെ സംഗ്രഹിക്കാം:
ഒന്ന്: സ്ത്രീയും പുരുഷനും ഒരേ ആത്മാവില്‍നിന്നുണ്ടായവരാണ്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍പോലെയാണവര്‍. രണ്ടുപേരും സ്വത ന്ത്രരാണെങ്കിലും ഇരുവരുടെയും പാരസ്പര്യമാണ് രണ്ടുപേര്‍ക്കും പൂര്‍ണത നല്‍കുന്നത്.
രണ്ട്: സ്ത്രീ പുരുഷനോ പുരുഷന്‍ സ്ത്രീയോ അല്ല. ഇരുവര്‍ക്കും തികച്ചും വ്യത്യസ്തവും അതേസമയം പരസ്പര പൂരകവുമായ അസ്തിത്വമാണുള്ളത്.
മൂന്ന്: സ്ത്രീക്കും പുരുഷനും അവകാശങ്ങളുണ്ട്. ഈ അവകാശങ്ങള്‍ നേടിയെടുക്കേണ്ടത് സംഘട്ടനത്തിലൂടെയല്ല, പാരസ്പര്യത്തിലൂടെയാണ്.
നാല്: രണ്ടു കൂട്ടര്‍ക്കും ബാധ്യതകളുണ്ട്. ഈ ബാധ്യതകള്‍ നിര്‍വഹി ക്കുന്നതിലൂടെ മാത്രമേ വ്യഷ്ടിക്കും സമഷ്ടിക്കും നിലനില്‍ക്കാന്‍ കഴിയൂ.
അഞ്ച്: സ്ത്രീ പുരുഷധര്‍മം നിര്‍വഹിക്കുന്നതും പുരുഷന്‍ സ്ത്രീ ധര്‍മം നിര്‍വഹിക്കുന്നതും പ്രകൃതിയുടെ താല്‍പര്യത്തിനെതിരാണ്. ഓരോരുത്ത രും അവരവരുടെ ധര്‍മങ്ങള്‍ നിര്‍വഹിക്കുകയാണ് വേണ്ടത്.
ആറ്: ഓരോരുത്തരും അവരവരുടെ ധര്‍മം നിര്‍വഹിക്കുന്നതും അവകാശ ങ്ങള്‍ അനുഭവിക്കുന്നതും അപരന്റെ അവകാശങ്ങളെ ഹനിച്ചുകൊണ്ടായിക്കൂടാ.

This entry was posted in ഖുര്‍ആനും സ്ത്രീകളും. Bookmark the permalink.

Leave a Reply

Your email address will not be published.