യോസഫിന്റെ യജമാനനായി ബൈബിള്‍ പരിചയപ്പെടുത്തുന്നത് പോത്തിഫര്‍ എന്ന ഈജിപ്തുകാരനെയാണ്. ഖുര്‍ആനിലാകട്ടെ യൂസുഫ് നബി (അ)യുടെ യജമാനനെ അസീസ് എന്നാണ് വിളിച്ചിരിക്കുന്നത്. ഇത് ഒരു വൈരുധ്യമല്ലേ?

ബൈബിളിലെ ഉല്‍പത്തി പുസ്തകം മുപ്പത്തിയൊന്‍പതാം അധ്യായത്തില്‍ യാക്കോബിന്റെ പുത്രനായ യോസഫ് ഈജിപ്തിലെത്തിയതും ഫറോവയുടെ ഉദ്യോഗസ്ഥനായ പോത്തിഫറുടെ വീട്ടില്‍ കഴിഞ്ഞതും അവിടെവെച്ച് യജമാനന്റെ ഭാര്യ അദ്ദേഹത്തെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതും അതില്‍നിന്ന് അദ്ദേഹം രക്ഷപ്പെട്ടതുമായ കാര്യങ്ങള്‍ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. അത് ഇങ്ങ നെയാണ്.
“ഇതിനിടയില്‍ യിസ്മാഈല്യന്‍ യോസഫിനെ ഈജിപ്തിലേക്ക് കൊണ്ടുപോയി. അവിടെ ഫറോവയുടെ ഒരു ഉദ്യോഗസ്ഥനും അംഗരക്ഷകസേനയുടെ നായകനുമായ ഈജിപ്തുകാരന്‍ പോത്തിഫര്‍ അയാളെ വിലക്കുവാങ്ങി. കര്‍ത്താവ് യോസഫിന്റെ കൂടെയുണ്ടായിരുന്നതിനാല്‍ അയാള്‍ വിജയിയായി. യജമാനനായ ഈജിപ്തുകാരന്റെ വീട്ടില്‍ അയാള്‍ താമസിച്ചു. കര്‍ത്താവ് യോസഫിന്റെ കൂടെയുണ്ട് എന്നും അയാള്‍ ചെയ്യുന്നതെല്ലാം വി ജയ പ്രദമാക്കുന്നതിന് സഹായിക്കുന്നുണ്ടെന്നും യജമാനന്‍ കണ്ടു. അതുകൊണ്ട് യജമാനന്‍ യോസഫില്‍ പ്രീതനായി. യോസഫ് അയാളെ സ്വീകരിച്ചു. പോത്തിഫര്‍ യോസഫിനെ തന്റെ ഗൃഹത്തിലെ മേല്‍നോട്ടക്കാരനായി നിയമിച്ചു. തനിക്കുള്ളതെല്ലാം അയാളുടെ ചുമതലയില്‍ ഏല്‍പിച്ചുകൊടുത്തു. അയാള്‍ യോസേഫിനെ തന്റെ ഗൃഹത്തിനും തനിക്കുള്ള എല്ലാറ്റിനും ചുമതലക്കാരനാക്കി. അപ്പോള്‍ മുതല്‍ യോസേഫ് നിമിത്തം കര്‍ത്താവ് ഈജിപ്തുകാരന്‍ പോത്തിഫറുടെ കുടുംബത്തെ അനുഗ്രഹിച്ചു. കര്‍ത്താവിന്റെ അനുഗ്രഹം വീട്ടിലും വയലിലും അയാള്‍ക്കുള്ള സകലതിന്മലുമുണ്ടായി. അതുകൊണ്ട് പോത്തിഫര്‍ തനിക്കുള്ളതെല്ലാം യോസേഫിന്റെ ചുമതലയില്‍വിട്ടു. യോസേഫ് വീട്ടിലുണ്ടായിരുന്നതിനാല്‍ ഭക്ഷണത്തിനപ്പുറം മറ്റൊന്നിനും പോത്തിഫറിന് ശ്രദ്ധിക്കേണ്ടിവന്നില്ല. സുന്ദരനും സുമുഖനുമായിരുന്നു യോസേഫ്. കുറെകാലം കഴിഞ്ഞപ്പോള്‍ യജമാനനന്റെ ഭാര്യ യോസേഫില്‍ കണ്ണുവെച്ചു. “എന്നോടൊപ്പം ശയിക്കുക” എന്ന് അവള്‍ പറഞ്ഞു. യോസേഫ് വിസമ്മതിച്ചു. യജമാനന്റെ ഭാര്യയോട് അയാള്‍ പറഞ്ഞു; ‘നോക്കൂ, ഞാന്‍ ഇവിടെയുള്ളതുകൊണ്ട് എന്റെ യജമാനന്‍ വീട്ടിലെ ഒരു കാര്യത്തെപ്പറ്റിയും ക്ളേശിക്കുന്നില്ല. തനിക്കുള്ളതെല്ലാം അദ്ദേഹം എന്നെ ഏല്‍പിച്ചിരിക്കയാണ്. ഈ വീട്ടില്‍ അയാള്‍ എന്നേക്കാള്‍ വലിയവനല്ല. വീട്ടില്‍ എനിക്കൊന്നും അപ്രാപ്യമാക്കിയിട്ടില്ല; നിങ്ങളെയൊഴിച്ച്. കാരണം നിങ്ങള്‍ അദ്ദേഹത്തിന്റെ ഭാര്യയാണല്ലോ. അപ്പോള്‍പിന്നെ ഞാന്‍ എങ്ങനെ ഈ വലിയ അധര്‍മ്മം പ്രവര്‍ത്തിക്കും; ദൈവത്തിന് എതിരായി പാപം ചെയ്യും? ”. ദിവസംതോറും യോസേഫിനോട് അവള്‍ ഇക്കാര്യം പറഞ്ഞിരുന്നെങ്കിലും അവളുടെ കൂടെ ശയിക്കാനോ അവളുടെയടുക്കല്‍ ഇരിക്കാനോ അയാള്‍ കൂട്ടാക്കിയില്ല. ഒരുദിവസം ജോലി ചെയ്യുന്നതിനായി യോസേഫ് വീട്ടിനുള്ളിലേക്ക് കടന്നു. പുരുഷന്മാര്‍ ആരും വീട്ടിലില്ലായിരുന്നു. അയാളുടെ മേലങ്കിയില്‍ കയറിപ്പിടിച്ച് ‘എന്നോടൊപ്പം ശയിക്കുക’ എന്ന് അവള്‍ ആവശ്യം ഉന്നയിച്ചു. മേലങ്കി അവളുടെ കയ്യില്‍ ഉപേക്ഷിച്ച് അയാള്‍ ഓടി വീടിന് വെളിയിലേക്ക് പോയി. അയാള്‍ മേലങ്കി ഉപേക്ഷിച്ച് വീടിന് പുറത്തേക്ക് ഓടിപ്പോയി എന്ന് കണ്ട പ്പോള്‍ അവള്‍ വീട്ടിലുള്ളവരെ വിളിച്ചുവരുത്തി ഇപ്രകാരം പറഞ്ഞു: ‘നോക്കൂ, നമ്മെ അപമാനിക്കാന്‍ അദ്ദേഹം ഒരു എബ്രായനെ നമ്മുടെയിടയില്‍ കൊണ്ടുവന്നിരിക്കുന്നു! എന്റെ കൂടെ ശയിക്കുന്നതിന് അയാള്‍ അകത്ത് കയറിവന്നു. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഞാന്‍ ശബ്ദം ഉയര്‍ത്തി നിലവിളിക്കുന്നതുകേട്ട ഉടന്‍ അയാള്‍ മേലങ്കി ഉപേക്ഷിച്ച് ഓടി വീടിന് വെളിയിലിറങ്ങിപ്പോയി’. യോസഫിന്റെ യജമാനന്‍ വീട്ടില്‍ വരുന്നതുവരെ അവള്‍ അയാളുടെ മേലങ്കി കൈവശംവെച്ചു. നേരത്തെ പറഞ്ഞ കഥ തന്നെ അവള്‍ അയാളോടും പറഞ്ഞു: ‘അങ്ങ് ഞങ്ങള്‍ക്ക് കൊണ്ടുവന്ന എബ്രായദാസന്‍ മാനം കെടുത്താന്‍ എന്റെ അടുക്കല്‍ വന്നു. ഞാന്‍ ശബ്ദം ഉയര്‍ത്തി കരഞ്ഞയുടന്‍ അയാള്‍ മേലങ്കി എന്റെയടുത്ത് ഉപേക്ഷിച്ച് വീടിന് വെളിയിലേക്ക് ഓടിപ്പോയി’. ‘അങ്ങയുടെ ദാസന്‍ ഈ വി ധത്തിലാണ് എന്നോട് പെരുമാറിയതെന്ന് ഭാര്യ പറയുന്നത് കേട്ടപ്പോള്‍ അദ്ദേഹം കോപംകൊണ്ട് ജ്വലിച്ചു. യജമാനന്‍ യോ സേഫിനെ പിടിച്ച് രാജാവിന്റെ തടവുകാരെ അടച്ചിരുന്ന ജയിലില്‍ അടച്ചു. യോസേഫ് ജയിലിലായി. എന്നാല്‍, കര്‍ത്താവ് അയാളോട് കൂടെയായിരുന്ന് അചഞ്ചലമായ സ്നേഹം പ്രകടിപ്പിച്ചു. തന്മൂലം തടവറ സൂക്ഷിപ്പുകാരന് അയാളോട് പ്രീതി തോന്നി. അവിടെയുള്ള എല്ലാ തടവുകാരെയും തടവറ സൂക്ഷിപ്പുകാരന്‍ യോസേഫിന്റെ മേല്‍നോട്ടത്തില്‍ വിട്ടുകൊടുത്തു; അവിടെ നടന്നതിനെല്ലാം അയാളായിരുന്നു നടത്തിപ്പുകാരന്‍. കര്‍ത്താവ് യോസേഫിനോട് കൂടെയുണ്ടായിരുന്നതിനാല്‍ യോസേഫിനെ ഭരമേല്‍പിച്ച ഒരു കാര്യത്തിനും തടവറ സൂക്ഷിപ്പുകാരന്‍ ശ്രദ്ധിക്കേണ്ടിയിരുന്നില്ല. യോസേഫിന്റെ പ്രവര്‍ത്തികള്‍ എല്ലാം ദൈവം വിജയകരമാക്കി” (ഉല്‍പത്തി 39: 1-23).
യൂസുഫ് നബി (അ)യുടെ ചരിത്രം അല്‍പം വിശദമായിത്തന്നെ ഒരു കഥാകഥനത്തിന്റെ രീതിയില്‍ ഖുര്‍ആന്‍ പന്ത്രണ്ടാം അധ്യായമായ സൂറത്തു യൂസുഫില്‍ വിവരിക്കുന്നുണ്ട്. നടേ ഉദ്ധരിച്ച ബൈബിളില്‍ വചനങ്ങളില്‍ സൂചിപ്പിക്കപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം കാണുക:
“ഈജിപ്തില്‍നിന്ന് അവനെ (യൂസുഫിനെ) വിലക്കെടുത്തയാള്‍ തന്റെ ഭാര്യയോട് പറഞ്ഞു: ഇവന് മാന്യമായ താമസസൌകര്യം നല്‍കുക. ഇവന്‍ നമുക്ക് പ്രയോജനപ്പെട്ടേക്കാം. അല്ലെങ്കില്‍ നമുക്ക് അവനെ മകനായി സ്വീകരിക്കാം. അപ്രകാരം യൂസുഫിന് നാം ആ ഭൂപ്രദേശത്ത് സൌകര്യമുണ്ടാക്കികൊടുത്തു. സ്വപ്നവാര്‍ത്തകളുടെ വ്യാഖ്യാനം അദ്ദേഹത്തിന് നാം അറിയിച്ചുകൊടുക്കുവാന്‍ വേണ്ടിയാണ് അത്. അല്ലാഹു തന്റെ കാര്യം ജയിച്ചടക്കുന്നവനത്രെ. പക്ഷെ, മനുഷ്യരില്‍ അധികപേരും അത് മനസ്സിലാക്കുന്നില്ല. അങ്ങനെ അദ്ദേഹം പൂര്‍ണ്ണ വളര്‍ച്ചയെത്തിയപ്പോള്‍ അദ്ദേഹത്തിന് നാം യുക്തിബോധവും അറിവും നല്‍കി. സുകൃതം ചെയ്യുന്നവര്‍ക്ക് അപ്രകാരം നാം പ്രതിഫലം നല്‍കുന്നു. അവന്‍ (യൂസുഫ്) ഏതൊരുവളുടെ വീട്ടിലാണോ അവള്‍ അവനെ വശീകരിക്കുവാന്‍ ശ്രമം നടത്തി. വാതിലുകള്‍ അടച്ചുപൂട്ടിയിട്ട് അവള്‍ പറഞ്ഞു. ഇങ്ങോട്ട് വാ. അവന്‍ പറഞ്ഞു: അല്ലാഹുവില്‍ ശരണം! നിശ്ചയമായും അവനാണ് എന്റെ രക്ഷിതാവ്. അവന്‍ എന്റെ താമസം ക്ഷേമകരമാക്കിയിരിക്കുന്നു. തീര്‍ച്ചയായും അക്രമം പ്രവര്‍ത്തിക്കുന്നവന്‍ വിജയിക്കുകയില്ല. അവള്‍ക്ക് അവനില്‍ ആഗ്രഹം ജനിച്ചു. തന്റെ രക്ഷിതാവിന്റെ പ്രമാണം കണ്ടറിഞ്ഞില്ലായിരുന്നുവെങ്കില്‍ അവന് അവളിലും ആഗ്രഹം ജനിച്ചേനെ. അപ്രകാരം (സംഭവിച്ചത്) തിന്മയും നീചവൃത്തിയും അവനില്‍നിന്ന് നാം തിരിച്ചുവിടുന്നതിന് വേണ്ടിയത്രെ. തീര്‍ച്ചയായും അവന്‍ നമ്മുടെ നിഷ്കളങ്കരായ ദാസന്മാരില്‍ പെട്ടവനാകുന്നു. അവര്‍ രണ്ടുപേരും വാതില്‍ക്കലേക്ക് മത്സരിച്ചോടി. അവള്‍ പിന്നില്‍നിന്ന് അവന്റെ കുപ്പായം (പിടിച്ചു. അത്) കീറി. അവര്‍ ഇരുവരും വാതില്‍ക്കല്‍വെച്ച് അവളുടെ നാഥനെ (ഭര്‍ത്താവിനെ) കണ്ടുമുട്ടി. അവള്‍ പറഞ്ഞു. താങ്കളുടെ ഭാര്യയുടെ കാര്യത്തില്‍ ദുരുദ്ദേശം പുലര്‍ത്തിയവനുള്ള പ്രതിഫലം, അവന്‍ തടവിലാക്കപ്പെടുക എന്നതോ, വേദനയേറിയ മറ്റേതെങ്കിലും ശിക്ഷയോതന്നെ ആയിരിക്കണം. യൂസുഫ് പറഞ്ഞു: അവളാണ് എന്നെ വശീകരിക്കുവാന്‍ ശ്രമം നടത്തിയത്. അവളുടെ കുടുംബത്തില്‍പെട്ട ഒരു സാക്ഷി ഇപ്രകാരം സാക്ഷ്യപ്പെടുത്തി. അവന്റെ കുപ്പായം മുന്നില്‍നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ സത്യമാണ് പറഞ്ഞത്. അവനാകട്ടെ കളവ് പറയുന്നവരുടെ കൂട്ടത്തിലാണ്. എന്നാല്‍ അവന്റെ കുപ്പായം പിന്നില്‍നിന്നാണ് കീറിയിട്ടുള്ളതെങ്കില്‍ അവള്‍ കളവാണ് പറഞ്ഞത്. അവനാകട്ടെ സത്യം പറയുന്നവരുടെ കൂട്ടത്തിലാണ്. അങ്ങനെ അവന്റെ (യൂസുഫിന്റെ) കുപ്പായം പിന്നില്‍നിന്നാണ് കീറിയിട്ടു ള്ളത് എന്ന് കണ്ടപ്പോള്‍ അയാള്‍ (ഗൃഹനാഥന്‍ -തന്റെ ഭാര്യയോട്) പറഞ്ഞു. തീര്‍ച്ചയായും ഇത് നിങ്ങളുടെ (സ്ത്രീകളുടെ) തന്ത്രത്തില്‍പെട്ടതാണ്. നിങ്ങളുടെ തന്ത്രം ഭയങ്കരംതന്നെ. യൂസുഫേ, നീ ഇത് അവഗണിച്ചേക്കുക. (പെണ്ണേ) നീ നിന്റെ പാപത്തിന് മാപ്പ് തേടുക. തീര്‍ച്ചയായും നീ പിഴച്ചവരുടെ കൂട്ടത്തിലാകുന്നു. നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു. പ്രഭുവിന്റെ ഭാര്യ തന്റെ വേലക്കാരനെ വശീ കരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായി കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതാ യി ഞങ്ങള്‍ കാണുന്നു. അങ്ങനെ ആ സ്ത്രീകളുടെ കുസൃതിയെപ്പറ്റി അവള്‍ കേട്ടറിഞ്ഞപ്പോള്‍ അവരുടെ അടുത്തേക്ക് അവള്‍ ആളെ അയക്കുകയും, അവര്‍ക്ക് ചാരിയിരിക്കാവുന്ന ഇരിപ്പിടങ്ങള്‍ ഒരുക്കു കയും ചെയ്തു. അവരില്‍ ഓരോരുത്തര്‍ക്കും (പഴങ്ങള്‍ മുറിക്കാന്‍) അവള്‍ ഓരോ കത്തികൊടുത്തു. (യൂസഫിനോട്) അവള്‍ പറഞ്ഞു. നീ അവരുടെ മുമ്പിലേക്ക് പുറപ്പെടുക. അങ്ങനെ അവനെ അവര്‍ കണ്ടപ്പോള്‍ അവര്‍ക്ക് അവനെപ്പറ്റി വിസ്മയം തോന്നുകയും, അവരുടെ സ്വന്തം കൈകള്‍തന്നെ അറുത്ത് പോവുകയും ചെയ്തു. അവര്‍ പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍. ഇത് ഒരു മനുഷ്യനല്ല, ആദ രണീയനായ ഒരു മലക്ക് തന്നെയാണ്. അവള്‍ പറഞ്ഞു: എന്നാല്‍ ഏതൊരുവന്റെ കാര്യത്തില്‍ നിങ്ങളെന്നെ ആക്ഷേപിച്ചുവോ അവനാണ് ഇത്. തീര്‍ച്ചയായും അവനെ ഞാന്‍ വശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോള്‍ അവന്‍ (സ്വയം കളങ്കപ്പെടുത്താതെ) കാത്തു സൂക്ഷിക്കുകയാണ് ചെയ്ത്. ഞാന്‍ അവനോട് കല്‍പിക്കുന്നപ്രകാരം അവന്‍ ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ തടവിലാക്കപ്പെടു കയും നിന്ദ്യരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യും. അവന്‍ (യൂസു ഫ്) പറഞ്ഞു. എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനേക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെവിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തിലായിപ്പോവുകയും ചെയ്യും.  അപ്പോള്‍ അവന്റെ പ്രാര്‍ത്ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍നിന്ന് അവന്‍ തട്ടിത്തിരിച്ച് കളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്ന വനും കാണുന്നവനുമത്രെ. പിന്നീട് തെളിവുകള്‍ കണ്ടറിഞ്ഞതിനുശേഷവും അവര്‍ക്ക് തോന്നി; അവനെ ഒരവധിവരെ തടവിലാക്കുകതന്നെ വേണമെന്ന്” (വി.ഖു. 12:21-35).
ഖുര്‍ആനും ബൈബിളും ഒരേ കഥയാണ് പരാമര്‍ശിക്കുന്നതെങ്കിലും അവയുടെ വിശദാംശങ്ങളില്‍ ഏറെ വ്യത്യാസങ്ങളുണ്ടെന്ന് ഇവ രണ്ടും വായിച്ചുനോക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.  യൂസുഫ് കുറ്റക്കാരനാണെന്ന് യജമാനനും മറ്റും കരുതിയെന്ന രൂ പത്തിലാണ് ബൈബിളിന്റെ വിവരണം. ഖുര്‍ആനിലാകട്ടെ യൂസു ഫിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടശേഷവും അദ്ദേഹത്തെ തടവിലാക്കുവാന്‍ യജമാനന്‍ തീരുമാനിച്ചതായാണ് പറഞ്ഞിരിക്കുന്നത്. മേലങ്കി ഊരി ഓടിയ യൂസുഫിനെയാണ് ബൈബിള്‍ പരിചയപ്പെടു ത്തുന്നത്. യജമാന ഭാര്യ പിന്നില്‍നിന്ന് പിടിച്ചപ്പോള്‍ കുപ്പായം കീറിയതായാണ് ഖുര്‍ആനിലെ വിവരണം. ഇങ്ങനെ വിശദാംശങ്ങളില്‍ നിരവധി വ്യത്യാസങ്ങളുണ്ടെന്നതാണ് വാസ്തവം.
യജമാനന്റെ പേരുമായി ബന്ധപ്പെട്ട് ഖുര്‍ആന്‍ നടത്തുന്ന പരാ മര്‍ശങ്ങളുടെ വെളിച്ചത്തിലാണ് വിമര്‍ശകന്മാര്‍ ഖുര്‍ആനില്‍ അബദ്ധം ആരോപിക്കുന്നത്. ‘ബൈബിളില്‍ വ്യക്തമായിത്തന്നെ യജമാനന്റെ പേര് പറഞ്ഞിരിക്കുന്നു. പോത്തിഫര്‍. ഖുര്‍ആനിലാ കട്ടെ യൂസുഫി(അ)ന്റെ യജമാനനെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അസീസ് എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. പോത്തിഫര്‍ എന്ന നാ മവുമായി ഒരു നിലക്കും യോജിക്കുന്ന പേരല്ല അസീസ്. മാത്രവുമല്ല, ഒരു ശുദ്ധ അറബി പദമാണ് ‘അസീസ്’. യോസഫിന്റെ കാ ലത്തെ ഈജിപ്തില്‍ ജീവിച്ച ഒരു വ്യക്തിക്ക് ശുദ്ധമായ ഒരു അറബിപ്പേരുണ്ടായിരുന്നുവെന്ന് കരുതുന്നതുപോലും വിഡ്ഢിത്തമാണ്. യഹൂദ ക്രിസ്ത്യാനികളില്‍നിന്ന് യോസഫിന്റെ കഥകേട്ട് നാളുകള്‍ക്കുശേഷം മുഹമ്മദ് ഖുര്‍ആനില്‍  അത് എഴുതിച്ചേര്‍ത്തപ്പോള്‍ ഉണ്ടായ ഒരു അബദ്ധമാണിത്……..’ വിമര്‍ശകരുടെ ന്യായവാദങ്ങള്‍ ഇങ്ങനെ പോകുന്നു.
തങ്ങളുടെ വാദം സ്ഥാപിക്കുന്നതിനായി വിമര്‍ശകര്‍ ഉദ്ധരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരമാണ് താഴെ:
“നഗരത്തിലെ ചില സ്ത്രീകള്‍ പറഞ്ഞു: പ്രഭു(അല്‍-അസീ സ്)വിന്റെ ഭാര്യ തന്റെ വേലക്കാരനെ വശീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍ അവനോട് പ്രേമബദ്ധയായിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവള്‍ വ്യക്തമായ പിഴവില്‍ അകപ്പെട്ടതായി ഞങ്ങള്‍ കാണു ന്നു” (വി.ഖു: 12:30).
“(ആ സ്ത്രീകളെ) വിളിച്ചുവരുത്തിയിട്ട് അദ്ദേഹം (രാജാവ്) ചോ ദിച്ചു. യൂസുഫിനെ വശീകരിക്കുവാന്‍ നിങ്ങള്‍ ശ്രമം നടത്തിയപ്പോള്‍ നിങ്ങളുടെ സ്ഥിതി എന്തായിരുന്നു? അവര്‍ പറഞ്ഞു. അല്ലാഹു എത്ര പരിശുദ്ധന്‍. ഞങ്ങള്‍ യൂസുഫിനെപ്പറ്റി ദോഷകരമായ ഒന്നും മനസിലാക്കിയിട്ടില്ല. പ്രഭു(അല്‍-അസീസ്)വിന്റെ ഭാര്യ പറഞ്ഞു: ഇപ്പോള്‍ സത്യം വെളിപ്പെട്ടിരിക്കുന്നു. ഞാന്‍ അദ്ദേഹത്തെ വശീകരിക്കുവാന്‍ ശ്രമിക്കുകയാണുണ്ടായത്. തീര്‍ച്ചയായും അദ്ദേഹം സത്യവാന്മാരുടെ കൂട്ടത്തില്‍തന്നെയാകുന്നു” വി.ഖു: 12:51).
ഈ സൂക്തങ്ങളില്‍ പ്രഭുവെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘അല്‍ അസീസ്’ എന്ന അറബി പദത്തെയാണ്. ചില ഇംഗ്ളീഷ് പരിഭാഷകളില്‍ ഈ പദം ഭാഷാന്തരം ചെയ്യാതെ അല്‍-അസീസ് എന്നുതന്നെ അതേപോലെ ഒരു നാമമെന്ന രൂപത്തില്‍ കൊടുത്തിട്ടുണ്ട്. അത് എടുത്തുകൊണ്ടാണ് പോത്തിഫറിന് പകരമായി അസീസ് എന്നാണ് ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് വിമര്‍ശകര്‍ വാദിക്കുന്നത്.
അസീസ് എന്ന അറബി നാമത്തിന്റെ അര്‍ത്ഥം ‘പ്രതാപി’ യെന്നാണ്. അറബികള്‍ ഇത് ഒരു പേരായും പേരിന്റെ ഭാഗമായും ഉപയോഗിക്കാറുണ്ടെന്നത് ശരിയാണ്. അമുസ്ലിംകളും ഈ പേര് ഉപയോഗിക്കാറുണ്ട്. ഇറാഖി മന്ത്രിയായ താരീഖ് അസീസിന്റെ പേര് ഉദാഹരണം.
അസീസിന്റെ മുമ്പില്‍ ‘അല്‍’ എന്ന അവ്യയം (റലളശിശലേ മൃശേരഹല) ചേര്‍ത്ത് അല്‍-അസീസ് എന്നാണ് നടേ സൂചിപ്പിക്കപ്പെട്ട ഖുര്‍ ആന്‍ സൂക്തങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നത്. ഒരു പേര് എന്ന നിലയ്ക്ക് അറബിയില്‍ അല്‍-അസീസ് എന്നുപയോഗിക്കാറില്ല. ഇംഗ്ളീഷില്‍ വേല ഘീൃറ എന്ന് പറയുന്നതിന് സമാനമായ ഒരു പ്രയോഗമാണിത്. അതുകൊണ്ടാണ് മലയാളത്തില്‍ ‘പ്രഭു’വെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. വ്യക്തിയുടെ സ്ഥാനമാണ് അല്ലാതെ പേരല്ല അല്‍-അസീസ് എന്ന പ്രയോഗം ദ്യോതിപ്പിക്കുന്നത്. ബൈബിളില്‍ പോത്തിഫര്‍ എന്ന് വിളിച്ച വ്യക്തിയുടെ പേര് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു പ്രയോഗമെന്ന നിലയ്ക്കല്ല, പ്രത്യുത അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കുന്ന ഒരു പദമെന്ന നിലയ്ക്കാണ് ഖുര്‍ആനില്‍ അല്‍-അസീസ് എന്ന് പറഞ്ഞിരിക്കുന്നത് എന്നര്‍ത്ഥം. പോത്തിഫറിനെക്കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്” ഫറോവാന്റെ ഒരു ഉദ്യോഗസ്ഥനും അംഗരക്ഷക സേനയുടെ നായകനു” (ഉല്‍ 39:1)മെന്നാണല്ലോ. ഈ ഉന്നത സ്ഥാനം വ്യക്തമാക്കാനാണ് ഖുര്‍ആന്‍ “അല്‍-അസീസ്” എന്ന ് പ്രയോഗിച്ചതെന്നാണ് മനസ്സിലാവുന്നത്.
ബൈബിളില്‍ പ്രയോഗിച്ച പോത്തിഫര്‍ എന്ന നാമം എന്തുകൊണ്ടാണ് ഖുര്‍ആനില്‍ ഉപയോഗിക്കാതിരുന്നത് എന്ന് ഖണ്ഡിതമായിപ്പറയാന്‍ നമുക്കാവില്ല. സര്‍വ്വശക്തന്റെ വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍. അതിലെ ഓരോ പദവും ഉപയോഗിച്ചതിനുപിന്നില്‍ എന്തെന്ത് യുക്തികളാണുള്ളതെന്ന് പറയാന്‍ പരിമിതമായ അറിവ് മാത്രം നല്‍കപ്പെട്ട നമുക്ക് കഴിയില്ല. ഇക്കാര്യത്തില്‍ സ്ഥി രപ്പെട്ട ഹദീസുകളോ പണ്ഡിതാഭിപ്രായങ്ങളോ ഉദ്ധരിക്കപ്പെട്ട തായി കാണാനും കഴിയുന്നില്ല. ‘പോത്തിഫര്‍’ എന്ന് ഖുര്‍ആനില്‍ പറയാതിരുന്നതിന്റെ കാരണം കൃത്യമായി സര്‍വ്വശക്തനേ അറിയൂ.
എങ്കിലും, ‘പോത്തിഫര്‍’ എന്ന ഈജിപ്ഷ്യന്‍ നാമത്തിന്റെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാക്കുമ്പോള്‍ ഖുര്‍ആനില്‍ പദങ്ങള്‍ പ്രയോഗിച്ചതിലുള്ള സൂക്ഷ്മത നമുക്ക് ഒരിക്കല്‍കൂടി ബോധ്യപ്പെടുമെന്ന കാര്യം ഇവിടെ ചൂണ്ടിക്കാട്ടാമെന്ന് തോന്നുന്നു. പോത്തിഫര്‍ എന്ന ഈജിപ്ഷ്യന്‍ പദത്തിനര്‍ത്ഥം ‘റേ’ യാല്‍ നല്‍കപ്പെട്ടവന്‍” (വല ംവീാ ഞല വമ ഴശ്ലിഒമൃുലൃ ആശയഹല ഉശരശീിേമ്യൃ ജ. 809) ഈജിപ്തു കാരുടെ സൂര്യദേവന്റെ പേരാണ് ‘റേ’ സൂര്യദേവന്റെ ദാനം’ എന്ന് വേണമെങ്കില്‍ “പോത്തിഫര്‍” എന്ന പേര് പരിഭാഷപ്പെടുത്താം.
സൂര്യാരാധനയുമായി ബന്ധപ്പെട്ടതാണ് ഈ പേര്. ബഹുദൈവാരാധനയുമായി ബന്ധപ്പെടുന്ന നാമങ്ങളോ പ്രയോഗങ്ങളോ ഉപയോഗിക്കുവാന്‍ പാടില്ലെന്നാണ് ഇസ്ലാമിന്റെ അനുശാസന. ഇതുകൊണ്ടുകൂടിയായിരിക്കാം ഖുര്‍ആന്‍ ‘പോത്തിഫര്‍’ എന്ന പേരുപയോഗിക്കാതെ അദ്ദേഹത്തിന്റെ സ്ഥാനത്തെ ദ്യോതിപ്പിക്കുന്ന ‘അല്‍-അസീസ് എന്നുമാത്രം പ്രയോഗിച്ചത്. ഖുര്‍ആന്‍ ‘പോത്തിഫ ര്‍’ എന്ന പേര് ഉപയോഗിക്കുകയാണെങ്കില്‍ ‘സൂര്യദേവന്റെ ദാന’മാണ് അദ്ദേഹമെന്ന് അംഗീകരിക്കുന്നുവെന്നാണല്ലോ വന്നുചേരുക.
ദൈവിക വചനങ്ങളുടെ സമാഹാരമാണ് ഖുര്‍ആന്‍ എന്ന വസ് തുത ഇവിടെയും വ്യക്തമായി വെളിപ്പെടുന്നു. ബൈബിളില്‍നിന്ന് മുഹമ്മദ് നബി (സ) പകര്‍ത്തിയെഴുതിയതായിരുന്നു യോസേഫി ന്റെ കഥയെങ്കില്‍ സ്വാഭാവികമായും പോത്തിഫര്‍ എന്ന യജമാനനാമം ഖുര്‍ആനില്‍ സ്ഥാനം പിടിക്കേണ്ടതായിരുന്നു. പോത്തിഫര്‍ എന്നാല്‍ “സൂര്യദേവന്റെ ദാനം” എന്നാണ് അര്‍ത്ഥമെന്ന് മുഹമ്മദ് നബിക്ക് അറിയാമായിരുന്നുവെന്നും അത് ബഹുദൈവ വിശ്വാസമുള്‍ക്കൊള്ളുന്നതായതിനാല്‍ ഖുര്‍ആനില്‍നിന്ന് ഒഴിവാക്കിയെന്നും കരു തുന്നത് ശുദ്ധ ഭോഷ്ക്കാണെന്ന് പറയേണ്ടതില്ല. ഖുര്‍ആനിന്റെ അവതരണ കാലത്ത് ഈജിപ്ഷ്യന്‍ ഭാഷ അറിയാവുന്നവരായി ആരും തന്നെ അറേബ്യയിലുണ്ടായിരുന്നില്ലെന്ന വസ്തുത ഓര്‍ക്കുക. അതേപോലെതന്നെ പോത്തിഫര്‍ എന്ന നാമമൊഴിവാക്കിയത് യാദൃച്ഛികമാണെന്ന് കരുതാനും ന്യായമില്ല. ബൈബിളില്‍നിന്ന് കാര്യങ്ങള്‍ പകര്‍ത്തിയെഴുതുമ്പോള്‍ അതില്‍ പല തവണ പ്രയോഗി ക്കപ്പെട്ട ഒരു പേര് യാദൃച്ഛികമായി ഒഴിവായിപ്പോയെന്ന് കരുതുന്നതെങ്ങനെ? ഖുര്‍ആനിന്റെ ദൈവികതയ്ക്കുള്ള തെളിവാണിതെന്ന് പറയുന്നത് അതുകൊണ്ടാണ്. സര്‍വ്വജ്ഞനായ തമ്പുരാന്റെ വചനങ്ങളിലെവിടെയും യാതൊരു സ്ഖലിതവുമുണ്ടാവുകയില്ലെന്ന വസ്തുത ഇവിടെ നമുക്ക് ബോധ്യപ്പെടുന്നു. ഖുര്‍ആനിനെതിരെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങളും ഖുര്‍ആനിന്റെ ദൈവികത വ്യക്തമാവുന്നിടത്തേക്കാണ് നമ്മെ നയിക്കുന്നതെന്നുള്ളത് എന്തുമാത്രം വിസ്മയകരമായിരിക്കുന്നു!

This entry was posted in ക്രൈസ്തവത - ചോദ്യോത്തരങ്ങള്‍, ഖുര്‍ആനും ചരിത്രവും. Bookmark the permalink.